സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ചേട്ടന്‍; ചേടത്തി വെട്ടി

0
93

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-10

മുറ്റത്തുകൂടി ആലോചിച്ചു നടക്കുന്ന ചേട്ടന്‍. എന്തോ പുതിയ ഐഡിയയെക്കുറിച്ചുള്ള ആലോചനയാണെന്ന് വ്യക്തം. ഇടയ്ക്ക് കസേരയില്‍ വന്നിരിക്കുന്നു. വീണ്ടും ചാടിയെണീറ്റ് നടക്കുന്നു. അകത്തു നിന്നും ഇറങ്ങിവരുന്ന ചേടത്തി. ചേട്ടനെ ആകെ മൊത്തം നോക്കി പന്തികേട് മണത്തിട്ടെന്ന വണ്ണം

ചേടത്തി: നിങ്ങളെന്നാ മനുഷ്യേനെ വാലിനു തീപിടിച്ചതുപോലെ ഇങ്ങനെ പിരുപിരാന്ന് നടക്കുന്നത്…

ചേട്ടന്‍: (ചേടത്തിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല) ങും…വന്നല്ലോ…എന്തെങ്കിലും കാര്യത്തെക്കുറിച്ച് ശാന്തമായിട്ട് ആലോചിച്ചോണ്ടിരിക്കുമ്പം അത് കലക്കാനായിട്ട് എവിടുന്നേലും ചാടിവീഴും…എന്തേലും ആവശ്യത്തിനൊന്നു വിളിച്ചാല്‍ തിരിഞ്ഞു നോക്കത്തില്ല…

ചേടത്തി: ഞാന്‍ നിങ്ങടെ എന്നാ കലക്കിയെന്നാ പറയുന്നേ…

ചേട്ടന്‍: എടീ ഞാന്‍ ഇങ്ങനെ ശാന്തമായിട്ട് പുതിയ ഐഡിയാസൊക്കെ ചിന്തിച്ചോണ്ടിരിക്കുവാ…ഒരു പുതിയ ഐഡിയായുടെ പിറവിയെന്ന് പറയുന്നത് തപസു പോലെയാ…അതു മുടക്കാനായിട്ടാ നിന്റെ വരവ്…

ചേടത്തി: ഓ…പിന്നെ..നിങ്ങള് വലിയ മഹര്‍ഷിയല്ലേ…ഇങ്ങനെ സുന്ദരികള് വന്ന് തപസു മുടക്കാന്‍…

ചേട്ടന്‍:(കളിയാക്കിചിരിച്ച്) അതുശരി …അപ്പം നീ സ്വയം അങ്ങ് സുന്ദരിയായി…അപ്‌സരസിനെയൊന്നു കണ്ടോട്ടെ….ഒരപ്‌സരസ് വന്നിരിക്കുന്നു….അവര് കേട്ടാല് മാനനഷ്ടത്തിന് കേസു കൊടുക്കും…

ചേടത്തി: പിന്നെ…ആയ കാലത്ത് ഞാനും ചെറിയൊരു അപ്‌സരസായിരുന്നു…നിങ്ങടെ കൂടെ കൂടി എല്ലാം കെട്ടുപോയി….

ചേട്ടന്‍: പൊക്കോണം ആ മലമൂട്ടില്‍ കാട്ടുമാക്കാത്തിയെപ്പോലെ കഴിഞ്ഞതാ…എന്റെ കൂടെ കൂടിയേപ്പിന്നെയാ ഇത്തിരി വെട്ടോംമെനേം വെച്ചത്….

ചേടത്തി: തന്നെത്താനെ പറയണം…എന്റെ വല്യമ്മച്ചി എപ്പം വീട്ടിച്ചെല്ലുമ്പഴും കെട്ടിപ്പിടിച്ചു പറയുമായിരുന്നു….എങ്ങനെ നടന്ന കൊച്ചാ…കുരങ്ങന്റെ കൈയില്‍ പൂമാലകൊടുത്തതുപോലെയായിപ്പോയെന്ന്…

ചേട്ടന്‍: പിന്നെ സന്ധ്യയാകുമ്പം നേരം വെളുക്കാറായെന്ന പറയുന്ന ആ തള്ളയ്ക്ക് ബോധോം പൊക്കണോം ഉണ്ടോ….അവര് പറയുന്നത് വിശ്വസിച്ച നിന്നെ പറയണം….

