നൊസ്റ്റാള്‍ജിയ: എപ്പിസോഡ്-2

0
212

സീന്‍-1

പള്ളിക്കൂടത്തിലേക്കുള്ള വഴിയില്‍ അലക്ഷ്യമായി പുസ്തകവുമായി ഇരിക്കുന്ന ജോസും തങ്കച്ചനും. മൊട്ടവര്‍ക്കി തൊട്ടുമാറിയിരുന്ന് പെന്‍സില് കൂര്‍പ്പിക്കുന്നു.

ജോസ്: ഇനി രണ്ടുമാസം അവധി…ഇത്തവണ ഞാന്‍ കളിച്ചുതിമിര്‍ക്കും…

തങ്കച്ചന്‍: ഞാന്‍ വല്യപ്പന്റെ കൂടെ കുറ്റിറബര്‍വെട്ടാന്‍ പോകും…നീ അടുത്ത ക്ലാസിലോട്ട് ജയിക്കുമോടാ…

ജോസ്: ആര്‍ക്കറിയാം…പുസ്തകം തൂക്കിവിറ്റേക്കരുത്…ചിലപ്പോ അടുത്തവര്‍ഷവും വേണ്ടിവരും…

തങ്കച്ചന്‍: ജയിച്ചോ ഇല്ലയോ എന്നറിയാന്‍ നീ വരുമോ…

ജോസ്: ഓ..ഞാനെങ്ങും വരുകേലെ…ചുമ്മാ ജയിച്ചവന്മാരുടെ അഹങ്കാരം കാണാന്‍…വേറെ പണിയൊന്നുമില്ലേ…

തങ്കച്ചന്‍: നീ എന്നാടാ മൊട്ടേ ഇരുന്ന് പെന്‍സിലു വെട്ടുന്നത്…പരീക്ഷ കഴിഞ്ഞില്ലേ…ഇനിയെന്നാത്തിനാ..

മൊട്ട: (പെന്‍സില് കൂര്‍പ്പിച്ചുകൊണ്ട്) ഇതേ ആ തൊമ്മിക്കുഞ്ഞിനിട്ട് കൊടുക്കാനായിട്ടാ…അവന്‍ ഇന്നാള് എനിക്കിട്ടൊരു പണി തന്നതാ…പള്ളിക്കൂടം അടയ്ക്കുമ്പഴത്തേക്ക് വെച്ചിരുന്നതാ ഞാന്‍…

ജോസ്: ങാ…അപ്പുറത്തെ വളവുങ്കല്‍ ലോറന്‍സൊക്കെ കല്ലുമായിട്ടു നില്‍പുണ്ട്….

തങ്കച്ചന്‍: ങാ…ചാണ്ടിക്കിട്ട് കൊടുക്കുമെന്ന് അവന്‍ നേരത്തെ പറഞ്ഞിരുന്നതാ…

ജോസ്: എന്നാല്‍ വളവുങ്കലോട്ട് പോണോ ഇവിടെ നില്‍ക്കണോ…ഏതായിരിക്കും കാണാന്‍ രസം…

മൊട്ട: ഇവിടെ നിന്നോ…തൊമ്മിക്കുഞ്ഞിനെ ഞാനിന്ന് കുത്തിമലര്‍ത്തും…(പെന്‍സിലിന്റെ മുന പരിശോധിക്കുന്നു).

തങ്കച്ചന്‍: എന്നതാടാ നീയും അവനുമായിട്ട് പ്രശ്‌നം..

ജോസ്: ങാ…അതുശകലം പെണ്ണുകേസാ…

തങ്കച്ചന്‍: ങേ…പെണ്ണുകേസോ…എന്നതാ.

ജോസ്: ഇവന്റെ നിക്കര്‍ അലക്കിയപ്പോ അമ്മയ്ക്ക് പോക്കറ്റില്‍ നിന്നും ഒരു തുണ്ടുകടലാസ് കിട്ടി…അമ്മയോട് ഇവന്‍ പറഞ്ഞു…മലയാളം പദ്യം സാറെഴുതി തന്നതാന്ന്…തൊമ്മിക്കുഞ്ഞ് അത് അമ്മയെ വായിച്ചുകേള്‍പ്പിച്ചു…

തങ്കച്ചന്‍: അതിനിപ്പം മലയാളം പദ്യം വായിച്ചുകേള്‍പ്പിച്ചതിനെന്തിനാ പെന്‍സിലിനു കുത്തുന്നത്…

ജോസ്: പൊക്കോണം…മലയാളം പദ്യം…ഇവന്‍ ശോശാമ്മയ്‌ക്കെഴുതിയ പ്രേമലേഖനമായിരുന്നു..

തങ്കച്ചന്‍: (ചാടിയെണീറ്റ്) ങാഹാ…അതുക്കൂട്ട് പോക്രിത്തരം കാണിച്ചവനെ കുത്തിമലര്‍ത്തണം….വരിനെടാ…

മൂവരും ഗുണ്ടാ സ്‌റ്റൈലില്‍ മുന്നോട്ട്.

