കരാട്ടേ പഠിക്കാനിറങ്ങി പണിവാങ്ങി ചേട്ടന്‍

0
117

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-11

ചേട്ടന്‍ കരാട്ടേ വേഷത്തില്‍ മുറ്റത്ത് പരിശീലനത്തിലാണ്. കൈകൊണ്ടും കാലുകൊണ്ടുമൊക്കെയുള്ള മുറകള്‍. ആഗ്രഹത്തിനനനുസരിച്ച് കൈയും കാലും വഴങ്ങുന്നില്ലെന്ന് വ്യക്തം. ഇതു കണ്ടുകൊണ്ട് അകത്തുനിന്നുമിറങ്ങിവരുന്ന ചേടത്തി. ചേട്ടന്റെ അഭ്യാസങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കുന്നു.

ചേടത്തി: നിങ്ങളിതെന്നാ പേക്കൂത്ത് കാണിക്കുകാ മനുഷ്യേനാ…നിങ്ങള്‍ക്ക് ഭ്രാന്തായോ…ഇതേത് പള്ളീലച്ചന്റെ അടിച്ചു മാറ്റിയതാ കുപ്പായം…

ചേട്ടന്‍: (കൈകൊണ്ടുള്ള മുറയ്ക്കിടെ കിതച്ചുകൊണ്ട്) ഭ്രാന്ത് നിന്റെ….ഞാന്‍ പറയുന്നില്ല…

ചേടത്തി: ബാക്കീംകൂടി പറ…ഞാന്‍ നിങ്ങടെ ഭ്രാന്ത് മാറ്റിത്തരാം…

ചേട്ടന്‍: (അഭ്യാസമുറയ്ക്കിടെ കൈകൂപ്പി) ഒന്നു പോയിത്തരാമോ…ഞാനിവിടെ ശരീരവും മനസും ഒരുപോലെ സമര്‍പ്പിച്ചുകൊണ്ടുള്ള പരിശീലനത്തിലാണ്…

ചേടത്തി: അതല്ലെ ഞാനും ചോദിച്ചത്…എന്തിന്റെ പരിശീലനമാണെന്ന്…

ചേട്ടന്‍: (ചേടത്തിയുടെ മുഖത്തിനു നേരെ കൈകൊണ്ട് ഒരു മുറയെടുത്ത്) കരാട്ടേ….നിന്നെയൊക്കെ ഒന്നു മര്യാദ പഠിപ്പിക്കാന്‍ പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ…

ചേടത്തി: ങാ…ഇങ്ങുവാ…നിങ്ങടെ കരോട്ടെ ഞാന്‍ ശരിയാക്കിത്തരാം…ഇതൊക്കെ തന്നെ പഠിക്കാന്‍ പറ്റുമോ…ആരെങ്കിലും പഠിപ്പിക്കേണ്ടേ…

ചേട്ടന്‍: (മുറകള്‍ കാണിച്ച്) അതിനൊക്കെ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്…ആശാന്‍ ഇപ്പോ വരും….(സിനിമാ സ്‌റ്റൈലില്‍) നീ ഗാലറിയിലിരുന്ന് കളികള്‍ കണ്ടോ…

ചേടത്തി: ഇടയ്ക്ക് ഗാലറിയിലേക്ക് നോക്കി ഓടിവായോ എന്ന് വിളിച്ചേക്കരുത്….

ചേട്ടന്‍: ഇനി നീ ഇങ്ങനത്തെ വേണ്ടാതീനം പറയുമ്പോഴുണ്ടല്ലോ…(കറങ്ങി തിരിഞ്ഞ് കാലുകൊണ്ട് തൊഴിക്കാനൊരുശ്രമം) ഇങ്ങനെയൊരു പരിപാടിയുണ്ട്…

നിലത്തടിച്ചു വീഴാനായുന്നു. കൈകുത്തിയതുകാരണം മുഖമടിച്ചു വീണില്ല.

