വാര്‍ധക്യത്തിലെ പ്രധാനശത്രു മോഹങ്ങള്‍

0
76

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-4

പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചേട്ടന്‍. അകത്തുനിന്നും വരുന്ന ചേടത്തി. ചേട്ടന്റെ അടുത്തിരിക്കുന്നു.ചോദിക്കണമോ വേണ്ടയോ എന്ന മുഖഭാവം. ഒടുവില്‍ രണ്ടും കല്‍പിച്ച്.

ചേടത്തി: നിങ്ങളുടെ പത്രംവായന കഴിഞ്ഞില്ലേ.

ചേട്ടന്‍:(വായനയ്ക്കിടയില്‍ ശല്യപ്പെടുത്തിയത് ഇഷ്ടപ്പെടാതെ) നിനക്ക് കണ്ണില്ലേ…കഴിഞ്ഞതാണേല്‍ ഞാന്‍ ഇതും നിവര്‍ത്തിപ്പിടിച്ച് ഇരിക്കുമോ.

ചേടത്തി: എന്നാ…നിങ്ങളിതൊന്നു തന്നെ…ഞാന്‍ ഒരു കാര്യം നോക്കിയിട്ട് ഇപ്പം തരാം.

ചേട്ടന്‍: ഞാന്‍ വായിച്ചു കഴിയട്ടെ…നിനക്കു പരിചയമുള്ള ആരും മരിച്ചിട്ടൊന്നുമില്ല.

ചേടത്തി: ഹാ…ചരമപേജ് നോക്കാനല്ലെന്നേ…

ചേട്ടന്‍: എന്നാ പിന്നെ സ്വര്‍ണത്തിനും വിലകൂടിയിട്ടില്ല…

ചേടത്തി: പിന്നെ…ചരമവും സ്വര്‍ണവും നോക്കാനല്ലെ ഞാന്‍ പത്രം വായിക്കുന്നേ…നിങ്ങളൊന്നു ചുമ്മാതിരി…

ചേട്ടന്‍: ഞാന്‍ നിന്നോട് പലപ്പഴും പറഞ്ഞിട്ടുണ്ട്. പത്രം വായിച്ചോണ്ടിരിക്കുമ്പം ചുമ്മാ കുണുകുണാന്ന് പറയാന്‍ വരല്ലെന്ന്…

ചേടത്തി: പിന്നെ…പത്രം വായനയ്ക്കിടെ മിണ്ടാന്‍ വന്നാല്‍ നിങ്ങളെന്നാ കടിക്കുമോ…തിന്നുന്നതിനിടെ പാത്രത്തില്‍ പിടിച്ചാല്‍ കടിക്കുന്നതാരാന്ന് എന്നെ കൊണ്ട് പറയിക്കരുത്…

ചേട്ടന്‍: പൊക്കോണം മുന്നില്‍ നിന്ന്…നീ എന്നതാ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി…ഒരു തോണ്ടു തന്നാല്‍ രണ്ട് ഫര്‍ലോംഗ് അപ്പുറം കിടക്കും.

ചേടത്തി: പിന്നെ…നിങ്ങളുടെ തോണ്ട് കിട്ടിയിട്ട് എന്ന് ഞാന്‍ രണ്ട് ഫര്‍ലോംഗ് നടന്നാ വീട്ടില്‍ വരുന്നത്…

ചേട്ടന്‍: എടീ…നിനക്കെന്നതാ വേണ്ടത്…ഞാനിവിടെ സ്വസ്ഥമായിട്ടിരുന്ന് പത്രം വായിക്കുവല്ലേ…അതിനിടേല്‍ കേറിവന്ന് എന്തിനാ ഉടക്കിടുന്നേ…

ചേടത്തി: നിങ്ങള് പത്രം വായിച്ചോ…എനിക്കാ അകത്തെ പേജ് ഒന്നു തന്നാല്‍ മതി…ഇപ്പം ഒന്നോടിച്ചു നോക്കിയിട്ട് തിരിച്ചുതരാം…

ചേട്ടന്‍: എനിക്കൊട്ടും ഇഷ്ടമില്ലാത്ത കാര്യമാ…പത്രം തുണ്ടുതുണ്ടായിട്ടു പിടിച്ചു വായിക്കുന്നത്. പത്രം വായിക്കുമ്പം മുഴുവന്‍ പേജും നമ്മുടെ കൈയില്‍ കാണണം. അല്ലാതെ അതിനിടേന്ന് പേജ് ഊരിക്കോണ്ടുപോകരുത്. വായനയുടെ ആ സുഖം അങ്ങുപോകും.

