കാണാതായ അസം പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു; കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം

0
11

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന്‍ കാണാമറയത്ത് തുടരുന്നു. പെണ്‍കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതെ കുഴങ്ങുകയാണ് പൊലീസ്.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചതു മാത്രമാണ് കേസന്വേഷണത്തിലെ ഒരു പിടിവള്ളി. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്.

എന്നാല്‍, ട്രെയിനില്‍ നിന്ന് തസ്മിദ് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ഇല്ല. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി.

കുട്ടി എവിടെ എന്നതില്‍ വ്യക്തമായ സൂചനകളില്ല. പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പൊലീസ് അന്വേഷണം നടത്തുകയാണ്. കന്യാകുമാരിയില്‍ പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തും. കേരളാ അതിര്‍ത്തിക്ക് അപ്പുറം വ്യാപക പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകള്‍ ഒന്നും കിട്ടിയില്ല. കുട്ടി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടി. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലേക്കും തെരച്ചില്‍ വ്യാപകമാക്കുകയാണ് പൊലീസ്.

കുട്ടി നെയ്യാറ്റിന്‍കരവരെ ഉണ്ടായിരുന്നതായി ട്രെയിനിലുണ്ടായിരുന്ന യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും സ്റ്റേഷനിലിറങ്ങിയോ എന്നു പരിശോധിക്കുന്നു. സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് കുട്ടി വീടുവിട്ടിറങ്ങിയത്. അസമില്‍നിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയാവുന്നത്. കന്യാകുമാരി പൊലീസുമായി സഹകരിച്ചാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here