പുസ്തകവുമായി നടന്നുവരുന്ന കുര്യാപ്പിയും തൊമ്മിക്കുഞ്ഞും. കുര്യാപ്പി കേഡി കളിച്ചാണ് നടക്കുന്നത്. കുര്യാപ്പിയുടെ പിന്നാലെ വിനീതവിധേയനായി തൊമ്മിക്കുഞ്ഞ്. കുര്യാപ്പിയുടെ സംരക്ഷണത്തില്‍ നടക്കുന്നതിന്റെ വിധേയത്വം തൊമ്മിക്കുഞ്ഞിനുണ്ട്.
തൊമ്മിക്കുഞ്ഞ്: കണക്കു ചെയ്തായിരുന്നോ കുര്യാപ്പി..
കുര്യന്‍: ഓ ഞാനെങ്ങും ചെയ്തില്ല വേറെ പണിയൊന്നുമില്ലേ..
തൊമ്മിക്കുഞ്ഞ്: ഞാന്‍ ചെയ്തിട്ടുണ്ട്…കാണിച്ചുതരാം…അല്ലേല്‍ സാറിന്റെ കൈയീന്ന് അടി മേടിക്കും.
കുര്യന്‍: ഓ..അതിനി എഴുതി മെനക്കെടുന്നതിനേക്കാള്‍ അയാളുടേ കൈയീന്ന് രണ്ട് അടിമേടിക്കുന്നത്. കാര്യം തീരുമല്ലോ…അരിമ്പാറേല്‍ കൊള്ളാതിരുന്നാല് മതി.
തൊമ്മിക്കുഞ്ഞ്: (കൈവിരല് നോക്കികൊണ്ട്) ങാഹാ…അരിമ്പാറയുണ്ടോ…ഇനി അതുപടരും..
കുര്യന്‍: ഞാനത് മുറിച്ചു കളയാന്‍ നോക്കി..അന്നേരം രണ്ടെണ്ണം കൂടി ഇപ്പുറത്തുണ്ടായി…
തൊമ്മിക്കുഞ്ഞ്: (അറിവു പകരുന്ന ഗൗരവത്തില്‍) ആ…ചോരപറ്റിയാല്‍ അവിടെ വീണ്ടും ഉണ്ടാകും…
കുര്യന്‍: ഇനി ഇതെങ്ങനെ കളയുമെടാ….ഇന്നാള് ഞണ്ടുവര്‍ക്കിയുടെ അരിമ്പാറയക്കിട്ടാ കൊണ്ടത്…കാറിപ്പോയി…
തൊമ്മിക്കുഞ്ഞ്: കളയാന്‍ ഒരു വഴിയുണ്ട്….നാളെ വരുമ്പം പുളികൊണ്ടുവരാമെങ്കില്‍ പറഞ്ഞുതരാം…
കുര്യന്‍: പുളിയൊക്കെ കൊണ്ടുതരാം…നീ കാര്യം പറ…
തൊമ്മിക്കുഞ്ഞ്: അരിമ്പാറ മുറിച്ചെടുത്ത് രണ്ട് തലമുടികൊണ്ട് കെട്ടി കടലാസില്‍ പൊതിഞ്ഞ് വഴിയിലിടണം…
കുര്യന്‍: ങേ…നീയല്ലേ മുമ്പേ പറഞ്ഞത് ചോരവരുന്നിടത്ത് കൂടതല്‍ ഉണ്ടാകുമെന്ന്..
തൊമ്മിക്കുഞ്ഞ്: ഇതൊരു കൂടോത്രമാ…ഈ കടലാസുപൊതി തുറന്നു നോക്കുന്നവന് അരിമ്പാറ പിടിക്കും….കുര്യന്റെ അരിമ്പാറ പൊഴിഞ്ഞുപോകുകയും ചെയ്യും….
കുര്യന്‍: അതുകൊള്ളാമല്ലോ…നമ്മളടേത് പോകുകയും ചെയ്യും…വേറേ ഒരുത്തനിട്ട് പണി കിട്ടുകയും ചെയ്യും.
തൊമ്മിക്കുഞ്ഞ്: എങ്കിലേ നമുക്ക് തൊമ്മനും ചാണ്ടിയും വരുന്ന വഴിയില്‍ വെയ്ക്ക്ാം…അവന്‍മാര്‍ക്കിട്ട് നേരിട്ട് മുട്ടാന്‍ പറ്റില്ല…ഇങ്ങനെയൊരു പണി ഇരിക്കട്ടെ….
കുര്യന്‍: എങ്കില്‍ എങ്ങനെയാ അതിന്റെ പണി…നീ ശരിയാക്ക്….