ചേടത്തി: ആ…പോട്ടെ…നിങ്ങളൊന്നു മിണ്ടാതിരി…പിള്ളേര് കേട്ടാല്‍ തെറി പറയും. അവരുടെ പിള്ളേര്‍ക്ക് കല്യാണപ്രായമായി…ഇപ്പഴും തന്തേംതള്ളേംകൂടി കെട്ടിയ കഥ പറഞ്ഞ് വഴക്കാന്നാ അവര് പറയുന്നത്….

ചേട്ടന്‍: കണ്ടോ…ഇപ്പം എനിക്കു പഴിയായി…മര്യദയ്ക്ക് പോസിറ്റീവായിട്ട് ചിന്തിച്ചു കൊണ്ടു നടന്നതായിരുന്നു ഞാന്‍….നീ വന്ന് മൊത്തം നെഗറ്റീവായി….(കേസരയില്‍ ഇരുന്നു കൊണ്ട്) മൂഡും പോയി….(കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട്) ഇതെങ്ങനെ സാധിക്കുന്നു ….സമ്മതിക്കണം….

ചേടത്തി: ങാ…പോട്ടെ…(വായുവില്‍ കൈകൊണ്ട് തൂത്തുകൊണ്ട്) നെഗറ്റീവെല്ലാം ഞാനായിട്ടു തന്നെ തൂത്തുകളഞ്ഞേക്കാം. നമുക്കു പോസിറ്റീവായേക്കാം…നിങ്ങള് പറ എന്നതാ പുതിയ ഐഡിയ…

ചേട്ടന്‍: ഓ…മൂഡു പോയി..ഇനി ഇപ്പം പറയാന്‍ പറ്റില്ല…അതൊക്കെ അതിന്റെ ഫ്‌ലോയ്ക്ക് വന്നാലെ പറയാന്‍ പറ്റൂ…അതുപോയി…

ചേടത്തി: ഓ…നിങ്ങള് ക്ഷമീര്….എനിക്ക് നിങ്ങളെപ്പോലെ ചിന്തിക്കാനും ഒന്നുമുള്ള കഴിവില്ല…അതുകൊണ്ടല്ലേ…നിങ്ങളടെ തലേല്‍ ചുമ്മാ കൂണുമുളയ്ക്കുന്നതുപോലെയല്ലേ ഓരോ ഐഡിയ വരുന്നത്… സമ്മതിക്കണം.

ചേട്ടന്‍: (ചേടത്തി പൊക്കി പറഞ്ഞത് ഇഷ്ടപ്പെട്ടു) എടീ…നാടന്‍ കോഴിമുട്ടയ്ക്ക് നല്ല ഡിമാന്റാ..കോഴിയെ വളര്‍ത്തി മുട്ട വില്‍ക്കാം…

ചേടത്തി: കോഴി വളര്‍ത്തല് കൊള്ളാം…മുട്ടവിറ്റില്ലേലും നമുക്ക് ഉപയോഗിക്കാമല്ലോ…

ചേട്ടന്‍: ഇതാണ് കുഴപ്പം…ഒരു ബിസിനസ് ആലോചിക്കുമ്പം അതിന്റെമാര്‍ക്കറ്റിംഗിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്…അല്ലാതെ നമ്മള് തന്നെ ഞമുക്കുന്നതിനെക്കുറിച്ചല്ല…പിന്നെങ്ങനെ ലാഭകരമാകും…

ചേടത്തി: ഓ..എന്നാ നിങ്ങള് വില്‍ക്ക്…എനിക്കുവേണ്ട…ഇനി പറമ്പുനിറച്ച് കോഴിയെ മേടിച്ച് വളര്‍ത്താനാണോ…

ചേട്ടന്‍: എടീ നിന്നെപ്പോലെ മണ്ടത്തരം ഞാന്‍ കാണിക്കുകേല…ആദ്യം അഞ്ചുകോഴിയെ മേടിച്ച് ട്രയല് നോക്കും….എന്നിട്ട് വിജയപരാജയങ്ങളെക്കുറിച്ച് പഠിക്കും….

ചേടത്തി: ഒരു മുട്ടയ്ക്ക് ആറുരൂപയെ കിട്ടു…അതിന്റെ തീറ്റയ്ക്ക് വേണം പത്തുനാല്‍പത് രൂപ കിലോയ്ക്ക്….പിന്നെ..ഈ മുട്ടയെല്ലാം ദിവസവും കടേല്‍ കൊണ്ടുപോയി കൊടുക്കണ്ടേ…അതിനും ചെലവില്ലേ….ഒരു പക്ഷിപ്പനി കൂടി വന്നാല്‍ അതോടെ തീരും…

ചേട്ടന്‍: (കൈവിലില്‍ കണക്കുകൂട്ടി നിരാശനായി) ഓ…അങ്ങനെവരുമ്പം അതുനഷ്ടമാ…ലാഭത്തിലോടില്ല….

