നേരംപോക്ക്
എപ്പിസോഡ്-6
പത്രം വായിച്ചുകൊണ്ടിരിക്കുന്ന തങ്കച്ചനും ജോസും. വായനയ്ക്കിടയില്‍ തങ്കച്ചന്‍ ഒരു ഏമ്പക്കം വിടുന്നു. പത്ത്രതില്‍ നിന്നും തലയുയര്‍ത്തി ജോസ്: എന്നാ തങ്കച്ചാ..രാവിലെ ഒള്ള പഴേങ്കഞ്ഞിയെല്ലാം തട്ടി കുമ്പവീര്‍പ്പിച്ചോ…
തങ്കച്ചന്‍: (പത്രം വായന നിര്‍ത്തി) പൊക്കോണം…പഴേങ്കഞ്ഞി കുടിച്ചിട്ടു നാളെത്രയായി…ഇനിയിപ്പം ചൂടുകഞ്ഞി കുടിതന്നെ മുട്ടുമോന്നാ എന്റെ പേടി.
ജോസ്: അതെന്നാ പറ്റി…ചേടത്തി കഞ്ഞി തരുകേലെ…
തങ്കച്ചന്‍: എടാ ഉവ്വേ…നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. അരിവില കയറിപോകുന്നത് നീ അറിയുന്നില്ലേ…
ജോസ്: ഞാന്‍ നല്ല മലയാളിയാ…അരിവിലയല്ല എന്നാ വില കയറിയാലും ഞങ്ങളു കുലുങ്ങില്ല…
തങ്കച്ചന്‍: ങാ…നിന്നെപ്പോലെ മക്കള് ഡോളേഴ്‌സ് അയയ്ക്കുന്നവര്‍ക്ക് കുലുങ്ങേണ്ട കാര്യമില്ല…അരി വില കയറിയാലെന്ത് ബര്‍ഗറും പിസ്സായും മേടിച്ച് തട്ടാം…
ജോസ്: എന്റെ തങ്കച്ചാ…അവന് അവിടത്തെ ചെലവ് കഴിഞ്ഞിട്ടുവേണ്ടേ ഇങ്ങോട്ടു വല്ലതും തരാന്‍…ഇവിടെ വരുമ്പോ രാജാവാ…അവിടെ കഴിയുമ്പം ദരിദ്രവാസിയാന്നാ അവന്‍ പറയുന്നേ…
തങ്കച്ചന്‍: നമ്മുടെ കേന്ദ്രമന്ത്രി പറഞ്ഞതുപോലെ രൂപയുടെ വിലതാഴുന്നതല്ല…ഡോളറ് നിലമെച്ചപ്പെടുത്തുന്നതാ…ഒരുമാതിരി ആക്കിയ വര്‍ത്തമാനമായിപ്പോയി അത്…
ജോസ്: അതെന്നാ തങ്കച്ചാ…ഇവിടത്തെ സര്‍ക്കാര് പറയുന്നതുപോലെ ഇവിടെ പ്രശ്‌നം വരുമ്പം വെറുതെ കേന്ദ്രത്തെ പഴി പറയുന്നത്…
തങ്കച്ചന്‍: ഞാന്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞതൊന്നുമല്ല…കേന്ദ്രം അരി തരുന്നത് ഡിസംബറ് വരെ നീട്ടിയതുകൊണ്ട് റേഷന്‍കടേല്‍ അരിയുണ്ട് അല്ലേല്‍ കാണായിരുന്നു…
ജോസ്: അതിനിടയ്ക്ക്, നമ്മള് ജയയാന്ന് പറഞ്ഞ് ആന്ധ്രായീന്ന് വാങ്ങിച്ചോണ്ടിരുന്നത് വേറെ ഏതാണ്ട് അരിയായിരുന്നുവെന്നുള്ള വാര്‍ത്ത വായിച്ചില്ലേ…
തങ്കച്ചന്‍: അത് അവന്മാര് വല്ലാത്ത ഒരു കളിപ്പീരായിപ്പോയില്ലേ…ഒരു മാതിരി അനിയത്തിയെ കാണിച്ചിട്ട് ചേട്ടത്തിയെ കെട്ടിക്കുന്നതുപോലെ…
ജോസ്: വല്ല നാട്ടുകാരെയും എന്തിന് തെറി പറയുന്നു. ഇവിടുത്തുകാര് കാണിക്കുന്നതെന്നതാ…ഇവിടുത്തെ ഉമ മേടിച്ചിട്ട് മറിച്ചു വിറ്റിട്ട് റേഷന്‍ കടേല്‍കൂടി കളറ് കയറ്റിയ അരിയല്ലേ തരുന്നത്.