ചേടത്തി: ഓ..പിന്നെ…പത്രം വായിക്കുന്നതിനാത്താ ഇത്രം വലിയ സുഖമിരിക്കുന്നേ…നിങ്ങടെ ഒരു പിടിവാശിയും…(എണീറ്റു പോകാന്‍ തുടങ്ങുന്നു)

ചേട്ടന്‍: (പത്രം കൊടുത്തുകൊണ്ട്) ഇന്നാ പിടി…നീ വായിച്ചിട്ടു തന്നാ മതി…ഇനി അതിന്റെ പേരില്‍ ദുര്‍മുഖം കാണിച്ച് അടുക്കളേല്‍ എല്ലാം അലമ്പാക്കേണ്ട…

ചേടത്തി:(പത്രം വാങ്ങിച്ചോണ്ട്) ഇപ്പം തിരിച്ചു തരാമെന്നേ…എനിക്കൊരു കാര്യം നോക്കിയാല്‍ മതി…അല്ലാണ്ട് ഇതു മുഴുവന്‍ കാണാതെ പഠിക്കുവൊന്നും വേണ്ട…അടുക്കളേല്‍ നൂറുകൂട്ടം പണി കിടക്കുവാ…ഇങ്ങനെ പത്രവും വായിച്ചു ചാരികിടന്നാല്‍ പോര.

ചേട്ടന്‍: നീ എന്നതാ ഇത്ര കാര്യമായിട്ട് നോക്കുന്നേ…അതൊന്നറിയണമല്ലോ…എവിടേലും വല്ല ഡിസ്‌കൗണ്ട് കച്ചവടോം ഉണ്ടോ…രാവിലെ കാശുകളയുന്ന പണിക്കാണോ…

ചേടത്തി: (ചേട്ടന്‍ പറയുന്നത് ശ്രദ്ധിക്കാതെ പത്രത്തിന്റെ പേജ് മറിച്ചുകൊണ്ട്) ഇതു മുഴുവന്‍ പേജും ഇല്ലേ…ഇതിനകത്ത് സിനിമേടേ പേജ് കാണുന്നില്ലല്ലോ…

ചേട്ടന്‍: (അദ്ഭുതത്തോടെ) ങേ..സിനിമേടെ പേജോ..അത് ഞായറാഴ്ചയല്ലേ…

ചേടത്തി: ഹാ..അതല്ലെന്നേ…ഈ തിയേറ്ററില് ഏതു സിനിമായാണെന്നുള്ളതു കൊടുക്കുന്നില്ലേ…അത്..

ചേട്ടന്‍: (ചിരിച്ചുകൊണ്ട്) എടീ പൊട്ടീ..നീ ഏതുകാലത്താ ജീവിക്കുന്നേ…വല്ലപ്പഴുമെങ്കിലും പത്രം മറിച്ചു നോക്കണമെന്ന് പറയുന്നതിതാ…

ചേടത്തി: അതെന്നാ മനുഷ്യാ നിങ്ങളിങ്ങനെയൊക്കെ പറയുന്നത്…

ചേട്ടന്‍: എടീ ഇന്നത്തെ സിനിമയൊക്കെ പത്രത്തില്‍ നിന്ന് എടുത്തു കളഞ്ഞിട്ട് നാളെത്രയായി…

ചേടത്തി:(പുതിയ അറിവ് കിട്ടിയതുപോലെ) അയ്യോ…അപ്പം സിനിമയേതാന്ന് അറിയാതെ എങ്ങനെയാ കൊട്ടകേലോട്ട് പോകുന്നത്…

