ചേട്ടന്റെ വാര്‍ഷിക ബജറ്റ് തള്ളി ചേടത്തി

0
41

ചേട്ടനും ചേടത്തിയും
എപ്പിഡോസ്-8

കണക്കുബുക്കില്‍ കാര്യമായിട്ടെന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്ന ചേട്ടന്‍. കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വെട്ടുന്നു. പിറുപിറുക്കുന്നു. തലചൊറിയുന്നു. കൊള്ളാമെന്ന മട്ടില്‍ തലകുലുക്കല്‍…ശരിയാകാത്തതിന്റെ അരിശം. പിറുപിറുത്തുകൊണ്ട് കടലാസ് ചരുട്ടിയെറിയുന്നു…അകത്തേക്ക് നോക്കി ഭാര്യയെ വിളിക്കുന്നു.

ചേട്ടന്‍: എടിയേ…ഇങ്ങുവന്നേ…

ചേടത്തി: (അകത്തുനിന്നു വരുന്നു) എന്നാവേണം…കട്ടന്‍ചായവേണോ…ചൂടുവെള്ളം വേണോ…മോരിന്‍വെള്ളം വേണോ…നാരങ്ങാവെള്ളം വേണോ….

ചേട്ടന്‍: (രൂക്ഷമായി നോക്കി്കകൊണ്ട്) നീയെന്നാ ഹോട്ടലിലെ സപ്ലയറോ….ഇങ്ങനെവന്ന് വിളിച്ചുകൂവാന്‍…

ചേടത്തി: അതുശരി…വന്നുചോദിച്ചതാണോ കുഴപ്പമായത്…എന്തെങ്കിലും ആവശ്യത്തിനല്ലെ നിങ്ങള് വിളിക്കൂ…ഈ നേരത്തെ വിളി വെള്ളം കുടിക്കാനായിരിക്കുമെന്നറിയാം…

ചേട്ടന്‍: ഹോ…ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കുപുറത്ത്….നിന്നെക്കൊണ്ട് തോറ്റുപോകത്തേയുള്ളു…

ചേടത്തി: നിങ്ങള് ആശാന്റെയും കളരിയുടെയും കാര്യം പറയാതെ എന്നത്തിനാ വിളിച്ചതെന്ന് പറ…കറി അടുപ്പത്തിരിക്കുന്നു…

ചേട്ടന്‍: എടീ പുതിയ വര്‍ഷം തുടങ്ങുവല്ലേ…ആണ്ടുപിറവിയല്ലേ…ഞാന്‍ ചില തീരുമാനങ്ങളെടുത്തു…അതുപറയാനാ വിളിച്ചത്…

ചേടത്തി: (തിരിഞ്ഞുനടന്ന്)ഓാാാ…അത്രേയുള്ളോ…ഞാന്‍ കരുതി ഏതാണ്ട് മലമറിക്കാന്‍ പോകുവാന്ന്….

ചേട്ടന്‍: അതെന്നാടി…നിനക്കൊരു വകവെപ്പില്ലാത്തത്….നിനക്കൊരു പുഞ്ഞം….

ചേടത്തി: മനുഷ്യാ ഞാന്‍ നിങ്ങളടെ കൂടൂകൂടിയിട്ട് വര്‍ഷം അമ്പതായി…ഈഅമ്പതു വര്‍ഷവും ആണ്ടുപിറവിക്ക് നിങ്ങള് തീരുമാനങ്ങളെടുക്കും….ഈ എടുത്ത തീരുമാനങ്ങളെഴുതിവെച്ചിരുന്നേല്‍ മലയാളത്തിലെ ഏറ്റവും വലിയ പുസ്തകം ഇറക്കാമായിരുന്നു….

ചേട്ടന്‍: എടീ…ഞാന്‍ നടപ്പാക്കാന്‍ പറ്റുന്ന തീരുമാനങ്ങളേ പറയാറുള്ളു…ഞാന്‍ വല്ലതും പറയുമ്പം നിനക്കൊരു വകവെപ്പില്ല…അതൊന്നും അനുസരിക്കില്ല….പിന്നെങ്ങനെ കാര്യങ്ങളു നടക്കും…ഞാന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ ഇവിടെ വല്ലതും നടക്കുമോ…

ചേടത്തി: കല്യാണം കഴിഞ്ഞുവന്ന സമയത്ത് നിങ്ങള് പറയുന്ന കാര്യങ്ങളൊക്കെ ശരിയായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചായിരുന്നു….പിന്നെയല്ലേ ഇതെല്ലാം ചുമ്മാ തള്ളാന്ന് മനസിലായത്…..ആണ്ടു പിറവി കഴിഞ്ഞ് നേരംവെളുക്കുമ്പഴേക്കും പറഞ്ഞതെന്നതാന്ന് നിങ്ങളും മറക്കും….

