ന്യൂഡല്‍ഹി: ഇന്ന് ആകാശത്ത് സൂപ്പര്‍മൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് വിളിക്കുന്നത്. നാലു പൂര്‍ണചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാനാകും.
സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേര്‍ന്നു വരുന്നത് അപൂര്‍വമായാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍.
വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്ന് നാസ പറയുന്നു. 1979ലാണ് സൂപ്പര്‍മൂണെന്ന വിളിപ്പേരു ലഭിച്ചത്. അടുത്ത മൂന്നു പൂര്‍ണചന്ദ്രന്‍മാരും സൂപ്പര്‍മൂണായിരിക്കും. അടുത്ത സൂപ്പര്‍മൂണിനെ കാണാനാകുന്നത് സെപ്റ്റംബര്‍ 17, ഒക്ടോബര്‍ 17, നവംബര്‍ 15 തീയതികളിലായിരിക്കും.
രണ്ടു തരത്തിലുള്ള ബ്ലൂ മൂണുകളുണ്ട്. നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നതും മാസത്തില്‍ ദൃശ്യമാകുന്നതും. ഇപ്പോഴത്തേത് സീസണലാണ്. ഒരു സീസണില്‍ നാലു പൂര്‍ണചന്ദ്രന്‍മാരെ കാണാനാകും. അതില്‍ മൂന്നാമത്തെതാണ് സീസണല്‍ ബ്ലൂ മൂണ്‍.
2027ലാണ് അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുക. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി ബന്ധമില്ല. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ചന്ദ്രന്‍ നീലനിറത്തില്‍ കാണപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പര്‍ ബ്ലൂ മൂണ്‍ നീലയായിരിക്കില്ല. വായുവിലെ ചെറിയ കണങ്ങള്‍ക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീലനിറമായി കാണുന്നത്.