സീന്‍-2

വഴിയില്‍ പരുങ്ങി നില്‍ക്കുന്ന തൊമ്മിക്കുഞ്ഞ്. പരീക്ഷ കഴിഞ്ഞുള്ള നില്‍പാണ്. കുര്യന്‍ നടന്നു വരുന്നു. ഇച്ചിര ചട്ടമ്പിസ്റ്റൈലിലാണ് വരവ്.

കുര്യന്‍: (തൊമ്മിക്കുഞ്ഞ പരുങ്ങിനില്‍ക്കുന്നത് കണ്ടിട്ട്) എന്നാടാ ഇവിടെ നില്‍ക്കുന്നത്….വീട്ടിപോകുന്നില്ലേ…

തൊമ്മിക്കുഞ്ഞ്: (പരുങ്ങലോടെ). വീട്ടിലോട്ടുപോണം…പക്ഷേ അവിടെ മൊട്ടേം പാര്‍ട്ടീസും നില്‍്പുണ്ട്…

കുര്യന്‍: അവന്മാര് അവിടെ നില്‍ക്കുന്നതിന് നിനക്കെന്നാ…നീ നിന്റെ വീട്ടിലോട്ടല്ലേ പോകുന്നത്…

തൊമ്മിക്കുഞ്ഞ്; അവന്‍മാര് എന്നെ പിടിക്കാനായിട്ട് നില്‍ക്കുവാ…പള്ളിക്കൂടം അടയക്കുന്ന ദിവസം ഇടിക്കുമെന്ന് അവന്‍ നേരത്തെ പറഞ്ഞിരുന്നു.

കുര്യന്‍: നീ പേടിക്കാതിരിയെടാ…മൊട്ടെ ഞാന്‍ കൈകാര്യം ചെയ്‌തോളാം…എന്നോടു മുട്ടാനുള്ള ധൈര്യമൊന്നും മൊട്ടയ്ക്കില്ല…

തൊമ്മിക്കുഞ്ഞ്: (സന്തോഷത്തോടെ) കുര്യാപ്പി പറഞ്ഞാല്‍ പിന്നെ എനിക്കു ധൈര്യമാ…

കുര്യന്‍:( ചട്ടമ്പി സ്റ്റൈലില്‍ നടന്നുകൊണ്ട്) നീ..വാ…നിന്റെ കൈയില്‍ കോമ്പസുണ്ടോ…

തൊമ്മിക്കുഞ്ഞ്: കോമ്പസുണ്ട്…മുനയില്ല…ബിന്തോങിനി ഉണ്ട്…

കുര്യന്‍: എടുത്തുവെച്ചോ ചിലപ്പോ വേണ്ടിവരും…

മൊട്ടയും കൂട്ടരും ദൂരെ. അവര് കണ്ട് തൊമ്മിക്കുഞ്ഞ് കുര്യന്റെ പിന്നിലേക്ക്.

തൊമ്മിക്കുഞ്ഞ്: കുര്യാപ്പി എന്നെ കൈവിടരുത്…

കുര്യന്‍: (നെഞ്ചിവിരിച്ച്) എന്നാടാ മൊട്ടേ വീട്ടില്‍ പോകാറായില്ലേ…

മൊട്ട: (കുര്യനെ മൈന്‍ഡ് ചെയ്യാതെ) എടാ തൊമ്മി..നിന്നെ ഞാന്‍ വിടില്ലെടാ….(മുന്നോട്ടുവരുന്നു)

കുര്യന്‍: (ഇടയ്ക്ക് കയറിക്കൊണ്ട്) അവനെ നീ തൊടുകേല..

തങ്കച്ചന്‍: (അടി മൂപ്പിക്കാനായി) എടാ കുര്യാ…നീ ഇതിനകത്ത് ഇടപെടരുത്..ഇതവര് തമ്മിലുള്ള പ്രശ്‌നമാ ..അവര് തീര്‍ത്തോളും..

ജോസ്: എടാ മൊട്ടെ..നീ നോക്കിനില്‍ക്കാതെ അവനെ വലിച്ചിങ്ങിടെടാ..

മൊട്ട: കുര്യാ…നീ ഇടയക്കു നിന്നാല്‍ നീയും കുത്തു മേടിക്കും…

കുര്യന്‍: അതിന് നിന്റെ കീച്ചിപ്പാപ്പന്‍ വരണം….

തങ്കച്ചന്‍: എടാ കുര്യാ മറിനില്‍ക്കെടാ…(പിടിച്ചു മാറ്റുന്നു)

പിടിവലിക്കിടയില്‍ കുര്യന്‍ മൊട്ടയ്ക്ക് പുറംതിരിഞ്ഞ് വരുന്നു.

മൊട്ട: (കുര്യന്റെ കുണ്ടിക്കിട്ട് പെന്‍സിലിന് കുത്തുന്നു) നീ എന്റെയടുത്താണോ കളിക്കുവരുന്നത്. നിന്റെ കുണ്ടിക്കിരിക്കട്ടെ.

കുര്യന്‍ നിലവിളിക്കുന്നു.

കുര്യന്റെ കുണ്ടിക്കിട്ട് മൊട്ട പെന്‍സിലിന് കുത്തിയേ…എന്നു കൂവിക്കൊണ്ട് എല്ലാവരുംഓടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here