ചേട്ടന്‍ മിണ്ടിയാല്‍ ok ; ചേടത്തി മിണ്ടിയാല്‍ not ok

0
13

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-3

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. ചേടത്തി ഒരു ചൂലുമായി വന്ന് തിണ്ണ അടിക്കുകയാണ്. ചേടത്തിയുടെ വരവും ചൂല്‍പ്രയോഗവും ചേട്ടന് ഇഷ്ടപ്പെടുന്നില്ല. ഒന്നു രണ്ടു പ്രാവശ്യം ഇഷ്ടക്കേടിന്റെ നോട്ടം നോക്കി. ചേടത്തി അത് മൈന്‍ഡ് ചെയ്യുന്നില്ല. അടി തുടരുകയാണ്. പെട്ടെന്ന് ചേട്ടന്‍ ഒരു തുമ്മല്‍.
അരിശത്തോടെ ചേട്ടന്‍: നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്…ഞനിരിക്കുമ്പം ചൂലുമായിട്ട് അടിക്കരുത്.

ചേടത്തി: (അത് മൈന്‍ഡ് ചെയ്യാതെ) ഞാന്‍ നിങ്ങളെ അടിച്ചുവാരിക്കളയാന്‍ വന്നതല്ല. ഈ തിണ്ണ അടിച്ചുവൃത്തിയാക്കാന്‍ വന്നതാ…

ചേട്ടന്‍: (ചേടത്തിയുടെ മറുപടിയില്‍ കലികയറി) നീ വേണേല്‍ എന്നേം അടിച്ചുവാരിക്കളയും…അതിനും മടിക്കുകേലെന്ന് എനിക്കറിയാം…

ചേടത്തി:(കളിയാക്കുന്ന ടോണില്‍) ഓ…അതിനിനി ജെസിബിയൊക്കെ വാടകയ്ക്ക് വിളിക്കേണ്ടേ…

ചേട്ടന്‍: എടീ ചുമ്മാ കളിക്കരുത്…പൊടിയടിച്ചാലെനിക്ക് തുമ്മുമെന്ന് അറിയാന്മേലേ…

ചേടത്തി: തുമ്മുന്നത് നല്ലതാ…നമ്മുടെ ഉള്ളിലെ വേണ്ടാത്തതെല്ലാം അതിലൂടെ പുറത്തേക്ക് പോകുമെന്ന് എങ്ങാണ്ട് വായിച്ചായിരുന്നു…

ചേട്ടന്‍: അങ്ങനെയാണേല്‍ നീ ആദ്യം തെറിച്ചുപോയേനെ…

ചേടത്തി: ങാ…നിങ്ങളുടെ ഉള്ളിലിരുപ്പ് എനിക്ക് മനസിലായി…ഇനി വേണേല്‍ എന്നെയങ്ങ് തെറിപ്പിച്ചേക്കാമെന്നുണ്ട് നിങ്ങള്‍ക്ക്…

ചേട്ടന്‍:ഓ..അങ്ങനെ ചുമ്മാ തെറിപ്പിച്ചാ നീ പോകുമോ…ഉടുമ്പുപിടിച്ചിരിക്കുന്നതുപോലെ കൂടിയിരിക്കുവല്ലേ…

ചേടത്തി: ങാ…വരട്ടെ…വരട്ടെ…ഉള്ളിലുള്ളതൊക്കെ പുറത്തോട്ടുവരട്ടെ…(കസേരയിലിരിക്കുന്നു)

ചേട്ടന്‍: എന്നതാടീ ഇത്ര പുറത്തോട്ടുവരാന്‍ ഇരിക്കുന്നേ…

ചേടത്തി: ങാഹാ…ഒന്നുമില്ലേ…ഇന്നലെ കല്യാണം കഴിഞ്ഞുവന്നപ്പം മുതലു നിങ്ങളെ ഒന്നു പിടിക്കാനിരിക്കുകാ…

ചേട്ടന്‍: പിന്നെ…പിടിക്കാനിരിക്കുകാ…എന്നാടീ ഇത്ര വലിയ കാര്യം…

ചേടത്തി: അതുശരി…നിങ്ങള്‍ക്കൊന്നുമറിയില്ല അല്ലേ…

ചേട്ടന്‍: ങാ..ശരിയാ …നിന്നെ ഞാനുമൊന്നു പിടിക്കാനിരിക്കുവായിരുന്നു…കല്യാണത്തിനിടെ നീ എങ്ങോട്ടാടീ മുങ്ങിയത്…

ചേടത്തി: ഞാന്‍ മാറിയത് നിങ്ങളുടെ നല്ല കാലം…ഇല്ലെങ്കില്‍ കല്യാണം കഴിഞ്ഞ ഉടനേ ഒരു അടക്കൂടെ നടന്നേനെ…

