നരബലി…നരഭോജനം…തലകുമ്പിട്ട് മലയാളി

0
146

നേരംപോക്ക്
എപ്പിഡോസ്-5

പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചന്‍. എല്ലാം മറന്നുള്ള വായനയാണ്. പിന്നില്‍കൂടി നടന്നുവരുന്ന ജോസ്. തൊട്ടുപിന്നിലെത്തിയിട്ടും താന്‍ വന്നത് അറിഞ്ഞില്ലെന്ന് മനസിലായപ്പോള്‍ ഉറക്കെ ഒറ്റ വിളി.

ജോസ്: തങ്കച്ചോ…

തങ്കച്ചന്‍ ഞെട്ടിത്തിരിഞ്ഞു നോക്കുന്നു. ഇതിനിടെ കൈയിലിരുന്ന പത്രം താഴെപോയി. തെല്ലരിശത്തോടെ തങ്കച്ചന്‍: എന്നാ പണിയാടാ ഇത്…ആളെ പേടിപ്പിച്ചല്ലോ.

ജോസ്: (ചിരിച്ചുകൊണ്ട്) ചുമ്മാ ഒന്നു വിളിച്ചപ്പോ ഇങ്ങനെ പട്ടാപ്പകല് പേടിച്ചാലെങ്ങനാ. നിങ്ങള് വലിയ കൊലകൊല്ലിയെ വിറപ്പിക്കുന്നവാനാന്നല്ലേ വീമ്പടി.

തങ്കച്ചന്‍: കൊലകൊല്ലിയെയും പ്രേതത്തെയുമൊന്നും എനിക്കു പേടിയില്ല.

ജോസ്: പിന്നെയെന്നാ ഞാനൊന്നു വിളിച്ചപ്പഴേക്കും പേടിച്ചു മുള്ളിപ്പോയത്.

തങ്കച്ചന്‍: എടാ ജോസേ…പത്രം വായിച്ചാല്‍ ആരാടാ പേടിക്കാത്തത്. നരബലിയും…നരഭോജനവും…ന്റെമ്മോ…പറയുമ്പം തന്നെ പേടിയും ഓക്കാനവും വരുന്നു…

ജോസ്: ങാ…നിങ്ങള് അതു മുഴുവന്‍ കുത്തിയിരുന്നു വായിച്ചോ…ഞാന്‍ തലക്കെട്ടു മാത്രമേ വായിച്ചുള്ളു…ഈ വൃത്തികെട്ടതൊക്കെ വായിച്ച് മനസമാധാനം കളയുന്നതെന്തിനാ…മലയാളിയുടെ മാനം കളഞ്ഞ സംഭവമായിപ്പോയി…

തങ്കച്ചന്‍: എടാ വായിക്കാതിരുന്നാലെങ്ങനാ…നമ്മുടെ നാട്ടിലെന്താ സംഭവിക്കുന്നതറിയേണ്ടെ…അല്ലാതെ കേരളം നമ്പര്‍ വണ്‍…പ്രബുദ്ധകേരളം…നവോത്ഥാനം…എന്നൊക്കെ തള്ളിക്കൊണ്ടിരുന്നാല്‍ മതിയോ…

ജോസ്: ങാ…അതുതന്നെ…തള്ളലിത്തിരികൂടിപ്പോയി…വെറുതെ തള്ളിമറിച്ചോണ്ടിരുന്നപ്പോ മറുവശത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല…അതാ മലയാളിക്കു പറ്റിയത്.

തങ്കച്ചന്‍: ടിവിയിലിന്നലെ ആദ്യം എഴുതിക്കാണിച്ചപ്പോ അങ്ങ് ആഫ്രിക്കയിലോ…വടക്കെങ്ങാണ്ടോ ഓണംകേറാമൂലയിലാന്നാ ഞാന്‍ ആദ്യം കരുതിയത്…നന്മയുള്ള ലോകമേ പാട്ടൊക്കെ പാടാന്‍ റെഡിയായിട്ടിരുന്നപ്പഴാ നമ്മടെ നാട്ടിലാന്നാ മനസിലായത്….ന്റെ ജോസേ…ഞാന്‍ ഞെട്ടിപ്പോയി…

