തൊടുപുഴ: പട്ടികജാതി പട്ടികവര്‍ഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ നാളെ വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഭീം ആര്‍മിയും വിവിധ സംഘടനകളും ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹര്‍ത്താല്‍ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയര്‍മാന്‍ നോയല്‍ വി. ശാമുവേല്‍ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കും.
സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് 9ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി.ജനാര്‍ദന്‍ മലഅരയ സംരക്ഷണ സമിതി സി.ഐ.ജോണ്‍സണ്‍, പി.എ.ജോണി, പി.ആര്‍.സിജു എന്നിവര്‍ പങ്കെടുത്തു.