ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് നിര്‍ണായക ദിനങ്ങള്‍. സിദ്ധരാമയ്യയ്ക്ക് എല്ലാവിധ പിന്തുണയുമായി കോണ്‍ഗ്ര്‌സ നേതൃത്വം നിലയുറപ്പിക്കുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം.
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പകരം ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി അനധികൃതമായി 14 പ്ലോട്ടുകള്‍ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാര്‍വതി, മകന്‍ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലോട്ടിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹര്‍ജി ഫയല്‍ ചെയ്യുക. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സിദ്ധരാമയ്യക്കായി കോടതിയില്‍ ഹാജരാകും. നിലവില്‍ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിക്കും.
കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ വിളിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പതിവ് പോലെ ഗവര്‍ണറെ ഉപയോഗിച്ചുളള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വിശദീകരിക്കും. ഗവര്‍ണര്‍ക്കെതിരെ രാവിലെ 11 മണിക്ക് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തും. ന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കര്‍ണാടക കോണ്‍ഗ്രസിന്റെയും എഐസിസി നേതൃത്വത്തിന്റെയും പൂര്‍ണ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടു കര്‍ണാടക ബിജെപിയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
മലയാളിയായ ടി ജെ അബ്രഹാം ഉള്‍പ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകള്‍ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പാര്‍വ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍വ്വതിക്ക് അവരുടെ സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.