ജോസ: ങാ…എല്ലാവരും ഞെട്ടിപ്പോയി…വേറെവല്ലയിടത്തുമായിരുന്നെങ്കില്‍ കുരച്ചോണ്ടു ചാടുന്ന നമ്മടെ സാംസ്‌കാരികനായകന്മാരൊക്കെ ഞെട്ടീട്ട് വാ കോടിയിരിക്കുവാ…മിണ്ടാട്ടം മുട്ടിപ്പോയി…

തങ്കച്ചന്‍: അവന്മാരെ ഇപ്പം ആര് വകവെയ്ക്കുന്നു…ചോറു കൊടുക്കുന്നവരെ കാണുമ്പം വാലാട്ടും അല്ലാത്തവരെ കാണുമ്പം കുരയ്ക്കും…അത്രേയുള്ളുവെന്ന് എല്ലാവര്‍ക്കും മനസിലായി…

ജോസ്: ങാ…അങ്ങനെ നമ്മളോരോന്ന് മനസിലാക്കിവരുമ്പഴേക്ക് കേരളം പഴയ യുഗത്തിലോട്ട് പോകും…ബാക്കിയെല്ലാവരും അടിച്ചുവിട്ടു കയറിപ്പോകും.

തങ്കച്ചന്‍: എടാ ഉവ്വേ…ഇവിടെ എന്നതാ സംഭവിക്കുന്നത്…എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…

ജോസ്: ന്റെ തങ്കച്ചാ…ഇവിടെ എന്താ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിവരമുള്ളവരെല്ലാം മനസിലാക്കുന്നുണ്ട്…

തങ്കച്ചന്‍: എന്നാ പിന്നെ വിവരമുള്ളവര്‍ക്ക് അതൊക്കെയൊന്ന് എന്നെപ്പോലെ വിവരമില്ലാത്തവര്‍ക്ക് ഒന്നു തെളിച്ചു പറഞ്ഞുകൊടുക്കാന്മേലേ…

ജോസ്: പണ്ടത്തെ കഥയില് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ഒരു പയ്യനുണ്ടായിരുന്നു…

തങ്കച്ചന്‍: ങാ…അതേ രക്ഷയുള്ളു…യുവതലമുറ ഉണരണം…

ജോസ്: ഒന്നു പറഞ്ഞാ രണ്ടാമത് എല്ലാവരും പറയുന്ന കാര്യമാ യുവതലമുറ ഉണരണമെന്ന്… അവന്മാരെന്നാ ഇവിടെ ഉറങ്ങികിടക്കുവാണോ…

തങ്കച്ചന്‍: അല്ലാണ്ടു പിന്നെ അവരുണര്‍ന്നാലല്ലേ കാര്യം നടക്കൂ…

ജോസ്: അവരുണര്‍ന്ന് അടുത്ത വിമാനത്തിന് കേറി നാടുവിട്ടോണ്ടിരിക്കുവാ…അല്ലാണ്ട് രാജാവിനെ തുണിയുടുപ്പിച്ചോണ്ട് ഇവിടെ നില്‍ക്കാനൊന്നും അവന്മാരെ കിട്ടില്ല… പിന്നെ, ഇവിടെ മിച്ചം കെടക്കുന്നവന്മാര് രാജാവ് തുണിയിടുത്തിട്ടില്ലെങ്കില്‍ നമ്മള്‍ക്കും ഉരിഞ്ഞുകളഞ്ഞേക്കാമെന്ന മട്ടിലാ നില്‍ക്കുന്നത്….

തങ്കച്ചന്‍: എന്നാ പറഞ്ഞാലും നമ്മുടെ നാടിന്റെ അവസ്ഥ അധോഗതിയായി…

ജോസ്: അങ്ങനെ പറഞ്ഞോണ്ട് കുത്തിയിരുന്നാ ഇതല്ല ഇതിനപ്പുറം കാണെണ്ടിവരും…

തങ്കച്ചന്‍: പിന്നെ നമ്മളെന്നാ ചെയ്യണം…

ജോസ്: നമ്മള് സ്വയം നന്നാകണം…

തങ്കച്ചന്‍: അതെങ്ങനെ…

ജോസ്: വല്ലവന്റെയും കക്ഷത്തില്‍ കൊണ്ടുപോയി തലവെച്ചു കൊടുക്കരുത്… സമ്പത്തുണ്ടാക്കാം…ഐശ്വര്യം ഉണ്ടാക്കാം…ശത്രുവിനെ തകര്‍ക്കാം….എന്നൊക്കെ പറഞ്ഞ് പലരും അടുത്തു കൂടും…അവന്റെയൊന്നും പുറകേ പോകരുത്.

