അധികാരത്തിലിരിക്കുന്നവര്‍ക്ക് സ്തുതി പാടുക സ്വാഭാവികമാണ്. അത് രാജഭരണകാലം മുതല്‍ ജനാധിപത്യത്തിന്റെ നാളുകളിലേക്കെത്തുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. അധികാരത്തിലിരിക്കുന്നവനെ പ്രീണിപ്പിച്ച് തന്‍കാര്യം നേടുക. അധികാരിയുടെ ഇഷ്ടപാത്രമായി മാറുക. ഇതിനായി പലരും പല മാര്‍ഗങ്ങളും തേടും. ചിലര്‍ ഇക്കാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും തുനിയാറുണ്ട്.
ഇത്തരം സ്തുതിപാടലിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഇന്നലെ അലന്‍സിയറിലൂടെയും ഭീമന്‍ രഘുവിലൂടെയും കണ്ടത്. സംസ്ഥാന സിനിമാ അവാര്‍ഡ് വിതരണ ചടങ്ങിന്റെ വേദിയാണ് ഇരുവരും ഇതിനൊരു അവസരമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച മുഴുവന്‍ സമയവും ഭീമന്‍ രഘു സദസില്‍ എണീറ്റുനിന്നു. വിനീതവിധേയനായുള്ള അദ്ദേഹത്തിന്റെ നില്‍പ് ഒന്നു കാണേണ്ടതുതന്നെയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ആദരവുകൊണ്ടാണ് താന്‍ എണീറ്റു നിന്നതെന്നതാണ് ഭീമന്‍ പറഞ്ഞത്. അപ്പോള്‍ ഒരുസംശയം ബാക്കിയുണ്ട്. സദസിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ മുഴുവന്‍ അപ്പോള്‍ ഇരിക്കുകയായിരുന്നു. അവര്‍ക്ക് മുഖ്യമന്ത്രിയോട് എന്തെങ്കിലും ബഹുമാനക്കുറവുണ്ടാകുമോ? എല്ലാവരും ഇരിക്കുമ്പം എണീറ്റുനിന്നാലല്ലേ ശ്രദ്ധിക്കപ്പെടുകയുള്ളുവെന്ന സത്യം ഭീമന്‍ രഘുവിന് മാത്രമല്ല ഇന്നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാമെന്നത് ഭീമന്‍ മറക്കരുത്. മാരാര്‍ മന്ദിരത്തില്‍ നിന്നും അദ്ദേഹം എകെജി സെന്ററിലെത്തിയിട്ട് അധികകാലമായില്ല. എങ്കിലും കുറഞ്ഞ സമയംകൊണ്ടുതന്നെ പിണറായി വിജയന്‍ അദ്ദേഹത്തിന്റെ മനസില്‍ ഇടംനേടി. ഇതു തിരിച്ചറിയാതെയാണല്ലോ അദ്ദേഹം ഇത്രനാള്‍ മാരാര്‍ മന്ദിരത്തില്‍ കഴിഞ്ഞതെന്നോര്‍ത്ത് സങ്കടമുണ്ട്.
അലന്‍സിയറാണ് കിട്ടിയ അവസരം സ്തുതിപാടി അധികാരിയുടെ കണ്ണിലെ നല്ലവനാകാന്‍ ശ്രമിച്ച രണ്ടാമന്‍. അവസരങ്ങള്‍ മുതലാക്കാന്‍ അലന്‍സിയര്‍ മിടുക്കനാണ് അതി അഭിനയത്തിലാണെങ്കിലും പുറത്താണെങ്കിലും. കഴിഞ്ഞ സിനിമാ പുരസ്‌കാരവേദിയിലും അദ്ദേഹം അത് പ്രകടിപ്പിച്ചതാണ്.
പുരസ്‌കാരത്തെ മറയാക്കിയായിരുന്നു അലന്‍സിയറുടെ സ്തുതിപാടല്‍. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയിരിക്കുമ്പോള്‍ ആണ്‍കരുത്തുള്ള ശില്പം തരണമെന്നായിരുന്നു അലന്‍സിയറുടെ വാദം. മാത്രവുമല്ല പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും പറഞ്ഞു. സ്ത്രീകളുടെ രൂപം പുരസ്‌കാരമായി ലഭിക്കുമ്പോള്‍ അദ്ദേഹത്തെ അത് പലതും ഓര്‍മപ്പെടുത്തുമത്രേ. എത്ര മനോഹരമായ വാദങ്ങള്‍. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് അലന്‍സിയറിന് ലഭിച്ചത്.
ഇത്തരം പുകഴ്ത്തലുകളാണ് ഭരണാധികാരികളെ വഴിതെറ്റിക്കുന്നത്. അങ്ങനെവരുമ്പോള്‍ അധികാരത്തിലിരിക്കുന്നവരെയല്ല കുറ്റപ്പെടുത്തേണ്ടത്. ഇത്തരം സ്തുതിപാടലുമായി ഇറങ്ങിത്തിരിക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം എന്നു പാടിയ കൊട്ടാരം കവി മുതല്‍ അലന്‍സിയറും ഭീമന്‍ രഘുവും വരെയുള്ളവരാണ് മാടമ്പള്ളിയിലെ മനോരോഗികള്‍. അത് തിരിച്ചറിയാന്‍ അധികാരിക്കു സാധിക്കുമെങ്കില്‍, ഇത്തരക്കാര്‍ക്ക് സ്ഥാനം പടിക്കുപുറത്തായിരിക്കും.
അലന്‍സിയറും ഭീമന്‍ രഘുവുമൊക്കെ കാമറയ്ക്കു മുന്നിലെ മികച്ച അഭിനേതാക്കളാണ്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ അഭിനയം കാമറയ്ക്കു പിന്നിലേക്കും നീളുമ്പോഴാണ് അപകടം.