ഇപ്പഴാണ് മന്ത്രി അറിയുന്നത് സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന്…കഷ്ടം…

0
19

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വിലക്കയറ്റം മാസങ്ങളായി നിലനിന്നിട്ടും ഒരക്ഷരം ഉരിയാടാത്ത മന്ത്രി നടപടിയുമായി ഇറങ്ങി. സ്‌പ്ലൈകോയുടെ സ്‌റ്റോറുകളെല്ലാം കാലിയായികിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നാളുകളായി. ഒരു നടപടിയും ഉണ്ടായില്ല.

കേരളത്തിനു വെളിയില്‍ പച്ചക്കറിക്കു വില കുറഞ്ഞു തുടങ്ങിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. നല്ല മഴയും കാലാവസ്ഥയും കാരണം എല്ലായിടത്തും നല്ല വിലയായിരുന്നു. അതിനാല്‍ കൂടുതല്‍ ഉത്പാദനമുണ്ടായി. ഇതേതുടര്‍ന്ന് വിലയും കുറഞ്ഞു. വരുംദിവസങ്ങളില്‍ കേരളത്തിലേക്കെത്തുന്ന പച്ചക്കറിക്ക് വിലയും കുറയും. അത്രമാത്രം. വിലകുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിലെ കാരണം ഇതേയുള്ളു.

വിലക്കയറ്റം തടയാന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്റ് റവന്യു കമ്മീഷണര്‍, കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രസ്തുത കമ്മിറ്റി നാലുമാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധനവ് പ്രകടമായിരുന്നു. കേരളത്തിലും സ്വാഭാവികമായി ഇത് പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോള്‍ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി, വെളിച്ചെണ്ണ , ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം, പച്ചക്കറികള്‍, കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ആന്ധ്രാപ്രദേശ്(5.87), ബിഹാര്‍ (6.37), കര്‍ണ്ണാടക(5.98), ഒഡീഷ(7.22), കേരളം(5.83) എന്നിങ്ങനെയാണ് കണക്കുകള്‍. ഉത്പ്പാദക സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളത്തിന്റെ വിലക്കയറ്റനിരക്കെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here