ന്യൂജെന്‍ വിരോധികളായ ഓള്‍ഡ് ഗൈസിനു വേണ്ടി

0
93

നേരംപോക്ക്
എപ്പിസോഡ്-1

ചാരുബെഞ്ചില്‍ ഇരിക്കുന്ന രണ്ടുപേര്‍. അറുപതു വയസുകഴിഞ്ഞവര്‍- ജോസും തങ്കച്ചനും. വലിയ അല്ലലും അലട്ടലും ഒന്നുമില്ല. വെറുതെ പത്രവായന, അഭിപ്രായം പറച്ചില്‍, ചര്‍ച്ച…കൂടാതെ ഇത്തിരി പരദൂഷണം. ഇങ്ങനെ സമയം കളയുന്നവര്‍.

തങ്കച്ചന്‍ പത്രം വായനയിലാണ്. ജോസ് തൊട്ടടുത്തിരുന്ന് അലക്ഷ്യമായി കാല്‍നഖം കിള്ളിക്കൊണ്ടിരിക്കുന്നു. വായിക്കുന്ന പത്രം മടക്കി വെച്ചുകൊണ്ട്

തങ്കച്ചന്‍: എടാ ജോസേ…നീ ഇന്നത്തെ പത്രം കണ്ടായിരുന്നോ..

ജോസ്: പിന്നെ പത്രം വായനയല്ലാതെ പിന്നെന്നതാ പണി. അത് രാവിലെ കിട്ടുമ്പോതന്നെ വായിച്ചുതീര്‍ക്കും.

തങ്കച്ചന്‍: അതിന് വായിക്കാനെന്നാ അതിനകത്ത് ഇരിക്കുന്നേ…രാത്രി കിടക്കുന്നേനു മുന്നേ തന്നെ വാര്‍ത്തയെല്ലാം അറിയും. പിന്നെ…അതുതന്നെ ഒന്നൂടെ രാവിലെ വായിക്കാനെന്നാ വട്ടുണ്ടോ. ഞാന്‍ ഒന്ന് ഓടിച്ചുവായിക്കും..അത്രതന്നെ.

ജോസ്: അതുശരിയാ…രാവിലെ പത്രം വായിച്ചിട്ട് ഒരു കാര്യം വീട്ടില്‍ പിള്ളേരോടു പോലും പറയത്തില്ല…അതു ഞങ്ങള്‍ ഇന്നലെയേ അറിഞ്ഞതാന്ന് അവര്‍ പറയും. അപ്ഡേറ്റല്ല അല്ലേ എന്ന് ആക്കിയൊരു ചോദ്യോം കൂടെയുണ്ട്.

തങ്കച്ചന്‍: അപ്‌ഡേറ്റോ? ….അതെന്നാ സാധനമാടാ ഉവ്വേ…

ജോസ്: ഓ..അതീ നമ്മള്‍ എപ്പഴും വാര്‍ത്തയും എല്ലാം അറിഞ്ഞോണ്ടിരിക്കണം അതിനു പറയുന്ന ഇംഗ്ലീഷ് വാക്കാ… എപ്പഴും മൊബൈലേല്‍ തോണ്ടിക്കൊണ്ടിരിക്കണം…എന്നാലേ അപ്ഡേറ്റാകാന്‍ പറ്റൂ…

തങ്കച്ചന്‍: ങാ…പിടിച്ചു നിക്കണേ ഇനിയിപ്പം കുറച്ച് ഇംഗ്ലീഷ് കൂടി പഠിക്കണം. പിള്ളേര് പറയുന്നതില്‍ പകുതിയും ഇംഗ്ലീഷ് വാക്കുകളാ…കടേല്‍ ചെന്ന് സാധനം മേടിക്കണമെങ്കിലും ഇംഗ്ലീഷ് അറിയത്തില്ലേ പറ്റില്ല.

ജോസ്: അത് നേരാ…നമുക്ക് ആകപ്പാടെ അറിയാവുന്ന ഇംഗ്ലീഷ് ബിവറേജില്‍ ചെല്ലുമ്പം പറയുന്ന ഫുള്‍, ഹാഫ്, പൈന്‍ഡ്, ക്വാര്‍ട്ടര്‍ എന്നൊക്കെയാ…പിന്നെ കുറേ സായപ്പന്മാരുടെ പേരുള്ള കുപ്പികളും..

തങ്കച്ചന്‍: നീ പറഞ്ഞത് ശരിയാ…പണ്ട് ചാരായക്കടയായിരുന്നപ്പോള്‍ എല്ലാം മലയാളത്തില്‍ പറഞ്ഞാല്‍ മതിയായിരുന്നു. കാല്, മൂലവെട്ടി എന്നൊക്കെ പറയാനെളുപ്പമായിരുന്നു.

ജോസ്: ഇനി കാനഡേന്നും യൂക്കേന്നും കൊച്ചുമക്കള് വരുമ്പം അവരോട് വല്ലതും മിണ്ടണമെന്നുണ്ടെങ്കില്‍ ഉള്ളവേഗം ഇംഗ്ലീഷ് പഠിച്ചോണം. അല്ലേല്‍ അവന്മാര് അവിടുത്തെ വല്ല തെറിയും വിളിച്ചാലും നമ്മള്‍ ചുമ്മാ ഇളിച്ചോണ്ടിരിക്കേണ്ടിവരും.

തങ്കച്ചന്‍: എടാ..ജോസേ.. നിനക്കീ വാട്ട്‌സാപ്പിലെ പണിയൊക്കെ അറിയാമോ…

ജോസ്: എന്റെ പൊന്നേ…എനിക്ക് അതിനെക്കുറിച്ചൊരു പിടിപാടുമില്ല. ഞാന്‍ വിളിക്കാനായിട്ടൊക്കെ പഴയ ചെറിയ ഫോണാ ഉപയോഗിക്കുന്നേ…

തങ്കച്ചന്‍: അങ്ങനെ വിട്ടാപ്പറ്റില്ലല്ലോടാ…നമുക്കും ഇതൊക്കെയൊന്നു പഠിക്കേണ്ടേ…ഒന്നാം ക്ലാസില്‍ പഠിക്കുന്നതുങ്ങളു വരെ പുകുപുകാന്നാ ഫോണ്‍ കൈകാര്യം ചെയ്യുന്നേ.

ജോസ്: എന്നാപ്പിന്നെ പിള്ളേരോട് ചോദിച്ച് പഠിക്കണം…

തങ്കച്ചന്‍: ആ ഫസ്റ്റ്…അവരുടെ കൈയീന്ന് ഫോണൊന്ന് കിട്ടീട്ടു വേണ്ടേ പഠിക്കാന്‍…ഇളയവന്‍ യൂകേന്ന് വന്നപ്പോള്‍ പുതിയ മുറം പോലത്തെ ഫോണ്‍ കൊണ്ടുവന്നു…എന്നതാ അതിന് പറയുന്ന പേര്….

ജോസ്: സ്മാര്‍ട് ഫോണ്‍….

തങ്കച്ചന്‍: ങാ…അതുതന്നെ…അങ്ങോട്ടുമിങ്ങോട്ടും കണ്ടോണ്ടുവിളിക്കാമെന്നു പറഞ്ഞു തന്നതാ.

ജോസ്: ങാ..അപ്പോ ഫോണൊണ്ടല്ലോ…പിന്നെയെന്നാ…

തങ്കച്ചന്‍: എടാ ഉവ്വേ …അതിന്റെ കഥയല്ലെ പറഞ്ഞുവരുന്നത്… ഇതേലിങ്ങനെ തോണ്ടണമല്ലോ…മറ്റേതുപോലെ ഞെക്കുവല്ലല്ലോ…ഇങ്ങനെ ഓരോ പടംവരുന്നു…ഞാനിങ്ങനെ തോണ്ടിവിടുന്നു…ഇടയ്ക്കിടെ ഇച്ചിരിച്ചെ തുണിയുള്ള പെണ്ണുങ്ങളുടെ പടം വന്നു. കുറച്ചു നേരം കണ്ടുരസിച്ചും തോണ്ടിയും ഉറക്കം വന്നു…അറിയാതൊന്നു മയങ്ങി. മൂത്തവന്റെ ഭാര്യയുടെ ഇരപ്പിക്കലുകേട്ടാ കണ്ണു തുറന്നത്.

ജോസ്: അല്ലേലും അവളിത്തിരി മുറ്റാ…

തങ്കച്ചന്‍: എടാ ..ഉവ്വേ..അതല്ല പ്രശ്‌നം..ഇളയവള് അവിടെനിന്ന് ഫോണ്‍ വിളിച്ചതാ. തോണ്ടിയ കൂട്ടത്തില്‍ ഒരു പെണ്ണുംപിള്ള തുണിയില്ലാതെ നില്‍ക്കുന്ന പടം ഇളയവന്റെ ഭാര്യയുടെ കൂട്ടുകാരത്തിക്ക് പോയെന്ന്….എനിക്കൊരു മനസറിവുമില്ലാത്ത കാര്യമാ…അതില്‍പ്പിന്നെ ആരെങ്കിലും ഫോണ്‍ വിളിക്കുമ്പം കൊണ്ടുവന്നു തരും…ഫോണേല്‍ അവര് കൈകൊണ്ട് തൊടീക്കില്ല.

ജോസ്: അതുശരി…വേണ്ടാത്ത പടങ്ങള്‍ കണ്ട് രസിച്ചിട്ട്…അവരെ കുറ്റം പറയുന്നോ.

തങ്കച്ചന്‍: എടാ..ഉവ്വേ..ഞാന്‍ എന്റെ ഫോണേല്‍ തോണ്ടിയതെങ്ങനെയാ അവളുടെ കൂട്ടുകാരിക്ക് പോയതെന്നാ എനിക്കറിയത്തില്ലാത്തത്…

ജോസ്: അത് തങ്കച്ചാ ഇങ്ങനത്തെ ഫോണിനകത്ത് ഒത്തിരി പരിപാടികളുണ്ട്…ഷെയറ്, ലൈക്ക്, ഫോര്‍വേര്‍ഡ്…ഇങ്ങനെ പലതുണ്ട്.

തങ്കച്ചന്‍: നീ ഇതൊക്കെയെങ്ങനെ പഠിച്ചെടാ…

ജോസ്: അതിനാണ് ബുദ്ധിപരമായി നീങ്ങണമെന്ന് പറയുന്നത്. ഞാന്‍ മകന്റെ മൂത്തവളുടെ അടുത്തിരുന്ന് അവളെക്കൊണ്ട് ഓപ്പറേറ്റ് ചെയ്യിക്കും. ഞാന്‍ കൈകൊണ്ട് തൊടില്ല…

തങ്കച്ചന്‍: എന്നാലും പിള്ളേര്‌സെറ്റിനെ സമ്മതിക്കണം. എന്നാ സ്പീഡിലാ അവന്മാര് ഫോണിട്ടു കളിക്കുന്നത്…

ജോസ്: അതിലസൂയപ്പെട്ടിട്ടു കാര്യമില്ല…നമ്മളി കണ്ണും പിടിക്കാതെ തപ്പിക്കുത്തി സമയം കളയാമെന്നല്ലാതെ പ്രത്യേകിച്ചു കാര്യമൊന്നുമില്ല.

തങ്കച്ചന്‍: അങ്ങനെവിട്ടാ പറ്റുകേലെടാ ജോസെ.. നമുക്കും ഇതൊന്നു പഠിക്കണം…

ജോസ്: ഞാന്‍ പറയുന്നത് ആവശ്യമില്ലാത്ത പണിക്കു പോയി സമയംകളയേണ്ടെന്നാ…അതുഞാന്‍ ചെയ്യുന്നപോലെ പിള്ളേരുടെ കൂടെ കൂടിയാല്‍ മതി…

തങ്കച്ചന്‍: അതുശരിയാകത്തില്ലെടാ ഉവ്വേ…നമ്മളങ്ങനെ ആരെയും ആശ്രയിക്കേണ്ട കാര്യമില്ല… നമ്മള് തന്നെ പഠിക്കണം.

ജോസ്: തങ്കച്ചാ…ഞാന്‍ ചോദിക്കട്ടെ…നമ്മടെ അപ്പനമ്മമാര്‍ക്ക് എഴുതാനും വായിക്കാനും അറിയാമായിരുന്നോ…

തങ്കച്ചന്‍: എന്റെ അപ്പന് കുരിശുവരച്ച് വട്ടം വരച്ച് ഒപ്പിടാന്‍ മാത്രമേ അറിയത്തൊള്ളായിരുന്നു…

ജോസ്: നമ്മള് പള്ളിക്കൂടത്തില്‍ പോയി എഴുത്തും വായനയും പഠിച്ചു കഴിഞ്ഞപ്പോ അവരെന്നതാ ചെയ്തത്…നമ്മളെക്കൊണ്ട് കണക്കെഴുതിക്കാനും പത്രം വായിപ്പിക്കാനുമല്ലെ തുടങ്ങിയത്.

തങ്കച്ചന്‍: അപ്പന്‍ കണക്കു മുഴുവന്‍ എന്നെക്കൊണ്ടായിരുന്നു എഴുതിക്കുന്നത്. റബര്‍വെട്ടു കണക്കും , അടയ്ക്കായും ജാതിക്കായും വില്‍ക്കുന്നതിന്റെയും റബര്‍ഷീറ്റും ഒട്ടുപാലും വില്‍ക്കുന്നതിന്റെയും എല്ലാം…അങ്ങനെയെല്ലെ അന്ന് ഞാന്‍ ചെലവുകാശിന് അടിവലി നടത്തിക്കൊണ്ടിരുന്നത്.

