കവിതയെഴുതി ആളാകാന്‍ നോക്കിയതാ ചേട്ടന്‍

0
39

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-12

മരത്തിന്റെ ചുവട്ടില്‍ ചാരുകസേരയിലിരിക്കുന്ന ചേട്ടന്‍. എന്തോ എഴുത്തിലാണ്. ഇടയ്ക്ക് ചാഞ്ഞുകിടന്ന് ആലോചിക്കുന്നു. ചാടി എഴുതുന്നു. കവിതാ രചനയിലാണ്. ഭാവന പീലിവിടര്‍ത്തി ആടുകയാണ്.
ചേടത്തി അകത്തുനിന്നും വരുന്നു. കൈയിലെന്തോ ഉണ്ട്.

ചേടത്തി: (ചേട്ടന്റെയടുത്ത് വന്ന് കൈമുന്നോട്ടു നീട്ടി) ഇന്നാ വായുഗുളിക.

ചേട്ടന്‍: (ഭാവനയുടെ ലോകത്തുനിന്നും ഞെട്ടിയുണര്‍ന്ന്) എന്നതാന്നാ പറഞ്ഞ്ത്…

ചേടത്തി: വായുഗുളിക ഇന്നാന്ന്..

ചേട്ടന്‍: അതിനെനിക്കെഞ്ഞാത്തിനാ വായുഗുളിക…ഞാന്‍ ചോദിച്ചില്ലല്ലോ…

ചേടത്തി: നിങ്ങളിവിടെ കിടന്ന് ഞെളിപിരി കൊള്ളുന്നത് കണ്ടപ്പം ഗ്യാസായിരിക്കുമെന്നു കരുതി…

ചേട്ടന്‍: പൊക്കോണം അവിടുന്ന്…ഞാനിവിടെ സൃഷ്ടിയുടെ വേദനയിലാ…അന്നേരമാ അതിനിടേലോട്ട് കയറിവരുന്നത്…

ചേടത്തി: ങേ…നിങ്ങളിവിടെയിരുന്ന് എന്നാ സൃഷ്ടിക്കുവാ…ഞാനൊന്നും കാണുന്നില്ലല്ലോ…

ചേട്ടന്‍: ങാ…അതാണ്…നീ കാണില്ല…ഞാനിങ്ങനെ ഭാവനയില്‍ കണ്ട് അത് കടലാസിലേക്ക് പകര്‍ത്തിയെഴുതുകയാണ്…..കവിതയെഴുതുകയാണ്…

ചേടത്തി: (കളിയാക്കി ചിരിച്ചുകൊണ്ട്) നിങ്ങളോ…കവിതയോ…നിങ്ങളുടെ തലേടെ ആണിയിളകിപ്പോയോ….ചുമ്മാ ആവശ്യമില്ലാത്ത പണിക്കിറങ്ങാന്‍…

ചേട്ടന്‍: എടീ നീ ഒന്ന് കാതോര്‍ത്തേ….കാവ്യദേവതയുടെ കാല്‍ച്ചിലമ്പൊലികള്‍ നീ കേള്‍ക്കുന്നില്ലേ…

ചേടത്തി: (ചെവിയോര്‍ത്തിട്ട്) പറമ്പില് വേലായുധന്‍ കപ്പയ്ക്കിട കിളയ്ക്കുന്നതു കേള്‍ക്കുന്നുണ്ട്…അല്ലാതെ ചിലമ്പൊലിയൊന്നും കേള്‍ക്കുന്നില്ല…

ചേട്ടന്‍: (മുകളിലോട്ട് നോക്കിയിട്ട്) ന്റെ ദൈവമേ ഇതുപോലെ അരസികയായ ഒരു ഭാര്യയെയാണല്ലോ നീ എനിക്കു തന്നത്…

ചേടത്തി: (മുകളിലേക്ക് നോക്കി) ന്റെ ദൈവമേ ഇതുപോലെ അരവട്ടനായ ഭര്‍ത്താവിനെയാണല്ലോ നീ എനിക്കു തന്നത്…

ചേട്ടന്‍: (അരിശത്തോടെ) പെരയ്ക്കകത്തിരുന്നാല്‍ സമാധാനം തരില്ലാത്തതുകൊണ്ടാ ഇവിടെ വന്നിരുന്നത്….ഇവിടേം സമ്മതിക്കില്ലെന്നു വെച്ചാല്‍….(എണീക്കാന്‍ തുടങ്ങുന്നു)

ചേടത്തി: (തടഞ്ഞുകൊണ്ട്) അവിടെയിരിക്ക്…ഞാനായിട്ട് നിങ്ങടെ കവിതയെഴുത്ത് മുടക്കില്ല….നിങ്ങള് എഴുതിയെങ്കില്‍ വായിക്ക്…കേള്‍ക്കാമല്ലോ…

ചേട്ടന്‍: (ചേടത്തി അംഗീകരിച്ചതിന്റെ സന്തോഷത്തോടെ) രണ്ടുമൂന്നെണ്ണം എഴുതി…വേറെ കുറേ ഇങ്ങനെ ഉള്ളില് തിക്കുമുട്ടി നില്‍്പുണ്ട്…പുറത്തേക്ക് ചാടാന്‍….

