നേരംപോക്ക്
എപ്പിസോഡ്-2
തങ്കച്ചനും ജോസും പത്രവായനയിലാണ്. വായിച്ചുകൊണ്ടിരുന്ന പത്രം ശ്രദ്ധാപൂര്‍വം മടക്കുന്നതിനിടയില്‍ സംസാരിച്ചുകൊണ്ടിരുന്നതിന്റെ തുടര്‍ച്ചയായി
തങ്കച്ചന്‍: ടാ..ജോസേ എന്നാ ഉണ്ട് വാര്‍ത്തകള്‍.
ജോസ്: ഓ…എന്നാ പറയാനാ അങ്ങനെ പോകുന്നു…
തങ്കച്ചന്‍: നേരംപോക്കും ചുറ്റിക്കളിയുമൊന്നുമില്ലേടേ…
ജോസ്: പിന്നെ നേരെപോക്കിനും ചുറ്റിക്കളിക്കും പറ്റിയ പ്രായം…
തങ്കച്ചന്‍: ആ…അതിനിപ്പം പ്രായം വല്ലതുമുണ്ടോ…നമുക്കുതോന്നുന്നു…നമ്മളു ചെയ്യുന്നു…
ജോസ്: ചെയ്‌തേച്ചേ വീട്ടിലോട്ടുതന്നെ ചെല്ലണം…പിള്ളേരുപിടിച്ച് അലക്കും…
തങ്കച്ചന്‍: നീ പോടാ..ഇങ്ങനെപേടിക്കാതെ…അവന്മാരെ അങ്ങോട്ടുപേടിപ്പിക്കണം…
ജോസ്: ഓ…പറയുമ്പം എളുപ്പമാ…ഇന്നലെ ടൗണില്‍ പോയപ്പോള്‍…ഒരു സിനിമയ്ക്ക് കയറി…വീട്ടിലൊട്ടു വന്നപ്പോളൊണ്ട്….ഭാര്യയും പിള്ളേരുംകൂടി ചാടുന്നു…വയസനാംകാലത്ത് തിയേറ്ററു നിരങ്ങി നടക്കുവാന്നു പറഞ്ഞ്…
തങ്കച്ചന്‍: ഓ..അത് നീ..പഴയസ്വഭാവത്തിന് വല്ല ഇംഗീഷ് എ പടം കാണാന്‍ ക്യൂനില്‍ക്കുന്നത് ആരെങ്കിലും കണ്ട് വീട്ടില്‍ വന്ന് പറഞ്ഞായിരിക്കും…
ജോസ്: പിന്നെ…എ പടം…ഇപ്പം ഇംഗ്ലീഷ് എ പടം ആര്‍ക്കുവേണം…അതൊക്കെ നമ്മുടെ കാലത്ത്…
തങ്കച്ചന്‍: ങാ…അതൊക്കെ പോട്ടെ…നീ ഏതു പടമാ കണ്ടത്…
ജോസ്: കടുവ…പാലാക്കാരുടെ കഥയാന്ന് കേട്ട് പോയതാ…
തങ്കച്ചന്‍: ങാ…ഫസ്റ്റ്…നീ പെമ്പ്രന്നോത്തിയുടെ കൈയീന്ന് രണ്ടു മേടിക്കേണ്ടവനാ…
ജോസ്: അതെന്നാ…
തങ്കച്ചന്‍: കടുവ കണ്ടോ…പക്ഷേ പാലാക്കാരുടെ കഥയാന്നു മാത്രം പറയരുത്..
ജോസ്: അപ്പം കണ്ടേച്ചിരിക്കുവാ അല്ലേ…
തങ്കച്ചന്‍: ആദ്യത്തെ ദിവസം തന്നെ കണ്ടു…എടാ ഇതിനകത്ത് പൃഥ്വിരാജ് മുണ്ടുടുക്കുന്നതു തന്നെ നോക്കിയാ മതി…ഒരു പാലാ ടച്ചില്ല.
