കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. മകള്‍ക്ക് നേരേ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നും മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെ സംശയിക്കുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞു.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികാതിക്രമം നടന്നതിനും തെളിവുകളുണ്ട്. മകളുടെ മൃതദേഹത്തില്‍ ഒട്ടേറെ മുറിവേറ്റ പാടുകളുണ്ട്. അതിക്രൂരമായ ആക്രമണം നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തലയുടെ പല ഭാഗങ്ങളിലും കടുത്ത ആഘാതമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. ഇരുചെവികളിലും മുറിവുകളുണ്ടായിരുന്നു. ചുണ്ടിലും മുറിവേറ്റു. ശക്തമായ മല്‍പ്പിടിത്തം നടന്നതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണമാണിത്. ഇതിനുപുറമേ കഴുത്തില്‍ കടിച്ചുപരിക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ട്.
ഒന്നില്‍ക്കൂടുതല്‍ ആളുകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം രിപ്പോര്‍ട്ട്. അതിനാല്‍ കൂട്ടബലാത്സംഗം സംശയിക്കുന്നതായും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനകളുണ്ടെന്നായിരുന്നു ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷന്‍ അഡീ. ജനറല്‍ സെക്രട്ടറി ഡോ. സുബര്‍ണ ഗോസ്വാമിയുടെയും പ്രതികരണം. ഇത് ചെയ്തത് ഒരാള്‍ മാത്രമല്ലെന്നാണ് മൃതദേഹത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.