കമ്മി, സംഘി, കൊങ്ങി..സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള വിശേഷണങ്ങളാണിവയൊക്കെ. കോണ്‍ഗ്രസുകാരെയാണ് കൊങ്ങികളെന്നു വിശേഷിപ്പിക്കുന്നത്. കറതീര്‍ന്ന അനുയായികളെയാണ് ഇത്തരത്തില്‍ പേരിട്ടുവിളിക്കുന്നത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളെ കൊഞ്ഞാണ്ടന്‍മാരെന്നു വിശിപ്പിക്കേണ്ടിയിരിക്കുന്നു. നാട്ടില്‍ മുഴുവന്‍ പാട്ടായിക്കഴിഞ്ഞ സതീഷന്‍-സുധാകരന്‍ തര്‍ക്കമാണ് ഇത്തരമൊരു പേരിടലിന് ആധാരം.
മീഡിയയുടെ മുന്നിലിരുന്ന് മൈക്കിനുവേണ്ടി പിടിവലി കൂടുന്ന നേതാക്കളെ, പത്രസമ്മേളനത്തിന് വെറുതെവന്ന് ഞെളിഞ്ഞിരിക്കുന്ന നേതാക്കളെ പിന്നെ എന്താണ് വിളിക്കേണ്ടത്. പുതുപ്പള്ളിയില്‍ മഴയുവെയിലുംകൊണ്ടു പ്രവര്‍ത്തനംനടത്തി എതിരാളികളുടെ ആരോപണശരങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് അതേനാണയത്തില്‍ മറുപടി നല്‍കി വിജയം കൈവരിച്ച യുവനേതാക്കളുടെയും അണികളുടെയും സന്തോഷത്തെയല്ലെ ഇവര്‍ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കിയത്. കടമ്പയ്ക്കല്‍കൊണ്ടുപോയി കലംതല്ലിയുടയ്ക്കുക എന്ന് നാടന്‍ഭാഷയില്‍ പറയും. തങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പറഞ്ഞതിന്റെ പിന്നാലെയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നിരുന്ന് ഈ കോപ്രായം കാണിച്ചത്.
സുധാകരന്‍ പറഞ്ഞതില്‍ തെറ്റു പറയാനില്ല. അദ്ദേഹം കെപിസിസി പ്രസിഡന്റല്ലേ. കോണ്‍ഗ്രസ് പുതുപ്പള്ളിയില്‍ ഉജ്വലവിജയം നേടിയതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കാണേണ്ടയാള്‍ പ്രസിഡന്റുതന്നെ. അതിനേക്കാള്‍ ഉപരി ഈ പത്രസമ്മേളനം വിളിച്ചതാരെന്ന ചോദ്യവും ഉയരേണ്ടതല്ലേ. കെപിസിസി വിളിച്ച പത്രസമ്മേളനമാണെങ്കില്‍ പ്രസിഡന്റ് തന്നെ സംസാരിച്ചു തുടങ്ങണം. എന്തായാലും വി.ഡി സതീശന്‍ കാര്യമായി സംസാരിക്കാന്‍ തയാറായിതന്നെയാണ് വന്നത്. പത്രസമ്മേളനവേദിയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും ഇരിപ്പുമെല്ലാം അത് സൂചിപ്പിക്കുന്നുണ്ട്. കയ്യില്‍ കുറേ കടലാസുകളും ഉണ്ട്.
ഇനി മറ്റൊരു കാര്യം കൂടിയുണ്ട്. ഈ പത്രസമ്മേളനമൊക്കെ വിളിക്കുമ്പോള്‍ ആരാണ് സംസാരിക്കേണ്ടത് എന്നൊക്കെ നേരത്തെ തീരുമാനിച്ചുറപ്പിക്കേണ്ടെ. അല്ലാതെ പത്രക്കാരുടെ മുന്നില്‍ വന്നിരുന്നാണോ മൈക്കിനുവേണ്ടി പിടിവലി കൂടേണ്ടത്. മറ്റുള്ളവരു കാണുമെന്ന ചിന്തയെങ്കിലും വേണ്ടേ. പ്രതിപക്ഷനേതാവിനു സംസാരിക്കണമെങ്കില്‍ അദ്ദേഹം പത്രസമ്മേളനം വിളിക്കണം. കെപിസിസി പ്രസിഡന്റിനു സംസാരിക്കണമെങ്കില്‍ അദ്ദേഹം പത്രസമ്മേളനം വിളിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യങ്ങള്‍ ആധികാരികമായി പറയാന്‍ ചുമതലപ്പെട്ടയാള്‍ കെപിസിസി പ്രസിഡന്റാണ്. അല്ലാതെ പ്രസിഡന്റ് വരുമ്പോള്‍ മൈക്കെല്ലാം കൂടി തന്റെ മുന്നിലേക്കു മാടികൂട്ടുകയല്ല വേണ്ടത്. ഇതില്‍ ന്യായം സുധാകരന്റെ ഭാഗത്താണ്.
പത്രസമ്മേളനം നടത്തുമ്പോള്‍ നേതാക്കന്‍മാരെല്ലാം കൂടി വന്നു നിരന്നിരിക്കുന്നതെന്തിനാണ്. വേദികളോടും കസേരകളോടുമുള്ള ഭ്രമം എത്രമുതിര്‍ന്നാലും നേതാക്കന്മാര്‍ക്ക്ു ഉപേക്ഷിക്കാനാവുന്നില്ല. ഇനി അഥവാ അങ്ങനെ വന്നിരിക്കുകയാണെങ്കില്‍ പ്രസിഡന്റിനെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ സഹായിക്കണം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം മനസിലാകാതെ വന്നപ്പോള്‍ സതീശന്റെ സഹായം തേടിയ സുധാകരന് കിട്ടിയ മറുപടിയും ജനം കണ്ടതാണ്. ചോദ്യം നിങ്ങളോടാണ്, നിങ്ങളുതന്നെ പറഞ്ഞാല്‍ മതിയെന്ന കളിയാക്കിച്ചിരിച്ചു കൊണ്ടുള്ള സതീശന്റെ മറുപടിയിലൂടെ ആരാണ് പരിഹാസ്യനായത്.
ഇതെല്ലാം കഴിഞ്ഞുള്ള സതീശന്റെ ന്യായീകരണ മെഴുകലുണ്ട്. അത് അദ്ദേഹത്തെ കൂടുതല്‍ പരിഹാസ്യനാക്കി. സുധാകരനേതായാലും ഇതേക്കുറിച്ച് പിന്നീട് മിണ്ടികണ്ടില്ല. അത്രയും നല്ലത്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കരുണാകരനും ആന്റണിയും വിരുദ്ധചേരിക്കാരായിരുന്നു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിരുദ്ധചേരിക്കാരായിരുന്നു. അവരൊന്നും പൊതുവേദിയില്‍ വന്നിരുന്ന് പിള്ളേര് കോലുമിഠായിക്കു വഴക്കുണ്ടാക്കുന്നതുപോലെ വഴക്കിടില്ലായിരുന്നു. അവരൊക്കെ പുലര്‍ത്തിയിരുന്ന ഒരു പരസ്പരബഹുമാനമുണ്ട്. ഗ്രൂപ്പുവഴക്കുകള്‍ക്കിടയിലും എല്ലാത്തിനും ചില നിയന്ത്രണരേഖകളുണ്ടായിരുന്നു. അതെല്ലാം കളഞ്ഞുകുളിക്കരുത് സതീശാ.