ജോസ്: ങാഹാ…അതുകൊള്ളാമല്ലോ…അതെന്നാ പാലാക്കാര് മുണ്ടുടുക്കില്ലേ…
തങ്കച്ചന്‍: മുണ്ടുടുക്കും…അതിന് ഒരു സ്‌റ്റൈലുണ്ട്….മുണ്ടഴിച്ചിട്ടോണ്ടു നടക്കില്ല…മുണ്ട് മടക്കിക്കുത്തിയേ നടക്കൂ…നീ ലേലത്തില്‍ സുരേഷ് ഗോപിയുടെ സ്റ്റൈല് ഓര്‍ക്കുന്നില്ലേ…
ജോസ്: അത് നിങ്ങള് പാലാ ടൗണിലോട്ട് ചെന്നൊന്നു നോക്ക്…മുണ്ടഴിച്ചിട്ടോണ്ടല്ലാതെ മടക്കിക്കുത്തി ആരെയെങ്കിലും കാണിക്കാമോ…
തങ്കച്ചന്‍: എന്റെ പൊന്നെടാ ഉവ്വേ…ഇപ്പഴത്തെ കാര്യം എന്നാ പറയാനാ…ഇപ്പം മുണ്ടു വടിപശയിട്ട് നടക്കാന്‍ പോലും പറ്റാതെ അനങ്ങി അനങ്ങിയല്ലെ നടക്കുന്നത്. അത് മടക്കിക്കുത്താന്‍ പറ്റില്ല. മൊത്തം തുണിയുമിങ്ങ് പൊങ്ങിപ്പോരും.
ജോസ്: അതുനേരാ…പണ്ടൊക്കെ പാലാക്കാരുടെ സ്റ്റൈലെന്ന് പറഞ്ഞാല്‍ ഒന്നുകില്‍ മുണ്ടു മടക്കിക്കുത്തും…പ്രൗഢി കൂടിയാല്‍ മുണ്ടിന്റെ ഒരു തലയ്ക്കം എടുത്ത് കക്ഷത്തില്‍ തിരുകും…
തങ്കച്ചന്‍: ങാ…അതാണ്…മുണ്ടിന്റെ ഒരു തല കക്ഷത്തില്‍ തിരുകി കാലന്‍ കുട നിലത്തുകുത്തിയുള്ള എന്റെ അപ്പന്റെ ഒരു നില്‍പ്പുണ്ടായിരുന്നു…ആരും ഒന്നു കിടുങ്ങും.
ജോസ്: ഇതു നമ്മുടെ ഇടമറ്റംകാരന്‍ കുരുവിനാക്കുന്നേലെ ചേട്ടന്റെ കഥയാന്നു പറേന്നതു കേട്ടാ ഞാന്‍ പോയത്.
തങ്കച്ചന്‍: ന്റെ പൊന്നേ…പുള്ളിയുടെ കഥയും ഇക്കഥയും തമ്മിലൊന്നുമില്ല. പുള്ളിയുടേത് ശരിക്കുമുള്ള ഫൈറ്റായിരുന്നു…അത് കാലും കൈയും കൊണ്ടായിരുന്നില്ല. കോടതിയിലായിരുന്നു മെയിനായിട്ട്…പിന്നെ പൊലീസുമായിട്ടും…
ജോസ്: ങാ…അതൊക്കെ പോട്ട്…നിങ്ങള് വലിയ സിനിമാകാണുന്നവനല്ലേ…കടുവ തകര്‍ത്തോ…
തങ്കച്ചന്‍: ങാ..കടുവ…കോപ്പ്…കിടുവ…ടാ…ഉവ്വേ..ഇതിലെന്നാ കാണിച്ചുവെച്ചേക്കുന്നേ…ഷാജി കൈലാസ് വലിയ സംവിധായകനാ…സമ്മതിച്ചു…പക്ഷേ ആളും ബഹളവുമൊക്കെയേയുള്ളു…
ജോസ്: പൃഥ്വിരാജ് അച്ചായനായിട്ട് തകര്‍ത്തെന്നാണല്ലോ പറേന്നേ…
തങ്കച്ചന്‍: എവിടെ…നീ അയ്യപ്പനും കോശിയും കണ്ടതാണോ…അതിലെ കോശിയും ഇതിലെ കുര്യാച്ചനെയും തമ്മിലൊന്നും സങ്കല്‍പിച്ചേ…അപ്പം ഏതുപൊട്ടനും മനസിലാകും….പൃഥ്വിരാജിങ്ങനെ വില്ലന്മാരെയും നോക്കി നടക്കുന്നതു തന്നെയുണ്ട് പലപ്പഴായിട്ട് കുറേനേരം…അത് കണ്ടപ്പോ എനിക്കോര്‍മവന്നത് പണ്ട് സെന്റ് തോമസില്‍ പഠിക്കുമ്പോ ബസിറങ്ങിയിട്ട് അല്‍ഫോന്‍സായിലേ പിള്ളേരേ നോക്കിക്കോണ്ട് കോളജിലോട്ട് പോന്നതാ…(ചിരിക്കുന്നു)
ജോസ്: എന്നാണേലും എല്ലായിടത്തും പാലാ പള്ളി തിരുപ്പള്ളി പാട്ടാ…പാട്ട് കേറിക്കത്തി….
