യുവഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ദുരൂഹതകളുടെ ചുരുളഴിക്കുമോ സിബിഐ

0
44

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ചുരുളഴിയാത്ത രഹസ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിനു പിന്നില്‍ വമ്പന്‍മാരുണ്ടെന്നു സൂചന നല്‍കുന്ന റിപ്പോര്‍്ട്ടുകളാണ് പുറത്തുവരുന്നത്. ഇ്ത്തരത്തിലുള്ള സംശയങ്ങളുമായി മാതാപിതാക്കളും സഹപ്രവര്‍ത്തകരും തന്നെ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ കൊലപാതകത്തില്‍ ചില സഹപ്രവര്‍ത്തകരുടെ പങ്കു സംശയിക്കുന്നതായി മാതാപിതാക്കള്‍ സിബിഐക്കു മൊഴി നല്‍കിയിരുന്നു. ഏതാനും ഡോക്ടര്‍മാരുടെ പേരുകളും അവര്‍ പരാമര്‍ശിച്ചിരുന്നു.

ആശുപത്രി കേന്ദ്രീകരിച്ചു മരുന്നു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതെക്കുറിച്ച് കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് അറിവുണ്ടായിരിക്കാമെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ‘പല കാര്യങ്ങളും അറിയാമായിരുന്നു’ എന്നാണു സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്റെ പേരിലാണോ കൊലപാതകമെന്നു സംശയിക്കണമെന്നും അവര്‍ പറയുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നു വന്‍ സമ്മര്‍ദമുണ്ടായതായി ഡോക്ടര്‍ ഡയറിയില്‍ എഴുതിയിരുന്നതാണ് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. തുടര്‍ച്ചയായി 36 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശിക്ഷാനടപടികളുടെ ഭാഗമായി തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുന്നത് ഇവിടത്തെ രീതിയാണെന്നും അവര്‍ പറഞ്ഞു.

അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതില്‍ സിബിഐക്കു തെളിവുകള്‍ ലഭിച്ചിട്ടില്ല. യുവതിയുടെ നഖത്തില്‍നിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങള്‍ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. യുവതിയുടെ രക്തക്കറ പ്രതിയുടെ വസ്ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാര്‍ ഹാളില്‍നിന്ന് പ്രതിയുടെ ഇയര്‍ ഫോണും ലഭിച്ചിരുന്നു.

അതിനിടെ, പിജി ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനമേറ്റതായും ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടായതായുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകള്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടയായതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലുകള്‍ പൊട്ടിയതായി റിപ്പോര്‍ട്ട് പറയുന്നില്ല.

ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കല്‍ക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.

സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പശ്ചിമബംഗാളിലും രാജ്യത്തുടനീളവും ഉയരുന്നത്. മമതാ ബാനര്‍ജിക്കും മമതാ സര്‍ക്കാരിനും നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ദേശീയ തലത്തില്‍ 24 മണിക്കൂര്‍ നീണ്ട സമരം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here