ചേടത്തി: (മുന്നോട്ടാഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നു)ഞാന്‍ നിങ്ങളോട് എപ്പഴും പറയുന്നതാ വേണ്ടാത്ത പണിക്കുപോകരുതെന്ന്…വായിലുള്ള പല്ലും കൂടി തെറിക്കും…

ദൂരെനിന്നും ബൈക്കിന്റെ ഹോണടി ശബ്ദം. കൈ കുത്തിയെണീക്കുന്നതിനിടെ ചേട്ടനും ചേടത്തിയും ശ്രിദ്ധിക്കുന്നു.

ചേടത്തി: ആരാ ബൈക്കിലിപ്പോ ഇങ്ങോട്ടു വരുന്നത്..

ചേട്ടന്‍: (ആവേശത്തോടെ എണീറ്റ്) ആശാനെത്തി…കരാട്ടെ പഠിപ്പിക്കുന്ന ആശാനാ…

ആശാനെ സ്വീകരിക്കാനുള്ള ആവേശത്തില്‍ ചേട്ടന്‍

ബൈക്ക് മുറ്റത്ത് വന്നു നില്‍ക്കുന്നു. വളരെ ഗൗരവത്തില്‍ ആശാന്‍ ബൈക്കില്‍ നിന്നിറങ്ങുന്നു.

മാസ്റ്റര്‍: (ചേട്ടനു നേരെ നോക്കി കുനിഞ്ഞ്) ഹുസ്…

ചേട്ടന്‍: (മാസ്റ്റ്‌റെ നോക്കി കൈയുയര്‍ത്തി) വണക്കം സാര്‍…(നീട്ടി പറയുന്നു)

മാസ്റ്റര്‍: (കടുപ്പത്തില്‍) വണക്കമൊക്കെ കൈയില്‍ വച്ചാല്‍മതി…ക്ലാസില്‍ വരുമ്പോള്‍ എങ്ങനെ അഭിവാദ്യം ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്…

ചേട്ടന്‍: (ചെറുചമ്മലോടെ) ഓ…അതുഞാന് മറന്നു പോയി…

രണ്ടുപേരും പരസ്പരം അഭിവാദ്യം ചെയ്യുന്നു.

ചേടത്തി: (ഇതുകണ്ട് ചിരിച്ചുകൊണ്ട്) ഇങ്ങനെ ഒരു പത്തുപ്രാവശ്യം ചെയ്താല്‍ നിങ്ങടെ ഗ്യാസ് കുറയും.

മാസ്റ്റര്‍ക്ക് ചേടത്തിയുടെ കമന്റ് ഇഷ്ടപ്പെട്ടില്ല. അതിരൂക്ഷമായി ചേടത്തിയെ നോക്കുന്നു. ചേട്ടന്‍ ചേടത്തിയെ നോക്കി കണ്ണുരുട്ടുന്നു.

മാസ്റ്റര്‍: ഇതെന്നാ കോട്ട് മാത്രമേയുള്ളോ…പാന്റും വേണമെന്ന് ഞാന്‍ പറഞ്ഞതല്ലേ…

ചേട്ടന്‍: (ചെറുചമ്മലോടെ) അത് മാനേ…തുണി മേടിച്ചത് തികഞ്ഞില്ല…ഒരു കാലിനേ പറ്റിയുള്ളു…അടുത്ത ക്ലാസിലേക്ക് റെഡിയാക്കാം…

മാസ്റ്റര്‍: (ഇഷ്ടപ്പെടാത്ത മട്ടില്‍) മാനും മുയലുമൊന്നും ഇവിടെയില്ല….(കടുപ്പത്തില്‍) കാള്‍ മി മാസ്റ്റര്‍…

ചേട്ടന്‍: (ചമ്മലോടെ) യെസ് മാസ്റ്റര്‍…

ചേടത്തി: (ചേട്ടനോട് മാസ്റ്റര്‍ കടുപ്പിച്ച് സംസാരിച്ചത് ചേടത്തിക്കിഷ്ടപ്പെട്ടില്ല. കളിയാക്കുന്ന രീതിയില്‍) ഹുസ്..എന്നു വെക്കണ്ടേ…

ചേടത്തി കളിയാക്കിയതാണെന്ന് മാസ്റ്റര്‍ക്ക് മനസിലാകുന്നു. മാസ്റ്ററുടെ നിയന്ത്രണം നഷ്ടപ്പെടുന്നു.