രണ്ടുപേരും കൂടി അരിമ്പാറയും മുടിയും കൂടി കടലാസില്‍ പൊതിഞ്ഞുവെയ്ക്കുന്നു…
തൊമ്മിക്കുഞ്ഞ്: അവന്മാര് വരാറായിട്ടുണ്ട്…നമുക്ക് ആ കയ്യാലയ്ക്കു പുറകിലിരിക്കാം…അവന്മാരെടുക്കുമ്പം വേണം എനിക്കൊന്നു കൂവാന്‍…
രണ്ടുപേരും കൂടി കയ്യാലയ്ക്കു പിന്നിലേക്ക്
സീന്‍ 2
വഴിയിലൂടെ നടന്നുവരുന്ന തൊമ്മനും ചാണ്ടിയും. വര്‍ത്തമാനമൊക്കെ പറഞ്ഞ് രസിച്ചാണ് വരവ്.
തൊമ്മന്‍: ഇന്നെന്നായിരുന്നെടാ രാവിലെ നിന്റെ വീട്ടില്‍ കഴിക്കാന്‍….
ചാണ്ടി: ഇന്ന് പലഹാരമായിരുന്നെടാ…
തൊമ്മന്‍: പിന്നെ…പലഹാരം….ഒന്നു പോടാ….
ചാണ്ടി: സത്യം….വല്യഅളിയന്‍ വന്നിട്ടുണ്ട്…അതുകൊണ്ടുണ്ടാക്കിയതാ…
തൊമ്മന്‍: (കൊതിയോടെ) എന്നതാടാ ഉണ്ടാക്കിയത്….അപ്പമാണോ…
ചാണ്ടി: ഊഉം…ദോശ…ഇന്നലെ രാത്രി കോഴിയെയും കൊന്നു…
തൊമ്മന്‍: (സംശയത്തോടെ) നേരാണോടാ..നിന്റെ കൈയ്യൊന്നും കാട്ടിയേ…ഞാനൊന്നു മണത്തു നോക്കട്ടെ.
ചാണ്ടി കൈ നീട്ടുന്നു.
തൊമ്മന്‍: (കൈ മണത്ത് നിര്‍വൃതിയോടെ) ഹാ…നല്ല ദോശയുടെ മണം…കോഴിക്കറിയുടെ മണവും കയറിവരുന്നുണ്ട്….നീ ഇന്നലെ കൈ കഴുകിയില്ലെ…
ചാണ്ടി: ഇന്നലത്തെ മിച്ചം ഇന്ന് ഉച്ചയ്ക്ക് അളിയന് കൊടുക്കാന്‍ വെച്ചിരുന്നതില്‍ നിന്ന് ഞാന്‍ ഒരു കഷണം ഇപ്പം പോരാന്‍ നേരം തട്ടി.
തൊമ്മന്‍: (നിരാശയോടെ) എന്റെ അളിയന്‍ ഇനി എന്നാണോ വരുന്നത്….നിനക്ക് രണ്ട് ദോശയും ഒരു കഷണം കോഴിയുംകൂടി എടുത്തോണ്ടവരാന്‍മേലായിരുന്നോടാ…
ചാണ്ടി: അതിന്റെ ചുവട്ടീന്ന് അതുങ്ങള് ഒന്നുമാറീട്ട് വേണ്ടേ എടുക്കാന്‍….നിനക്കെന്നായിരുന്നെടാ രാവിലെ….
തൊമ്മന്‍: (ഗമയ്ക്ക്) കപ്പേംപോത്തും…
ചാണ്ടി: കൈയൊന്നു കാണിച്ചേ നോക്കട്ടെ…(തൊമ്മന്റെ കൈ മണത്തു നോക്കുന്നു) പിന്നെ…പഴേങ്കഞ്ഞിയുടെയും ചുട്ടമീന്റെയും മണം…
തൊമ്മന്‍: (പിടിച്ചു നില്‍ക്കാനായി) കപ്പേം പോത്തും ഇന്നലെ വൈകീട്ടത്തെ ബാക്കിയായിരുന്നു. വയറുനിറയാഞ്ഞതുകൊണ്ട് ഞാനിച്ചിരി പഴേങ്കഞ്ഞികൂടി കുടിച്ചു…
ചാണ്ടി നടക്കുന്നതിനിടയില്‍ താഴയെന്തോ കിടക്കുന്നതു കണ്ട്. കുനി്ഞ്ഞുനോക്കുന്നു.
ചാണ്ടി: ഇതെന്നാടാ…ഒരു പൊതിക്കെട്ട്..