ചേടത്തി: എ്ന്നാ ചാടിച്ചു വിട്…അ്‌ലലേല്‍ വല്ല പൊട്ടിത്തെറിക്കുവോ വല്ലോം ചെയ്യും..(ചേട്ടന്‍ എണീക്കാന്‍ തുടങ്ങുന്നു. ചിരിച്ച് തടഞ്ഞുകൊണ്ട്) ഞാന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേ നിങ്ങള് കവാത വായിക്ക്…

ചേട്ടന്‍: നിനക്ക് അര്‍ത്ഥം മനസിലാകുമോയെന്നെനിക്കറിയില്ല…(തലകുലുക്കി) അത് ഞാന് വിശദീകരിച്ചുതരാം…

ചേടത്തി: എനിക്ക് നിങ്ങടെ അത്ര ചിന്താശേഷിയൊന്നുമില്ല…നിങ്ങള് പറഞ്ഞുതന്നാ മതി…

ചേട്ടന്‍: (കവിത ചൊല്ലുന്നു. ആംഗ്യത്തോടെ) ദൂരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക…ഞാനിന്ന് അതെടുത്തു വച്ചു എന്റെ വെറ്റിലതാമ്പാളത്തില്‍….(അഭിമാനത്തോടെ ചേടത്തിയെ നോക്കി) എങ്ങനെയുണ്ട്…ആദ്യ രണ്ടുവരികള്‍…

ചേടത്തി: അതുപിന്നെ…ഇതൊരു…

ചേട്ടന്‍: (ചേടത്തി പറഞ്ഞുതുടങ്ങുമ്പഴേക്ക് ഇടയ്ക്ക് കയറി) ഇല്ല…നിനക്ക് മനസിലാകില്ല..അതെനിക്കറിയാം…ഞാന്‍ പറഞ്ഞു തരാം…അതയാത് ദൂരെ കിഴക്കുദിച്ചു വരുന്ന സൂര്യനെ കവി…(നെഞ്ചില്‍ തട്ടിക്കൊണ്ട്) അതായത് ഞാന്‍…ചെമ്പഴുക്കയോട് ഉപമിക്കുകയാണ്. വെറും ചെമ്പഴുക്കയല്ല മാണിക്യ ചെമ്പഴുക്ക…അതിനെയെടുത്ത് എന്റെ വെറ്റിലതാമ്പാളത്തില്‍ വെക്കുകയാണ്….(തലകുലുക്ക് ഉള്‍്പുളകം കൊണ്ട്) ഹൊ..ഹൊ..എന്തൊരു ഭാവന…എന്നെ സമ്മതിക്കണം…(ചേടത്തിയെ നോക്കി) എങ്ങനെയുണ്ട്….നിനക്കെന്നെയോര്‍ത്ത് ഒരഭിമാനം തോന്നുന്നില്ലേ…

ചേടത്തി: (അങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് ഈണത്തില്‍ പാടുന്നു) ദൂരെ കിഴക്കുദിച്ചേ മാണിക്യ ചെമ്പഴുക്ക…ഞാനിന്നെടുത്തുവെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍….

ചേട്ടന്‍: (ചെറിയ ചമ്മലോടെ) ങേ..ഇതെന്നതാ…നിനക്കറിയാമോ…

ചേടത്തി: ഇതൊരു സിനിമാ പാട്ടാ…

ചേട്ടന്‍: (ചേടത്തി കള്ളി പൊളിച്ചെന്ന് മനസിലായപ്പോ ചെറു ചമ്മലോടെ) ഹോ…ഇതാണ് സിനിമാക്കാരുടെ കാര്യം….എല്ലാം നേരത്തെ അങ്ങടിച്ചുമാറ്റും…അതല്ലേലും ഒവേവ് ലെങ്തിലുള്ളവര് ഒരു പോലെ ചിന്തിക്കും.

ചേടത്തി: ഇതുപോലത്തെ ഇനിയുമുണ്ടോ…

ചേട്ടന്‍: (ചമ്മലുമാറ്റി) പിന്നെ…അടുത്തതു പിടിച്ചോ…സൂര്യകിരീടം വീണുടഞ്ഞു….രാവിന്‍തിരുമുമ്പില്‍..അതായത് സൂര്യന്റെ കീരീടം വീണുടയുകയാണ് രാവിന്റെ…

ചേടത്തി: (ഇടയ്ക്ക് കയറി ഈണത്തില്‍) സൂര്യകിരീടം വീണുടഞ്ഞുരാവിന്‍ തിരുമുമ്പില്‍….