തങ്കച്ചന്‍: ങാ…നീ അതുതന്നെയൊന്നു നോക്കിക്കേ…അങ്ങനെയൊരു പാട്ട് പാലാക്കാരുടെ വായില്‍വരുമോ…
ജോസ്: നാടന്‍പാട്ടാന്നാ പറഞ്ഞേ…
തങ്കച്ചന്‍: ടാ…അത് ഏതൊക്കെയോ നാടന്‍ പാട്ടിന്റെ പല വരികളുപാടിയിട്ട് പാലാ പള്ളി തിരുപ്പള്ളിയെന്ന് ആദ്യം പാടിയാല്‍ ശരിയാകുമോ…
ജോസ്: ആവോ ദാമാനോ… ആവോ ദാമാനോ…
തങ്കച്ചന്‍: അതുതന്നെ…. അത് വേറെ എങ്ങാണ്ട് ഒരു സമുദായത്തിലെ മരണപ്പാട്ടിന്റെ വരികളാന്നാ പറയുന്നേ…
ജോസ്: അതാര് പറഞ്ഞു…
തങ്കച്ചന്‍: അത് ഫേസ് ബുക്കില് ആരാണ്ട് ഇട്ടിട്ടുണ്ടായിരുന്നു…അവരുടെ പാട്ട് അടിച്ചോണ്ടുപോയെന്നു പറഞ്ഞ്.
ജോസ്: ന്നാ…പാലായിലെ ഒരു നാടന്‍ പാട്ട് പാടാമായിരുന്നു…
തങ്കച്ചന്‍: അതിന് പാലായിലെവിടാ നാടന്‍ പാട്ടിരിക്കുന്നേ…ഇവിടെ കള്ളും കപ്പയും പന്നിയിറച്ചിയും കഴിച്ചിട്ട് ഏതുപാട്ടുപാടിയാലും നാടന്‍ പാട്ടാ….പിന്നെ കുറേ വീമ്പടിയും…
ജോസ്: രാക്കുളി പെരുന്നാളും മലയുന്തുമൊക്കെ കാണിച്ച് പാലാ പള്ളി തിരുപ്പള്ളി എന്നു പാട്ടുപാടിയപ്പോ നമ്മുടെ ജൂബിലിയെക്കുറിച്ചുകൂടി പറയാമായിരുന്നു…
ജോസ്: അത് അങ്കമാലി പള്ളി തിരുപ്പള്ളി ..അങ്കമാലി ഡയറീസിലെ ലിജോ ജോസ് പെല്ലിശേരിക്കു പഠിച്ചതാ…അങ്കമാലി ഡയറീസ് ശരിക്കും അങ്കമാലിക്കാരെല്ലാവരും കൂടി അങ്കമാലിക്കഥ പിടിച്ചതാ.. നമ്മളിവിടെ പാലാക്കാര് തിരുപ്പള്ളിയെന്ന വാക്കുപോലും ഉപയോഗിക്കാറില്ല.