തങ്കച്ചന്‍: അതുനേരാടാ ഉവ്വേ…അരി അടുപ്പത്തിടാന്‍ കഴുകിക്കഴിയുമ്പം പെമ്പ്രന്നോത്തി കൈ കൊണ്ടുവന്നു കാണിക്കും…കയ്യേല്‍ മുഴുവന്‍ ചുമന്ന് കളറ് ഇളകി പിടിച്ചിരിക്കും.
ജോസ്: ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത് എന്നാ കണ്ടാലും കേട്ടാലും മലയാളി കുലുങ്ങില്ലെന്ന്…
തങ്കച്ചന്‍: പെരയ്ക്ക് തീ പിടിച്ചു കഴിയുമ്പം പുറത്തിറങ്ങേണ്ടിവരുമല്ലോ…അതുവരെയല്ലേ അകത്തിരിക്കുവൊള്ളോ…
ജോസ്: അന്നേരം നേതാക്കള് ക്യാപ്‌സൂള് വിടും…ആരു ഓടേണ്ട ഞങ്ങള് കൃത്രിമമഴ പെയ്യിച്ച് തീയെല്ലാം കെടുത്തും…മണ്ടന്മാര് അതും വിശ്വസിക്കും…
തങ്കച്ചന്‍: മാസം രണ്ടായിരം കോടി കടമെടുത്താ സര്‍ക്കാര് കാര്യങ്ങള് നടത്തുന്നത്…
ജോസ്: എന്നാ കാര്യം നടത്തുന്നെന്നാ…ശമ്പളവും പെന്‍ഷനും കൊടുക്കാന്‍…അല്ലാതെ പണം തിരിച്ചു വരുന്ന കാര്യങ്ങള്‍ക്കൊന്നുമല്ല…
തങ്കച്ചന്‍: ഇവിടെ നടക്കുന്നത് പണ്ടത്തെ കൂട്ടുകുടുംബത്തിലെപോലെയാ…ആരും ചോദിക്കാനും പറയാനുമില്ല….സ്വന്തം ദേഹത്ത് കൊള്ളുന്നില്ലാത്തതുകൊണ്ട് ആര്‍ക്കും ഉത്തരവാദിത്തമില്ല….ഉള്ളതു വിറ്റുപെറുക്കി എല്ലാവരും അര്‍മാദിക്കുക…
ജോസ്: അതല്ലേ കൂട്ടുകുടുംബം പൊളിഞ്ഞത്…പിന്നെയിപ്പം അണു കുടുംബമായി…ഇനിയെന്നാ കുടുംബമാണോ വരുന്നത്…
തങ്കച്ചന്‍: ഇനിയിപ്പം പുറത്തെ പരിപാടി തന്നെ…കുടുംബമൊന്നുള്ള പരിപാടിയൊക്കെ ഏതാണ്ടു തീരും…കോഴി കുഞ്ഞുങ്ങളെ കൊത്തിതിരിക്കുന്നതുപോലെ പിള്ളേരെ അവരുടെ വഴിക്കുവിടും… പ്രായമാകുമ്പം എല്ലാം കൂടി വല്ല വൃദ്ധമന്ദിരത്തിലും പോയി കിടക്കും…വീട്ടില്‍ കെടന്ന് മരിക്കാമെന്ന് ഒരുത്തനും കരുതേണ്ട.