തങ്കച്ചന്‍: പണ്ടും ഉണ്ടായിരുന്നു ഇതൊക്കെ…അന്നൊക്കെ അയല്‍പക്കംകാര് തമ്മിലായിരുന്നു പണി…മുറ്റത്തുകൊണ്ടുപോയി അതുമിതും കുഴിച്ചിടുക….അത് കവച്ചുകടന്നാല്‍ തലപൊട്ടിച്ചാകും എന്നൊക്കെയായിരുന്നു പേടിപ്പീര്…

ജോസ്: എന്നാപ്പിന്നെ അവന്മാരെയും കൊണ്ടു പോയി നമ്മുടെ അതിര്‍ത്തിയില് വല്ലതും മാന്തിയിടീപ്പിച്ചാ മതിയായിരുന്നല്ലോ…ചൈനക്കാരെയും പാക്കിസ്ഥാന്‍കാരെയുമൊക്കെ തടയാമായിരുന്നു.

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) നീ ഒന്നു ചിന്തിച്ചുനോക്കിയേ…അതിര്‍ത്തിയിലെല്ലാം മുട്ടയും കോഴിത്തലയും കുഴിച്ചിടുന്നേ…അതു കവച്ചു കടക്കുമ്പഴേ ശത്രുക്കളെല്ലാം തലപൊട്ടിച്ചാകുന്നത്…(ചിരിക്കുന്നു)

ജോസ്: കണ്ടോ…അപ്പം അതു നടക്കില്ലാന്ന് ആര്‍ക്കും മനസിലാകുമല്ലോ…അത്രയുള്ളു എല്ലാ കാര്യവും…

തങ്കച്ചന്‍: അതുനേരാ…ഐശ്വര്യവും സമ്പത്തും കൊണ്ടുവരാന്‍ പൂജ നടത്താന്‍ വരുന്നവന് അതിനു കഴിവുണ്ടേല്‍ സ്വന്തം വീട്ടില്‍ നടത്തിയാല്‍പോരേ…ഇച്ചിര ചില്ലറയ്ക്കുവേണ്ടി വല്ലവന്റെയും വീട്ടില്‍ കൂടി തെണ്ടിത്തിരിഞ്ഞു നടക്കേണ്ടല്ലോ…

ജോസ്: എല്ലാവര്‍ക്കും ചുളുവില്‍ കാശുകാരാകണം…ദേഹമനങ്ങാതെ…വിയര്‍ക്കാതെ കാര്യം നടക്കണം…അങ്ങനെയുള്ളവന്മാരാ ഈ കുറുക്കുവഴി തേടുന്നത്…

തങ്കച്ചന്‍: ചുരുക്കി പറഞ്ഞാല്‍ എല്ലാവര്‍ക്കും സുഖിച്ചു ജീവിക്കണം…പണിയെടുക്കാന്‍ കഴിയുകേല…

ജോസ്: അങ്ങനെയുള്ളവന്മാരെ വലവീശിപ്പിടിക്കാന്‍ ഇങ്ങനെയുള്ള വേലത്തരവുമായി നടക്കുന്നവന്മാര്‍ക്ക് അറിയാം…

തങ്കച്ചന്‍: ഇതു പകുതിയും വട്ടുകേസുകളാ…എല്ലാത്തിനെയും പിടിച്ച് വല്ല ആശൂത്രിയിലും കേറ്റിയിടണം…

ജോസ്: വട്ടുകേസെന്നു മാത്രം പറയേണ്ട….വെളഞ്ഞവന്മാരാ….ഇവനൊക്കെ വേറെയും ഉദ്ദേശമുണ്ട്…അതും ഇതിനിടയിലൂടെ സാധിച്ചെടുക്കും…

തങ്കച്ചന്‍: മറ്റേതെന്നു പറഞ്ഞാല്‍…ഞരമ്പ്…(ചിരിക്കുന്നു)…അതുശരിയാ…ഇത്തരം ഏതുകേസു വന്നാലും ഇതിനിടയില്‍കൂടി ഇക്കാര്യവും നടത്തുന്നുണ്ടെന്ന് കാണാം…

ജോസ്: ആദ്യത്തെ തവണ ഇത്തരം കേസുപിടിക്കുമ്പം തന്നെ നല്ല ശിക്ഷയും ചികിത്സയും കൊടുത്താല്‍ ഇങ്ങനത്തെ വലിയ സംഭവങ്ങളുണ്ടാകില്ല.

