സ്റ്റില്‍ ഐ ലവ് യു

0
34

ചേട്ടനു ചേടത്തിയും
എപ്പിസോഡ്-5

തോളിലൊരു ചാക്കും തൂക്കി നടന്നുവരുന്ന ചേട്ടന്‍. കാപ്പിക്കുരു പറിച്ചിട്ടുള്ള വരവാണ്. നല്ല ഉത്സാഹത്തിലാണ് വരവ്. ചെറിയൊരു മൂളിപ്പാട്ടുമുണ്ട്. വീടിന്റെ കോണിലേക്ക് ചാക്കുകെട്ട് ഇറക്കിവെച്ച് തലേലെ കെട്ടഴിച്ച് മുഖത്തെ വിയര്‍പ്പു തുടച്ച് ഇരിക്കുന്നു. മൂളിപ്പാട്ട് തുടരുന്നുണ്ട്. അതിനിടെ അകത്തേക്ക് നോക്കി നീട്ടിവിളിക്കുന്നു.

ചേട്ടന്‍: എടിയേ…കുറച്ചു മോരുംവെള്ളമിങ്ങെടുത്തോ… (മൂളിപ്പാട്ടും വീശലും തുടരുന്നു)

ചേടത്തി അകത്തുനിന്നും മോരുവെള്ളവുമായി വരുന്നു.

ചേട്ടന്‍: ങാഹാ…ഇത്രപെട്ടെന്ന് മോരുംവെള്ളമെത്തിയോ…

ചേടത്തി: ഞാനെടുത്തുവെച്ചിരിക്കുകയായിരുന്നു…നിങ്ങളു വരുമ്പഴേ മോരുംവെള്ളത്തിനു കൂവുമെന്നെനിക്കറിയാന്മേലേ…

ചേട്ടന്‍: (മൂളിപ്പാട്ട്)…ദാഹജലം തരുമോ….(വാങ്ങികുടിക്കുന്നു)

ചേടത്തി: ഇന്നെന്നാ കാപ്പിക്കുരു പറിച്ച് തലേടെ ഓളംപോയോ…വലിയ സന്തോഷവും പാട്ടുമൊക്കെ….

ചേട്ടന്‍: രാവിലെ നല്ല മൂഡിലിരിക്കുകയാണ്…ദൈവത്തെയോര്‍ത്ത് അതു നശിപ്പിക്കരുത്….വേണ്ടാത്തതു പറഞ്ഞ് കിള്ളരുത്….(കൈകള്‍ കൂപ്പി) ഇതൊരപേക്ഷയാണ്…

ചേടത്തി: പിന്നെ നിങ്ങളുടെ മൂഡിന് തീവെക്കലല്ലേ എന്റെ പണി…ആട്ടെ…ഇന്നെന്നാ ഇത്ര സന്തോഷത്തിനു കാരണം….ഞാനും കൂടിയൊന്നറിയട്ടെ.

ചേട്ടന്‍: രാവിലെ നല്ല സ്വപ്‌നം കണ്ടാ എണീറ്റത്…പിന്നെ കുറെനേരം അതിന്റെ ഒരു ആലസ്യത്തിലങ്ങനെ കിടന്നു…

ചേടത്തി: അതെന്നാ അത്ര രസമുള്ള സ്വപ്‌നം…സാധാരണ നിങ്ങള് കൊല്ലാന്‍ വരുന്നതും ആന കുത്താന്‍ വരുന്നതുമൊക്കെയാണല്ലോ കാണുന്നത്….

ചേട്ടന്‍: (പിണങ്ങി) ങാ…എന്നാ പോ… ഞാന്‍ പറയുന്നില്ല…രസം കളയരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു.

ചേടത്തി: ചുമ്മാ പിണങ്ങാതെ…ഞാന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേ…നിങ്ങളു പറ…

ചേട്ടന്‍: എടീ…ഞാന്‍ നമ്മള് കോളജില്‍ പഠിച്ച കാലവും അന്നത്തെ കാര്യങ്ങളുമൊക്കെയാ കണ്ടത്….

