ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവായിരുന്ന ശിവരാമന്‍ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ എലിവിഷം കഴിച്ചിരുന്നെന്നും, അറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെന്നും എസ്പി പറഞ്ഞു. അതിനിടെ ശിവരാമന്റെ അച്ഛന്‍ അശോക് കുമാറും സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് വച്ചാണ് സംഭവം. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വ്യാജ എന്‍സിസി ക്യാമ്പിലെ പീഡനക്കേസില്‍ 11 പേര്‍ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളില്‍ വച്ച് നടന്ന വ്യാജ എന്‍സിസി ക്യാമ്പില്‍ വച്ചാണ് അതിക്രമം നടന്നത്. സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പില്‍ വച്ചായിരുന്നു അതിക്രമം. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 17 പെണ്‍കുട്ടികള്‍ അടക്കം 41 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പിലുണ്ടായ അതിക്രമത്തെക്കുറിച്ച് വീട്ടിലെത്തിയ ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്. സംഭവത്തെക്കുറിച്ച് അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നുവെങ്കിലും മറച്ച് വയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായാണ് കൃഷ്ണഗിരി ഡിഎസ്പി പി തംഗദുരൈ മാധ്യമങ്ങളോട് പറഞ്ഞത്.
ഓഗസ്റ്റ് 5 മുതല്‍ ഓഗസ്റ്റ് 9 വരെയായിരുന്നു ത്രിദിന ക്യാമ്പ നടന്നത്. പെണ്‍കുട്ടികള്‍ രാത്രിയില്‍ തങ്ങിയിരുന്ന ഓഡിറ്റോറിയത്തില്‍ വച്ചാണ് പീഡനം നടന്നത്.