ചേട്ടനും ചേടത്തിയും
എപ്പിസോഡ്-2
മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ചേട്ടന്‍. നടത്തത്തിന്റെ വേഗത ഇടയ്ക്കിടയ്ക്ക് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. ഉള്ളില്‍ കിടന്ന് ഏതാണ്ട തിളച്ചുമറിയുന്നുണ്ടെന്ന് നടത്തംകണ്ടാല്‍ അറിയാം. മുഖത്തും അതിനനുസരിച്ചുള്ള ഭാവങ്ങള്‍.
അകത്തുനിന്നും ഫോണില്‍ സംസാരിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങിവരുന്ന ചേടത്തി. ഓസ്‌ട്രേലിയയിലുള്ള മകളാണ് ഫോണില്‍. മകളോടുള്ള വാത്സല്യവും സംസാരിക്കുന്ന വിഷയത്തിലെ താത്പര്യവും മുഖത്ത്.സംസാരത്തിന്റെ തുടര്‍ച്ച:
അതുസാരമില്ലെടി ..ഞാന്‍ അപ്പച്ചനോട് പറഞ്ഞോളാം….
എനിക്കിപ്പം ഇവിടെയെന്നാ തിരക്ക്…ചുമ്മാ ഇരിക്കുവല്ലേ…
ആയിക്കോട്ടെ…ഞാന്‍ വിളിക്കാം…അപ്പച്ചനോട് പറയാം…ശരി..
ഫോണ്‍ സംഭാഷണം കേള്‍ക്കാന്‍ ചേടത്തിയുടെ അടുത്തുവരുമ്പോള്‍ ചേട്ടന്‍ നടത്തത്തിന്റെ വേഗത കുറച്ച് ചെവി വട്ടം പിടിക്കുന്നുണ്ട്.
ഫോണ്‍ കട്ടുചെയ്തുകൊണ്ട് ചേടത്തി:
ദേ…പിന്നെയേ…അവളാ വിളിച്ചത്…
ചേട്ടന്‍: (ഇഷ്ടക്കേടോടെ)തേനൊലിക്കുന്നതുകണ്ടപ്പം മനസിലായി…
ചേടത്തി: പിന്നെ…തേനും പാലും…ഞാന്‍ എല്ലാവരോടും ഇങ്ങനെയാ വര്‍ത്തമാനം പറയുന്നത്…
ചേട്ടന്‍: അതുനേരാ…എല്ലാവരോടും ഇങ്ങനെയാ… എന്നോടൊഴിച്ച്…
ചേടത്തി: അതിന് നിങ്ങള് എന്നെ ഫോണ്‍ വിളിക്കാറുണ്ടോ…
ചേട്ടന്‍: എന്നാ നീ അടുക്കളേല്‍ പോയിരിക്കെടീ…ഞാന്‍ പറമ്പില്‍ പോയിരുന്ന് നിന്നെ ഫോണ്‍ വിളിക്കാം…
ചേടത്തി: നിങ്ങളെന്നാ മനുഷ്യാ ഞാനെന്തെങ്കിലും പറയുമ്പഴേ ഇങ്ങനെ ചാടിക്കടിക്കാന്‍ വരുന്നത്…രാവിലെ ഒരു നല്ല കാര്യം പറയാമെന്ന് കരുതിയപ്പം…
ചേട്ടന്‍: അതെന്നാടി നിന്റെ വായീന്നോരു നല്ല കാര്യം…അതൊരു സംഭവമാണല്ലോ…ഒന്നു കേക്കട്ടെ…
ചേട്ടത്തി: ദേ…നിങ്ങള് ചുമ്മാ എന്റെ കിറിക്കിട്ടുകുത്തി വല്ലതും പറയിപ്പിക്കരുത്…
ചേട്ടന്‍: (കൈ ചൂണ്ടിക്കൊണ്ട്) എന്നാ…നിന്റെ കിറിക്കിട്ടൊന്നു കുത്തിയിട്ടു തന്നെ…നീ എന്നാ പറയുമെടീ…ഒന്നു കാണണമല്ലോ…
ചേടത്തി: ഹോ…ഈ മനുഷ്യനെക്കൊണ്ടു തോറ്റു…ഞാന്‍ അടുക്കളേലോട്ടു പോകുവാ…
ചേട്ടന്‍: അടുക്കളയെന്നാ നിന്റെ ഒളിത്താവളമാണോ…നീ കാര്യം പറഞ്ഞിട്ടുപോയാ മതി.