മാസ്റ്റര്‍: (ചേടത്തിയെ ചൂണ്ടി ചേട്ടനോട്) ഏതാണീ സ്ത്രീ…അവരോട് ഇവിടെ നിന്ന് മാറാന്‍ പറയൂ…ക്ലാസില്‍ കാഴ്ചക്കാര്‍ വേണ്ട…

ചേട്ടന്‍: നീ കേറിപ്പോ…

ചേടത്തി:(ഇഷ്ടപ്പെടാത്തമട്ടില്‍) ഞാന്‍ പോയേക്കാമേ…എടുത്തോണ്ട് പോകാന്‍ നേരം വിളിച്ചാല്‍മതി…

ചേടത്തി അകത്തേക്ക് പോകുന്നു.

മാസ്റ്റര്‍ ക്ലാസ് തുടങ്ങുന്നു.

മാസ്റ്റര്‍: (സ്‌റ്റെപ്പ് വച്ച് ചാടി നിന്ന്) ഒരാള്‍ നമുക്കു നേരെ ആക്രമിക്കാന്‍ വരുമ്പോള്‍ എന്തുചെയ്യണം….

ചേട്ടന്‍: (ആലോചിച്ച്) നമ്മളേക്കാള്‍ ആക്കമുള്ളവനാണേല്‍ മുട്ടാന്‍ നിക്കണ്ട…ഓടി മാറിക്കോണം…എന്നിട്ട് നല്ല കല്ലെടുത്ത് കാച്ചിക്കോണം…വല്ല ഏക്കമില്ലാത്തവനാണേല്‍ ചെവിക്കല്ല് നോക്കി ഒറ്റക്കീറ്…താഴെകിടക്കണം…

മാസ്റ്റര്‍: (ഇഷ്ടപ്പെടാത്തമട്ടില്‍) ഞാന്‍ നില്‍ക്കണോ അതോ പോണോ…ഇങ്ങനത്തെ ഇഡായിപ്പ്ു പരിപാടിക്ക് എനിക്ക് സമയമില്ല….നൂറുകണക്കിന് സ്റ്റുഡന്‍സ് എന്റെ സമയത്തിനുവേണ്ടി വെയിറ്റ് ചെയ്യുകാ…അതിനിടേലാ ഞാന്‍ വന്നത്…

ചേട്ടന്‍: (മാസ്റ്ററെ എങ്ങനെയും പിടിച്ചു നിര്‍ത്താനുള്ള ശ്രമം) മാസ്റ്ററെ ക്ഷമിക്ക്…നാടന്‍ പരിപാടിയല്ലേ എനിക്കറിയത്തുള്ളു…കരാട്ടേയുടെ പരിപാടി മാസ്റ്ററ് പറഞ്ഞു തരണം…അതിന് മാസ്റ്ററേക്കാള്‍ കൊള്ളാവുന്ന ഒരു കക്ഷി നമ്മടെ ഏരിയായില്‍ ഇല്ലെന്നാ എല്ലാവരും പറയുന്നത്…

മാസ്റ്റര്‍: (ചേട്ടന്റെ പുകഴ്ത്തല്‍ ഇഷ്ടപ്പെട്ടു) ശരി…ഒരാള്‍ ആക്രമിക്കാന്‍ വന്നാല്‍ എന്തു ചെയ്യണമെന്നുള്ള ബേസിക് കാര്യങ്ങള്‍ ഒന്നു രണ്ടെണ്ണം ഞാന്‍ കാണിക്കാം…

(ഒരു അഭ്യാസം കാണിച്ച് തുടങ്ങി…പുള്ളിക്കും അത് വലിയ നിശ്ചയമില്ല. അത് പുറത്ത് കാണിക്കാതെ)
അല്ലെങ്കില്‍ അത് വേണ്ട…അത് മനസിലാക്കാന് മാത്രമുള്ള ക്ലാസ് നിങ്ങള് അറ്റന്‍ഡ് ചെയ്തിട്ടില്ല.
(രണ്ടു മുറകള്‍ കാണിക്കുന്നു. ചേട്ടനും അതുപോലെ കാണിക്കാന്‍ ശ്രമിക്കുന്നു)

