നേരംപോക്ക്
എപ്പിസോഡ്- 9
ഒരു സംവിധായകന്റെ വേഷവിധാനത്തില്‍ ജോസ്. കൈകള്‍ നീട്ടി കാമറയുടെ ആംഗിളുകള്‍ നോക്കുകയാണ്. നില്‍പ്പും മട്ടുംഒരു സംവിധായകന്റേതാണ്. നീട്ടിപ്പിടിച്ച കൈകള്‍ക്കിടയിലൂടെ ദൂരെനിന്നും നടന്നുവരുന്ന തങ്കച്ചനെ കാണാം. തങ്കച്ചനെ കണ്ടതോടെ ജോസിന്റെ വേഷംകെട്ടലിന് ആക്കംകൂടി. പ്രതീക്ഷിക്കാത്ത രൂപത്തില്‍ ജോസിനെ കണ്ട് തിരിച്ചറിയാതെ പകച്ച് തിരിച്ചോടാന്‍ ഒരുങ്ങുന്ന തങ്കച്ചന്‍.
തങ്കച്ചന്റെ പകപ്പ് കണ്ട് ചിരിയോടെ ജോസ്: ഓടേണ്ട …ഇങ്ങ് പോര്…(തലയിലെ തൊപ്പി ഊരുന്നു)
ജോസിനെ തിരിച്ചറിഞ്ഞ് തങ്കച്ചന്‍ ആശ്വാസത്തോടെ: (മുന്നോട്ട് വന്നുകൊണ്ട്) ഹോ…ഞാന്‍ പേടിച്ചുപോയല്ലോടാ ഉവ്വേ…ആരാന്ന് ഓര്‍ത്തു…നിനക്കിതെന്നാ പറ്റി…തലേടെ ആണി ഊരിപ്പോയോ….അതോ പെമ്പ്രന്നോത്തി വിറകുമുട്ടി വെച്ച് തലയ്ക്കിട്ടു തന്നോ….
ജോസ്: നിങ്ങളോട് ഫ്രെയിമിലോട്ട് ചാടിക്കേറിവരാന്‍ ആരാപറഞ്ഞത്….
തങ്കച്ചന്‍: ഫ്രെയിമോ…(തിരിഞ്ഞുനോക്കിക്കൊണ്ട്) ഞാന്‍ അവിടെഒന്നും കണ്ടില്ലല്ലോ…അല്ലേലും നടപ്പുവഴിയിലാണോടാ ഇങ്ങനെയുള്ളതൊക്കെ കൊണ്ടുവന്നു വെക്കുന്നത്…ആരെങ്കിലും തട്ടിവീണാല്‍…സമാധാനം പറയേണ്ടിവരും…
ജോസ്: ഹോ…നിങ്ങളെയെന്നാ ചെയ്താല്‍ മതിയാകും…ഫ്രെയിം എന്നുപറഞ്ഞാല്‍ ഇതാ ഇങ്ങനെ (കൈകൊണ്ട് കാണിച്ചുകൊണ്ട്) കാമറയുടെ ഫ്രെയിം…
തങ്കച്ചന്‍: രണ്ടുമൂന്നു ദിവസമായിട്ട് ഞാന്‍ ചോദിക്കണമെന്നു കരുതിയതാ…കാട്ടായങ്ങള് കണ്ടിട്ട്…നിന്റെ ചാനലുപോയോ…
ജോസ്: നിങ്ങള്‍ക്ക് വിവരമില്ലാത്തതിന് ഞാന്‍ എന്നാ ചെയ്യാനാ….ഞാന്‍ വീഡിയോ എടുക്കാന്‍ പഠിച്ചോണ്ടിരിക്കുവാ…ഒരു സംവിധായകനാകാന്‍ തീരുമാനിച്ചു….
തങ്കച്ചന്‍: ങാഹാ…കൊള്ളാലോ…സിനിമയെടുക്കാനാണോ…വല്ല തുണ്ടുപടോം പിടിക്കാനായിരിക്കും….