ചേടത്തി: എന്നാ..അതുപോട്ടെ അടുത്തതു പറ…

ചേട്ടന്‍:(ഉത്സാഹത്തോടെ) വേറെയുണ്ട്….ജൈവ വളമുണ്ടാക്കി കൊടുക്കുക…നമ്മള് വേസ്‌റ്റെല്ലാം കളക്ട് ചെയത്….അഴുകിച്ച് വളമാക്കി വില്‍ക്കും…നല്ല ലാഭമാ….

ചേടത്തി: അതുകൊള്ളാം…വളംവില്‍പന ലാഭമാ…പക്ഷേ ആര് പോയി വേസ്റ്റ് കൊണ്ടുവരും….കൊണ്ടുവന്നാല്‍ എവിടെയിടും…നാറിയിട്ടു പെരയ്ക്കകത്തിരിക്കാന്‍ പറ്റുകേല…അയലോക്കംകാര് നിങ്ങളെ പറപ്പിക്കും…

ചേട്ടന്‍: (ആലോചിച്ച്) ങും…അങ്ങനെയൊരു ഡ്രോബാക്കുണ്ട് അതിന്…

ചേടത്തി: അപ്പം അതുപോയി….അടുത്തതുപോരട്ടെ…

ചേട്ടന്‍: നീ എന്നതാ കരുതിയത്….ഇതങ്ങനെ തീരുന്നതല്ല….ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാ…

ചേടത്തി: ങാ…ഒഴുകും…വേറെ പണിയൊന്നുമില്ലല്ലോ…ചുമ്മാ ശാപ്പാടടിക്കുക…കസേരേല്‍ ചാരിക്കിടന്ന് ഐഡിയ ആലോചിക്കുക..

ചേട്ടന്‍: (കസേരയില്‍ നിന്നെണീക്കാന്‍ തുടങ്ങുന്നു) ഞാന്‍ നിര്‍ത്തി…. പോകുകയാ…ഇതാ നിന്റെ കുഴപ്പം…കൂടെനില്‍ക്കുകേം ചെയ്യും ഇടയ്ക്ക് കുത്തുകയും ചെയ്യും…

ചേടത്തി: (ചിരിച്ചുകൊണ്ട്) ഹേ…ഞാന്‍ നിങ്ങളെ പോസിറ്റീവാക്കാന്‍ തമാശ പറഞ്ഞതല്ലേ…

ചേട്ടന്‍: എന്നാ വേറൊരു സംഭവമുണ്ട്….നിനക്ക് ഞാനിത്തിരി ചെമ്പരത്തി താളിയുണ്ടാക്കി തരട്ടെ…തേച്ചു കുളിക്കുന്നോ….

ചേടത്തി: അതുനിങ്ങള് കളിയാക്കിയതാണോ…

ചേട്ടന്‍: അല്ലെടീ കാര്യമായിട്ടു പറഞ്ഞതാ…എങ്ങനെയാ…

ചേടത്തി: നിങ്ങളങ്ങനെ നല്ല കാര്യമൊന്നു ചെയ്യാറില്ല…എപ്പഴാ ഉണ്ടാക്കുന്നത്..കുളിക്കുന്നതിനു മുന്നേ വേണം…എനിക്കാണെങ്കില്‍ താളിയരയ്ക്കാനുമൊക്കെ മടിയായിട്ടിരിക്കുകയായിരുന്നു.

ചേട്ടന്‍: കണ്ടോ….അവിടാണെന്റെ ഐഡിയ പ്രവര്‍ത്തിച്ചത്….ഇങ്ങനെ മടിയുള്ള പെണ്ണുങ്ങള്‍ക്കായി ചെമ്പരത്തിയില ഉണക്കി പൊടിച്ച് വില്‍ക്കുന്നു…എങ്ങനെയുണ്ട്. ..ഐഡിയ…

ചേടത്തി: പക്ഷേ…ഇത്രയും ചെമ്പരത്തിയില എവിടെ നിന്നും കിട്ടും…

ചേട്ടന്‍: ഹാ…അത് നാട്ടിലിഷ്ടം പോലെയുണ്ട്….ഇറങ്ങി നടന്ന് വെട്ടിക്കോണ്ടുവരണം…

ചേടത്തി: നിങ്ങടെ വീട്ടുകാര്‍ക്ക് തലയ്ക്കിത്തിരി പിരിയുണ്ടെന്ന് പണ്ടേ സംസാരമുണ്ട്….ഇനി ചെമ്പരത്തി വെട്ടാനിറങ്ങിയാല്‍ മതി…നാട്ടുകാര് ചെവിപ്പുറകില്‍ ചെമ്പരത്തി പൂ തിരുകും…

ചേട്ടന്‍: നാട്ടുകാര് അങ്ങനെ പലതും പറയും…അതൊന്നും എനിക്കൊരു പ്രശ്‌നമില്ല….

