നൊസ്റ്റാള്‍ജിയ: എപ്പിസോഡ്-1

0
61

പുസ്തകവുമായി നടന്നുവരുന്ന തങ്കച്ചനും ജോസും. വര്‍ത്തമാനമൊക്കെ പറഞ്ഞ് രസിച്ചുള്ള വരവാണ്.
തങ്കച്ചന്‍: നീ മലയാളം പകര്‍ത്ത് എഴുതിയോടാ.

ജോസ്: ഓ..ഞാനെങ്ങും എഴുതിയില്ല…നീ കണക്കു ചെയ്‌തോ…

തങ്കച്ചന്‍: എവിടെ…ക്ലാസില്‍ ചെന്ന് ആരുടെയെങ്കിലും നോക്കിയെഴുതാം..

ജോസ്: അതിന് ആര് കാണിക്കാനാ…മുന്നിലെ ബെഞ്ചില്‍ ഇരിക്കുന്നവന്മാരെ കണക്കൊക്കെ ചെയ്‌തോണ്ടുവരൂ…അവന്മാരൊട്ടു കാണിക്കുകേം ഇല്ല…

തങ്കച്ചന്‍: അതുനേരാ…കഴിഞ്ഞ ദിവസം ഞാനാ കുറുവന്റെ ബുക്കേലെഴുതുന്നത് നോക്കിയപ്പം അവന്‍ പൊത്തിപ്പിടിക്കുവാ…

ജോസ്: ഞാന്‍ രണ്ട് നെല്ലിക്കാ അവന് കൊടുത്തേച്ച് ബുക്ക് മേടിക്കും…അവനൊരു നെല്ലിക്കാ കൊതിയനാ…

തങ്കച്ചന്‍: ങാ…എന്നാ നീ എഴിതിയേച്ച് എനിക്കു തന്നാ മതി…എന്റെ കൈയില്‍ നെല്ലിക്കയൊന്നുമില്ല.

ജോസ്: നമ്മുടെ മൊട്ട വര്‍ക്കിയല്ലെ ആ ഇരിക്കുന്നത്…

കയ്യാലയില്‍ അലക്ഷ്യമായി ഇരിക്കുന്ന മൊട്ട വര്‍ക്കി.

തങ്കച്ചന്‍: എന്നാടാ മൊട്ടേ ഇവിടെയിരിക്കുന്നേ…പള്ളിക്കൂടത്തില്‍ വരുന്നില്ലേ…

മൊട്ട: (കൈയിലിരുന്ന കല്ല് അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ട്) ഞാനില്ലെടാ…

തങ്കച്ചന്‍: അതെന്നാടാ…ഇന്ന് ഉപ്പുമാവുള്ള ദിവസമാ….

മൊട്ട: ഇന്ന് പെരകെട്ടാടാ…അപ്പന്‍ രണ്ടുമൂന്നുപേരേക്കൂടി വിളിക്കാന്‍ പോയതാ…നിങ്ങള് വരുന്നോ…

തങ്കച്ചന്‍: ഇല്ലെടാ…ഇന്ന് പോയില്ലേല്‍ ഉപ്പുമാവു കിട്ടില്ല…

മൊട്ട: പെരകെട്ടിന് കപ്പേംപോത്തുമുണ്ടെടാ…

കുര്യന്‍ നടന്നുവരുന്നു. മുണ്ടു മടക്കികുത്തി ഒരു ചെറിയ ചട്ടമ്പി കളിച്ചാ വരവ്.

തങ്കച്ചന്‍: എടാ കുര്യന്‍ വരുന്നുണ്ട്. അവനോട് പെരകെട്ടിന്റെയും കപ്പേംപോത്തിന്റെയും കാര്യം പറയേണ്ട. അവന്‍ പോകുകേല. പിന്നെ അപ്പന്‍ വേറെ പോത്തിനെ മേടിക്കേണ്ടിവരും.

കുര്യന്‍ നടന്നടുത്തുവരുന്നു.

കുര്യന്‍: എന്നാടാ പള്ളിക്കൂടത്തിലോട്ടില്ലേ…

ജോസ്: ഞങ്ങള് വരുവാ…നീ പൊക്കോ…

കുര്യന്‍: (സംശയത്തോടെ) എന്നാ…ഏതാണ്ട് ചുറ്റിക്കളിക്കാണല്ലോ…വല്ല മാവേലെറിയാനും പരിപാടിയുണ്ടോ…ഞാന്‍ നിക്കണോ…

മൊട്ടവര്‍ക്കി: അതിനെവിടെയാ മാങ്ങായിരിക്കുന്നത്. കാലന്‍ പൈലിയുടെ മാവേലെറിയാന്‍ ചെന്നാല്‍ അയാള് വെട്ടിക്കൂട്ടി വാഴച്ചുവട്ടിലിടും…നീ വിട്ടോ…

കുര്യന്‍: ങാ…എന്നാ ഞാന്‍ പോകുവാ…ബെല്ലടിക്കാറായി…അങ്ങോട്ടുണ്ടേല്‍ വേഗം പോര്..

തങ്കച്ചന്‍: (ദുരൈക്ക് നോക്കി) ഹോ…ഒരു മാരണം പോയപ്പോ അടുത്തത് അതേണ്ട വരുന്നു..

ജോസ്: അത് തൊമ്മിക്കുഞ്ഞല്ലേ…അയ്യോ…അവനോട് മിണ്ടിയേക്കരുത്…സാറിനോട് പോയി പറഞ്ഞ് കൊടുക്കും.

തൊമ്മിക്കുഞ്ഞ് അടുത്തെത്തി.

തൊമ്മിക്കുഞ്ഞ്: നനിങ്ങള് വരുന്നില്ലേ…രാവിലെ കണക്കു പരീക്ഷയുണ്ട്…

ജോസ്: ങാ..ഞങ്ങള് കണക്ക് പഠിച്ചോണ്ടിരിക്കുവാ…ഇപ്പം വരും.

തൊമ്മിക്കുഞ്ഞ്: പി്‌ന്നെ കണക്ക് പഠിക്കുന്നവന്മാര്..

തങ്കച്ചന്‍: നീ പോടാ…ഇതെങ്ങാനും സാറിനോട് പോയി പറഞ്ഞാലുണ്ടല്ലോ(കോമ്പസ് എടുത്തുകാണിക്കുന്നു) കേറ്റിക്കളയും…വേഗം പോടാ..

ജോസ്: (തൊമ്മിക്കുഞ്ഞ് പോകുന്നത് നോക്കി നിന്ന്) അവന്‍ പേടിച്ചു പോയി.

തങ്കച്ചന്‍:(ആലോചിച്ച്) എന്നാ നമുക്ക് ഇവനെ ഒന്നു സഹായിക്കാന്‍ പോയാലോടാ…

ജോസ്: എന്നാത്തിന് പെരകെട്ടാനോ…

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) അല്ല..കപ്പേംപോത്തും തിന്നാന്‍…

ജോസ്: (പുസ്തകം എടുത്ത് തോളേല്‍വെച്ച്) ഉപ്പുമാവ് നാളേം കിട്ടും…കപ്പേംപോത്തും ഇന്നേകിട്ടൂ…വാ പോയേക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here