ചേടത്തി: ദേ…നിങ്ങള് ചുമ്മാ കൊള്ളിച്ചു പറയാതിരുന്നാ ഞാന്‍ പറയാം…
ചേട്ടന്‍: ഇല്ല ഞാന്‍ മിണ്ടുന്നില്ല. നീ പറ…
ചേടത്തി: അവളു വിളിച്ചായിരുന്നു…
ചേട്ടന്‍: അതു നേരത്തേ പറഞ്ഞല്ലോ…ബാക്കി പറ…
ചേടത്തി: അടുത്തമാസത്തേക്ക് ടിക്കറ്റ് എടുക്കും…അങ്ങോട്ടുചെല്ലാന്‍ റെഡിയായിക്കോളാന്‍ പറഞ്ഞു…
ചേട്ടന്‍: ആരോട് റെഡിയായിക്കൊള്ളാന്‍…
ചേടത്തി: എന്നോട് അല്ലാണ്ട് പിന്നാരോട്…
ചേട്ടന്‍: അപ്പം ഞാന്‍വരണ്ടേടീ…
ചേടത്തി: നിങ്ങള്‍ക്ക് അവിടത്തെ ക്ലൈമറ്റ് പിടിക്കില്ലെന്നാ അവള് പറഞ്ഞത്..
ചേട്ടന്‍: എനിക്ക് പിടിക്കാത്ത ക്ലൈമറ്റെങ്ങനാടീ നിനക്ക് പിടിക്കുന്നത്…അത് പിന്നെ കാണ്ടാമൃഗത്തിന്റെ തൊലിയല്ലെ അമ്മേടെം മോള്‍ടേം…അതുകൊണ്ട് പറയാന്‍ പറ്റില്ല…
ചേടത്തി: ദേ മനുഷ്യാ…നിങ്ങളോട് ഞാന്‍ ആദ്യമേ പറഞ്ഞു…വേണ്ടാത്ത വര്‍ത്തമാനം പറയരുത്…
ചേട്ടന്‍: അങ്ങനെതന്നെ…അക്കരയ്ക്കു പോകാനുള്ള കപ്പലടുത്തില്ല…അതിനുമുന്നേ അവള്‍ക്കെന്റെ വര്‍ത്തമാനം വേണ്ടാത്തതായി… (മുകളിലോട്ട് നോക്കി) ദേണ്ടെടീ…ഒരു വിമാനം വരുന്നുണ്ട്…അവളു വിട്ടതായിരിക്കും നീ വേഗം കേറി പൊക്കോ…
ചേടത്തി: ന്റെ പൊന്നു മനുഷ്യാ നിങ്ങള്‍ക്ക് വരാന്‍ ഇഷ്ടമില്ലെന്നു പറഞ്ഞിട്ട്…ഇപ്പം ചുമ്മാ ചാടിക്കളിക്കുവാണോ…
ചേട്ടന്‍: എടീ അതു നിര്‍ബന്ധിക്കണം…അല്ലാണ്ട് നീ കാണിക്കുന്നപോലെ പറയേണ്ട താമസം കേറി സമ്മതം മൂളില്ല…
ചേടത്തി: ങാ…നിങ്ങള് കൊതികുത്തിയിവിടെയിരുന്നോ…ഇപ്പഴാണോ ഇതൊക്കെ പറയുന്നത്…
ചേട്ടന്‍: എടീ…കഴിഞ്ഞ വരവിന് അവള് ഓടിപ്പിടിച്ച് നിന്റെ പാസ്‌പോര്‍ട്ട് റെഡിയാക്കിയപ്പഴേ എനിക്ക് കാര്യം പിടികിട്ടിയതാ.
ചേടത്തി: എന്തു പിടികിട്ടിയെന്ന്…
ചേട്ടന്‍: എടീ അവള്‍ക്കും കെട്ടിയോനും കൊച്ചിനെ നോക്കാന്‍ ഒരാള് വേണം…അത്രേയുള്ളു…അല്ലാണ്ട് നിന്നെ ഓസ്‌ട്രേലിയമുഴുവന്‍ കറങ്ങികാണിക്കാന്‍ കൊണ്ടുപോകുകയാണെന്നാണോ നീ ഓര്‍ത്തത്.