തൊമ്മന്‍: (ചാണ്ടി എടുക്കുന്നതിനു മുന്നേ ചാടി എടുക്കുന്നു) കാശുവല്ലതുമാണോ…ആരുടെയേലും താഴേപ്പോയതായിരിക്കും…
ചാണ്ടി: ഞാനാ ആദ്യം കണ്ടത്…
തൊമ്മന്‍: ഞാനല്ലേ എടുത്തത്….(പൊതിയഴിച്ചുകൊണ്ട്) നോക്കട്ടെ..കാശാണേല്‍ കോലൈസ് മേടിക്കാം….
ചാണ്ടി: കിട്ടുന്നേല്‍ പാതി…(അഴിക്കുന്നതു നോക്കി നില്‍ക്കുന്നു)
തൊമ്മന്‍: (അഴിച്ചു നിവര്‍ത്തി പിടിച്ച്) അയ്യേ…ഇതെന്നതാ….
അരിമ്പാറയും മുടിയും കണ്ട് ചാണ്ടി.
ചാണ്ടി: തൊമ്മാ…നിനക്കിട്ടു പണി കിട്ടിയെടാ…അരിമ്പാറ മുറിച്ചുവെച്ചതാ….നിന്റെ മേത്തെല്ലാം ഇനി അരിമ്പാറ വരും…
തൊമ്മന്‍: (അരിശവും സങ്കടവും. പൊതി ചാണ്ടിക്കു നീട്ടിക്കൊണ്ട്) നിനക്ക് പാതി വേണമെന്നല്ലേ പറഞ്ഞത്…ഇന്നാ…
ചാണ്ടി: പോടാ….നീയല്ലേ ചാടിയെടുത്തത്….മുഴുവനായിട്ട് എടുത്തോ….എന്നാലും ഇതാരാ നിനക്കിട്ടീ പണി തന്നത്….
പറഞ്ഞു തീര്‍ന്നതും..ഇടവഴിയില്‍ നിന്നും കുര്യനും തൊമ്മിക്കുഞ്ഞും ചാടിയോടുന്നു..
ഇരുവരും: തൊമ്മന് അരിമ്പാറ കിട്ടിയേ….(തിരിഞ്ഞുനിന്ന്) അരിമ്പാറ തൊമ്മാ..പൂയ്….
ചാണ്ടി: ഇതവന്മാരുടെ പണിയാടാ….എറിഞ്ഞുവീഴ്‌ത്തെടാ…അവന്മാരെ….
തൊമ്മനും ചാണ്ടിയും കല്ലുപെറുക്കി എറിയുന്നു. ഇരുവരും ഓടി രക്ഷപ്പെടുന്നു. അരിശത്തോടെ മടങ്ങുന്ന തൊമ്മനും ചാണ്ടിയും.
ചാണ്ടി: അവന്മാര്‍ക്കിട്ട് പണി കൊടുക്കണം….വൈകുന്നേരം വരുമ്പഴാട്ടെ…
ഇരുവരും പുസ്തകം എടുത്ത് സ്‌കൂളിലേക്ക്
തൊമ്മന്‍: (അസ്വസ്ഥതയോടെ)ഇനി മേത്തെല്ലാം അരിമ്പാറവരുമോടാ…
ചാണ്ടി: (എല്ലാം അറിയാവുന്നവനെപ്പോലെ) അതിന് ഒരു മറുപണിയുണ്ട്….കുരുമുളകുകൊണ്ടൊരു പരിപാടിയാ…ഞാന്‍ പറഞ്ഞുതരാം…ബെല്ലടിക്കാറായി….നേരത്തെ ചെന്നില്ലേല്‍ ഉപ്പുമാവിന്റെ കണക്കെടുക്കുമ്പം നമ്മളെ കൂട്ടില്ല.
ഇരുവരും സ്‌കൂളിലേക്ക്.
സീന്‍-3
തൊമ്മനും ചാണ്ടിയും സ്‌കൂള്‍ വിട്ടു ഓടിവരുന്നു.
തൊമ്മന്‍: എടാ…ചാണ്ടീ വേഗം വാടാ… അവന്മാരിപ്പംവരും അതിനുമുമ്പ് ഒപ്പിക്കണം.
ചാണ്ടി: അധികം പോകേണ്ട…ഇവിടെയെങ്ങാനും തട്ടാം….
തൊമ്മന്‍: നീ കമ്പും ചിരട്ടയുമെടുക്ക് വേഗം വേണം.
രണ്ടുപേരും പുസ്തകം താഴെവെച്ച് വഴിയില്‍ കുഴിക്കാനുള്ള ശ്രമമാണ്. ഒരു ചെറിയ കുഴി കുഴിക്കുന്നു.
തൊമ്മന്‍: (കുഴിക്കുന്നതിനിടയില്‍) എടാ നാക്കെടാ അവന്മാര് വരുന്നുണ്ടോന്ന്…
ചാണ്ടി: ഇല്ല നീ കുഴിച്ചോ…ഞാന്‍ രണ്ടു മൂന്ന് മുള്ളുംകൂടി എടുത്തോണ്ടു വരാം.
ചാണ്ടി പോയി കുറച്ച് കാരമുള്ളുമായി വരുന്നു.
തൊമ്മന്‍: നീ അതിങ്ങോട്ടിട്ടേച്ച് കുറച്ച് കമ്പെടുത്തോണ്ടു വാ…രാവിലത്തെ അരിമ്പാറയും കൂടി ഇട്ടേക്കാം. അവന്റെ കാലേല്‍ പിടിക്കട്ടെ.
ചാണ്ടി കുറച്ചു കമ്പുമായി വരുന്നു. കുഴിയുടെ മുകളില്‍ കമ്പ് നിരത്തി കുറച്ച് മണ്ണ് ഇടുന്നു. അതിന്റെ മുകളില്‍ കരിയില ഇടുന്നു.
ചാണ്ടി: ചിരട്ടയൊക്കെ മാറ്റ്… അല്ലേല്‍ സംശയം തോന്നും.
തൊമ്മന്‍ ചിരട്ടയും കമ്പുമെല്ലാം മാറ്റുന്നു.
തൊമ്മന്‍: ഇപ്പം സംശയം തോന്നുകേലല്ലോ…
ചാണ്ടി: (ധൃതിയില്‍) മതി…മതി…വാ…നമുക്കവിടെ പാത്തിരിക്കാം…അവന്മാര് ഇപ്പം വരും….
തൊമ്മന്‍: (പുസ്തകമെടുത്തുകൊണ്ട്) നീ കുവാന്‍ റെഡിയായിക്കോ. നമ്മടെയടുത്താ അവന്മാരുടെ കളി…
രണ്ടുപേരും കയ്യാലയുടെ പുറകില്‍ മറഞ്ഞിരിക്കുന്നു.
ദൂരെ നിന്നും വര്‍ത്തമാനം പറഞ്ഞുവരുന്ന കുര്യനും തൊമ്മിക്കുഞ്ഞും.
കുര്യന്‍: തൊമ്മനും ചാണ്ടിയും ഇന്നു ചമ്മിപ്പോയല്ലേടാ…പള്ളിക്കൂടത്തില്‍ വന്നിട്ട് അവന്മാര് നേരേനോക്കിയില്ല…ഇങ്ങനെയൊരു പണികിട്ടുമെന്ന് അവന്മാര് ഒട്ടും ഓര്‍ത്തില്ല.
തൊമ്മിക്കുഞ്ഞ്: കുര്യാപ്പി സൂക്ഷിക്കണം…അവന്മാര് പള്ളിക്കൂടത്തിലിരുന്ന് ഭയങ്കര കുശുകുശുപ്പായിരുന്നു…തിരിച്ചു പണിയാനുള്ള പരിപാടിയായിരിക്കും.
കുര്യാന്‍:(ഗമയില്‍) എടാ…അവന്മാര്‍ക്കൊന്നും എന്നോടു മുട്ടാനുള്ള ധൈര്യമില്ല.(പറഞ്ഞുതീര്‍ന്നതും കുഴിയില്‍ വീണു.)
യ്യോ…(വേദനയില്‍ പുളഞ്ഞ് നിലത്തിരിക്കുന്നു)
തൊമ്മിക്കുഞ്ഞ്: (പിടിച്ചുകൊണ്ട്) കുര്യാപ്പി…പണികിട്ടി…ഇതവന്മാര് ചതിക്കുഴി പണിഞ്ഞതാ…
തൊമ്മനും ചാണ്ടിയും കൂവിക്കൊണ്ട് ചാടിയോടുന്നു.
ഇരുവരും: കുര്യാപ്പി വാരിക്കുഴിയില്‍ വീണേ….
കുര്യനും തൊമ്മിക്കുഞ്ഞും: ഓടിനെടാ…നിങ്ങളെ എടുത്തോളാമെടാ…
തൊമ്മനും ചാണ്ടിയും തിരിഞ്ഞു നിന്നു കൂവുന്നു.
കുര്യനും തൊമ്മിക്കുഞ്ഞും കല്ലുപെറുക്കിയെറിയുന്നു.