തങ്കച്ചന്‍: അതെങ്ങനെയാ…അന്നേരം ആരെങ്കിലുമൊക്കെ വന്ന് ഇവന്മാരെ രക്ഷിച്ചോണ്ടുപോകും…

ജോസ്: അങ്ങനെ താങ്ങിതാങ്ങിയാണ് നമ്മടെ കേരളം ഇന്നത്തെ അവസ്ഥയിലെത്തിയത്. കുറച്ചു നാളായിട്ട് പത്രത്തില്‍ വരുന്ന വാര്‍ത്തകളൊക്കെയൊന്നു ശ്രദ്ധിച്ചേ….ദുരന്തങ്ങളും കൊലപാതകങ്ങളും അക്രമവുമല്ലാതെ നല്ല വാര്‍ത്തകളെന്തെങ്കിലുമൊണ്ടോ…

തങ്കച്ചന്‍: ദുരന്തങ്ങളൊക്കെ സംഭവിക്കുന്നതല്ലേ…നമുക്കെന്ത് ചെയ്യാന്‍ പറ്റും…

ജോസ്: അതുസമ്മതിച്ചു…പക്ഷേ പലതും ഒഴിവാക്കാമായിരുന്നതല്ലേ….ഉരുള്‍പൊട്ടല്….പാറമടകളും മറ്റുംനിയന്ത്രിച്ചാല്‍ തടയാന്‍മേലായിരുനോ….ടൂറിസ്റ്റ് ബസ് അപകടം…നിയമങ്ങള്‍ ശരിക്കും നടപ്പിലാക്കിയാല്‍ തടയാമായിരുന്നല്ലോ…അങ്ങനെയോരോന്നും…

തങ്കച്ചന്‍: നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയല്ലോ…

ജോസ്: പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ….

തങ്കച്ചന്‍: നീ പറഞ്ഞതെന്നതാടാ …മനസിലായില്ലല്ലോ…

ജോസ്: സ്‌കൂളില്‍ പഠിച്ചിട്ടില്ലേ… നളചരിതം ആട്ടക്കഥ…വെള്ളമെല്ലാം ഒഴുകിപ്പോയിട്ട് ചിറ കെട്ടുന്നതുകൊണ്ട് എന്തുപ്രയോജനം…

തങ്കച്ചന്‍: എനിക്കു തോന്നുന്നത് ഇപ്പം എല്ലാവര്‍ക്കും ഭക്തി ഇച്ചിരി കൂടിയെന്നാ…

ജോസ്: ഇതിനെയൊക്കെ ഭക്തിയെന്നാണോ പറയേണ്ടത്….വെവരക്കേടല്ലെ…

തങ്കച്ചന്‍: ഇവിടെ എല്ലാരും അങ്ങോട്ടുമിങ്ങോട്ടും പഴിച്ചൊണ്ടിരിക്കുവാ…അവനവന്‍ ചെയ്യേണ്ടത് ഒട്ടുചെയ്യത്തുമില്ല…

ജോസ്: ഓരോരുത്തരും അവനവന്റെ ജോലിയും നോക്കി കഴിഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഇവിടെയുള്ളു…

തങ്കച്ചന്‍: ഞങ്ങളും നിങ്ങളും എന്നു ചിന്തിച്ചു തുടങ്ങുന്നിടത്ത് കഷ്ടകാലം തുടങ്ങും…

ജോസ്: നമ്മള്‍ എന്നു പറഞ്ഞു തുടങ്ങണം…

തങ്കച്ചന്‍: പണ്ടത്തെ നല്ല കാലം ഇനി തിരിച്ചുവരുമോ ആവോ…

ജോസ്: പണ്ട് ഇവിടെ എന്തു നല്ല കാലമായിരുന്നു തങ്കച്ചാ…

തങ്കച്ചന്‍: പണ്ടെല്ലാവരും ഏകോദരസഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നുവെന്നല്ലേ പറയുന്നത്…

