ജൂണിയര്‍ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ എമര്‍ജന്‍സി വാര്‍ഡ് അടിച്ചുതകര്‍ത്തു

0
14

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അര്‍ധരാത്രിയായിരുന്നു പ്രതിഷേധം അക്രമാസക്തമായത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ രണ്ട് പൊലീസ് വാഹനം തകര്‍ന്നു. ഒരു ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. ‘മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണമാണ് ഇന്ന് ഇവിടെ അരങ്ങേറിയ സംഭവങ്ങളുടെയെല്ലാം അടിസ്ഥാനം. മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം കാരണം ജനങ്ങള്‍ക്ക് കൊല്‍ക്കത്ത പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം പൊലീസിനുമേലുണ്ട്’, പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

അതേസമയം കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബംഗാള്‍ പോലീസ് പൂര്‍ണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here