ചേടത്തി: ങാഹാ…എന്നിട്ട് സ്വപ്‌നത്തില്‍ ആരെയൊക്കെ കണ്ടു…

ചേട്ടന്‍: നീ പേടിക്കേണ്ട…നിന്റെ മുഖം തന്നെയായിരുന്നു മുന്നില്‍…

ചേടത്തി: (ചെറുചിരിയോടെ) അന്നത്തെ കാര്യമൊക്കെയോര്‍ക്കുമ്പം നിങ്ങളു പറയുന്നതുപോലെ മനസിനൊരു സുഖമൊക്കെയുണ്ട്…

ചേട്ടന്‍: അന്ന് നിന്റെ പാവാടേല്‍ എന്റെ കാലുതട്ടി നീ ബസേന്നിറങ്ങിയപ്പം വീണത് ഇ്‌നനലെ കഴിഞ്ഞതുപോലെ എന്റെ മനസിലുണ്ട്…

ചേടത്തി: അന്നത്തെ വീഴ്‌ചേടെയാ ഇന്നും എന്റെ മുട്ടിനുവേദന…(മുട്ടേല്‍ തിരുമ്മിക്കൊണ്ട്)

ചേട്ടന്‍: ങാ…അന്നു തുടങ്ങിയത് എന്റെ ചങ്കിനുവേദന…

ചേടത്തി: അതിന് അന്ന് നിങ്ങടെ ചങ്കിനെന്നാ പറ്റി…

ചേട്ടന്‍: അന്നുമുതലല്ലേ നീ എന്റെ ചങ്കിനകത്ത് കയറിക്കൂടി ചവിട്ടും തൊഴിയും തുടങ്ങിയത്….(ചിരിക്കുന്നു)

ചേടത്തി: ങൂം…ചവിട്ടും തൊഴിയും…അന്ന് ബസേന്ന് കാലുംവെച്ച് വീഴ്ത്തിയതും പോരാഞ്ഞ് എന്റെ പുറകേനടന്ന് പഞ്ചാരവാക്കും പറഞ്ഞ് വീഴ്ത്തിയിട്ട് ഇരുന്ന ചിരിക്കുന്നു..

ചേട്ടന്‍: അന്ന് നിന്റെ കൂട്ടുകാരി…ആ പല്ലുപൊങ്ങിയവള് എന്നെ വിളിച്ച ചീത്ത ഇപ്പഴും ചെവിയിലുണ്ട്….

ചേടത്തി: യ്യോ…അവളൊരു പാവം…എന്നോട് വലിയ ഇഷ്ടമയാിരുന്നു….

ചേട്ടന്‍: അവളെ ഞാന്‍ പിന്നെ ഒത്തിരി നാള് കഴിഞ്ഞാ ടൗണില്‍ വെച്ച് കണ്ടത്…പല്ലൊക്കെ അടിച്ചുതാഴ്ത്തി…നല്ല സുന്ദരി…ഞാന്‍ അത്ഭുതപ്പെട്ടുപോയി…പല്ലുതാഴ്ത്തിയാ അവള് അത്രസുന്ദരിയാകുമെന്നറിഞ്ഞിരുന്നേല്‍ അവളെ വീഴ്ത്തായിരുന്നു…

ചേടത്തി: എന്നാല്‍ നിങ്ങടെ പല്ലിന്റെ അവസ്ഥ ഇന്നത്തേതുപോലെയായേനെ അന്ന്…അവടെ ആങ്ങളമാര് കൈകാര്യം ചെയ്‌തേനെ…

ചേട്ടന്‍: അന്നത്തെ കാര്യമൊക്കെയോര്‍ക്കുമ്പോ…വീണ്ടും പിന്നോട്ടു പോയി ഒന്നൂടെ പഴയതുപോലെയൊക്കെ നടക്കാന്‍ തോന്നുന്നു…