ജോസ്: ഇതാ പറയുന്നത് മലയാളി ഈ തള്ള് നിര്‍ത്തണമെന്ന്. ഇവിടെ പെണ്ണുങ്ങള്‍ക്ക് മാറു മറയ്ക്കാന്‍ പറ്റില്ലായിരുന്നു…. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിയേ നടക്കാന്‍ പറ്റില്ലായിരുന്നു…അങ്ങനെഇരുണ്ട യുഗമല്ലായിരുന്നോ…

തങ്കച്ചന്‍: അതുനേരാ…നമ്മടെ സ്വാമി വിവേകാനന്ദന്‍ ഇവിടെ വന്ന് ഭ്രാന്ത്രാലയമെന്ന് പറഞ്ഞിട്ടാ പോയത്…

ജോസ്: നമ്മള് അതെല്ലാം മറക്കുവാ…എന്നിട്ട് ചുമ്മാ സ്വയം പുകഴ്ത്തി രസിക്കുവാ…

തങ്കച്ചന്‍: നീ എന്നതാ പറഞ്ഞുവരുന്നത്…നമ്മളിനി എന്തു ചെയ്യണം…

ജോസ്: ഇനി ഒറ്റപ്പണിയെയുള്ളു…സിദ്ധിയുണ്ട്…അത്ഭുതം നടത്തും എന്നുപറഞ്ഞുവരുന്ന ആരുടെയും പിന്നാലെ പോകല്ല്…

തങ്കച്ചന്‍: എന്നു പറഞ്ഞാലെങ്ങനാ…

ജോസ്: തങ്കച്ചാ…ഞാന്‍ ഒറ്റ കാര്യം ചോദിക്കട്ടെ…ജനിക്കുന്നതിനു മുന്നേയുള്ള എന്തെങ്കിലും കാര്യം നമുക്ക് അറിയാമോ…അതുപോലെ മരിച്ചതിനുശേഷമുള്ള എന്തെങ്കിലും കാര്യം അറിയാമോ…ഇതുരണ്ടും അറിയാത്ത മനുഷ്യനാ ഇവിടെ കിടന്നു വലിയ പുള്ളി കളിക്കുന്നത്….

തങ്കച്ചന്‍: അതുശരിയാ…ഈ അണ്ഡകടാഹം എന്നതാന്ന് പോലും നമുക്ക് അറിയത്തില്ല. എവിടെ തുടങ്ങുന്നുവെന്നോ…എവിടെ അവസാനിക്കുന്നുവെന്നോ…ഒരു പിണ്ണാക്കും അറിയത്തില്ല…

ജോസ്: ഒരു കാര്യം മാത്രം നമുക്ക് അറിയാം… ഇവിടെ സ്‌നേഹവും ശാന്തിയും സമാധാനവും ഉണ്ടെങ്കില്‍ നമ്മുടെ ജീവിതം സുഖകരവും സന്തോഷകരവുമായിരിക്കും…അതുകൊണ്ട് അങ്ങനെയുള്ള ഒരു ജീവിതം നയിക്കാന്‍ എല്ലാവരും ശ്രമിക്കണം…

തങ്കച്ചന്‍: (സൂക്ഷിച്ചു നോക്കികൊണ്ട്) എടാ…ജോസേ നീ ഒരു സംഭവമാ കേട്ടോ…കൈയ്യിലിരുപ്പ് മോശമാണേലും നീ പറയുന്നതൊക്കെ കാര്യമാ…

ജോസ്: (ചിരിച്ചുകൊണ്ട്) ഇതാണ് ശരിക്കുമുള്ള മലയാളിയുടെ സ്വഭാവം…. മറ്റുള്ളവരെ പൂര്‍ണമായിട്ട് അംഗീകരിക്കില്ല.

തങ്കച്ചന്‍: (ചിരിച്ചുകൊണ്ട്) സ്വയം നന്നാകാതെ മറ്റുള്ളവരെ ഉപദേശിക്കുന്ന സ്വഭാവവും മലയാളിക്കുണ്ട്.

(രണ്ടുപേരും ചിരിക്കുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here