ചേട്ടന്‍: (കളിയാക്കികൊണ്ട്)ങും…അവളുടെ കൊട്ടക..എടീ കൊട്ടകേം കൊട്ടയുമൊക്കെ പണ്ട്…ഇപ്പം എല്ലാം മാറി……ഇത് മള്‍ട്ടിപ്ലക്‌സിന്റെ കാലമാ…ആട്ടെ…നീയിപ്പഴെന്തി
നാ ഇതൊക്കെ അന്വേഷിക്കുന്നത്…

ചേടത്തി: അവളും അവനും കൂടി സിനിമയ്ക്കുപോകുവാന്ന് പറഞ്ഞാ പോയത്.

ചേട്ടന്‍: അവരു പോട്ടെടീ…ഈ പ്രായത്തില്‍ സിനിമടൊക്കെ കണ്ട് ജീവിതം ആസ്വദിക്കണം…അല്ലാണ്ട് നിന്നെ പോലെ അടുക്കള..മുറ്റം..മുറ്റം..അടുക്കള എന്നു പറഞ്ഞ് കുളംകര കളിച്ചു നടന്നാ മതിയോ…

ചേടത്തി: നിങ്ങളെന്തിനാ മനുഷ്യാ ഈ എഴുതാപ്പുറം വായിക്കുന്നേ…ഞാന്‍ അവര് സിനിമയ്ക്ക് പോയതിനു വല്ലതും പറഞ്ഞോ…

ചേട്ടന്‍: എങ്കില്‍ പിന്നെ എന്നതാ നിന്റെ പ്രശ്‌നം…

ചേടത്തി: (ചെറുചമ്മലോടെ) നമ്മക്കും ഒരു സിനിമയ്ക്കുപോയാലോ..

ചേട്ടന്‍: (എണീറ്റ് സൂക്ഷിച്ചു നോക്കികൊണ്ട്) ഇതെന്റെ പെമ്പ്രന്നോത്തി തന്നെയാണോ…(തലേല്‍ തപ്പിക്കൊണ്ട്) അതോ പറമ്പില്‍ കൂടി പോയപ്പോള്‍ തലേല്‍ വല്ല തേങ്ങായും വീണോ…

ചേടത്തി:(കൈ തട്ടിമാറ്റിക്കൊണ്ട്) നിങ്ങളൊന്നു ചുമ്മാതിരി മനുഷ്യാ…വെറുതേ കളിക്കാതെ…

ചേട്ടന്‍: എടീ എങ്ങനെ അത്ഭുതപ്പെടാതിരിക്കും…സിനിമേക്കുറിച്ചും പാട്ടിനേക്കുറിച്ചുമൊക്കെ പറഞ്ഞാല്‍ എണീറ്റുപോകുന്ന നീ സിനിമ കാണണമെന്ന് പറഞ്ഞാല്‍…

ചേടത്തി: ങാ…ഇപ്പം എനിക്കൊരു സിനിമ കാണണമെന്നു തോന്നി..അത്രതന്നെ…

ചേട്ടന്‍: അതെനിക്കു മനസിലായി…അവര് തുള്ളിക്കളിച്ചു പോകുന്നതു കണ്ടപ്പം ഒരു പൊടിമോഹം…അത്രതന്നെ…

ചേടത്തി: പിന്നെ…നമുക്കും ഇതൊക്കെ വേണ്ടേ…

ചേട്ടന്‍: എടീ…അതിപ്പഴല്ല ഓര്‍ക്കേണ്ടത്…ഓരോന്നിനും അതിന്റേതായ സമയമുണ്ട്… ശരീരവും മനസും അനുവദിക്കുന്നതിനനുസരിച്ച് വേണം നമ്മുടെ പ്രവര്‍ത്തികളും വിനോദവും എല്ലാം.നീ പ്രകൃതിയിലോട്ട് നോക്ക് മരങ്ങള്‍ പുഷ്പിക്കുന്നതും കൊഴിയുന്നതും കാലത്തിനനുസരിച്ചല്ലേ. വേനല്‍ക്കാലത്ത് ചെടികള്‍ പൂവിടുമോ…