ചേടത്തി: നിങ്ങള്‍ക്കു പ്രശ്‌നമല്ല….പക്ഷേ എനിക്കും പിള്ളേര്‍ക്കും പ്രശ്‌നമാ…

ചേട്ടന്‍: എന്നാ അതുവേണ്ട…ഭാവിയുടെ വാഗ്ദാനമായ സംരംഭകനെയാ നീയൊക്കെകൂടി ഇല്ലാതാക്കുന്നത്… എന്നാപ്പിന്നെ ഞാനൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയാലോ…

ചേടത്തി: സ്റ്റാര്‍ട്ടപ്പോ…നിങ്ങളോ…

ചേട്ടന്‍: അതെന്നാ എനിക്കു തുടങ്ങിയാല്‍…ഇന്നത്തെ പത്രത്തിലുമുണ്ട്…സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ എല്ലാ സഹായവും സര്‍ക്കാര് നല്‍കും…നമ്മള് തിരുവനന്തപുരത്തോട്ട് ചെന്നാല്‍ മതി…കോടികളാ ഓരോരുത്തര് സ്റ്റാര്‍ട്ടപ്പില്‍ ഇറക്കുന്നത്….നമുക്ക് ഐഡിയ മാത്രം മതി…കാശ് മുടക്കാന്‍ വേറെ ആളുണ്ട്….ഐഡിയായ്ക്ക് നമുക്കു പഞ്ഞവുമില്ല…

ചേടത്തി: നിങ്ങളേത് ലോകത്താ മനുഷ്യാ….ആ വാര്‍ത്തയുടെ അവസാനം പ്രായപരിധിയുണ്ടായിരുന്നു…അത് കണ്ണുപിടിച്ചില്ലേ….കുഴീലോട്ട് കാലും നീട്ടിയിരിക്കുന്ന നിങ്ങളാ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന് പോണത്…

ചേട്ടന്‍: എടീ ആമസോണിന്റെ സ്ഥാപകന്‍ എത്രാമത്തെ വയസിലാ പ്രസ്ഥാനം തുടങ്ങിയതെന്ന് അറിയാമോ…അറുപതാമത്തെ വയസില്…

ചേടത്തി: ലോകത്ത് എത്രകോടി ജനങ്ങളുണ്ടെന്ന് അറിയാമോ…അതിലൊരാള് അറുപതാം വയസില്‍ കോടീശ്വരനായെന്ന് പറഞ്ഞ് നിങ്ങളിവിടെയിരുന്ന് കൂട്ടിയാ കൂടില്ല….ആയകാലത്ത് ഓര്‍ക്കണമായിരുന്നു…അന്നേരം കാള കളിച്ച് നടന്നു….

ചേട്ടന്‍: ഇങ്ങനെ പിന്നീന്ന് വലിക്കാന്‍ നിയുള്ളേടത്തോളം കാലം ഞാന്‍ രക്ഷപ്പെടില്ല…

ചേടത്തി: എന്നാ നിങ്ങള് ഇത്രേം ഐഡിയ പറഞ്ഞില്ലേ…ഇനി ഞാനൊരു ഐഡിയ പറയട്ടെ…

ചേട്ടന്‍: ഹോ…നിനക്കും ഐഡിയയോ…കേള്‍ക്കട്ടെ…മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യമെന്നല്ലെ പറയുന്നത്…

ചേടത്തി: (എണീറ്റ് കൊണ്ട്)നല്ല കപ്പ പുഴുങ്ങി വെച്ചിട്ടുണ്ട്…പോത്തുകറിയുമുണ്ട്….നമുക്ക് കഴിച്ചാലോ…

ചേട്ടന്‍: (വായില്‍വെള്ളമൂറി..എല്ലാം മറന്ന് ചാടിപ്പറയുന്നു) അതു കൊള്ളാം..സൂപ്പര്‍ ഐഡിയയാ…(പറഞ്ഞുകഴിഞ്ഞപ്പം ചെറിയൊരു ചമ്മല്‍) എന്നാലിനി കപ്പേംപോത്തും കഴിച്ചിട്ടാട്ടെ… പുതിയ ഐഡിയാസ് അപ്പംമിന്നും….

LEAVE A REPLY

Please enter your comment!
Please enter your name here