ചേടത്തി: (കാര്യം പിടികിട്ടിയത് മറച്ചുവെച്ച്) കൊച്ചിനെ നോക്കിയാലെന്നാ കുഴപ്പം…എന്റെ മോള്‍ടെ പിള്ളേരല്ലേ…
ചേട്ടന്‍: പിള്ളേരെ നോക്കുന്നതിനു കുഴപ്പമൊന്നുമില്ല…എന്നേംകൂടിയങ്ങു കൊണ്ടുപോയാലെന്നാടി…നമുക്കു രണ്ടിനും കൂടി ഒന്നിച്ചവിടെയിരിക്കാന്‍മേലെ….
ചേടത്തി: അന്നേരം വിമാനടിക്കറ്റും ചെലവുമൊക്കെ കൂടില്ലേ…
ചേട്ടന്‍: ഞാനിവിടെ കഞ്ഞിവെള്ളം പോലും കിട്ടാതെ കിടന്നോട്ടെന്ന്…അല്ലേ…
ചേടത്തി: ഇവിടെ അവനും ഭാര്യയുമില്ലേ…
ചേട്ടന്‍: എന്നാപ്പിന്നെയെന്തിനാടി മരുമോളോട് ഇത്തിരി കട്ടന്‍ കാപ്പി അനത്തി തരാന്‍ പറഞ്ഞേന് നീ ഇന്നാള് കിടന്ന് തൊള്ളതുറന്നത്…
ചേടത്തി: അതുപിന്നെ ഞാനിവിടെയുള്ളപ്പോഴെന്തിനാ അവളോട് പറയുന്നത്…
ചേട്ടന്‍: എന്നാ ഞാനോരുകാര്യം ചോദിക്കട്ടെ…ഇന്നാള് നിന്റെ കാലൊടിഞ്ഞുകിടന്നപ്പം അവള് നാട്ടിലുണ്ടായിരുന്നല്ലോ…നീ അവളോട് രണ്ടാഴ്ച ഇവിടെ വന്ന് നില്‍ക്കാന്‍ പറഞ്ഞപ്പോ അവളെന്നതാ പറഞ്ഞത്…
ചേടത്തി: ആ…ഞാനെങ്ങും ഓര്‍ക്കുന്നില്ല….
ചേട്ടന്‍: ങാ…നീ ഓര്‍ക്കുകേല..പക്ഷേ മരുമോള് വല്ലതും പറഞ്ഞതാണേല്‍ നീ ഓര്‍ത്തിരുന്നേനെ…
ചേടത്തി: നിങ്ങളെന്നാ ഒന്നു പറഞ്ഞാ രണ്ടാമത് എല്ലാം മരുമോള്‍ടെ അടുത്തോട്ടുകൊണ്ടുപോകുന്നേ…
ചേട്ടന്‍: ഞാന്‍ കൊണ്ടുപോകുന്നതല്ല…തന്നെ പോകുന്നതാ…എടീ അന്നു നിന്റെ മോള് പറഞ്ഞതെന്നതാന്നോ…ഞാനില്ലെങ്കില്‍ ഇച്ചായന്റെ കാര്യം നോക്കാനാരുമില്ലെന്ന്…
ചേടത്തി: അതുപിന്നെ നേരല്ലെ അവളല്ലാതെ ആരാ അവള്‍ടെ കെട്ടിയോന്റെ കാര്യം നോക്കുന്നത്…
ചേട്ടത്തി: പിന്നെ അവന്‍ ഇള്ള കൊച്ചല്ലെ…അപ്പം നിന്റെ കെട്ടിയോന്റെ കാര്യം ആരുനോക്കുമെടീ…
ചേടത്തി: നിങ്ങള്‍ക്കിപ്പം എന്നാ വേണ്ടത്…ഞാന്‍ പോകുന്നില്ല…അവളെ വിളിച്ചു പറഞ്ഞേക്കാം…പോരേ…
അകത്തേക്ക് കയറി പോകുന്നു.