ചേടത്തി: പിന്നെ വേനല്‍ക്കാലത്ത് പൂക്കുന്ന മരങ്ങളുമുണ്ട്…

ചേട്ടന്‍: എന്തെങ്കിലും പറഞ്ഞാല്‍ അതേപ്പിടിച്ചു കുരുക്കിടാന്‍ നീ കേമിയാ…എടീ ഞാന്‍ പറഞ്ഞത് പിള്ളേരുടെ ജീവിതം കണ്ട് നമ്മള്‍ അത് അനുകരിക്കാന്‍ ശ്രമിക്കരുത്. നമ്മള്‍ നമ്മളുടേതായ രീതിയില്‍ പോണം. നമ്മുടെ ജീവിതം കണ്ട് പിള്ളേര് അസൂയപ്പെടണം…അല്ലാതെ അവരെ കണ്ട് നമ്മള്‍ക്ക് കൊതിക്കെറുവുണ്ടാകരുത്…അങ്ങനെ വരുമ്പോഴാണ് വീട്ടില്‍ അടിപിടിയുണ്ടാകുന്നത്. നമുക്ക് കിട്ടാത്തത് അവര്‍ക്ക് കിട്ടുമ്പോള്‍ നമ്മള്‍ സന്തോഷിക്കണം.

ചേടത്തി: നിങ്ങള് വലിയ തത്വം പ്രസംഗിക്കാതെ ഞാന്‍ പറഞ്ഞ കാര്യത്തിലോട്ടു വാ…

ചേട്ടന്‍: പണ്ട് ഞാന്‍ സിനിമയ്ക്കും നാടകത്തിനുമൊക്കെ പോകാമെന്ന് അങ്ങോട്ടു പറയുമ്പം നിനക്കന്നാ ഒരു വലിമയായിരുന്നു…ഞങ്ങടെ വീട്ടിലാരും അങ്ങനൊന്നും പോകുകേല…ചുമ്മാ…എനിക്ക് കലി കയറി വരുന്നുണ്ട്.

ചേടത്തി: അതെനിക്കിതിനെക്കുറിച്ചൊന്നും അറിയത്തില്ലാഞ്ഞിട്ടല്ലെ…നിങ്ങളു കൊണ്ടുപോയി എല്ലാം മനസിലാക്കി തരണമായിരുന്നു…

ചേട്ടന്‍: പൊക്കോണം അവിടുന്ന്…ഒന്നു മനസിലാക്കിച്ചതിന്റെ നാണക്കേട് എനിക്കിപ്പഴും മാറിയിട്ടില്ല.

ചേടത്തി: അതെന്നതാ ഇത്രവലിയ നാണക്കേട്.

ചേട്ടന്‍: കല്യാണം കഴിഞ്ഞ് സിനിമ കാണാന്‍ പോയത് മറന്നോ…നല്ല പാട്ടും ചിരിയുമൊക്കെ നടക്കുമ്പം തോളേലോട്ട് ചാരിക്കിടന്ന് നല്ല ഉറക്കം.

ചേടത്തി: അതുപിന്നെ ഉറക്കം വന്നാല്‍ ഉറങ്ങാതിരിക്കാന്‍ പറ്റുമോ…

ചേട്ടന്‍: ബാക്കീംകൂടി പറയാം…കൂര്‍ക്കംവലി കേട്ട് തിയേറ്ററില്‍ ഉണ്ടായിരുന്നവരെല്ലാം തിരിഞ്ഞു നോക്കുവായിരുന്നു…അപ്പുറത്തിരുന്ന ചേടട്ന്‍ അവസാനം മടുത്ത് എന്നോട് പറഞ്ഞത് മറന്നോ…

ചേടത്തി: ആ…എന്നതാ ഞാനെങ്ങും കേട്ടില്ല…

ചേട്ടന്‍: ഉറങ്ങണേല്‍ പുറത്തുപോയി പായ വിരിച്ചുകെടക്കാന്‍…ഹോ…നാണക്കേടുകാരണം തൊലിയുരിഞ്ഞു പോയി…കണ്ടതു കണ്ടു..ഇനി നീ തിയേറ്ററു കാണുകേലെന്ന് അന്ന് തീരുമാനിച്ചതാ…

ചേടത്തി: സിനിമയ്ക്ക് കൊണ്ടുപോകാന്‍ കഴിയുകേലെങ്കില്‍ അതു പറ…വെറുതെ പണ്ടത്തെ ഏതാണ്ട് കഥയും പറഞ്ഞിരിക്കാതെ…

ചേട്ടന്‍: എടീ നിനക്കുറങ്ങണേല്‍ ഇവിടെ കിടന്ന് ഉറങ്ങാന്‍മേലെ…വെറുതെ കാശും കൊടുത്ത് തിയേറ്ററില്‍ കയറി മറ്റുള്ളവരെയും ശല്യപ്പെടുത്തണോ…

ചേടത്തി:(തെല്ല് അരിശത്തോടെ) നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ പറ്റുമോ…

ചേട്ടന്‍: എന്നാ പിന്നെ നിനക്ക് അവരുടെകൂടെ പോകാന്‍ മേലായിരുന്നോ…

ചേടത്തി: നിങ്ങള് പോ മനുഷ്യാ വെറുതേ വിവരക്കേട് പറയാതെ…സ്വര്‍ഗത്തിലെ കട്ടുറുമ്പാകാനൊന്നും എന്നെ കിട്ടത്തില്ല.

ചേട്ടന്‍: അപ്പോ നിനക്ക് വിവരമുണ്ട്…

ചേടത്തി: അതല്ലെ നിങ്ങള്‍ക്കില്ലാത്തതും എനിക്കുള്ളതും…

ചേട്ടന്‍: ങാ…ഫസ്റ്റ്…ഒന്നൂടെ കണ്ടോട്ട്…

ചേടത്തി: ചുമ്മാ വിഷയം മാറ്റാതെ…ഇനി അപ്പുറത്തെ വീട്ടിലെ പത്രത്തില്‍ കാണുമോ സിനിമാ ഏതാന്നുള്ളത്..

ചേട്ടന്‍: ഇതാണ് വലിയ വിവരക്കാരി…എടീ കാലം മാറി..ഇപ്പം പത്രത്തിലൊന്നുമില്ല..എല്ലാം മൊബൈലിലുണ്ട്…

ചേടത്തി: ങാ..അതുശരിയാ…താമസിച്ചു പോയാ ടിക്കറ്റ് കിട്ടുമോയെന്ന് ചോദിച്ചപ്പോ അവന്‍ പറയുകാ.. ടിക്കറ്റ് ബുക്ക് ചെയ്‌തെന്ന്…ഇരിക്കുന്ന സീറ്റ് വരെ അവന്‍ഡ
മൊബൈലില്‍ കാണിച്ചു.

ചേട്ടന്‍: ങാ..ഇപ്പം മനസിലായോ കാലം പോയപോക്ക്…

ചേടത്തി: എന്നാ നിങ്ങള് ഒന്ന് മൊബൈലേല്‍ ബുക്ക് ചെയ്യ്.

ചേട്ടന്‍: എനിക്കീ കുന്ത്രാണ്ടത്തെ ചെയ്യാനൊന്നും അറിയത്തില്ല. അവന്‍ വരട്ടെ അന്നേരം ചെയ്യാം…

ചേടത്തി: ഇപ്പം ഇരുന്നും കെടന്നും സിനിമ കാണാന്നാ അവന്‍ പറഞ്ഞെ…

ചേട്ടന്‍: ങാ…അതുശരി…അപ്പം നീ കെടന്നുറങ്ങാന്നു കരുതി പോകുന്നതാ അല്ലേ…

ചേടത്തി: നിങ്ങള് ഒന്നു പോ മനുഷ്യാ..പണ്ടെങ്ങാണ്ട് ഒന്നുറങ്ങിയെന്നും കരുതി ഇപ്പഴും അതും പറഞ്ഞിരിക്കുവാ..

