അനുരാഗ കരിക്കിന്‍വെള്ളം വീണുടഞ്ഞപ്പോള്‍

0
25

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-1

ചാരുകസേരയില്‍ ചാരിയിരിക്കുന്ന ചേട്ടന്‍. കൈയില്‍ വിവാഹഫോട്ടോ ഫ്രെയിംചെയ്തത്. അതില്‍ നോക്കി എല്ലാം മറന്നിരിക്കുകയാണ്. മുഖത്ത് നിര്‍വൃതിയുടെ ചിരി. ഓര്‍മകള്‍ വിവാഹനാളുകളില്‍ ഊയലാടുകയാണെന്നു വ്യക്തം. പരിസരം മറന്നുള്ള ഇരുപ്പാണ്. ആ ലയത്തില്‍ തന്നെ ഒരു പഴയ സിനിമാപ്പാട്ടിന്റെ ഈരടികള്‍ ചുണ്ടുകളില്‍….
അല്ലിയാമ്പല്‍ കടവില്‍ അന്ന് അരയ്ക്കുവെള്ളം…
അന്നു നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍വെള്ളം….
കാടുപൂത്തല്ലോ….

അകത്തു നിന്നു കടന്നുവരുന്ന ചേടത്തി:
പറമ്പിലോട്ട് ചെന്നു നോക്ക്…പറമ്പെല്ലാം കാടുപോലായി…പൂത്തോന്ന് അറിയാം…വെറുതെ തിണ്ണേല്‍ പാട്ടുപാടിയിരുന്നോ…

ഭാര്യയുടെ ശബ്ദം പാട്ടുപാടി ഓര്‍മകളില്‍ ലയിച്ചിരിക്കുന്ന ചേട്ടന്റെ മുഖത്തേക്ക്…

മൂഡ് തകര്‍ത്തതിന്റെ ഇഷ്ടക്കേടോടെ ചേട്ടന്‍: ശ്ശെ …നശിപ്പിച്ചു…രാവിലെ നല്ല ഒരു മൂഡായി വരുകയായിരുന്നു..

ചേടത്തി: മനുഷ്യാ…നിങ്ങളിവിടെ മൂഡും ഉണ്ടാക്കിക്കൊണ്ടിരുന്നോ…കപ്പേടെ മൂടുമുഴുവന്‍ എലിമാന്തി തകര്‍ക്കുകയാ…കപ്പ പറിക്കാന്‍ ചെല്ലുമ്പം കപ്പേടെ മൂട്ടിലൊന്നും കാണില്ല.

ചേട്ടന്‍: (സന്ദര്‍ഭത്തിനു യോജിക്കാത്ത വിഷയം അവതരിപ്പിച്ചതിലെ ഇഷ്ടക്കേടോടെ) നീയെന്താ ഇങ്ങനെ…സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറാന്‍ അറിയത്തില്ല നിനക്ക്. ഇപ്പം ഞാന്‍ പ്രതീക്ഷിക്കുന്നതെന്താന്ന് അറിയാമോ…നീ ഇങ്ങനെ കുണുങ്ങി കുണുങ്ങി…വരുന്നു…എന്നിട്ട് അനുരാഗകരിക്കിന്‍വെള്ളം എനിക്ക് പകരുന്നു….(ആംഗ്യവിക്ഷേപങ്ങളോടെയുള്ള വിവരണം.)

ചേടത്തി: തെങ്ങേന്ന് എലികണ്ടിച്ചിട്ടതാന്ന് പറഞ്ഞ് ചെറുക്കന്‍ ഒരു കരിക്ക് അടുക്കളവശത്ത് കൊണ്ടുവെച്ചിട്ടുണ്ട്….വേണെലെടുക്കാം…അതിനകത്ത് അനുരാഗ കരിക്കിന്‍വെള്ളം ഉണ്ടോയെന്ന് അറിയില്ല…

ചേട്ടന്‍: ഹോ…നിന്നോടൊന്നും പറഞ്ഞിട്ടു കാര്യമില്ല…അവനെന്തിയേ…കണ്ടില്ല്ല്ലോ…

ചേടത്തി: രണ്ടും കൂടി രാവിലെ വണ്ടിയുമെടുത്ത് പോകുന്നതു കണ്ടില്ലായിരുന്നോ…

ചേട്ടന്‍: (നിരാശാഭാവത്തോടെ) എന്നാ പറയാനാ വണ്ടിയോടിക്കാനറിയാമായിരുന്നെങ്കില്‍ നമുക്കും അങ്ങനെ വല്ലയിടത്തുമൊക്കെ കറങ്ങാന്‍ പോകാമായിരുന്നു.

ചേടത്തി: (അരിശത്തോടെ) നിങ്ങളോടു ഞാന്‍ എത്രപ്രാവശ്യം പറഞ്ഞതാ എങ്ങനെയെങ്കിലും ഒന്നു ഡ്രൈവിംഗ് പഠിക്കാന്‍…

ചേട്ടന്‍: പൊക്കോണം മുന്നില്‍ നിന്ന്…നീ പറഞ്ഞത് കേട്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോയതിന്റെ അനുഭവം മറന്നിട്ടില്ല. അന്ന് ആശാന്റെ തന്തയ്ക്കുവിളിയും കേട്ടു പോക്കറ്റിലെ കാശും പോയി.

