മാര്‍ക്കോസ് കമാന്‍ഡോസ്- കടല്‍ക്കൊള്ളക്കാരുടെ പേടിസ്വപ്നം

0
69

ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡോ വിഭാഗം ‘മാര്‍ക്കോസാ’ണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ലൈബീരിയന്‍ ചരക്കുകപ്പലായ ‘എംവി ലില നോര്‍ഫോള്‍ക്കിനെ മോചിപ്പിച്ചതോടെയാണ് മാര്‍ക്കോസ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെയും കടല്‍ക്കൊള്ളക്കാരില്‍ നിന്നും കമാന്‍ഡോകള്‍ രക്ഷിച്ചു. കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിനു സമീപത്തേക്ക് ‘മാര്‍ക്കോസ്’ കമാന്‍ഡോ സംഘം സ്പീഡ് ബോട്ടില്‍ എത്തുന്നതും കപ്പലിലേക്ക കയറുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും നാവികസേന പുറത്തുവിട്ടിട്ടുണ്ട്. കപ്പല്‍ റാഞ്ചിയതായി വവിരം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡോ സംഘത്തിന് കപ്പല്‍ മോചിപ്പിക്കാന്‍ സാധിച്ചു.

ആരാണ് മാര്‍ക്കോസ് കമാന്‍ഡോകള്‍. ഇന്ത്യന്‍ നാവികസേനയുടെ ഒരു എലൈറ്റ് യൂണിറ്റാണ് മാര്‍ക്കോസ് കമാന്‍ഡോകള്‍. മാര്‍ക്കോസ് എന്ന ചുരുക്കപ്പേരിലും ഔദ്യോഗികമായി മറൈന്‍ കമാന്‍ഡോ ഫോഴ്സ് (എംസിഎഫ്) എന്നും അറിയപ്പെടുന്നു . ഇന്ത്യന്‍ മറൈന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നായിരുന്നു ആദ്യകാലത്തെ പേര്. അത് പിന്നീട് മറൈന്‍ കമാന്‍ഡോ ഫോഴ്‌സ് എന്നാക്കി മാറ്റി. ‘മാര്‍ക്കോസ്’ എന്ന ചുരുക്കെഴുത്തും പിന്നീട് ഉണ്ടായി.

1980 കളുടെ മധ്യത്തിലാണ് ഇന്ത്യന്‍ നാവിക സേന മാര്‍ക്കോസ് യൂണിറ്റിന് രൂപം നല്‍കുന്നത്. യുഎസ് നേവി സീല്‍സും ബ്രിട്ടീഷ് സ്പെഷ്യല്‍ ബോട്ട് സര്‍വീസുമായിരുന്നു മാതൃക. വര്‍ദ്ധിച്ചുവരുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികളും ഇന്ത്യയുടെ തീരപ്രദേശത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പ്രത്യേക സേനയുടെ ആവശ്യകതയുമാണ് മാര്‍ക്കോസിന്റെ രൂപീകരണത്തിനു പിന്നില്‍.

അസാധാരണ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനവും വൈദഗ്ദ്ധ്യവും നേടിയവരാണ് മാര്‍ക്കോസ് കമാന്‍ഡോകള്‍. കടലില്‍ മാത്രമല്ല കര, വ്യോമ പോരാട്ടങ്ങളിലും കഴിവുതെളിയിച്ചവരാണ് മാര്‍ക്കോസ് കമാന്‍ഡോസ്.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കടല്‍ക്കൊള്ള തടയല്‍, കടല്‍ വഴിയുള്ള നുഴഞ്ഞുകയറ്റം, വിമാന റാഞ്ചല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ഏത് ദൗത്യങ്ങളുടെ ഭാഗമാകാനും സാധിക്കുന്ന രീതിയിലാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയില്‍ ജോലി ചെയ്യുന്ന 20 വയസ്സിന് മുകളിലുള്ള, ധൈര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരില്‍ നിന്നുമാണ് കമാന്‍ഡോയൂണിറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. രണ്ടു റൗണ്ടുകളായാണ് തെരഞ്ഞെടുപ്പ്. ആദ്യ റൗണ്ട് കടന്നുവരുന്നവരെ കാത്തിരിക്കുന്നത് അതികഠിനമായ പരിശീലനമാണ്. ഇതിലും കഴിവു തെളിയിക്കുന്നവരെയാണ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നത്.

മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരീശീലനത്തിനുശേഷമാണ് യൂണിറ്റിലുള്‍പ്പെടുത്തുന്നത്. രാത്രിയില്‍ ഉണര്‍ന്നിരിക്കാനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പ്രവര്‍ത്തനക്ഷതയുള്ളവരായിരിക്കാനും സാധിക്കണം. 30 കിലോ വരെ ഭാരം ഉയര്‍ത്തി വെള്ളത്തിലൂടെയും ചതുപ്പുനിലത്തിലൂടെയും ഓടുക. മരം കോച്ചുന്ന തണുത്ത വെള്ളത്തില്‍ കിടന്നുകൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുക, മലമുകളില്‍ ശ്വാസം വിലങ്ങുന്ന സാഹചര്യത്തില്‍ വ്യായാമം ചെയ്യുക എന്നിവയൊക്കെ പരിശീലനമുറകളില്‍ ചിലതു മാത്രം.

മുംബൈ ഭീകരാക്രമണത്തെ നേരിട്ടതും ശ്രീലങ്കയിലും മാലിയിലും നടത്തിയ ഓപ്പറേഷനുകളും മാര്‍ക്കോസ് കമാന്‍ഡോകളുടെ പോരാട്ടവീര്യത്തിന് ഉദാഹരണങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here