കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം ശശി രാജിവെച്ചേക്കും; തരംതാഴ്ത്തലിനെതിരെ അപ്പീല്‍ നല്‍കും

0
12

പാലക്കാട്: പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ നീക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചിരുന്നു.

തന്നെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ നടപടിക്കെതിരെ ശശി അപ്പീല്‍ നല്‍കിയേക്കും. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുക.

അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍കൂടി പാര്‍ട്ടി നിര്‍ദേശിച്ചേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്, അതിന് മുമ്പുതന്നെ രാജിവെക്കാന്‍ ഒരുങ്ങുന്നത്. ഇന്നോ, നാളെയോ രാജി സമര്‍പ്പിക്കുമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് പികെ ശശിക്കെതിരായ പ്രധാന ആരോപണം. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളും ശശിക്കെതിരേ ഉയര്‍ന്നു.
ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗവും കെടിഡിസി ചെയര്‍മാനും സിഐടിയു ജില്ലാ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here