ചേടത്തി: നിങ്ങളിതു ചിന്തിച്ചുകൂട്ടി എങ്ങോട്ടാ മനുഷ്യാ പോകുന്നത്…

ചേട്ടന്‍: (എണീറ്റു നടന്നുകൊണ്ട്) എടീ…അന്നത്തെപ്പോലെ കോളജില്‍കൂടി പുസ്തകോം കക്ഷത്തില്‍വെച്ച് (അഭിനയിച്ചു കൊണ്ട്) (നീട്ടി)ശാരീ…മേരീ…രാജേശ്വരീ… (സ്പീഡില്‍)ശാരി മേരി രാജേശ്വരി…എന്നൊക്കെ പാട്ടുംപാടിയങ്ങനെ…ഹാഹഹാ…(രോമാഞ്ചം കൊള്ളുന്നു)

ചേടത്തി: അതുശരി…ഒന്നൂടെ കോളജില്‍പോയി അന്നത്തേക്കാളും നന്നായി പഠിക്കാനുള്ള തോന്നലില്ല അല്ലേ….ശാരീടേംമേരീടേം കൂടെ തുള്ളിക്കളിച്ചു നടക്കണമെന്നാ ചിന്ത…

ചേട്ടന്‍: നീ ചങ്കിനകത്തു കേറിയേപിന്നെ തുള്ളിക്കളിയെല്ലാം തീര്‍ന്നു. കോളജീവന്നാപ്പിന്നെ നീയെങ്ങോട്ടുപോകുന്നുവെന്നു നോക്കി നടക്കലായിരുന്നു പണി…

ചേടത്തി: അതുനേരാ…കൂട്ടുകാരികളൊക്കെ പറയുമായിരുന്നു….ഇവന് പുറകീന്നു മാറാന്‍ നേരമില്ലല്ലോയെന്ന്…

ചേട്ടന്‍: അതുപിന്നെ വീട്ടല്‍ വന്നാലും നീ തന്നെയായിരുന്നു ഉള്ളില്…അന്നത്തെ പണിയെന്നു പറഞ്ഞാല്‍ റേഡിയോയില്‍ സിനിമാ പാട്ടുവെയ്ക്കുക….കണ്ണുമടച്ചു കിടക്കുക…

ചേടത്തി: അതിപ്പഴും നിങ്ങളങ്ങനെയല്ലേ….പാട്ടുംകേട്ട് കണ്ണുമടച്ചുകിടക്കുക..

ചേട്ടന്‍: അന്ന് റേഡിയോയില്‍ പാട്ടുപാടുന്നത് യേശുദാസും ജാനകിയുമാണെങ്കിലും, ഞാനും നീയുംകൂടി പാട്ടുംപാടി ഡാന്‍സു കളിക്കുന്നതാ സ്വപ്‌നം കാണുന്നത്….

ചേടത്തി: എന്റെ പൊന്നെ അതു വല്ലാത്തൊരു സ്വപ്‌നംകാണിച്ചയായിപ്പോയി…

ചേട്ടന്‍: നസീറിനും ജയഭാരതിക്കും പകരം നമ്മളിങ്ങനെ (അഭിനയിച്ചുകൊണ്ട്)

മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലിമലര്‍ മിഴിയിലോ ഞാന്‍ മയങ്ങീ
ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
പല്ലാക്ക്മൂക്കു കണ്ടു ഞാന്‍ കൊതിച്ചു
നിന്റെ പഞ്ചാരവാക്കു കേട്ട് കോരിത്തരിച്ചു എന്നു പാട്ടു പാടി നൃത്തം ചവിട്ടുന്നത് സ്വപ്‌നംകണ്ട് രസിച്ചങ്ങനെ കിടക്കും…

ചേടത്തി: വെറുതെയല്ല നിങ്ങള് ഡിഗ്രിക്കു തോറ്റുപോയത്.. വയസനാം കാലത്ത് ഇങ്ങനെ കിടന്ന് ചാടി വീണ് കാലൊടിഞ്ഞാല്‍ പിന്നെ ആട്ടുകട്ടിലില്‍ അടകിടപ്പ് കിടക്കേണ്ടിവരും.

