ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം

0
22

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ പേജുകള്‍ വെട്ടിമാറ്റിയതായി ആരോപണം. റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചപ്പോള്‍ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ വെട്ടിയത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണെന്നാണ് സൂചന. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം.

അതേസമയം, സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഖണ്ഡികകള്‍ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ മേഖലയിലുള്ളവരും പ്രതിപക്ഷവും രംഗത്തെത്തി. സര്‍ക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിന്റെ സെന്‍സറിങ് വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഒളിച്ചുകളി ആരെയോ രക്ഷിക്കാനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഇനി കോടതി തീരുമാനിക്കട്ടെയെന്നും കൂടുതല്‍ വിശദീകരണത്തിനില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സെന്‍സറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കട്ടെയെന്നും കോടതി പറയുന്നതുപോലെ തീരുമാനം എടുക്കാമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും കേസെടുക്കാന്‍ കഴിയുക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെന്ന് മന്ത്രി എ.കെ.ബാലനും പ്രതികരിച്ചു.

അതേസമയം, സിനിമാ മേഖലയിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here