ഇവിടെയൊന്നും കിട്ടിയില്ല…എന്ന നെടുമുടി വേണുവിന്റെ സിനിമാ ഡയലോഗ് പോലെ ഒരു ശബ്ദം കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുന്നുണ്ട്. മറ്റാരുമല്ല. സാക്ഷാല്‍ കെ.മുരളീധരനാണ് ശബ്ദമുയര്‍ത്തുന്നത്. എ ഐ പോരാട്ടകാലത്തെ പോലെ ആ ശബ്ദത്തിന് ഊറ്റമില്ല എന്നുള്ളത് സത്യമാണ്. മുരളീധരന്റെ വാക്കുകളിലും ആ നിസഹായത നിഴലിക്കുന്നുണ്ട്. ഇപ്പോള്‍ എ ഐ എന്നു പുതിയ തലമുറയോട് ചോദിച്ചാല്‍ ആര്‍്ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സല്ലേ എന്ന്ായിരിക്കും മറുചോദ്യം. അവര്‍ക്ക് എന്ത് കരുണാകരനും ആന്റണിയും.
കോണ്‍ഗ്രസിനുള്ളില്‍ തന്റെ തലമുറയുടെ നാളുകള്‍ അവസാനിക്കുകയാണെന്ന് മുരളീധരനിലെ രാഷ്ട്രീയക്കാരന്‍ തിരിച്ചറിയുന്നുണ്ട്.
പണ്ട് ആള്‍ക്കൂട്ടത്തെ കൂട്ടാന്‍ മുരളീധരനെപ്പോലെയുള്ളവര്‍ കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. സംസ്ഥാന രാഷ്ട്രീയത്തില്‍ കുഴല്‍നാടനും തരൂരും ഷാഫിയും ബലറാമും വിഷ്ണുനാഥും രാഹുല്‍ മാങ്കൂട്ടവുമൊക്കെയായി താരപ്രചാരകര്‍. ചുക്കാന്‍ പിടിക്കാന്‍ സതീശനും. ഏറ്റവുമൊടുവില്‍ പുതുപ്പള്ളിയില്‍ അത് കണ്ടതാണ്. താരപ്രചാരകരുടെ പട്ടികയില്‍ തന്നെ കൂട്ടാത്തതിന് മുരളീധരന്‍ കൊതിക്കെറുവു പറഞ്ഞെങ്കിലും ആരും കേട്ടമട്ടു നടിച്ചില്ല.
ഹൈക്കമാന്‍ഡിലോട്ടു കണ്ണോടിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ ടീമാണ് അവിടെ. വേണുഗോപാലിന്റെ കണ്ണുവെട്ടിച്ച് അവിടെ കയറിക്കൂടുക എളുപ്പമല്ല. ഹിന്ദി വെള്ളം പോലെ പറയുന്ന, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ ചെന്നിത്തല വരെ അവിടെ ഔട്ടായി നില്‍ക്കുകയാണ്.
അങ്ങനെവരുമ്പോള്‍ ഒന്നും മിണ്ടാതിരുന്നാല്‍ താന്‍ മറവിയുടെ ആഴത്തിലേക്ക് പോകുമെന്ന് മറ്റാരേക്കാളും നന്നായി മുരളീധരന് അറിയാം. അതുകൊണ്ടാണ് ആദ്യവെടിയായി താനിനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണനയാണേ്രത ഇതിന് പ്രേരിപ്പിച്ചത്. പ്രവര്‍ത്തകസമിതിയില്‍ പ്രത്യേക ക്ഷണിതാവാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതും നടന്നില്ല.
ഓരോന്നിനും അതിന്റേതായ കാലമുണ്ട് എന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. മുരളീധരന്റെ കാര്യത്തിലും അതുശരിയാണ്. കിങ്ങിണിക്കുട്ടന്‍ തുടങ്ങിയ ഓമനപ്പേരുകളിട്ട് അവഹേളിച്ചിരുന്ന കാലത്തുനിന്നും കെ.പി.സി.സി പ്രസിഡന്റിലേക്ക് വളരാന്‍ അദ്ദേഹത്തിന് സാധിച്ചു. കരുണാകരന്റെ തണല്‍ പറ്റി നില്‍ക്കുന്ന മകന്‍ എന്ന നിലയില്‍ നിന്നും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയപ്പോള്‍ തികച്ചും പക്വതയുള്ള നേതാവായി മുരളീധരന്‍ മാറി. കോണ്‍ഗ്രസ് കണ്ട മികച്ച അധ്യക്ഷന്മാരില്‍ ഒരാളായിരുന്നു മുരളീധരന്‍. പക്ഷേ, ആ സമയത്താണ് അദ്ദേഹത്തിന് തോന്നാബുദ്ധി തോന്നിയത്. മന്ത്രിയാകണം. കെ.പിസിസി കസേര വലിച്ചെറിഞ്ഞ് മന്ത്രിസ്ഥാനം തരപ്പെടുത്തി. ഇന്നും അജ്ഞാതമാണ് മുരളീധരന്‍ എന്തിന് ആ തീരുമാനമെടുത്തുവെന്നത്. ഭാവിയില്‍ മുഖ്യമന്ത്രികസേര വരെ ലഭിക്കേണ്ടയൊരാളുടെ താഴേക്കുള്ള പതനം അവിടെ തുടങ്ങി. നിയമസഭയിലേക്കുള്ള മത്സരവും തോല്‍വിയും കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരണവുമെല്ലാം പിന്നാലെയെത്തി. ഏറ്റവുമൊടുവില്‍ ആന്റണിയുടെ ദയയില്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവും. ഇനി താനൊന്നിനുമില്ലെന്നുള്ള ഏറ്റുപറച്ചിലോടെയുള്ള മടങ്ങിവരവ് തീര്‍ത്തും നിസഹായനായിട്ടായിരുന്നു.
കോണ്‍ഗ്രസിലെ നേതാക്കളില്‍ വാക്ചാതുരിയില്‍ മുമ്പനാണ് മുരളീധരന്‍. പക്ഷേ കോണ്‍ഗ്രസില്‍ ഇതു പുതിയ നേതാക്കളുടെ മുന്‍നിരയിലേക്കുള്ള കടന്നുകയറ്റത്തിന്റെ സമയമാണ്. അപ്പോള്‍ മുന്‍നിരയിലുള്ള പലര്‍ക്കും കസേര നഷ്ടപ്പെടും. അതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. അത് കാലത്തിന്റെ വിധിയെഴുത്താണ്.