ജോസ്: നിങ്ങളീ കാലംമാറിയതൊന്നും അറിഞ്ഞില്ലേ…തുണ്ടുപടത്തിന്റെ കാലത്താണോ ഇപ്പഴും…
തങ്കച്ചന്‍: സിനിമയൊക്കെ പിടിക്കണേല് ബുദ്ധിയും വിവരവും വേണം…നിനക്കിതു രണ്ടുമില്ല…പിന്നെയെങ്ങനാ….
ജോസ്: അതൊക്കെ പണ്ട്…ഇപ്പോ ബുദ്ധിയും വിവരോം ഒന്നും വേണ്ട…നല്ല തൊലിക്കട്ടിയുണ്ടേല്‍ മതി…
തങ്കച്ചന്‍: ങാ…എങ്കില്‍ ഞാന്‍ സമ്മതിച്ചു നിന്നെ കൊണ്ടു സാധിക്കും…
ജോസ്: തങ്കച്ചാ…നമ്മള്‍ക്ക് ആഗ്രഹം ശക്തിയായിട്ടുണ്ടെങ്കില്‍ എന്തും സാധിക്കും….നിങ്ങള്‍ക്ക് ശക്തമായ ആഗ്രഹമുണ്ടെങ്കില്‍ അതു സാധിക്കുന്നതിനായി ലോകം മുഴുവന്‍ നിങ്ങളുടെയൊപ്പം നില്‍ക്കും…ഇതു ഞാന്‍ പറഞ്ഞതല്ല പൗലോകൊയ്‌ലോ പറഞ്ഞതാ…
തങ്കച്ചന്‍: പുള്ളി ഏതോ ഒരു നിമിഷത്തില്‍ അങ്ങനെ പറഞ്ഞെന്നു കരുതി നാട്ടുകാര് മുഴുവന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയാല്‍ ചുറ്റിപ്പോകത്തേയുള്ളു…
ജോസ്: തങ്കച്ചാ…ഞാനെടുക്കുന്നത് സിനിമയല്ല…ഷോര്‍ട്ട്ഫിലിം… തിയേറ്ററിലൊന്നുമല്ല…യു ട്യൂബിലാണ് ഇതുവരുന്നത്…
തങ്കച്ചന്‍: ങാ…അതുള്ളതാ…യുട്യൂബില്‍ ഞാന്‍ വീഡിയോ കാണുന്നതാ…
ജോസ്: ഇതു തങ്കച്ചാ….ഒരു നല്ല മൊബൈലുണ്ടേല്‍ ആര്‍ക്കും ചെയ്യാം…ഷോര്‍ട്ട് ഫിലിമൊക്കെ എടുക്കണേല്‍ നമ്മള് ഒന്നുരണ്ടുപേരേക്കൂടികൂട്ടണം…
തങ്കച്ചന്‍: വേറേ ചിലത് കാണാമല്ലോ…നമ്മള്‍ ഇങ്ങനെ വാ അനക്കും…സിനിമേലേ ഡയലോഗൊക്കെയാ പിന്നെ വരുന്നത്…
ജോസ്: ങാ…അത് റീല്‍സ്, ഷോര്‍ട്‌സ് എന്നൊക്കെ പറയും…
തങ്കച്ചന്‍: അതിന്റെ പരിപാടി നിനക്ക് അറിയാമോ….