ചേടത്തി: അത് എങ്ങാണ്ടും നോക്കി വണ്ടിയോടിച്ച് തലേംകുത്തി മറിഞ്ഞതിന് ഞാനെന്തു പിഴച്ചു.

ചേട്ടന്‍: (അല്പം നിരാശയോടെ) വണ്ടിയോടീരൊന്നും നടക്കില്ലെടി…(ആംഗ്യവിക്ഷേപങ്ങളോടെ)മുന്നീന്നു വണ്ടിവരുന്നുണ്ടൊന്നും നോക്കണം…പിറകിലെ കാര്യം നോക്കണം…രണ്ടു സൈഡിലെ കാര്യം നോക്കണം…ഇതിനിടയ്ക്ക് ഗിയറു മാറണം…ക്ലച്ചു ചവിട്ടണം…ബ്രേക്ക് ചവിട്ടണം…ആക്സിലേറ്ററ് ചവിട്ടണം…ഹോ…തലമരയ്ക്കും…ഇതെല്ലാം ഞാന്‍ ഒറ്റയ്ക്കു ചെയ്യണം…നടക്കില്ലെന്റെ പൊന്നോ….

ചേടത്തി: (അല്പം നിരാശയോടെ)ങാ…നിങ്ങടെകൂടെ വണ്ടീടെ മുന്നിലിരുന്നൊന്നു പോണോന്നുണ്ടായിരുന്നു…അതു നടക്കില്ല..

ചേട്ടന്‍: അതിനിപ്പം എന്നാ…ഇനി ചെറുക്കന്റെ കൂടെ പോകുമ്പം അവന്റെ ഭാര്യേ മുന്നിലിരുത്തിയിട്ട് നമുക്ക് രണ്ടു പേര്‍ക്കും കൂടി പുറകില്‍ മുട്ടിയുരുമ്മിയിരിക്കാം…ഹി..ഹി..

ചേടത്തി: ങാഹാ…അങ്ങനെ അവളിപ്പം മുന്നിലിരുന്ന് സുഖിക്കേണ്ട…

ചേട്ടന്‍: ഇതാ പറയുന്നത് പെണ്ണിന്റെ ശത്രു പെണ്ണുതന്നെയെന്ന്…

ചേടത്തി: നിങ്ങളു ചുമ്മാതിരി മനുഷ്യാ…രാവിലെ എന്നെയും അവളെയും തമ്മി തെറ്റിക്കാനുള്ള പരിപാടിയുമായിട്ടിറങ്ങിയിരിക്കുവാണോ…

ചേട്ടന്‍: അതൊക്കെ പോട്ട്…നീ ഇവിടിരി…നമുക്ക് ചുമ്മാ മിണ്ടീംപറഞ്ഞും കുറച്ചുനേരം ഇരിക്കാം…

ചേടത്തി: പിന്നെ…ഇനി വയസ്സനാംകാലത്താ ശൃംഗാരം…

ചേട്ടന്‍: എവിടാടി വയസ്സായത്…മമ്മൂട്ടിയേക്കാളും രണ്ടുവയസു കൂടുതലേയുള്ളു എനിക്ക്…

ചേടത്തി: ഓ…നിങ്ങളു മമ്മൂട്ടി കളിച്ചിരുന്നോ…അങ്ങേര് പത്തു തലമുറയ്ക്കുള്ളത് സമ്പാദിച്ചുവെച്ചിട്ടുണ്ട്…പെന്‍ഷന്‍ മുടങ്ങിയാ നിങ്ങടെ കഞ്ഞികുടി മുട്ടും…

ചേട്ടന്‍: എടീ ശരീരത്തിനേ പ്രായം കൂടൂ…മനസിപ്പഴും യംഗാ…

ചേടത്തി: അതുപിന്നെ മനസിന് കൈയും കാലും ഒന്നുമില്ലാത്തതു കൊണ്ട് വേദനയും നീരും വരുകേലല്ലോ….

ചേട്ടന്‍:ഓ…പിന്നെ…എല്ലാവര്‍ക്കും മല്ല മനസു കിട്ടില്ല….നിന്റെ അപ്പന്റെ മനസുപോലെ നീരുവീഴ്ചയുള്ള മനസുമുണ്ട്…

ചേടത്തി: ദേ..മനുഷ്യാ…മരിച്ചുപോയ എന്റെ അപ്പനെ പറയരുത് കേട്ടോ…(എണീറ്റുകൊണ്ട്) ഇവിടെയിരുന്നാല്‍ ശരിയാകില്ല…പിള്ളേരു വരുമ്പഴേക്ക് കഞ്ഞീംകറിയുമൊക്കെ ശരിയാക്കണം…

ചേട്ടന്‍: ങാ…ചെല്ല്…നീ അടുക്കളേല്‍ തീയുമുന്തി നടന്നോ…അവരിപ്പം ആടിപ്പാടി പുറത്തൂന്നെന്തെങ്കിലുമൊക്കെ കഴിച്ചേച്ചും വരും…

അകത്തേക്കു പോകുന്ന ചേടത്തി. മടിയില്‍ നിന്നും ഫോട്ടോയെടുത്ത് മാറ്റിവെച്ചു പത്രമെടുത്തു നിവര്‍ത്തി നിരാശയോടെ..
ചേട്ടന്‍: ങാ…ഇനി വല്ല ചരമക്കോളവും വായിച്ചു നേരം കളയാം.

LEAVE A REPLY

Please enter your comment!
Please enter your name here