അതിരുകടന്ന ആത്മവിശ്വാസം അപകടമാണെന്ന മുന്നറിയിപ്പ് വീണ്ടും സാധൂകരിക്കപ്പെട്ടിരിക്കുകയാണ് ഇസ്രയേലിനുണ്ടായ അനുഭവം. ഹമാസില്‍നിന്നും അതിര്‍ത്തികടന്ന് ആക്രമണമുണ്ടാകില്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു ഇസ്രയേല്‍. പ്രതിയോഗിയെ അങ്ങോട്ട്കയറി എപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുക, അതിലൂടെ തങ്ങള്‍ എപ്പോഴും ആക്രമണസജ്ജരാണെന്ന മുന്നറിയിപ്പു നല്‍കുക, ഇതായിരുന്നു ഇസ്രയേലിന്റെ തന്ത്രം. കൂടാതെ തങ്ങളുടെ പ്രതിരോധസംവിധാനങ്ങളിലും ചാരഉപകരണങ്ങളിലും ചാരസംഘടനയിലുമുള്ള അതിരുകടന്ന വിശ്വാസം. ലോകരാജ്യങ്ങള്‍ ഇസ്രയേലിന്റെ ചാരഉപകരണങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ ക്യൂനില്‍ക്കുകയാണ്. സൈബര്‍ സുരക്ഷാ മേഖലയില്‍, നിരീക്ഷണ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേറ്ററായി ഇസ്രയേല്‍ മാറി. സൈബര്‍ സുരക്ഷാകയറ്റുമതിയില്‍ ലോകത്തിലെ ഒന്നാമന്‍. കൂടാതെഅത്യാധുനിക ആയുധങ്ങളും.
ഇസ്രയേലിനെ തൊട്ടാല്‍ ഹമാസിനെയും ഗാസയെയും ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കാന്‍ ആ രാജ്യത്തിനു കഴിയുമെന്ന ഭീതി വളര്‍ത്തിയെടുപ്പെട്ടു. പക്ഷേ, ഇതെല്ലാം ഒറ്റരാത്രികൊണ്ട് തച്ചുടയ്ക്കപ്പെട്ടു.
ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നിരിക്കുകയാണ്. നൂറിലേറെ ഇസ്രയേല്‍ പൗരന്മാരെ ഹമാസ് ബന്ദികളാക്കി. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഇസ്രയേലിനുള്ളില്‍ കടന്നുകയറിയ ഹമാസ് പോരാളികളെ പൂര്‍ണമായും തുരത്താന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല.
അമ്പതുവര്‍ഷം മുമ്പാണ് ഇസ്രയേലിന് ഇതുപോലൊരു അപ്രതീക്ഷിത ആക്രമണത്തെ നേരിടേണ്ടിവന്നത്, 1973ല്‍. യോം കിപ്പൂര്‍ യഹൂദര്‍ക്ക് ഏറ്റവും പവിത്രമായ ദിവസമാണ്. പ്രായശ്ചിത്തത്തിന്റെയും പശ്ചാത്താപത്തിന്റെയും ദിവസമാണ് ഇത്. ഭക്ഷണപാനീയങ്ങളോ സെക്സോ ഇല്ല. ഇതെല്ലാം ഒഴിവാക്കി യഹൂദര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ദിവസം.
ടെലിവിഷനോ റേഡിയോയോ പ്രക്ഷേപണം ചെയ്യാത്ത ഒരു ദിവസം. അപ്പോഴാണ് 1973-ല്‍ ഈജിപ്തുകാരും സിറിയക്കാരും അപ്രതീക്ഷിത ആക്രമണം നടത്തിയത്. 1967ല്‍ ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു അത്.
ഈജിപ്തും സിറിയയും തങ്ങളുടെ സേനയെ ഒരുമിച്ചുകൂട്ടുമെന്നും രണ്ട് മുന്നണികളില്‍ നിന്ന് ആക്രമണമുണ്ടാകുമെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. ഇസ്രായേല്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ ശക്തമായി തിരിച്ചടിക്കുകയുണ്ടായി. പക്ഷേ ഏതാണ്ട് 2,700 പേര്‍ അന്ന് മരിച്ചു.
തങ്ങള്‍ക്കുപറ്റിയ തെറ്റ് അന്ന് മൊസാദ് മേധാവി ഏറ്റുപറഞ്ഞു. ‘ഞങ്ങള്‍ അവരെ പുച്ഛിച്ചു.’ അറബ് സമൂഹത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇസ്രയേലിന്റെ കരുത്തിലും ആയുധശേഷിയിലും ഭയന്ന് അറബ് സമൂഹം യുദ്ധത്തിനിറങ്ങില്ല എന്ന വിശ്വാസമാണ് ഇസ്രയേലിനെ എപ്പോഴും മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്.
ഇതിപ്പോള്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഹമാസിനെയും ഗാസയെയും ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കാനുള്ള തീരുമാനവുമായാണ് ഇസ്രായേല്‍. കടുത്തയുദ്ധം വരുംദിവസങ്ങളിലുണ്ടാകും. റഷ്യ-യുക്രയിന്‍ യുദ്ധം പോലെയാകില്ല അത്. അമേരിക്കന്‍ സൈന്യം പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇറാന്‍ ഹമാസിന് പിന്തുണയുമായുണ്ട്. ഈ അവസരം മുതലാക്കി പല കാര്യങ്ങളും ഒറ്റയടിക്കു നടപ്പാക്കിയെടുക്കാന്‍ അമേരിക്കയും ഇസ്രയേലും ഒരുങ്ങും. യുദ്ധമുഖങ്ങള്‍ അപ്പോള്‍ മാറിയേക്കാം.
രാജ്യങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടങ്ങള്‍ ഭൂമിയുടെ നിലിനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം.