തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അഞ്ചു വര്‍ഷത്തിനു ശേഷം പുറത്തുവരുമ്പോള്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുടെ പിരഹാരത്തിനപ്പുറം വിവാദങ്ങളാണ് പുകയുന്നത്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടാല്‍ അത് മലയാള സിനിമയില്‍ വന്‍സ്‌ഫോടനം സൃഷ്ടിക്കുമെന്ന ഭീതിയിലായിരുന്നു സര്‍ക്കാര്‍.
296 പേജ് റിപ്പോര്‍ട്ടിലെ 61 പേജുകളും ചില പേജുകള്‍ ഭാഗികമായും പുറത്തുവിട്ടിട്ടില്ല. ഇങ്ങനെ ഒഴിവാക്കിയ പേജുകള്‍ക്കു പുറമേ റിപ്പോര്‍ട്ടിന്റെ അനുബന്ധമായി, ചലച്ചിത്രമേഖലകളിലെ നടിമാരും സാങ്കേതികപ്രവര്‍ത്തകരായ വനിതകളും നല്‍കിയ മൊഴികള്‍ അടങ്ങുന്ന 400 പേജ് വരുന്ന ഭാഗവും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനായി സ്റ്റെനോഗ്രഫറെ ഒഴിവാക്കി ജസ്റ്റിസ് ഹേമ തന്നെയാണ് 296 പേജുകളുള്ള റിപ്പോര്‍ട്ടു മുഴുവനും ടൈപ് ചെയ്തത്.
ലൈംഗിക ആവശ്യങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതും ക്ഷണിക്കുന്നതുമായ ഉന്നതരുടെ ഉള്‍പ്പെടെ വാട്‌സാപ് ചാറ്റുകളുടെ വിവരണം, സ്‌ക്രീന്‍ഷോട്ടുകളുടെ പകര്‍പ്പ്, കമ്മിറ്റി രേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങിയ മൊഴികള്‍ എന്നിവയാണ് അനുബന്ധത്തിലുള്ളത്. ചില സ്ത്രീകള്‍ രഹസ്യമായി റിക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും സംഭാഷണങ്ങളും മറ്റും ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകളും സിഡികളും മറ്റും അനുബന്ധത്തിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് രേഖകളാണ്. നടന്മാരും സംവിധായകരും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ ഇതില്‍ പരാമര്‍ശിക്കുന്നതായി പറയുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെ പുരുഷന്മാരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങളും മൊഴികളും അനുബന്ധത്തിന്റെ ഭാഗമാണ്. പ്രധാന റിപ്പോര്‍ട്ടില്‍ 296 പേജുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ സ്വകാര്യതയെ ബാധിക്കുന്നുവെന്ന പേരില്‍ 48, 49 എന്നീ ഖണ്ഡികകളും 165 മുതല്‍ 169 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയതിനു പുറമേ 61 പേജുകളും പല ഭാഗങ്ങളിലായി സാംസ്‌കാരിക വകുപ്പ് നടത്തിയ പരിശോധനയില്‍ ഒഴിവാക്കി. വ്യക്തികളുടെ സ്വകാര്യതയും വ്യക്തിസുരക്ഷിതത്വവും മാനിച്ച് ഇവ ഒഴിവാക്കുന്നതായാണു പറയുന്നത്.
അനുബന്ധത്തില്‍ പറയുന്ന മൊഴികള്‍ പ്രധാന റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളില്‍ ആവര്‍ത്തിക്കുന്നതും ഇങ്ങനെ ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു. ഡബ്ല്യുസിസിയുടെ നിവേദനത്തെ തുടര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത് എന്നു പറയുന്ന തുടക്കഭാഗത്തു തന്നെ ചില ഒഴിവാക്കലുകള്‍ നടന്നിട്ടുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഡബ്ല്യുസിസിയുടെ നിവേദനത്തില്‍ പറയുന്ന കാര്യങ്ങളാണ് ഇത്.