ചേട്ടന്‍: അതുശരി…ഇപ്പോ ഞാനായി കുഴപ്പക്കാരന്‍…നീ നല്ലവളും…ങാ…നീ അടുക്കളേല്‍ പോയി പുകയൂത്…നിന്നെ കൂടെക്കൂട്ടാന്‍ നോക്കിയ എന്നെ പറഞ്ഞാല്‍ മതി….

(ചേടത്തി അകത്തേക്ക് പോകുന്നു. ചേട്ടന്‍ വീണ്ടും കണക്കുകൂട്ടലിലേക്ക്)

സീന്‍ 2

ചേട്ടന്‍ കണക്കുകൂട്ടല്‍ തുടരുകയാണ്. ചേടത്തി അകത്തുനിന്നും വരുന്നു

ചേടത്തി: നിങ്ങളടെ പ്ലാനിംഗോക്കെ എന്നായി….

ചേട്ടന്‍: (മുഖമുയര്‍ത്തി) ങാഹാ …നീ പിന്നെയും വന്നോ…വിട്ടുപോയതാന്ന് പറഞ്ഞിട്ട്…

ചേടത്തി: ങാ…ഞാന്‍ കറി അടുപ്പത്തുനിന്ന് വാങ്ങിവെക്കാന്‍ പോയതല്ലെ…അല്ലെങ്കില്‍ അത് ചുവട്ടിപ്പിടിക്കും….ഉണ്ണാന്‍ വിന്നിരിക്കുമ്പം കരുഞ്ചുവയാന്നു പറഞ്ഞ് നിങ്ങള് ചീത്തവിളിക്കും…

ചേട്ടന്‍: അതിപ്പം ഒറു പുതിയ കാര്യമല്ലല്ലോ….സ്ഥിരം പരിപാടിയല്ലെ…ഒന്നുകില്‍ ഉപ്പ്…അല്ലെങ്കില്‍ കരിയും…അങ്ങനെയെന്തെങ്കിലുമൊക്കെ കാണും….

ചേടത്തി: നിങ്ങളടെ പ്ലാനിംഗ് പറ…കേള്‍ക്കട്ടെ…നടന്നില്ലെങ്കിലും കേള്‍ക്കാനൊരു രസമുണ്ട്….

ചേട്ടന്‍: എടീ ജനുവരി ഒന്നുമുതല്‍ എല്ലാം വെല്‍പ്ലാന്‍ഡ് ആയിരിക്കും…അടുക്കളയിലും പുറത്തുമെല്ലാം…എല്ലാം ബജറ്റ് അനുസരിച്ചായിരിക്കും….

ചേടത്തി: അപ്പോ ചുരുക്കി പറഞ്ഞാല്‍ നിങ്ങള് വാര്‍ഷികബജറ്റ് അവതിരിപ്പിക്കാന്‍ പോകുവാന്ന്….

ചേട്ടന്‍: അതേ…ബജറ്റില്‍ നിന്നുവിട്ട് അണപൈസ ചെലവാക്കാന്‍ സമ്മതിക്കില്ല…

ചേടത്തി: ങാാാ…അണപൈസ ഇപ്പ് ആര് ചെലവാക്കാന്‍ വരുന്നു….രണ്ടായിരത്തിലും അഞ്ഞൂറിലും കുറഞ്ഞ കേസില്ല…

ചേട്ടന്‍: ഹോ…സീരിയസായിട്ട് കാര്യം പറയുമ്പോഴാണോ അവളുടെ ഒരു വളിച്ച തമാശ….നിന്റെ തമാശയും നീവെക്കുന്ന കറിയുമെല്ലാം ഒരുപോലെയായി പോയതെങ്ങനാടീ…

ചേടത്തി: ഹോ…നിങ്ങള് വലിയ തമാശക്കാരനുണ്ടല്ലോ….ഒരു വീട്ടില് എല്ലാവരും തമാശക്കാരായാലോ….