ചേട്ടന്‍: (നിരാശനായി കസേരയിലേക്ക് ചാഞ്ഞ്) ഹോ…ഇങ്ങനെയാണേല്‍ ഈ കളിക്ക് ഞാനില്ല….

ചേടത്തി: (ചുറ്റുംനോക്കി) കാവ്യദേവത കാല്‍ചിലമ്പഴിച്ച് നിങ്ങടെ തലമണ്ടയ്ക്കിട്ട് തരാന്‍ വരുന്നുണ്ടോയെന്നു നോക്കിക്കോണം….

ചേട്ടന്‍: (എങ്ങനെയും ചേടത്തിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ്. ചുറ്റുപാടും നോക്കി കസേരയില്‍ നേരെ യിരിക്കുന്നു) അതേ…ആമ്പിയന്‍സ് ശരിയല്ല….വൈലാലിലെ പോലെ മാങ്കോസ്റ്റീന്‍ വേണം…അങ്ങനെ മാവോ വല്ലതും വേണേല്‍ അതിന്റെ ചുവട്ടിലിങ്ങനെ ഇരുന്നു വേണം എഴുതാന്‍…

ചേടത്തി: വയലായിലെവിടെയാ മാവ്…നിങ്ങളെവിടത്തെ കാര്യമാ പറയുന്നത്…

ചേട്ടന്‍: ഹോ…നിനക്ക് ഞങ്ങള് സാഹിത്യകാരന്മാരുടെ കാര്യമൊന്നും അറിയത്തില്ലല്ലോ….(ഗമയില്‍) നമ്മടെ സുല്‍ത്താന്‍ ബഷീര്‍ സാഹിബ്…..അങ്ങേര് മരത്തിന്റെ ചുവട്ടിലിരുന്നായിരുന്നു എഴുത്ത്.

ചേടത്തി: അതേയ് മനുഷ്യാ..ബഷീറേ മരിച്ചിട്ടുള്ളു…അദ്ദേഹത്തിന്റെ വീട്ടുകാരും ആരാധകരും കഥാപാത്രങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്…അവരെല്ലാം കൂടി ഇങ്ങുവരും…നിങ്ങളെ പഞ്ഞിക്കിടും….അങ്ങേരും നിങ്ങളും തരപ്പടിക്കാരാന്നു പറഞ്ഞാല്‍….

ചേട്ടന്‍: (അതുശ്രദ്ധിക്കാതെ, മരത്തേലോട്ട് നോക്കി) ഇതുവെട്ടിക്കളയണം…ഇതിന്റെ ചുവട്ടിലിരുന്നാല്‍ ഭാവന വരില്ല…നിന്നെപ്പോലെയാ ഇതും…നിറയെ മുള്ളു…പൂവിനാണേലൊരു മണവുമില്ല…വെറുതെ നിറമുണ്ടെന്നേയുള്ളു….

ചേടത്തി: വെട്ടിക്കളയും…ചെറുക്കന്റെ കവിതാ പാരായണം കേള്‍ക്കേണ്ടിവരും…

ചേട്ടന്‍: ഇവിടെ ഒരു മാങ്കോസ്റ്റീന് #നടണം. എന്നിട്ട് അതിന്റെ തണലിലിങ്ഹനെ കിടന്ന് എഴുതി തള്ളണം…(നിര്‍വൃതിയോട ചാരിക്കിടക്കുന്നു)

ചേടത്തി: ഇനി മാങ്കോസ്റ്റീന്‍ നട്ട് വലുതായി അതിന്റെ തണലില്‍ക്കിടന്ന് എഴുതണേല്‍ പള്ളിപ്പറമ്പിലോട്ട് നടുന്നതായിരിക്കും നല്ലത്…

ചേട്ടന്‍: നിനക്കെന്നാ അറിയാം…ഒന്നാം ക്ലാസില്‍ പഠിച്ചോണ്ടിരുന്നപ്പം എന്നോട് മേരിക്കുട്ടി ടീച്ചറ് പറഞ്ഞതാ എനിക്ക് നല്ല വാസനയുണ്ടെന്ന് കവിതയെഴുതാന്‍….

ചേടത്തി: ങാ…അതുചിലപ്പം ശരിയായിരിക്കും…അന്ന് കുളിയും നനയുമില്ലാത്ത കാലമല്ലേ….വാസന കാണും….ടീച്ചറ് ചുമ്മാ പറയില്ല….