ജോസ്: അത് തങ്കച്ചാ നിങ്ങള്‍ക്കുവേണേലും ചെയ്യാം…മൊബൈല് ഓണാക്കിക്കൊണ്ട് അടുക്കളേലോട്ട് ചെല്ലണം…എന്നിട്ട് ചുമ്മാ ചേടത്തിയെ എന്തെങ്കിലും പറഞ്ഞ് ഒന്നു ഞോണ്ടണം…അപ്പം ചേടത്തിയുടെ സ്വാഭാവത്തിന് നല്ല സരസ്വതി വിളിച്ചുപറയും. അത് അന്നേരേ യുട്യൂബിലോട്ട് കേറ്റിയിടണം…രണ്ടു മണിക്കൂറുകൊണ്ട് സംഭവം വൈറലാകും…
തങ്കച്ചന്‍: അതുശരി…ഇപ്പം ഞങ്ങള് തമ്മിലുള്ള അടി അയലോക്കംകാര്‍ക്കേ അറിയത്തുള്ളു…ഇനി ലോകത്തുള്ളോരെല്ലാം അറിഞ്ഞോട്ടേയെന്നാണോ നിന്റെ മനസിലിരുപ്പ്…
ജോസ്: അതിപ്പം വൈറലായാല്‍ കാശു വാരാം യുട്യൂബില്‍ നിന്ന്…
തങ്കച്ചന്‍: ങേ…കാശുകിട്ടുമോ…അതുശരി അപ്പം വെറുതേയല്ല എല്ലാവനും ഹായ്..ഗൈസ് എന്നും പറഞ്ഞ് നേരംവെളുക്കുമ്പോഴേ ഇറങ്ങുന്നത്….
ജോസ്: സിനിമ കണ്ടേച്ച് വായില്‍തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞാലും മതി…വൈറലാകാം…അങ്ങനെ വൈറലായി കാശുവാരാന്‍ പല പരിപാടികളുണ്ട് ഇപ്പോ…
തങ്കച്ചന്‍: ഇറങ്ങുന്ന സിനിമയെല്ലാം കാശുമുടക്കി കണ്ട് പഠിച്ച് മനസിലാക്കി നിരൂപണം ചെയ്യല് അത്ര എളുപ്പം പണിയാണോ…
ജോസ്: അതിന് സിനിമ കാണുന്നതെന്തിനാ…സിനിമ തീര്‍ന്ന് ആളിറങ്ങുന്ന നേരത്ത് അങ്ങോട്ടു ചെന്ന് അവരുടെ ഇടേല്‍ നിന്ന് ഫസ്റ്റ് ഹാഫു കൊള്ളായിരുന്നു…ലാഗില്ല…ടൊട്ടാലിറ്റി…. എന്നൊക്കെ എന്തേലുമൊക്കെ വെച്ചുകാച്ചിയാല്‍ മതി…
തങ്കച്ചന്‍: ങാ…അതൊക്കെ വിളഞ്ഞവന്മാര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാ…അതുപോട്ടെ നീ സംവിധാനം പഠിക്കുന്നതിന്റെ ഭാഗമായിട്ടാണോ തൊപ്പിയൊക്കെ വെച്ചിരിക്കുന്നത്…എങ്കിലൊരു കുട്ടി നിക്കറുംകൂടിയിടണം…എന്നാലേ എല്ലാം പൂര്‍ത്തിയാകൂ…
ജോസ്: അപ്പന്റെ വള്ളിനിക്കറ് പഴയത് കിടന്നത് എടുത്ത് അലക്കിയിട്ടിട്ടുണ്ട്…ഉണങ്ങിയില്ല….
തങ്കച്ചന്‍: ഒരു കൂളിംഗ് ഗ്ലാസ് കൂടി വേണം…
ജോസ്: അതുശരിയാ…ആരെങ്കിലും കൂവിയാലും മുഖത്തെ ചമ്മല് ആരുംമനസിലാക്കില്ല….
തങ്കച്ചന്‍: നാട്ടുകാര് കൂവിയാല് പണ്ട് കുട്ടിനേതാവായിരുന്നുവെന്നു പറഞ്ഞാല്‍മതി….അക്കാദമി ചെയര്‍മാന്‍ കഴിഞ്ഞദിവസം പറഞ്ഞപോലെ….
ജോസ്: എന്റെ സംശയം അതല്ല…ഈ നേതാക്കളെയും സിനിമാക്കാരെയുമൊക്കെ വിമര്‍ശിക്കുകയോ കൂവുകയോ ചെയ്യുമ്പോള്‍ അതിന്റെ കാരണത്തിനുള്ള വിശദീകരണം കൊടുക്കാതെ എന്റെ അപ്പന്‍ പണ്ട് ആനപ്പുറത്തിരുന്നതാ അതിന്റെ തഴമ്പ് എന്റെ ചന്തിയേലുണ്ടെന്ന മട്ടിലെന്തിനാ പറയുന്നത്….
തങ്കച്ചന്‍:അതിനാണ് ഉത്തരംമുട്ടുമ്പം കൊഞ്ഞനംകുത്തുകയെന്നു പറയുന്നത്….
ജോസ്: എന്താണേലും ഞാന്‍ ഒരുകാര്യം തീരുമാനിച്ചതാ…വീഡിയോ എടുത്ത് പുകുപുകാന്ന് യുട്യൂബിലിടും…കാശുകാരനാകും….
തങ്കച്ചന്‍: എന്നിട്ടുവേണം…. ഇന്‍കംടാക്‌സുകാര് വീട്ടീന്നിറങ്ങാന്‍ നേരംകാണുകേല….രാവിലെ അപ്പോം ചിക്കന്‍സ്റ്റൂവും ഉണ്ടാക്കിവെച്ചിട്ട് കഴിക്കാനിരിക്കുമ്പം ഇന്‍കംടാക്‌സുകാര് കേറിവരുന്നതിനേക്കാള്‍ നല്ലത് ഉള്ള പഴേംങ്കഞ്ഞിവെള്ളോംകുടിച്ചേച്ച് ഏമ്പക്കം വിട്ട് അന്തസ്സോടെ വീട്ടിലിരിക്കുന്നതാ…
ജോസ്: കഴിഞ്ഞ ദിവസം സിനിമാക്കാരുടെയൊക്കെ വീട്ടില്‍ റെയ്ഡല്ലായിരുന്നോ…രാവിലെ കാപ്പികുടിക്കാനിരുന്നപ്പോഴാ എല്ലാവരുംകൂടി വീട്ടിനകത്തോട്ട് കേറിവന്നത്…
തങ്കച്ചന്‍: എനിക്കാ പൃഥ്വിരാജിന്റെ കാര്യം ഓര്‍ത്തിട്ടാ സങ്കടം…അറംപറ്റിയതുപോലെയായിപ്പോയി…ടാക്‌സ് അടച്ചില്ലെങ്കില്‍ ഇതുപോലെ റെയ്ഡ് നടത്തുമെന്ന് പരസ്യത്തില്‍ പറഞ്ഞിട്ട് തിരിഞ്ഞുനോക്കിയപ്പോ അങ്ങേരുടെ വീട്ടില്‍ത്തന്നെയായിപ്പോയി…
ജോസ്: അത് അസ്സല്‍ പൊലീസുകാരുടെ സ്വഭാവം കാണിച്ചു…..പരസ്യത്തില്‍ അഭിനയിച്ചതിന് കാശുകൊടുത്തിട്ട് വീട്ടില്‍ വന്ന് അത് തിരിച്ചുപിടിച്ചോണ്ടുപോന്നതുപോലെയായിപ്പോയല്ലെ…
തങ്കച്ചന്‍: ക്രിസ്തു പറഞ്ഞതുപോലെ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുത്തേക്കുവാണേല്‍ കുഴപ്പമില്ലല്ലോ….
ജോസ്: ഇതിനുംമാത്രം പൈസയെങ്ങനാ കിട്ടുന്നതെന്നാ എനിക്കുമനസിലാകാത്തത്….തിയേറ്ററില്‍ ചെന്നാല്‍ അവിടെയെങ്ങും ആരുംസിനിമ കാണാനില്ല….ഒന്നിനു പുറകേ ഒന്നായിട്ട് സിനിമയും ഇറങ്ങുന്നുണ്ട്…
തങ്കച്ചന്‍: പണ്ടൊക്കെ ഒരു സിനിമ പൊട്ടിയാല്‍ പിന്നെ ആ നിര്‍മാതാവിന്റെ പൊടിപോലും കാണാന്‍ കിട്ടില്ല…അതോടെ തീരും…
ജോസ്: ഇപ്പോഴത്തെ ട്രെന്‍ഡെന്നതാന്നു ചോദിച്ചാല്‍ നടനും സംവിധായകനുമൊക്കെയായിരിക്കും മുഖ്യനിര്‍മാതാക്കള്‍…കൂടെ വേറെ ആരെങ്കിലും കാണും….അവരെ ഇങ്ങനെ എപ്പഴും മാറ്റിക്കൊണ്ടിരിക്കും….
