മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുന്ന ചതിയന്‍ കുറുക്കന്റെ തന്ത്രം വിജയകരമായി പയറ്റിപ്പോരുന്ന ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്ക. രാജ്യങ്ങളെ തമ്മിലടിപ്പിക്കുക അതിനിടയിലൂടെ തങ്ങളുടെ സ്വാര്‍ത്ഥലാഭങ്ങള്‍ നേടിയെടുക്കുക. രാജ്യങ്ങളുടെ നാശമോ, ആള്‍നാശമോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഡോണാള്‍ഡ് ട്രംപിന്റെ മുദ്രാവാക്യം പോലെ അമേരിക്ക ഫസ്റ്റ് എന്ന ഒറ്റചിന്തയാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ഇറാക്കിന്റെ സര്‍വനാശവും ഗള്‍ഫ് രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കലിലും തുടങ്ങി ഇങ്ങ് യുക്രെയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തില്‍ വരെ അമേരിക്കയുടെ ഇടപെടലുകള്‍ വ്യക്തമാണ്. യുക്രെയിനിനെ പറഞ്ഞുപിരികയറ്റി റഷ്യയ്‌ക്കെതിരെ പോരിനിറക്കി ആയുധങ്ങള്‍ വാരിക്കോരി നല്‍കി സഹായിക്കുമ്പോഴും അമേരിക്കയ്ക്ക് ഒരേഒറു ലക്ഷ്യമെയുള്ളു. റഷ്യയെ സാമ്പത്തികമായും സൈനികമായും തകര്‍ക്കുക. യുദ്ധത്തില്‍ നേരിട്ടിടപെടാതെ മാറിനിന്ന് കളികണ്ട് രസിക്കുക ഒപ്പം തങ്ങളുദ്ദേശിച്ചത് നേടിയെടുക്കുക. ഇതാണ് നാളുകളായി അമേരിക്ക പിന്തുടരുന്ന തന്ത്രം.
ഇപ്പോഴിതാ കാനഡയും ഇന്ത്യയുമായി രൂപം കൊണ്ടിരിക്കുന്ന പുതിയ തര്‍ക്കത്തിലും ഇതേനയവുമായി അമേരിക്ക എത്തിയിരിക്കുന്നു. ഖലിസ്ഥാന്‍ ഭീകരനായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ് ഇന്ത്യകാനഡ ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ ആരോപണത്തെ ഇന്ത്യശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളും നയതന്ത്രഉദ്യോഗസ്തരെ പരസ്പരം പുറത്താക്കിയതോടെ ബന്ധങ്ങള്‍ കൂടുതല്‍ വഷളായി. പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കു വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെക്കുകയും ചെയ്തു.
ഇന്ത്യയുമായുള്ള ബന്ധം വഷളാകാതിരിക്കാനായി അമേരിക്ക സമദൂരസിദ്ധാന്തമാണ് ഇക്കാര്യത്തില്‍ തുടക്കത്തില്‍ കൈക്കൊണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തില്‍ എന്തെങ്കിലും തരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തുവന്നു.
എന്നാല്‍ ഇപ്പോള്‍ വസ്തുതകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്നുള്ള രഹസ്യന്വേഷണ റിപ്പോര്‍ട്ട് കാനഡയ്ക്ക് കൈമാറിയത് അമേരിക്കയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. തങ്ങള്‍ ഇതില്‍ നേരിട്ട് ഇടപെടില്ലെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും പകല്‍വെട്ടത്ത് മാന്യത നടിച്ച അമേരിക്കയുടെ യഥാര്‍ത്ഥ മുഖമാണ് വീണ്ടും പുറത്തുവന്നിരിക്കുന്നത്. രഹസ്യമായി കാനഡയെ ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയും പരസ്യമായി നല്ലപിള്ള ചമയലും. അതുപോലെ തന്നെ, അമേരിക്കയിലുള്ള ഖാലിസ്ഥാന്‍വാദികള്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനുനേരെ ബൈഡന്‍ ഭരണകൂടം കണ്ണടയ്ക്കുന്ന നയം തുടരുന്നതും ശ്രദ്ധിക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫിലും യുക്രെയിനിലും പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് അമേരിക്ക വീണ്ടും പയറ്റുന്നത്. സായിപ്പിന്റെ ചിരിയിലും ഹസ്തദാനത്തിലും കാര്യമില്ലെന്നും അവര്‍ സ്വന്തംകാര്യം സിന്ദാബാദുകാരാണെന്നും ഇന്ത്യന്‍ നേതൃത്വം തിരിച്ചറിയാതിരിക്കരുത്.