ജോസ്: പണ്ടൊക്കെ മരിക്കുമ്പം സുഖനിദ്ര പ്രാപിച്ചുവെന്നായിരുന്നു എഴുതിയിരുന്നത്…ഇപ്പം അങ്ങനെ കാണുന്നില്ല. പൂര്‍ണസുഖത്തോടെ മരിക്കുന്ന കാലം കഴിഞ്ഞതുകൊണ്ടായിരിക്കും.
തങ്കച്ചന്‍: അതൊക്കെപോട്ട്…നീ ഒരു മാതിരി സൈദ്ധാന്തികന്മാര് ചര്‍ച്ച വഴിതിരിച്ചുവിടുന്നതുപോലെ പറയാതെ…
ജോസ്: അതിപ്പം എന്നാ പറയാനാ…അരിവില അറുപതു കടന്നപ്പോ സര്‍ക്കാര് പെന്‍ഷന്‍പ്രായവും അറുപതാക്കാന്‍ നോക്കി..
തങ്കച്ചന്‍: അതൊരുമാതിരി മറ്റേപ്പമിയായിപ്പോയി…ഇവിടെ പിള്ളേര് ജോലിയില്ലാഞ്ഞിട്ട് വല്ല നാട്ടിലേക്കും കയറിപ്പോകുവാ…അന്നേരമാ ഇവിടെ ഒള്ള കഞ്ഞിയില്‍കൂടി പാറ്റയിടുന്നത്…
ജോസ്: പെന്‍ഷന്‍ പ്രായം എല്ലാവര്‍ക്കും അറുപതാക്കുന്നതിനുള്ള ഒരു ടെസ്റ്റ് ഡോസായിരുന്നു…പക്ഷേ ചീറ്റിപ്പോയി…
തങ്കച്ചന്‍: എങ്ങനെ ചീറ്റാതിരിക്കും…തൊഴില്‍ തരണമെന്നും പറഞ്ഞ് പാര്‍ട്ടിയുടെ പിള്ളേര് സെറ്റ് കേന്ദ്രത്തിനെതിരെ നട്ടക്കാട്ട് ഉച്ചയ്ക്ക് വെയിലും കൊണ്ട് പ്രകടനം നടത്തിയിട്ട് ആഴ്ചയൊന്നു തെകഞ്ഞിട്ടില്ല…
ജോസ്: വലിയൊരു ഉത്തരവ് ഇറക്കിയപ്പം അതിനിടയ്ക്ക പെന്‍ഷന്‍പ്രായം ഇരിക്കുന്നത് കാണാതെ പോയതാന്നല്ലെ പറഞ്ഞത്…
തങ്കച്ചന്‍: പിന്നെ…പള്ളിക്കൂടത്തില്‍ പഠിക്കുന്ന പിള്ളേര് ..പരീക്ഷയ്ക്ക് ഉത്തരമെഴുതാത്തതെന്താന്നു ചോദിക്കുമ്പം ചോദ്യം കണ്ടില്ലായിരുന്നു സാറേ എന്നു രക്ഷപ്പെടാനായിട്ടു പറയുന്നതുപോലായിപ്പോയി…
ജോസ്: കാശു ലാഭിക്കാനുള്ള വഴിയെന്താന്നു പഠിച്ചപ്പോള്‍ ആരാണ്ട പറഞ്ഞുകൊടുത്ത ബുദ്ധിയാ…പിരിഞ്ഞുപോകുമ്പം കൊടുക്കുന്ന കാശ് കുറച്ചുനാളത്തേക്കു കൂടി നീട്ടിവെക്കാമല്ലോ…
തങ്കച്ചന്‍: ന്റെ ജോസേ…ഇവിടെയെന്നതൊക്കെയാടാ സംഭവിക്കുന്നത്…സര്‍ക്കാര് വാഹനത്തേല്‍ വന്നല്ലേ രാത്രി റോഡില്‍കൂടി നടക്കുന്ന പെണ്ണുങ്ങളെ ഉപദ്രവിക്കുന്നതും വീട്ടില്‍ അതിക്രമിച്ചു കയറുന്നതും…
ജോസ്: അതുമാത്രമോ…വിശ്വസിച്ച് ആരുടെയെങ്കിലും കൈയീന്നു വല്ലതും വാങ്ങി ക്കഴിക്കാമോ…കൂട്ടുകാരന്റെ കൈയീന്ന് ജ്യൂസ് വാങ്ങികുടിച്ച പള്ളിക്കൂടത്തില്‍ പഠിക്കുന്ന പയ്യന്റെ സംഭവം കണ്ടില്ലേ…അതു കൊടുത്തതാരാന്ന് ഇപ്പഴും കണ്ടുപിടിച്ചില്ല….
