ഇസ്രയേല്‍ അമേരിക്കയുടെ ചങ്ക് ബ്രോ ആയതെങ്ങനെ?

0
162

പ്രതിസന്ധികളില്‍ പാറപോലെ ഒപ്പം നില്‍ക്കാന്‍ ഒരു സുഹൃത്തിനെ ആരാണ് ആഗ്രഹിക്കാത്തത്. നിത്യജീവിതത്തില്‍ പലര്‍ക്കും അങ്ങനെയൊരു സുഹൃത്തിനെ സ്വപ്‌നം കാണാനേ പറ്റൂ. ഒരാള്‍ നമ്മളെ ആക്രമിക്കാന്‍ വരുമ്പോള്‍ ഞാന്‍ വീണിട്ടേ നിന്നെ ആരെങ്കിലും തൊടൂ എന്നു പറഞ്ഞ് മുന്നില്‍ കയറി നെഞ്ചുംവിരിച്ചു നില്‍ക്കുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങളുടെയത്ര ഭാഗ്യം ചെയ്ത ഒരാള്‍ ഭൂമിമലയാളത്തില്‍ കാണില്ല.

ആരും കൊതിക്കുന്ന അത്തരം സൗഹൃദബന്ധമുള്ള രാജ്യങ്ങളാണ് അമേരിക്കയും ഇസ്രയേലും. ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചങ്ക് ബ്രോസ്. ഇസ്രയേലിന് എന്തു പ്രശ്‌നമുണ്ടായാലും ആദ്യം ഓടിയെത്തുക അമേരിക്കയാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ എടുത്തുകാണിക്കാന്‍ ഇതുപോലെ മറ്റൊരു സുഹൃത്ബന്ധമില്ല. ഇരുരാജ്യങ്ങളിലും ഏതു പാര്‍ട്ടി അധികാരത്തിലെത്തിയാലും ഈ സൗഹൃദത്തിന് കോട്ടംതട്ടുന്നില്ല. നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് പുറത്ത് മറ്റൊരു രാജ്യവുമായും ഇത്തരത്തില്‍ അമേരിക്ക ബന്ധം പുലര്‍ത്തുന്നില്ല. ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധ സഹായമാണ് അമേരിക്ക ഓരോ വര്‍ഷവും ഇസ്രായേലിന് നല്‍കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയെന്ന സുഹൃത്തിന്റെ ശക്തമായ കൈത്താങ്ങിലാണ് ഇസ്രായേല്‍ എന്ന കൊച്ചുരാജ്യം പിടിച്ചു നില്‍ക്കുന്നത്. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ ശക്തമായ പിന്തുണയാണ് ഇസ്രായേലിന് അമേരിക്ക നല്‍കുന്നത്. അമേരിക്ക നില്‍നില്‍ക്കുവോളം ഇസ്രയേലിനെ ആരും തൊടില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചത്. ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

എന്തുകൊണ്ടാണ് ഒരു കൊച്ചുരാജ്യമായ ഇസ്രയേലിനെ അമേരിക്ക ഇത്ര അകമഴിഞ്ഞു സഹായിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വാദിക്കുന്നവരുണ്ട്. മീഡില്‍ ഈസ്റ്റിലെ ജനാധിപത്യരാജ്യങ്ങളിലൊന്ന് എന്നുള്ള പ്രത്യേകതയാണ് ഇസ്രയേലിന് തുണയാകുന്നതെന്നാണ് മറ്റൊരു വാദം. മിഡില്‍ഈസ്റ്റിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇസ്രയേലിന്റെ ഇടപെടലുകള്‍ വേണമെന്ന് ചിന്തിക്കുന്നവരുണ്ട്.

ഇതൊക്കെ കൊണ്ടുമാത്രം അമേരിക്കപോലൊരു മുതലാളി്ത്ത രാജ്യം ഒരു സുഹൃദ് രാജ്യത്തെ ഇത്ര അകമഴിഞ്ഞ് സഹായിക്കുമോ. രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റൊരുകാര്യമാണ്. ഏതൊരുജനാധിപത്യരാജ്യത്തിലെയുംപോലെ വോട്ടുബാങ്ക് രാഷ്ട്രീയം. അമേരിക്കന്‍ പൗരന്മാരുടെ പൂര്‍ണസപ്പോര്‍ട്ട് ഇസ്രയേലിന് അനുകൂലമാണ്. അതുകൊണ്ടുതന്നെയാണ് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഒരുപോലെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത്. ഇസ്രയേലിന് എതിരായി നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയോ നേതാക്കളെയോ തള്ളിപ്പറയാന്‍ അമേരിക്കന്‍ ജനത മടിക്കില്ല. അമേരിക്കന്‍ ബിസിനസ് രംഗത്ത് യഹൂദരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഒരു പരിധിവരെ അമേരിക്കന്‍ സാമ്പത്തികമേഖലയെ നിയന്ത്രിക്കുന്ന യഹൂദരാണെന്ന് പറയാം. അതുപോലെതന്നെ അമേരിക്കയില്‍ നിന്നും കുടിയേറിയവരാണ് ഇസ്രയേലിലെ അധികാരത്തിന്റെ മേല്‍ത്തട്ടില്‍ ഇരിക്കുന്ന പലരും. ഇവര്‍ക്കെല്ലാം അമേരിക്കയില്‍ ശക്തമായ ബന്ധങ്ങളുണ്ട. ഇതിലെല്ലാമുപരിയായി അമേരിക്കയിലെ ഇരു പാര്‍ട്ടിളുടെയും ഫണ്ടിംഗിന്റെ പ്രധാനസ്രോതസ് യഹൂദബിസിനസ് ലോബിയാണ്. ശക്തമായ പൊളിറ്റിക്കല്‍ ലോബിയിംഗാണ് ഇവര്‍ നടത്തുന്നത്.

ഇതിനെല്ലാമുപരിയായി അമേരിക്കയുടെ തണല്‍പറ്റി നിന്ന് മാത്രം കാര്യം നടത്തുന്ന ഒരു രാജ്യമല്ല ഇസ്രായേല്‍ എന്നുള്ളതാണ്. ഉദാഹരണത്തിന് കിരീടം സിനിമയിലെ ഹൈദ്രോസിനെപ്പോലെയൊരു കഥാപാത്രമല്ല. അമേരിക്കയുടെ മുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നില്ല. ഒപ്പത്തിനൊപ്പമെന്ന മട്ടിലാണ് നില്‍പ്. അമേരിക്കയില്‍ നിന്ന് കിട്ടുന്ന സഹായങ്ങളെ ആശ്രയിച്ചല്ല ആ രാജ്യം കഴിഞ്ഞുപോകുന്നത്. ശക്തമായ സാമ്പത്തിക അടിത്തറ, ശാസ്ത്രഗവേഷണരംഗത്തെ മികവ് എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമായുണ്ട്.

അമേരിക്കയ്ക്ക് ഇസ്രയേലിനെ കൈവിടാന്‍ സാധിക്കില്ല. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി പറഞ്ഞതുപോലെ അമേരിക്ക നിലനില്‍ക്കുവോളം ഇസ്രയേലുമായുള്ള സഹൃദവും നിലനില്‍ക്കും. ഒപ്പത്തിനൊപ്പമുള്ളവരുമായേ ആരും സൗഹൃദം ആഗ്രഹിക്കുകയുള്ളു എന്നലോകതത്വം തന്നെയാണ് ഇവിടെയും കാണാന്‍ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here