ചേട്ടന്‍: നീ അതുനിര്‍ത്ത്…ഇതുകേള്‍ക്ക്…അടുത്തഒരുവര്‍ഷത്തേക്കുള്ള ചെലവിന്റെ രീതികളാണ്….അടുക്കള വിഭാഗം കൈകാര്യം ചെയ്യുന്നയാളെന്നതുകൊണ്ട് നിനക്ക് നിന്റെ അഭിപ്രായങ്ങള്‍ പറയാം….നല്ലതാണെങ്കില്‍ ചേര്‍ക്കും…അല്ലെങ്കില്‍ തള്ളും….

ചേടത്തി: അടുക്കളേലോട്ടു വല്ലതും വാങ്ങിയാല്‍ അതനുസരിച്ചുള്ളതു മേശപ്പുറത്ത് വല്ലതും വരും….അല്ലാതെ അന്നേരം എന്നെ കുറ്റം പറഞ്ഞേക്കരുത്….

ചേട്ടന്‍: ആവശ്യത്തിനുള്ളതെല്ലാം എല്ലാമുണ്ട്….ദുര്‍ചെലവ് ഒവിവാക്കും….

ചേടത്തി: ആട്ടെ…നിങ്ങടെ ബജറ്റ് കേള്‍ക്കട്ടെ….എന്നിട്ടു പറയാം….

ചേട്ടന്‍: ആഴ്‌ചേല്‍ രണ്ടു ദിവസം മീന്‍…ഒരു ദിവസം ഇറച്ചി…അത് ചിക്കന്‍, ബീഫ്..ഇങ്ങനെ മാറിമാറി….പച്ചക്കറിയും പലവ്യഞ്ജനവും ആഴ്ചയിലൊരുദിവസം വാങ്ങും…അതും എന്തൊക്കെ വാങ്ങണമെന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട്….

ചേടത്തി: ഇതെന്നാ അടുക്കള ബജറ്റാണോ….ഉടുതുണിയൊന്നും വാങ്ങണ്ടേ….കല്യാണം, കേറിത്താമസം ഇതിനൊനന്ും പോകണ്ടേ…..

ചേട്ടന്‍: എടീ അതെല്ലാമുണ്ട്….മാസത്തിലൊരു കല്യാണം….രണ്ടുമാസത്തിലൊരു കേറിത്താമസം….

ചേടത്തി: അതെന്നാ നിങ്ങള് കണിയാനാണോ….ഇങ്ങനെ കാലേക്കൂട്ടി കല്യാണവും കേറിത്താമസവുമൊക്കെ പറയാന്‍….

ചേട്ടന്‍: എടീ..പൊട്ടീ.. അതിനാണ് പ്ലാനിംഗ് എന്നു പറയുന്നത്…സംഭവിക്കാന്‍ പോകുന്നതിനെ മുന്‍കൂട്ടിക്കണ്ട് പ്ലാന്‍ ചെയ്യണം…അവിടെയാണ് കഴിവ്….

ചേടത്തി: ഒന്നുകൂടികണ്ടോട്ടെ…പ്ലാനിംഗ്‌ബോര്‍ഡുകാര് കാണണ്ട…തട്ടിക്കൊണ്ടുപോകും….പിന്നെ ഇവിടത്തെ പ്ലാനിംഗ് പൊളിയില്ലേ….

ചേട്ടന്‍: നീ ഇങ്ങനെ എന്നെ കളിയാക്കിയിരുന്നോ….വേണ്ടീട്ടുള്ള കാര്യം വല്ലതും പറ….തുണിക്കടേല്‍ പോകാനും വകയിരുത്തിയിട്ടുണ്ട്….

ചേടത്തി: അപ്പം ഈ വര്‍ഷം എല്ലാം ബജറ്റനുസരിച്ചു നീങ്ങും….കണ്ടറിയണം….

ചേട്ടന്‍: കണ്ടറിയാനൊന്നുമില്ല….ഇതെങ്ങാനും തെറ്റിച്ചാല്‍ നീ കൊണ്ടറിയും….

ചേടത്തി: അതവിടെ നില്‍ക്കട്ടെ…ബജറ്റില്‍ പരാമര്‍ശിക്കാത്ത ഒരു പ്രധാനപ്പെട്ട കാര്യമുണ്ടല്ലോ….

ചേട്ടന്‍: അതെന്നതാ…ഒന്നും വിട്ടുപോയിട്ടില്ല….ഉപ്പു തൊട്ടു മൊട്ടുസൂചിവരെ പരാമര്‍ശിച്ചിട്ടുണ്ട്….