അരിശത്തോടെ ചേട്ടന്‍ നടത്തം തുടരുന്നു. അരിശവും സങ്കടവും വന്നിട്ട് എന്നാ ചെയ്യേണ്ടതെന്ന വ്യക്തതയില്ലായ്മയോടെ ചാരുബഞ്ചില്‍ ഇരിക്കുന്നു.
ഒരു കപ്പില്‍ ചായയുമായി വരുന്ന ചേടത്തി. മുഖത്ത് ചെറുപുഞ്ചിരിയുണ്ട്.
ചേടത്തി: ങാഹാ…നിങ്ങടെ പിണക്കം മാറിയില്ലേ…ദേ..ഈ ചായ കുടിച്ചേ…
ചേട്ടന്‍: എനിക്കിപ്പം ചായയും കോപ്പുമെന്നും വേണ്ട..
ചേടത്തി: ഹാ…പിണങ്ങാതെന്നേ…ചായ കുടിക്ക്…
ചേട്ടന്‍ മനസില്ലാമനസോടെ ചായ വാങ്ങുന്നു. ഒന്നു രുചിച്ചു നോക്കിയിട്ട് കപ്പ് ഭിത്തിയിലോട്ട് ശക്തമായി വെച്ചുകൊണ്ട്:
ഇതെന്നാ ചായയാ…മധുരോമില്ല…
ചേടത്തി: (ചായ രുചിച്ചു നോക്കിയിട്ട്) മധുരമുണ്ടല്ലോ…അല്ലേലും പിണങ്ങി കഴിഞ്ഞാപ്പിന്നെ പഞ്ചസാര കമത്തിയാലും നിങ്ങള്‍ക്കു മധുരമില്ല…
ചേട്ടന്‍: ഞാനാരോട്…എന്തിന് പിണങ്ങണം…
ചേടത്തി: ങാ…ഇനി അതുപോട്ടെ…അതേ…ഞാനവളെ വിളിച്ചു പറഞ്ഞു വരുന്നില്ലെന്ന്….
ചേട്ടന്‍: (കേട്ടമാത്രയില്‍ പെട്ടെന്ന് ചാടിയെണീറ്റ് സന്തോഷത്തോടെ) പറഞ്ഞോ…വരുന്നില്ലെന്ന്…
ചേടത്തി: നിങ്ങള് പിണങ്ങിയിരിക്കുവല്ലെന്ന് പറഞ്ഞിട്ട് ….ഇപ്പം ചാടിയെണീറ്റല്ലോ…
ചേട്ടന്‍: എടീ…നീയില്ലാതെ ഞാനെങ്ങനെയാ ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്…ഒരു രസോമില്ല…അതുകൊണ്ടാ…
ചേടത്തി: നിങ്ങളില്ലാതെ പോയാ എനിക്കും അവിടെ ഒരു രസോം തോന്നില്ല…
ചേട്ടന്‍: നമ്മള് ആയകാലത്ത് പിള്ളേരെ കഷ്ടപ്പെട്ട് വളര്‍ത്തി പഠിപ്പിച്ച് വലുതാക്കി വിട്ടു…അന്ന് നമ്മള് നമ്മടെ സുഖോം ഇഷ്ടോം ഒന്നും നോക്കിയില്ല…ഇനി ഈ വയസനാം കാലത്തെങ്കിലും ഇത്തിരി മീണ്ടീം പറഞ്ഞുമിരുന്നില്ലേല്‍ ഇനി എന്നാ…
ചേടത്തി: അതു നിങ്ങള് പറഞ്ഞത് നേരാ…പിള്ളേര്‍ക്ക് അവരുടെ കാര്യം…നമ്മളെക്കുറിച്ചുള്ള ചിന്തയൊന്നും അവര്‍ക്കില്ല….
ചേട്ടന്‍: അതുമതിയെടീ…അവര് അവരുടെ ജീവിതം ജീവിക്കട്ടെ…നമ്മള് നമ്മടെ ജീവിതവും…
ചേടത്തി: ഇനി ഈ ചായയൊന്നു കുടിച്ചേ… ഇപ്പം മധുരമായോയെന്നു നോക്കിയേ….
ചേട്ടന്‍: (ചായ കുടിക്കുന്നു. ചിരിച്ചു കൊണ്ട്) ഇപ്പം മധുരമായി…
ചിരി ഇരുവരിലേക്കും.