ചേട്ടന്‍: (കലികയറി) കുളിയും നനയും ഇല്ലാത്തത് നിന്റെ കുടുംബക്കാര്‍ക്ക്…വാസനസോപ്പ് കണ്ടത് എന്റെ കൂടെ കൂടിയപ്പഴാ…അന്ന് ആദ്യമായിട്ട് സോപ്പ് തേച്ചിട്ട് തുള്ളിച്ചാടിയത് ഇന്നും എന്റെ കണ്‍മുന്നിലുണ്ട്….

ചേടത്തി: ഞങ്ങള് ഇങ്ങനത്തെ കെമിക്കല് ചേര്‍ത്ത് സോപ്പൊന്നുമല്ല തേച്ചിരുന്നത്…നല്ല ഇ്ഞ്ചയും താളിയുമാ….

ചേട്ടന്‍: ആ…ഓസിനു കിട്ടിയാ ആസിഡും കുടിക്കുന്ന പാര്‍ട്ടീസല്ലേ…

ചേടത്തി: ഇങ്ങനത്തെ ദുഷ്ടമനസീന്ന് കവിത വരുമോ….ചുമ്മാ കുത്തിയിരുന്ന് സമയം കളയാമെന്നല്ലാതെ…

ചേട്ടന്‍: നിനക്കെന്നാ അറിയാമെടി…ഞാന്‍ നിമിഷ കവിയാടീ….ഇപ്പം നിന്റെ അരിശത്തെക്കുറിച്ച് ഞാന്‍ നിമിഷ കവിതയെഴുതാം…(ആലോചിച്ചിട്ട്) മുന്‍കോപക്കാരി…കണ്ടാല്‍ ശാഠ്യക്കാരി….

ചേടത്തി: നിങ്ങളൊന്നു പോ മനുഷ്യ…കണ്ട സിനിമാ പാട്ടെല്ലാം മനസിലിരുക്കുന്നത് കവിതയാന്ന് പറഞ്ഞെഴുതിയാല്‍ ശരിയാകുമോ….ഞാന്‍ പോട്ടെയെന്നു കരുതിയിരുന്നതാ…അന്നേരം നിങ്ങള് പറയിപ്പിച്ചേ അടങ്ങൂ….

ചേട്ടന്‍: അതിന് നീ ഈ സിനിമാ പാട്ടെല്ലാം എവിടുന്നു കേട്ടു…

ചേടത്തി: ങാ…അതിപ്പ്ം വീട്ടില്‍ സ്വര്‍ണം വെച്ചിട്ടല്ലേ…നിങ്ങള് നാട്ടില്‍ തേടിനടക്കുന്നത്….

ചേട്ടന്‍: (കളിയാക്കി നോക്കിക്കൊണ്ട്) ഹും…സ്വര്‍ണം…മുക്കുപണ്ടമിരുന്ന് സ്വര്‍ണമാണെന്ന് പറഞ്ഞ് ഞെളിയുന്നതുപോലെയുണ്ട്….

ചേടത്തി: എന്തായാലും നിങ്ങള് കവിയുടെ വേഷം കെട്ടുന്നതിനേക്കാള്‍ നല്ലതാ…

ചേട്ടന്‍: (ചാടിയെണീറ്റ്) എന്നതാടി പറഞ്ഞത്…വേഷം കെട്ടലെന്നോ….എടീ…വിടരാന്‍ വെമ്പുന്ന കവിതാമുകുളത്തിന്റെ കൂമ്പാ നീ ചവുട്ടിയരക്കുന്നത്…

ചേടത്തി: ങാ..ഞാനായിട്ടു ചെയ്തില്ലെങ്കില്‍ നാട്ടുകാരായിട്ട് കൂമ്പിനിട്ടു തരും….ദേ…എണീറ്റു പോകുമ്പം ഈ ചുരുട്ടിക്കൂട്ടിയിട്ടിരിക്കുന്ന കടലാസും കൂടി കൊണ്ടുപൊക്കോണം…എനിക്കിനി ഇതെല്ലാം അടിച്ചുവാരാന്‍ പറ്റുകേല…

ചേട്ടന്‍: അപ്പം നീ എന്റെ കൂമ്പു നോക്കിതരുമെന്നല്ലേ പറഞ്ഞതിന്റെയര്‍ത്ഥം….അതിനുമുമ്പ് നിനക്കിട്ടു ഞാന്‍ തരുമെടീ….(കൈ ഓങ്ങുന്നു)

ചേടത്തി: (കൈയുയര്‍ത്തി) മാനിഷാദ…

ചേടത്തിയുടെ ഡയലോഗ് കേട്ട് ചേട്ടന്റെ മുഖത്തും കോപം മാറി ചിരി പടരുന്നു….

LEAVE A REPLY

Please enter your comment!
Please enter your name here