ജോസ്: ഞാന്‍ പള്ളിക്കൂടം വിട്ടുവന്നാല്‍ കാപ്പികുടി കഴിഞ്ഞാലുടനെ അപ്പന്‍ വിളിക്കും…എന്തിനാ പത്രം വായിപ്പിക്കാന്‍….

തങ്കച്ചന്‍: നമ്മള്‍ പത്രംവായിക്കുന്ന നേരമാകുമ്പോഴേക്കും അപ്പുറത്തെയും ഇപ്പുറത്തെയും ആള്‍ക്കാരായിട്ട് നാലഞ്ചുപേരെങ്കിലും കാണും തിണ്ണേല്…

ജോസ്: ഞാന്‍ പത്രം ഉറക്കെ വായിക്കുമ്പോള്‍ ചാരുകസേരേലങ്ങനെ അഭിമാനത്തോടെ കണ്ണുമടച്ച് കിടക്കുന്ന അപ്പന്റെ രൂപം എന്റെ മനസിലങ്ങനെ ഇപ്പഴും നിറഞ്ഞു നില്‍ക്കുകാ…

തങ്കച്ചന്‍: അതുനേരാ…സ്‌കൂളിപോയി എഴുത്തുംവായനയും പഠിച്ചുകഴിഞ്ഞപ്പോള്‍ അപ്പനെന്നാ അഭിമാനമായിരുന്നു…വരുന്നോരോടും പോകുന്നോരോടുമെല്ലാം പറയും…അടുത്തവീട്ടിലെ ചേടത്തിമാരൊക്കെ പോസ്റ്റ്മാന്‍ കത്തുംകൊണ്ട് വരുമ്പോഴേ എന്റെ അടുത്തോട്ട് ഓടിവരും വായിച്ചു കൊടുക്കാന്‍…

ജോസ്: അതാ ഞാന്‍ പറഞ്ഞത്…നമ്മടെ അപ്പനും കാര്‍ന്നോന്മാരും നമ്മളോടുചെയ്തതുപോലെ നമ്മള് മക്കളോടും ചെയ്താല്‍ മതി…

തങ്കച്ചന്‍: ആലോചിച്ചാല്‍ നീ പറഞ്ഞതിലും കാര്യമുണ്ട്….

ജോസ്: നമ്മടെ കാര്‍ന്നോന്മാര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു…നമുക്ക് അറിയാമായിരുന്നു…അവര് മടിയൊന്നുമില്ലാതെ നമ്മളെ ആശ്രയിച്ചു….നമ്മക്ക് മൊബൈലും ഇംഗ്ലീഷും അറിയില്ല…നമ്മള് നമ്മുടെ മക്കളെ ആശ്രയിക്കുന്നു…ഇനി അടുത്ത തലമുറ വരുമ്പോള്‍ അവര്‍ക്കും ഇതുപോലെന്തെങ്കിലും പുതിയ അറിവുണ്ടാകും…അതങ്ങനെ തുടരും…അത്രയേയുള്ളു..

തങ്കച്ചന്‍: (ജോസിന്റെ പുറത്തു തട്ടിക്കൊണ്ട്) നീ പറഞ്ഞത് ശരിയാടാ…നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു…നിനക്കിത്രയും വിവരമെങ്ങനെയാടാ ഉണ്ടായത്.

ജോസ്: ന്റെ തങ്കച്ചാ…ഇനിയും ഇതുപോലെയെന്തെല്ലാം പറഞ്ഞുതരാന്‍ കിടക്കുന്നു…

തങ്കച്ചന്‍: (കസേരയില്‍ നിന്നും എണീറ്റുകൊണ്ട്) സംഭവമൊക്കെ കൊള്ളാം…ഉള്ളവേഗം വീട്ടില്‍ ചെന്നില്ലേല്‍ കഞ്ഞി കിട്ടില്ല. പന്ത്രണ്ടാകുമ്പം കഞ്ഞികുടിച്ചോണമെന്നാ അവളുടെ ഓര്‍ഡര്‍…

ജോസ്: അപ്പം വീട്ടുകാരത്തിയെ പേടിയുണ്ട്…

തങ്കച്ചന്‍: പേടിക്കാതിരിക്കാന്‍ പറ്റുമോടെ…അവളിടഞ്ഞാല്‍ കഞ്ഞികുടി മുട്ടും.

ജോസ്: ങാ…എന്നാ ചെല്ല്…ഞാനും കന്നുകാലിയെ ഒന്നു മാറ്റിക്കെട്ടിയിട്ട് വീടുപറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here