ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഈശ്വര്‍ മാല്‍പേയും നേവി സംഘവും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുന്നുണ്ട്. അടിത്തട്ടിലെ മണ്ണ് തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേയും പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു.
ഡ്രഡ്ജര്‍ എത്തിച്ച് മണ്ണ് നീക്കാതെ ഷിരൂരിലെ തെരച്ചില്‍ മുന്നോട്ട് പോകില്ലെന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറയുന്നത്. കേരളത്തോട് വീണ്ടും ഡ്രഡ്ജര്‍ ആവശ്യപ്പെട്ടെന്നും ഓപ്പറേറ്റര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎല്‍എ പറഞ്ഞു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും കാര്‍വാര്‍ എംഎല്‍എ വ്യക്തമാക്കി.
അതേസമയം, തൃശ്ശൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ ഷിരൂര്‍ ദൗത്യത്തിന് ഉപയോഗിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരമാവധി 18 അടി ആഴത്തില്‍ മാത്രമേ ഡ്രഡ്ജര്‍ പ്രവര്‍ത്തിക്കൂ. ഗംഗാവലിയുടെ ആഴം 25 മുതല്‍ 30 അടി വരെയാണ്. ഇക്കാര്യം ഉത്തരകന്നട ജില്ലാ കളകടറെ രേഖാമൂലം അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.