ചേടത്തി: ഉപ്പിന്റെയും മൊട്ടുസൂചിയുടെയും കാര്യമൊക്കെ പറഞ്ഞു…പക്ഷേ ഇതെല്ലാം ചെലവാക്കാനുള്ള പൈസയെവിടെ നിന്നാ…ചെലവേ പറഞ്ഞുള്ളു…വരവെവിടെ…എത്രി…അതുകൂടി പറ….

ചേട്ടന്‍: (നിസാരമായി) ഹാ…അതിത്രവലിയ കാര്യമാണോ….ചെലവിനുള്ള പൈസ അവന്‍ തരണം….അതുപ്രത്യേകം എഴുതിവെക്കേണ്ട കാര്യമില്ലല്ലോ….അത് അവന്‍ തരേണ്ടതല്ലെ….എത്രയായാലും….

ചേടത്തി: അതുശരി…അവന്റെ പോക്കറ്റില്‍ കിടക്കുന്ന കാശു കണ്ടാണോ നിങ്ങളിവിടെ കുത്തിയിരുന്ന് തലപുകച്ച് പ്ലാന്‍ ചെയ്തത്….ഇതൊരുമാതിരി കേരളസര്‍ക്കാര് ബജറ്റ് അവതിരിപ്പിക്കുന്നതുപോലെയായി…..വരവൊന്നുമില്ല…വരവെല്ലാം കടംവാങ്ങി….

ചേട്ടന്‍: എടീ…കേരളസര്‍ക്കാരിനെയും എന്നെയും തമ്മില്‍ താരതമ്യപ്പെടുത്തരുത്…..ഞാന്‍ കടംവാങ്ങുന്നില്ലല്ലോ…എന്റെ മകന്‍ തരുന്നതല്ലേ….

ചേടത്തി: അതേ…അവന് വരുമാനം ഉണ്ടാക്കാനറിയാമെങ്കില്‍ ചെലവാക്കാനും അറിയാം….വരവറിഞ്ഞ് അവന്‍ ചെലവാക്കിക്കോളും എന്നാലേ പോക്കറ്റ് കീറാതിരിക്കുവൊള്ളൂ….

ചേട്ടന്‍: അപ്പം എന്റെ ബജറ്റ് നീ പാസാക്കില്ല….

ചേടത്തി: കമ്മി ബജറ്റ് പാസാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല….വരവും ചെലവും ഒത്തുപോണം. അല്ലേല്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റത്തില്ല.

ചേട്ടന്‍: എല്ലാ ആണ്ടുപിറവിക്കും തുടങ്ങിക്കഴിഞ്ഞാ എന്റെ പ്ലാനും പദ്ധതിയും പൊളിയുന്നത്….ഇതിപ്പം തുടങ്ങുന്നതിനു മുന്നേ പൊളിഞ്ഞു….

ചേടത്തി: അതെന്നാ നിങ്ങളങ്ങനെ പറഞ്ഞത്….ഇതാകട്ടെ ഇപ്രാവശ്യത്തെ പ്ലാന്‍….ഇതുനടപ്പിലാകുന്നുണ്ടോയെന്ന് നമുക്ക് നിരീക്ഷകരായിട്ടിരിക്കാം….

ചേട്ടന്‍: എല്ലാ പുരുഷന്മാരുടെയും വലിയ തീരുമാനങ്ങള്‍ക്കുപിന്നില്‍ ശക്തരായ സ്ത്രീകളുടെ ഇടപെടലുണ്ടെന്നാണ് ചരിത്രം പറയുന്നത്….അതുകൊണ്ട് ഈ വര്‍ഷം ഇങ്ങനെപോട്ടെ…

ചേടത്തി: ഹോ…ഇത്തവണയെങ്കിലും നിങ്ങളെന്നെ ഒന്നംഗീകരിച്ചല്ലോ….അതുതന്നെ ഒരു മാറ്റത്തിന്റെ തുടക്കമാ….

ചേട്ടന്‍: (നെഞ്ചില്‍തൊട്ട് മുകളിലേക്ക്‌നോക്കി) ഹെന്റീശ്വരാ….ഇങ്ങനെതന്നെ പരിക്കില്ലാതെ ആണ്ടറുതിവരെ എത്തിച്ചേക്കണേ…..

LEAVE A REPLY

Please enter your comment!
Please enter your name here