ചേട്ടന്‍: ങാ…ഇതിപ്പം അന്നത്തെ എന്റെ അവസ്ഥപോലെതന്നെയായി. അന്നും ഇതുപോലെ ഇമ്പത്തിനു കിടക്കുമ്പഴായിരിക്കും പശൂനെ പോയി അഴിച്ചുകെട്ടടാന്നു പറഞ്ഞ് അമ്മ വന്ന് കുണ്ടിക്കിട്ട് ഒറ്റഅടി…അതോടെ സ്വപ്‌നോംപോകും എല്ലാം പോകും…

ചേടത്തി: എന്നാ പറഞ്ഞാലും ജീവിതത്തിലെ ഏറ്റവും രസമുള്ള കാലമായിരുന്നു അതൊക്കെ…

ചേട്ടന്‍: എടീ…ഞാന്‍ പലപ്പഴും ചോദിക്കണമെന്ന് വിചാരിക്കുന്നതാ…നിനക്കിങ്ങനത്തെ ഓര്‍മകളും സ്വപനങ്ങളും വിചാരങ്ങളുമൊന്നുമില്ലേ….

ചേടത്തി: അതേയ് ഞങ്ങള് പെണ്ണുങ്ങള്‍ക്കുമിതെല്ലാമുണ്ട്…അല്ലാതെ നിങ്ങള് ആണുങ്ങള് മാത്രമല്ല…നിങ്ങളെപ്പഴും പറയുന്നതുപോലെ റൊമാന്റിക്….

ചേട്ടന്‍: എന്നിട്ട് അതിന്റെയൊന്നും പുറത്തോട്ടു കാണാനില്ലല്ലോ….

ചേടത്തി: അതേ…. റേഡിയോ പാട്ടുംകേട്ട് കണ്ണുമടച്ച് സ്വപ്‌നത്തില്‍ ഡാന്‍സുംകളിച്ചു കിടന്നാലേ…ക്ലോക്കേല്‍ പന്ത്രണ്ടടിക്കുമ്പം നിങ്ങള് കൈകഴുകി മേശപ്പുറത്ത് വന്നിരിക്കുകേലെ. അന്നേരം ഇങ്ങനെ(ആംഗ്യവിക്ഷപങ്ങളോടെ) തുമ്പപ്പൂ ചോറുവിളമ്പി….അയല വറുത്തതുണ്ടേ…കരിമീന്‍ പൊരിച്ചതുേേണ്ട…എന്നൊക്കെ പാട്ടുപാടി കേള്‍പ്പിച്ചാല്‍ മതിയോ….

ചേട്ടന്‍: (കൈകൂപ്പി) ഞാന്‍ സുല്ലിട്ടു.

ചേടത്തി: വിശക്കുന്നില്ലേ…വാ…ഊണ് വിളമ്പിയേക്കാം…(അകത്തേക്കുപോകുന്നു)

ചേട്ടന്‍: ഊംംം…വിശപ്പുണ്ട്…കഴിച്ചിട്ടുവേണം ഒന്നു നടുനിവര്‍ക്കാന്‍….(നടുവിന്റെ ക്ഷീണം കാട്ടി ഒന്നു ഞെളിഞ്ഞുനിവരുന്നു).


ചാരുബെഞ്ചില്‍ ഉറങ്ങികിടക്കുന്ന ചേട്ടന്‍. ഉറക്കത്തില്‍ എന്തൊക്കെയോ സ്വപ്‌നങ്ങളിലേക്ക് വഴുതിവീഴുന്നതായി മുഖത്തുനോക്കിയാല്‍ അറിയാം. പിറുപിറുക്കുന്നുണ്ട്. മുഖത്ത് സങ്കടഭാവം…പെട്ടെന്ന് ഒരു വലിയശബ്ദത്തോടെ ചാടി എണീക്കുന്നു. വിയര്‍ത്തിട്ടുണ്ട്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റ ആലസ്യത്തോടെ മുറ്റത്തേക്ക്ിറങ്ങുന്നു. ശബ്ദംകേട്ട് പിന്നില്‍ നിന്നും ഓടിയെത്തുന്ന ചേടത്തി.

