ഡല്‍ഹി: പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായി കൂടിക്കാഴ്ച നടത്തും. 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് അവസാനമായി പോളണ്ടിലേക്കെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ച് 70 വര്‍ഷം ആയിരിക്കെയുള്ള ഈ സന്ദര്‍ശനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പോളണ്ട് സന്ദര്‍ശനത്തിന് ശേഷം മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും. 23ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തുന്ന മോദി പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം മോദി റഷ്യ സന്ദര്‍ശിച്ചതിന് പിന്നാലെ യുക്രെയ്ന്‍ സന്ദര്‍ശിക്കാത്തതിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്ന തീരുമാനം വന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും നിരവധി ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.