ഡല്‍ഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കര്‍ഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയല്‍ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരന്റെയും സ്വപ്നം അതില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസിത ഭാരതം @2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേര്‍ പ്രത്യേക അതിഥികളായി ചടങ്ങില്‍ പങ്കെടുക്കുന്നു. യുവാക്കളും, വിദ്യാര്‍ഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, കര്‍ഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരും ചടങ്ങിലുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.