ചേട്ടന്‍: അതുശരി അപ്പം നീ മനപൂര്‍വം മുങ്ങിയതായിരുന്നു അല്ലേ…

ചേടത്തി: എങ്ങനെ അവിടെ നിക്കും…അങ്ങ് ഇളകി മറിയുകയല്ലായിരുന്നോ…

ചേട്ടന്‍: ഞാന്‍ എന്നാ ചെയ്‌തെന്നാ നീ പറയുന്നേ…

ചേടത്തി: ദേ…മനുഷ്യാ…എന്നെക്കൊണ്ടൊന്നും പറയിക്കരുത്…ചുമ്മാ നിന്ന് പൊട്ടന്‍ കളിക്കുന്നോ…

ചേട്ടന്‍: അതുതന്നെയാ എനിക്കും പറയാനുള്ളത്….കാര്യമുള്ളത് വല്ലതും ഉണ്ടെങ്കില്‍ പറയെടീ…ചുമ്മാ പൊട്ടന്‍ കളിപ്പിക്കാതെ…

ചേടത്തി: ഇന്നലെ ആ സൂസമ്മേടെയും മേഴ്‌സീടെയുമൊക്കെ അടുത്ത് എന്ന വാചകമടിയും ചിരിയുമായിരുന്നു….

ചേട്ടന്‍: അതിനിപ്പം എന്നാടീ…അവരെ ഒത്തിരിനാളുകൂടി കണ്ടതല്ലെ…അവരോടിത്തിരി വര്‍ത്തമാനം പറഞ്ഞു…അതിത്രവലിയ തെറ്റാണോ….

ചേടത്തി: (പാഴ പിടിച്ചുകൊണ്ട്) അവരോടിത്തിരി വര്‍ത്താനം പറഞ്ഞു…അവിടക്കിടന്നങ്ങ് വിളയാടുകല്ലായിരുന്നോ മനുഷ്യാ നിങ്ങള്…

ചേട്ടന്‍: (ചിരിച്ചുകൊണ്ട്) നിന്റെ മോന്തായം ബലൂണ്‍പോലെ വീര്‍ത്തുവരുന്നതു കണ്ടപ്പം എനിക്കു തോന്നിയാരുന്നു പിടിക്കുന്നില്ലെന്ന്…പിന്നെ നിന്നെ കണ്ടുമില്ല…

ചേടത്തി: എന്നെ എങ്ങനെ കാണും…പ്രായമിത്രേം ആയി മറ്റുള്ളവര് കാണുമെന്ന ഒരു വിചാരം പോലും നിങ്ങള്‍ക്കില്ലാതെ പോയല്ലോ മനുഷ്യാ…

ചേട്ടന്‍: ആരു കണ്ടാലെന്നാ ഞാന്‍ വേണ്ടാതീനം ഒന്നും കാണിച്ചില്ലല്ലോ…

ചേടത്തി: വേണ്ടാതീനം പറയുന്നതിനു കുഴപ്പമില്ല അല്ലേ…

ചേട്ടന്‍: ഞാന്‍ എന്ത് വേണ്ടാതീനം പറഞ്ഞെന്നാ നീ പറയുന്നത്…

ചേടത്തി: ങാഹാ…ഇനി അതുകൂടി എന്നെക്കൊണ്ട് പറയിപ്പിക്കണോ…

ചേട്ടന്‍: നീ ഒന്നു പറഞ്ഞേ കേള്‍ക്കട്ടെ…

ചേടത്തി: ശോശാമ്മയോട് പറഞ്ഞതെന്നാ…അങ്ങ് മെലിഞ്ഞ് സ്ലിമ്മായിപ്പോയി…ഇനി അധികം ഭക്ഷണം കഴിക്കരുത്….മെലിഞ്ഞിരിക്കുന്നതാ പെണ്ണുങ്ങള്‍ക്ക് നല്ലത്….ഹും…

ചേട്ടന്‍: എടീ അതിത്ര വലിയ കാര്യമാണോ…ഞാന്‍ ഒരു പൊതുതത്വം പറഞ്ഞെന്നല്ലേയുള്ളോ…

ചേടത്തി: എന്നാ മേഴ്‌സീടെ സാരി നല്ലചേര്‍ച്ചയാന്ന് പറഞ്ഞത് എന്നാ പൊതുതത്വമാ….

ചേട്ടന്‍: എടീ അത് സ്ത്രീകളോട് സംസാരിക്കുമ്പം അവരുടെ സാരിയെയും ഒക്കെ ഒന്നു പൊക്കി പറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടപ്പെടും…അത്രേയുള്ളു…

ചേടത്തി: കണ്ട പുളുവെല്ലാം അടിച്ച് അവിടെകിടന്ന് ഇളകിചിരിച്ചതോ…ബാക്കിയുള്ളവരുടെ മാനം പോയി…മനുഷ്യര് കാണുമെന്ന വിചാരംപോലുമില്ല….

