മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് പി.വി അന്‍വര്‍ എംഎല്‍എ യുടെ പ്രസംഗം

0
13

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി എന്‍വര്‍ എംഎല്‍എയുടെ പ്രസംഗം. മലപ്പുറം ജില്ലാ പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലാണ് എംഎല്‍എ യുടെ അധിക്ഷേപ പ്രസംഗം. വേദിയില്‍ തന്നെ ദീര്‍ഘനേരം കാത്തിരിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി എന്നാരോപിച്ചാണ് എസ്പിയെ അന്‍വര്‍ആക്ഷേപിച്ചത്. മറുപടി പ്രസംഗത്തില്‍ കാര്യമായി പ്രസംഗിക്കാതെ എസ്പി വേദി വിട്ടുപോകുകയും ചെയ്തു.

പരിപാടിയില്‍ എംഎല്‍എ ഉദ്ഘാടകനും എസ്പി മുഖ്യപ്രഭാഷകനുമായിരുന്നു. എന്നാല്‍ ഐപിഎസ് ഓഫീസറുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച എംഎല്‍എ എസ്പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പിന്നാലെ മുഖ്യപ്രഭാഷണത്തിന് കയറിയപ്പോള്‍ അല്‍പം തിരക്കിലാണെന്നും പ്രസംഗിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞു ഒറ്റവരിയില്‍ ആശംസ അര്‍പ്പിച്ച് എസ്പി വേദി വിട്ടു പോകുകയും ചെയ്തു.

ഇലന്തൂര്‍ നരബലി കേസ് അന്വേഷിച്ച് വിവരം പുറത്തുകൊണ്ടുവന്ന മിടുക്കനായ ഉദ്യോഗസ്ഥനെയാണ് എംഎല്‍എ ശകാരിച്ചതെന്ന ആക്ഷേപം എംഎല്‍എയ്ക്ക് എതിരേയും ഉയര്‍ന്നിട്ടുണ്ട്. ഇലന്തൂര്‍ കേസ് തെളിയിച്ച പോലീസ് ടീമിന്റെ തലവനാണ് എസ്പി ശശീധരന്‍.

കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് എസ്പിയുടെ പെരുമാറ്റമെന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം ഇരിക്കേണ്ടി വന്നു. അദ്ദേഹം ജോലിത്തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കില്‍ ഓക്കേ. അല്ലാതെ എംഎല്‍എ കുറച്ച് സമയം അവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്പി ആലോചിക്കണമെന്നും വിമര്‍ശിച്ചു. ഇങ്ങനെ പറയേണ്ടിവന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പോലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടുമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്. പെറ്റിക്കേസിനായി പോലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു . തന്റെ പാര്‍ക്കിലെ 2000 കിലോ ഭാരമുള്ള കയര്‍ മോഷണം പോയിട്ട് കണ്ടു പിടിച്ച് തന്നില്ല. അതിന് വേണ്ടി ഒരു ഫോണ്‍ കോള്‍ പോലും തന്നെ വിളിച്ചിട്ടില്ല. മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. ഏത് പൊട്ടനും കണ്ടെത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here