തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പണം തിരിച്ചു പിടിച്ചത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും. ഇതിനകം ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാന്‍ തീരുമാനവും എസ്എല്‍ബിസി യോഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ യോഗത്തില്‍ പങ്കെടുക്കും.