തങ്കച്ചന്‍: അത് കൊള്ളാം…ആറ്റില്‍ വെള്ളം കുറഞ്ഞാലും കൂടിയാലും ബോട്ട് നമ്മുടെ കടവത്ത് തന്നെ കിടക്കും…
ജോസ്: അതൊക്കെ പോട്ടെ…നിങ്ങള് അഭിനയിക്കുന്നോ…നിങ്ങളെ ഞാന്‍ താരമാക്കാം…
തങ്കച്ചന്‍: അഭിനയിക്കണമെന്നും സൂപ്പര്‍ സ്റ്റാറാകണമെന്നും ആഗ്രഹമില്ലാത്തവരായി ആരുണ്ട്…പക്ഷേ…നീ എന്നെ കൊണ്ടുപോയി വല്ല കുഴീലും ചാടിക്കുമോന്നു് പേടിയുമുണ്ട്…
ജോസ്: പിന്നെ നിങ്ങള് എന്റെ കൂടെ നടന്ന് എത്രകുഴീല് വീണിട്ടുണ്ട്….ചുമ്മാ നെഗറ്റീവ് അടിക്കാതെ…(തോളില്‍തട്ടിക്കൊണ്ട്) ബി പോസിറ്റീവ് മാന്‍…
തങ്കച്ചന്‍: ആട്ടെ നീ എനിക്കെന്നാ വേഷമാ തരുന്നത്…
ജോസ്: ഒരു ഗുണ്ടയുടെ വേഷം….(ആംഗിള് നോക്കി) അതു നിങ്ങള്‍ക്ക് ചേരും….
തങ്കച്ചന്‍: ഗുണ്ടയോ…ഇത്ര ഗ്ലാമറുള്ള ഞാന്‍ ഗുണ്ടയോ….നിനക്കറിയാമോ…പണ്ട് ഞാന്‍ നാടകത്തില്‍ പെണ്‍വേഷത്തില്‍ അഭിനയിച്ചിട്ട് എന്നാ കയ്യടി കിട്ടിയതാന്ന് അറിയാമോ…ഒരു ചേട്ടന്‍ അന്നത്തെക്കാലത്ത് പത്തുകിലോമീറ്ററ് ജീപ്പെടുത്തുപോയി എനിക്ക് സമ്മാനം മേടിച്ചു തന്നതാ…അവസാനം ആളുകൂടിയപ്പം ഞാന്‍ മുങ്ങുകയായിരുന്നു…
ജോസ്: (ആകെ മൊത്തം നോക്കി) നിങ്ങള് ….സ്ത്രീവേഷം…ബോഡിഷെയിമിംഗിന് വല്ലകേസും വന്നാല്‍ അകത്തുകിടക്കേണ്ടിവരുമല്ലോയെന്നോര്‍ത്ത് ഞാന്‍ ഒന്നും പറയുന്നില്ല.