ജോസ്: ഇതും പാലാക്കാരന്‍ ചേട്ടന്റെ കഥയല്ലായിരുന്നോ…
തങ്കച്ചന്‍: അങ്ങനെയൊക്കെയായിരുന്നു ആദ്യം പറച്ചില്…പിന്നെ കേസും പുക്കാറുമൊക്കെയായില്ലേ…അതിനിടയ്ക്ക ഇതേകഥയുമായി സുരേഷ് ഗോപിയുടെ സിനിമ വരുന്നു…ആകെ ബഹളമല്ലായിരുന്നോ…
ജോസ്: ആ..അത് പറഞ്ഞപ്പഴാ ഓര്‍ത്തത് കേസൊക്കെ കൊടുത്തിട്ട് ആ ചേട്ടന്‍ സിനിമാ കാണാന്‍ പോയെന്ന് വലിയ വാര്‍ത്തയുണ്ടായിരുന്നല്ലോ…
തങ്കച്ചന്‍: ങാ..അത് അതിലേ ഫസ്റ്റ്…ഈ സിനിമ തുടങ്ങിയപ്പം മുതല് ഇറങ്ങുന്നേടം വരെ പുറത്തിറങ്ങാതിരിക്കാന്‍ സകല ഊടുവെപ്പും വെച്ചിട്ട് പുള്ളി ചാനലുകാരെയെല്ലാം വിളിച്ചുകൂട്ടി രാജകീയമായി സിനിമ കണ്ട് ആളായി…
ജോസ്: ഇത് പുള്ളിയുടെ കഥയല്ലെന്നും പറഞ്ഞു…
തങ്കച്ചന്‍: ഓ..ജഗതിയുടെ ഒരു സിനിമയിലെ ഡയലോഗുപോലെ…ഇത് എന്റെയല്ല…എന്റെ…ഇങ്ങനെയല്ല…
ജോസ്: ഇതേ കഥയുമായിട്ട് സുരേഷ് ഗോപിയുടെ സിനിമയും വരുന്നുണ്ടെന്നായിരുന്നല്ലോ ആദ്യം ബഹളം…
തങ്കച്ചന്‍: ഊംംം…ഒറ്റക്കൊമ്പന്‍…
ജോസ്: ങാ…എന്നാണേലും കടുവ കോടികള്‍ വാരി…
തങ്കച്ചന്‍: അതല്ലെ ഷാജിയും പൃഥ്വിയും കൂടി പിറ്റേന്നു തന്നെ അടുത്ത പടം തുടങ്ങിയത്…
ജോസ്: ങാ…ഇനി ഒറ്റക്കൊമ്പന്‍ വരുമ്പം അറിയാം…പാലാക്കാരുടെ കഥയായിരിക്കുമോയെന്ന്…
തങ്കച്ചന്‍: അതു കുറച്ചുകൂടി പാലാ ടച്ച് കാണും…നമ്മുടെ അച്ചന്‍കുഞ്ഞിന്റെ മോന്‍ ഷിബിനാ കഥയെഴുതുന്നത്…
ജോസ്: അച്ചന്‍ കുഞ്ഞ് ….നമ്മുടെ പി ടിയുടെ അനിയന്‍…
തങ്കച്ചന്‍: പി ടിയെന്നു പറയരുത്…ജോസഫ് ഡഫാനി…നമ്മുടെ കാലത്തെ വലിയ നാടക നടനാ…ഇന്നത്തെ കാലത്താണേല്‍ പുള്ളി സിനിമേലൊക്കെ തിളങ്ങിയേനേ…
ജോസ്: ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ എഴുതിയത് ഷിബിനല്ലെ… അതിലൊരു പാലാ ഭാഷയും ടച്ചുമുണ്ടായിരുന്നു. ഒന്നും വേണ്ട,…എന്നാ അടുത്ത പാലാ ജൂബിലിക്കു കാണാം എന്ന ഒറ്റ ഡയലോഗു മതി…
തങ്കച്ചന്‍: ന്റെ പൊന്നെടാ ഉവ്വേ…ഷാജിയും പൃഥ്വിയും സിനിമയിറക്കി രണ്ടാം പൊക്കം 65 ലക്ഷത്തിന്റെ ഓഡി കാറു മേടിച്ചു… നമ്മള് സിനിമാക്കഥ പറഞ്ഞിരുന്നു നേരം കളഞ്ഞു…
ജോസ്: ങാ…അത് ശരി..അവര് കോടികള് വാരിയെറിഞ്ഞ് സിനിമായെടുത്തിട്ട് കാശുണ്ടാക്കി. നമ്മള് ഇവിടെ ചാരിയിരുന്ന് അവരെ ചുമ്മാ തെറി പറഞ്ഞു…
തങ്കച്ചന്‍: അതിപ്പം നമ്മള് നമ്മുടെ അഭിപ്രായം പറഞ്ഞു…അത്രതന്നെ…അതു പറയുമ്പം നമ്മള്‍ക്കും ഒരു പൊടിസുഖം…അത്രേയുള്ളു…
ജോസ്: ങാ…അങ്ങനെയെങ്കില്‍ അങ്ങനെ…ഇന്ന് വെട്ടിയായിരുന്നോ…
തങ്കച്ചന്‍: ന്റെ പൊന്നേ…ഓര്‍പ്പിച്ചതു നന്നായി…ഇന്നു വെട്ടിയായിരുന്നു ..പാലെടുക്കാനുണ്ട്… പാട ചൂടിക്കാണുവോ ആവോ…
ജോസ്: ങാ…എന്നാ ഉള്ളവേഗം വിട്ടോ…ഷീറ്റ് വിറ്റേച്ചു വേണം നമ്മക്ക് അടുത്ത പടത്തിനുപോകാന്‍….