തങ്കച്ചന്‍: ഇനി കേരളത്തിലേതെങ്കിലും ആണുങ്ങള് പെണ്ണുങ്ങളുടെ കൈയീന്ന് ജ്യൂസ് വാങ്ങികുടിക്കുമോ…
ജോസ്: മലയാളിയുടെ പ്രണയസങ്കല്‍പങ്ങളുടെ ശവപ്പെട്ടിയില് അവസാനത്തെ ആണിയല്ലേ അവള് അടിച്ചത്…
തങ്കച്ചന്‍: ങാ…അതിനിടയിലാ ഇവിടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അടി…
ജോസ്: അതൊരുമാതിരി അമ്മായിയമ്മയും മരുമോളും തമ്മിലുള്ള വഴക്കുപോലായി…
തങ്കച്ചന്‍: ആങ്ങള ചത്താലുംവേണ്ടില്ല നാത്തൂന്റെ കണ്ണീരുകണ്ടേ അടങ്ങൂ എന്നുള്ള വാശിയിലാ രണ്ടു കൂട്ടരും…
ജോസ്: എല്ലാവര്‍ക്കും അവരവരുടെ സ്വന്തക്കാരെ കോളജിലും യൂണിവേഴ്‌സിറ്റിയിലും തിരുകിക്കയറ്റണം…
തങ്കച്ചന്‍: എല്ലാം കഴിുമ്പം കെട്ടിടവും ശമ്പളം മേടിക്കുന്നവരുമേ കാണൂ…പിള്ളേരെല്ലാം പഠിക്കാന്‍ വേറെ നാട്ടിലോട്ടുപോകുവാ…ഇവിടെ പരീക്ഷയും സര്‍ട്ടിഫിക്കറ്റും എപ്പം എങ്ങനെയുള്ളതിനേക്കുറിച്ച് ഒരു തീരുമാനവും ഇല്ലെന്നാ അവര് പറയുന്നത്.
ജോസ്: പഠിച്ചു ജയിച്ചാലും സര്‍ട്ടിഫിക്കറ്റ് കിട്ടണേല്‍ പിന്നേം കോഴ കൊടുക്കണമെന്നുള്ളതാ അവസ്ഥ…ഇന്നാള് ഒരുത്തിയെ പിടിച്ചത് ഓര്‍ക്കുന്നില്ലേ….
തങ്കച്ചന്‍: ഇങ്ങനെ പോയാ എന്നാ ചെയ്യുമെടാ ഉവ്വേ…നാടിന്റെ കാര്യം കട്ടപ്പൊകയാകുമോ…
ജോസ്: ബൈബിളില്‍ പറയുന്നതുപോലെ നിങ്ങള്‍ എന്നെയോര്‍ത്ത് സങ്കടപ്പെടേണ്ട…നിങ്ങളെയും നിങ്ങളുടെ സന്തതികളുടെയും കാര്യം നോക്കിക്കോ…
തങ്കച്ചന്‍: അതുനേരാ…നമ്മളിവിടെ കുത്തിയിരുന്ന് സ്വയം പഴിച്ചിട്ട് കാര്യമില്ല…ഉള്ളത് വിറ്റ്‌പെറുക്കി പിള്ളേരെ അക്കരെക ടത്താം.