തങ്കച്ചന്‍: ഗുണ്ടയെങ്കില്‍ ഗുണ്ട….ആട്ടെ എന്നാ ചെയ്യണം…
ജോസ്: നിങ്ങളിങ്ങനെ മുണ്ട് കേറ്റികുത്തി നടന്നു വന്ന് ഒരു കാല് കേറ്റിവെച്ച് ഡയലോഗ് പറയണം…
തങ്കച്ചന്‍: (മുണ്ട് മടക്കികുത്തിക്കൊണ്ട്) എന്തെരെ കേറ്റിക്കുത്തണം…ഇതുമതിയോ…
ജോസ്: അണ്ടര്‍വെയറിന്റെ തുമ്പ് പുറത്ത് കാണണം…
തങ്കച്ചന്‍: എന്നാല്‍പിന്നെ മുണ്ടുടുക്കാതിരിക്കേണ്ടിവരും…ഈയിടെ ഒരു സിനിമാ നടി പാട്ടുസീനില്‍ അഭിനയിച്ചതുപോലെയായിപ്പോകുമല്ലോ…
ജോസ്: നിങ്ങളിതെന്നതാ പറയുന്നത്….പഴയ അണ്ടര്‍വെയറിന്റെ കാര്യമാ പറഞ്ഞത്….ശരി നടന്നു വാ…
തങ്കച്ചന്‍ ഗുണ്ടാ സ്റ്റൈലില്‍നടന്നു വന്ന് ഇരിക്കുന്ന കല്ലില്‍ കാലെടുത്തുവെക്കുന്നു.. മൊബൈലില്‍ ഷൂട്ടു ചെയ്യുന്ന ജോസ്…
ജോസ്: (മൊബൈലില്‍ നിന്ന് കണ്ണെടുത്ത്) ശ്ശെ…ഇതെന്നാ ഗുണ്ടയാ….ഇങ്ങനെയാണോ ഗുണ്ടയുടെ നടപ്പ്…(അഭിനയിച്ചു കാണിച്ചുകൊണ്ട്) ഇങ്ങനെ വരണം…
തങ്കച്ചന്‍: (ജോസിന്റെ നടത്തത്തെ കളിയാക്കി) പിന്നെ…ഗുണ്ട ഇങ്ങനെ ആടിയാടിയല്ലെ നടക്കുന്നത്…
ജോസ്: ങാ…നടനായില്ല ..അതിനുമുന്നെ സംവിധായകനെ വെല്ലുവിളിക്കുകയാണോ….
തങ്കച്ചന്‍: നീ ഡയലോഗ് പറ…
ജോസ്: പിച്ചാത്തികൊണ്ട് കവിള് ചൊറിഞ്ഞ് കൊണ്ട് ഇങ്ങനെ പറയണം..പിച്ചാത്തിക്കുപകരം ഈ കമ്പെടുത്തോ…(അഭിനയിച്ചു കാണിച്ചുകൊണ്ട്) എന്താടീ നിനക്കൊരു മൈന്‍ഡില്ലാത്തത്….
തങ്കച്ചന്‍: ഇപ്പം മനസിലായി പടം എങ്ങോട്ടാ പോകുന്നതെന്ന്…നീ ഭീമന്‍ രഘുവിന്റെ ഏതോ സിനിമ കണ്ടേച്ചുവന്നതാ..
ജോസിന്റെ ഫോണ്‍ ബെല്ലടിക്കുന്നു..
ജോസ്: വീട്ടീന്നാണല്ലോ…(ഫോണ്‍ എടുക്കുന്നു)ങാ….എന്നാ…എന്റെ കൈയിലുണ്ട്….ങാ…ഞാനിച്ചിരി തിരക്കില
ാ…ങാ…ഞാനിപ്പം വരാം…
തങ്കച്ചന്‍: ആരാ..വീട്ടുകാരത്തിയാണോ…എന്നാ പറ്റി.
ജോസ്: (പോകാനൊരുങ്ങിക്കൊണ്ട്) അവളാ വിളിച്ചത്…മകന്റെ പിള്ളേര് വഴക്കാന്ന്…അവര് ഗെയിംകളിക്കുന്ന ഫോണുമെടുത്തോണ്ടാ ഞാന്‍ വന്നത്…അതിപ്പം കൊണ്ടുപോയി കൊടുക്കണം…
തങ്കച്ചന്‍: ങാ…എന്നാ വേഗം ചെല്ല്..ഫോണിന്റെ കാമറ ഓഫാക്കിക്കോ…അല്ലേല്‍ അങ്ങ് ചെല്ലുമ്പം ചെലപ്പം വൈറലാകും…
ജോസ്: (സംവിധായകന്റെ സ്‌റ്റൈലില്‍) അപ്പോ…പായ്ക്കപ്പ്….