ലണ്ടന്‍: യുകെയില്‍ കുഴഞ്ഞു വീണ മരിച്ച മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ചില്‍ ഞായറാഴ്ച രാവിലെ 11ന് കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന സോണിയ കാലിന്റെ സര്‍ജറിക്കായി 10 ദിവസം മുന്‍പാണ് നാട്ടില്‍ പോയിരുന്നത്. സര്‍ജറിക്ക് ശേഷം യുകെയിലേക്ക് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു അനില്‍. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്.
രണ്ടര വര്‍ഷം മുന്‍പാണ് സോണിയയും കുടുംബവും യുകെയില്‍ എത്തിയത്. സംസ്‌കാരം പിന്നീട്.