ചേട്ടന്‍: എടീ ഞാനിത്തിരി തമാശയൊക്കെ പറയും ചിരിക്കും…അതെന്റെ സ്വഭാവമാ…അല്ലാതെ നിന്റെ വീട്ടുകാരെപ്പോലെ മുഖവും വീര്‍പ്പിച്ചു മസിലുപിടിച്ചു നടക്കുകേല…

ചേടത്തി: ങാ…പിന്നെ…എന്റെ വീട്ടുകാരെ പറയുന്നു…എനിക്ക് പറയാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ല…വേണ്ടാന്നു വെച്ചിട്ടാ…അവരൊന്നും ഇങ്ങനെ കൊഞ്ചിക്കുഴഞ്ഞാടി നടക്കുന്നവരല്ല.

ചേട്ടന്‍: എടീ നിനക്കൊന്നും വേറെ പണിയില്ലേ…വെറുതേ എഴുതാപ്പുറം വായിച്ചുനടക്കാതെ…

ചേടത്തി: ഓ…വലിയൊരു പുണ്യാളന്‍…എന്നാ ഞാന്‍ കല്യാണത്തിനു വന്ന ആണുങ്ങളുടെ ഇടയ്‌ക്കോട്ടു ചെന്ന് ചേട്ടന്‍ സിക്‌സ് പായ്ക്കാന്നും മുണ്ടും ഷര്‍ട്ടും ചേരുമെന്നുമൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ…

ചേട്ടന്‍: എങ്കില്‍ കാലേപിടിച്ച് കറക്കി ഞാന്‍ എറിയും..നേരത്തോടു നേരമായാലും നിലം തൊടുകേല…

ചേടത്തി: ങാ…അപ്പം അതാണ്…ആണുങ്ങള്‍ക്ക് എന്തും ചെയ്യാം…അതുകളിതമാശ…പെണ്ണുങ്ങള്‍ക്കാവുമ്പം എല്ലാം കളികാര്യമാകും…

ചേട്ടന്‍: അതിപ്പം അങ്ങനെയല്ലേ…ആണുങ്ങള്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം…പെണ്ണുങ്ങള്‍ക്ക് കുറച്ചു നിയന്ത്രണം…അതല്ലേ നാട്ടുനടപ്പ്…

ചേടത്തി: ങാം…അതൊക്കെ പണ്ട്…ഇപ്പം എല്ലാം തുല്യമാ…

ചേട്ടന്‍: അതു നീ പറഞ്ഞതു ശരിയാടീ..ആണുങ്ങടെ നല്ല കാലമൊക്കെ തീര്‍ന്നെന്നാ തോന്നുന്നത്…

ചേടത്തി: ങാ…ഇനി നോക്കീംകണ്ടുമൊക്കെ നടന്നോണം…

ചേട്ടന്‍: ങാ…അതൊക്കെപോട്ട്…ഇന്നലത്തെ കല്യാണ സദ്യ ശരിയായില്ല…

ചേടത്തി: അതെന്നാ…നല്ലതായിരുന്നല്ലോ…

ചേട്ടന്‍: നിന്നെത്തപ്പി എത്രപ്രാവശ്യം ഞാന്‍ പള്ളിക്കുചുറ്റും നടന്നെന്ന് അറിയാമോ….

ചേടത്തി: അത് ഞാന്‍ നേര്‍ച്ചയിടാന്‍ പോയതല്ലായിരുന്നോ…

ചേട്ടന്‍: അപ്പം നീ പിണങ്ങിപ്പോയതല്ലായിരുന്നോ…

ചേടത്തി: ഞാനെന്തിന് പിണങ്ങണം…

ചേട്ടന്‍: പെണ്ണുങ്ങളോട് ഞാന്‍ തമാശ പറഞ്ഞുരസിച്ചതിനല്ലെ നീ ഈ ബഹളമെല്ലാം ഉണ്ടാക്കിയത്.

ചേടത്തി: പിന്നെ ഞാനറിയാത്ത എന്നാ തമാശയാ നിങ്ങള്‍ക്കുള്ളത്…അത് കേട്ട് ചിരിച്ചവരെവേണം പറയാന്‍…ഞാന്‍ ചുമ്മാ നിങ്ങളെയൊന്ന് ഇളക്കിയതല്ലേ…

ചേട്ടന്‍: ങാഹാ..നീ നമ്പരിട്ടതായിരുന്നല്ലേ….എനിക്കൊരു ചായവേണമായിരുന്നു…സമത്വത്തിന്റെ കാലമായതുകൊണ്ട് ഞാന്‍ തന്നെ ചെന്നിടണോ…

ചേടത്തി: വേണ്ട..വേണ്ട..ഞാനിട്ടുതരാം…അല്ലേലാ പഞ്ചാരമുഴുവന്‍ നിങ്ങള് കമത്തും…പഞ്ചാര കേറികേറി വരുവാന്നൊന്നും നിങ്ങള് ഓര്‍ക്കുകേല.

ചേട്ടന്‍: അത് നീ എനിക്കിട്ടു പിന്നെയും ഒന്നു താങ്ങിയതാണോ…

ചേടത്തി: കോഴിയെ കട്ടവന്റെ തലേല്‍ പപ്പുണ്ടെന്ന് പറയുമ്പഴേ എന്തിനാ തലേല്‍ തപ്പിനോക്കുന്നത്…

രണ്ടു പേരും ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here