ചേടത്തി: (പരിഭ്രമത്തോടെ) എന്താ…എന്തുപറ്റി…ഒരു ശബ്ദംകേട്ടത്.

ചേട്ടന്‍: ഒന്നുമില്ലെടീ…നീ ചുമ്മാ ഓടിപ്പാഞ്ഞ് എവിടെയെങ്കിലും തട്ടിവീഴരുത്.

ചേടത്തി: ഞാന്‍ കരുതി നിങ്ങള്കിടന്നേടത്തുനിന്ന് ഉറ്കകത്തില്‍ താഴെവീണെന്ന്.

ചേട്ടന്‍: പിന്നെ…താഴെവീഴാന്‍ ഞാനെന്നാ കൊച്ചുകുഞ്ഞല്ലേ…

ചേടത്തി: അതുശരി…. കട്ടിലേന്ന് താഴെപോയതൊക്കെ ഇത്രപെട്ടെന്ന് മറന്നോ…

ചേട്ടന്‍: നീ ചുമ്മാ പോ…ഇതു ഞാനൊരു സ്വപ്‌നം കണ്ടതാ…

ചേടത്തി: ങാ…നിങ്ങള് കണ്ണടച്ചാ അന്നേരെ സ്വ്പനം കാണലല്ലേ പരിപാടി….ആട്ടെ…ഇന്നെന്നതായിരുന്നു മരംചുറ്റി ഓട്ടമായിരുന്നോ….

ചേട്ടന്‍: അല്ലെടീ…ഇന്നു ഞാന്‍ മരിച്ചു പോകുന്നതാ കണ്ടത്.

ചേടത്തി: ങാഹാ…അവിടംവരെയെത്തിയോ…എന്നിട്ട്..

ചേട്ടന്‍: ഞാനിങ്ങനെ മരിക്കാന്‍ കിടക്കുവാ…പിള്ളേരെയൊക്കെ എല്ലാം പറഞ്ഞേപ്പിക്കുവായിരുന്നു…

ചേടത്തി: എല്ലാം പറഞ്ഞേപ്പിച്ചോ….

ചേട്ടന്‍: മൂത്തവനോട് ഞാന്‍ പോയിക്കഴിഞ്ഞാ എന്റെ സ്ഥാനത്തുനിന്ന് എല്ലാകാര്യങ്ങളും നോക്കിനടത്തണമെന്ന് പറഞ്ഞു. ഇളയവനോട് അമ്മയെയും പെങ്ങളെയും നോക്കിക്കോണമെന്ന് പറഞ്ഞു…

ചേടത്തി: അതുശരി അപ്പം നിങ്ങള്‍ക്ക് എന്നോട് അവസാനമായി ഒന്നും പറയാനില്ലാിരുന്നോ….

ചേട്ടന്‍: നിന്നോടും പറഞ്ഞു…

ചേടത്തി: (ഇടയ്ക്കുകയറി) എന്നെ രണ്ടുതെറിയായിരിക്കും പറഞ്ഞത്…അല്ലേല്‍ മുഖം വീര്‍പ്പിച്ചു കാണുവായിരിക്കും…

ചേട്ടന്‍: (ചേടത്തിയുടെ ഇരുകൈകളും പിടിച്ചുകൊണ്ട്) സ്റ്റില്‍ ഐ ലവ് യു….

ചേടത്തി: (വേഗത്തില്‍ ഒന്നുകൂടി കേള്‍ക്കാനായിട്ട്) എന്നതാന്നാ…

ചേടത്തി: അന്ന് നിന്നെ ആദ്യം കണ്ടനിമിഷത്തിലേതുപോലെ ഇപ്പോഴും എനിക്ക് നിന്നോട് സ്‌നേഹമാണെന്ന്…

ചേടത്തി നിറഞ്ഞകണ്ണുകളോടെ ചേട്ടന്‍ കൂട്ടിപിടിച്ചകൈകളിലേക്ക് നെറ്റിയമര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here