മാസ്റ്റര്‍: ഇനി ഒന്നു കാണിച്ചേ…ഞാനിതാ നിങ്ങളെ ആക്രമിക്കാന്‍ വരുകയാണ്…(കൈകൊണ്ട് കാണിച്ച് ചേട്ടന്റെ മുന്നിലേക്ക്)

ചേട്ടന്‍: (തടയിടാനുള്ള ഒരുക്കം. കൈകൊണ്ട് ഒരു മുറയെടുത്ത്) ഇങ്ങനെ…(അത് നടക്കില്ലെന്ന മനസിലായപ്പോള്‍) അല്ലേല്‍ അത് വേണ്ട മറ്റേത് മതി..(അടുത്ത മുറ കാണിക്കാനുള്ള ശ്രമം)

മാസ്റ്റര്‍: (പിന്‍വലിഞ്ഞ്) പിന്നെ ആക്രമിക്കാന്‍ വരുന്നയാള് ഇങ്ങനെ മുന്നില്‍വന്ന് കൈയും പിടിച്ച് നില്‍ക്കുവാ…അയാള് ഈ നേരത്ത് രണ്ടെണ്ണം പൊട്ടിച്ച് ഏരിയാ വിട്ടിട്ടുണ്ടാകും…

ചേട്ടന്‍: (ഇഷ്ടപ്പെടാതെ) പിന്നെ എനിക്കിട്ട് പൊട്ടിച്ചിട്ട് പോകും…അവനെ അവന്റെ ഏരിയായില്‍ചെന്ന് ഞാന്‍ പൊക്കും..

മാസ്റ്റര്‍: (ചേട്ടന്റെ തള്ള് ഇഷ്ടപ്പെട്ടിട്ടില്ല. ഇയാള്‍ക്കിട്ട് ഒരു പണി കൊടുക്കണമെന്ന ഉദ്ദേശത്തോടെ) ശരി..എതിരാളിയെ എങ്ങനെ പൊക്കിയെടുക്കണമെന്നുള്ളത് കാണിക്കാം…ഇങ്ഹടുത്തുവാ…

ചേട്ടനെ കൈകള്‍ക്കിടയിലൂടെ എടുത്തുപൊക്കാനുള്ള ശ്രമം.അതിനിടെ കൈവിലങ്ങി. കൈ രണ്ടും പിന്നോട്ടായി വിലങ്ങിയ മട്ടില്‍ ചേട്ടന്‍ വേദന കൊണ്ട് പുളയുന്നു.

ചേട്ടന്‍: (നിലവിളിച്ചു കൊണ്ട്) എടീ ഓടിവാടീ…ഇവനെന്നാ ചാകാറാക്കിയെടീ…വിടരുതിവനെ..

പണി പാളിയെന്നു മനസിലാക്കിയ മാസ്റ്റര്‍ പെട്ടെന്ന് ബൈക്കെടുത്ത് പായുന്നു. ചേടത്തി അകത്ത് നിന്ന്ഓടിയെത്തുന്നു.

ചേടത്തി: (ചേട്ടനെ വന്ന് പിടിച്ചുകൊണ്ട്) നിങ്ങളോട് ഞാന്‍ പറഞ്ഞതാ ആകാവുന്ന പണിക്കേ പോകാവൂവെന്ന്

ചേട്ടന്‍: വിടരുതെടീ അവനെ..എറിഞ്ഞു വീഴ്‌ത്തെടീ അവനെ…എന്റെ കൈ പറ്റുകേല…

ചേടത്തി: പിന്നെ…ഇനി അവനെ എറിഞ്ഞുവീഴ്ത്തിയിട്ട് അവനേക്കൂടി ആശുപത്രിയിലോട്ട് കൊണ്ടുപോകണം…എടുക്കാറാവുമ്പോ വിളിച്ചാ മതിയെന്നു പറഞ്ഞപ്പോ ഇത്രയും കരുതിയില്ല.

ചേട്ടന്‍: നിന്റെ കരിനാക്ക് വളച്ച് പറഞ്ഞപ്പഴേ ഞാനോര്‍്ത്തതാ…

ചേടത്തി ചേട്ടനെ താങ്ങിക്കൊണ്ട് പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here