നാണംകെട്ട് തലകുനിച്ച് മലയാള സിനിമ; ശോഭകെട്ട് നക്ഷത്രങ്ങള്‍

0
23

തിരുവനന്തപുരം: ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ നാണംകെട്ട് തലകുനിച്ച് മലയാളി സിനിമ. നക്ഷത്രതിളക്കത്തില്‍ നില്‍ക്കുന്നവരുടെ മുഖം മൂടി വലിച്ചുകീറുന്നതായി റിപ്പോര്‍ട്ടിലെ പുറത്തുവരുന്ന വിവരങ്ങള്‍. മലയാളസിനിമയിലെ ആര്‍ക്കും കൈകകഴുകി മാറിനില്‍ക്കാനാവാത്ത സ്ഥിതിയിലാണ്. നേരിട്ട് ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരും തങ്ങളുടെ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിഞ്ഞിട്ടും മൗനംപാലിക്കുകയായിരുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

സ്ത്രീകള്‍ മലയാള സിനിമയില്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നതായാണ് ഹേമ കമ്മിറ്റി റിപ്പോര്‍്ട്ട് പറയുന്നത്. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകള്‍ സിനിമയിലെത്തുന്നത് പണമുണ്ടാക്കാന്‍ വേണ്ടിയാണെന്ന പൊതു കാഴ്ചപ്പാടാണ് മലയാള സിനിമയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനായി അവള്‍ എല്ലാറ്റിനോടും കീഴടങ്ങേണ്ടവളാണെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബര്‍ 31ന് സര്‍ക്കാറിനു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍്ടട് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. 49ാം പേജിലെ 96ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ പുറത്തുവിട്ടിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

കലയോടുള്ള അഭിനിവേശവും അഭിനയമോഹവും കൊണ്ടാണ് സ്ത്രീകള്‍ സിനിമയിലെത്തുന്നതെന്ന് ചലച്ചിത്രമേഖലയിലെ പുരുഷന്മാര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. സ്ത്രീകള്‍ പ്രശസ്തിക്കും പണത്തിനും വേണ്ടി മാത്രമാണെത്തുന്നതെന്ന് കരുതുന്ന അവര്‍, സിനിമയില്‍ അവസരം കിട്ടാന്‍ ആര്‍ക്കൊപ്പവും നടിമാര്‍ കിടപ്പറ പങ്കിടണമെന്ന ചിന്താഗതിക്കാരാണ്.

സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. ആലിംഗനം ചെയ്യുന്ന സീന്‍ 17 തവണ വരെ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മൊഴിയുണ്ട്.

സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിര്‍മാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. പലപ്പോഴും ശുചിമുറി പോലും നിഷേധിക്കുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. നടിമാരുടെ മുറികളില്‍ മുട്ടുന്നത് പതിവാണ്. നടിമാര്‍ ജീവഭയം കാരണം തുറന്നുപറയാന്‍ മടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു നടി പ്രശ്നക്കാരിയാണെന്ന് സിനിമാമേഖലയിലെ ഒരു പുരുഷന്‍ ചിന്തിച്ചാല്‍ അവര്‍ക്ക് പിന്നീട് ഒരു പടത്തിലും അവസരം കിട്ടില്ല. അതിനാല്‍, അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമുള്ള നടിമാര്‍ ഈ പീഡനമെല്ലാം നിശബ്ദമായി സഹിക്കേണ്ടി വരുന്നു. ഇത് സാക്ഷ്യപ്പെടുത്തിയ ഒരു നടിയോട് എല്ലാ നടിമാര്‍ക്കും ഇതാണോ അനുഭവമെന്ന് കമ്മിറ്റി ചോദിച്ചപ്പോള്‍ ‘ആയിരിക്കാം. എന്നാല്‍, ഈ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ അവര്‍ക്ക് പേടിയാവും’ എന്നായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here