ചേട്ടന്‍: കാര്യമൊക്കെ ശരിയാ…അവിടെയെങ്ങാനും കിടന്നു കൂര്‍ക്കം വലിച്ചാല്‍ തിരിച്ചു വീട്ടില്‍ വരുകേല…കായലില്‍ ചെന്നേല്‍ ഉറക്കം തെളിയൂ…ആറേയൊഴുക്കും ഞാന്‍…

ചേടത്തി: ഏതു സിനിമയാ കാണാന്‍ കൊള്ളുന്നതൊള്ളതെന്ന് നിങ്ങള്‍ക്കറിയാമോ…

ചേട്ടന്‍: എടീ എല്ലാ സിനിമയും കാണാന്‍ കൊള്ളുന്നതാ…നമുക്കിഷ്ടപ്പെട്ടില്ലേല്‍ ചീത്ത വിളിക്കും…നല്ലതാണേല്‍ നല്ലതാന്നു പറയും…

ചേടത്തി: അങ്ങനെ പറഞ്ഞാല്‍ പറ്റില്ല…ഇച്ചിര തമാശും രസവും പാട്ടുമൊക്കെ വേണം…

ചേട്ടന്‍: (അതിശയത്തോടെ) എന്നാലും നിനക്കു വന്ന ഒരു മാറ്റമേ…പണ്ട് ഞാന്‍ റേഡിയോ പാട്ടും കേട്ടിരുന്നാല്‍ നീ വന്ന് ബഹളംവെക്കുമായിരുന്നു…ഈ നേരത്ത് ആ
ചാണകം കൊണ്ടുപോയി റബര്‍ തോട്ടത്തില്‍ ഇടാനെന്നും പറഞ്ഞ്…പുതിയ തലമുറ ദീവിതെ ആസ്വദിക്കുന്നതു കണ്ടപ്പഴാ നിനക്കും തലേല്‍ വെളിച്ചം വീണത്.

ചേടത്തി: ങാ…നിങ്ങളിവിടെ പുരാണോം പറഞ്ഞിരുന്നോ…ആടിനെയും പശൂനേയുമൊന്നും ഇറക്കി കെട്ടീട്ടില്ല…

ചേട്ടന്‍: ങാ…നിന്റെ തനിഗുണം പുറത്തുവന്നു…അതുപോട്ടെ…(ഈണത്തില്‍) കാനനച്ചോലയില്‍ ആടുമേയ്ക്കാന്‍…നമുക്കങ്ങുപോയാലോ..

ചേടത്തി: നിങ്ങള് പോ മനുഷ്യാ…ചുമ്മാ ശൃംഗരിക്കാതെ…(എണീറ്റു പോകുന്നു)

ചേട്ടന്‍: ഇതാ പറയുന്നത് നീ ഒട്ടും റൊമാന്റിക്കല്ല…(കൈകൊണ്ട് താളം പിടിച്ച്) സുന്ദരീ…നിന്‍തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസിത്തളിരില ചൂടീ..തുഷാരഹാസം…

ചേടത്തി: ങാ…ഇതാണ്…ഇത്തിരിയൊന്ന് അയഞ്ഞുകൊടുത്താല്‍ പിന്നെ വല്ല പെണ്ണുങ്ങളേക്കുറിച്ചുമുള്ള പാട്ടുംപാടി സ്വപ്‌നോം കണ്ടിരിക്കും.

ചേട്ടന്‍: (കൈകൊണ്ട് എന്തോന്നെടേ ഇത് എന്ന ആംഗ്യം കാണിച്ച്, നമിക്കുന്നുവെന്ന മട്ടില്‍ കൈകള്‍ കൂപ്പുന്നു).

LEAVE A REPLY

Please enter your comment!
Please enter your name here