പാലക്കാട്: ഇനി ഒരു തിരിച്ചുവരവു കൂടി പി.കെ ശശിക്കുണ്ടാകുമോ. രണ്ടാം വരവിലും നന്നാകാത്തതിനെ തുടര്‍ന്ന് സിപിഎമ്മിലെ പ്രമുഖ നേതാവ് പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരേയാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ ശശിയെ നീക്കി. ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ്. ഈ പദവികള്‍ നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും.
വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ നേരത്തേ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ നിരവധി പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാര്‍ക്കാട് സഹകരണ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിച്ച് പരിശോധിച്ചു. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് ആരോപണം ഉയര്‍ന്നത്.
സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിഭാഗീയതയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടതായി സൂചനയുണ്ട്. ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ആറു മാസം ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തുകയായിരുന്നു.
സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്ക് ഏരിയാകമ്മിറ്റിയുടെ താത്കാലികചുമതല നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഐകകണ്ഠ്യേന ആയിരുന്നുവെന്നാണ് സൂചന. സമ്മേളനക്കാലത്തേക്ക് കടക്കാനിരിക്കെ ഉണ്ടായ ശക്തമായ ഈ നടപടി കടുത്ത നിലപാടുകളുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്.
സഹകരണസ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് പാര്‍ട്ടിനിര്‍ദേശം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായെന്നും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുമുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്. ഇതിനായി വി. ചെന്താമരാക്ഷന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തെളിവെടുപ്പു നടത്തിയിരുന്നു. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് നടപടിയെന്നാണ് സൂചന.