ചേട്ടനും ചേടത്തിയും
എപ്പിസോഡ്-13
റോഡില്‍ നിന്ന് മുറ്റത്തേക്ക് സെല്‍ഫി സ്റ്റിക്കില്‍ മൊബൈല്‍ ഘടിപ്പിച്ച് വാ തോരാതെ സംസാരിച്ച് കടന്നുവരുന്നയാള്‍. ഒരു യുട്യൂബറാണ്. സംസാരഭാഷയും ശരീര ഭാഷയുമെല്ലാം യുട്യൂബറുടേതാണ്.
യുട്യൂബര്‍: (മൊബൈലിലേക്ക് നോക്കി)ഹായ്…ഗൈസ്…നമ്മളിപ്പം നില്‍ക്കുന്നത്…നമ്മുടെ പ്രിയപ്പെട്ട ചേട്ടന്റെയും ചേടത്തിയുടെയും വീട്ടിലേക്കുള്ള വഴിയിലാണ്…..നമ്മുടെയെല്ലാം ഹൃദയം കീഴടക്കിയ ചേട്ടനെയും ചേടത്തിയെയും അവരുടെ വീട്ടില്‍ പോയി നമുക്കു കാണാം…..(വലിയ തമാശ പറയുന്ന ഭാവത്തില്‍)സിംഹത്തെ അതിന്റെ മടയില്‍ പോയി കാണുന്നതല്ലെ ഒരിത്…
(മുറ്റത്തേക്ക് കടക്കുന്നു) നമ്മള് വന്നത് ചേട്ടനും ചേടത്തിയും അറിഞ്ഞിട്ടില്ല…(ചേട്ടന്‍ ഉമ്മറത്തിരുന്ന് പത്രം വായനയിലാണ്. മുറ്റത്തൊരാള് വന്നത് അറിഞ്ഞിട്ടില്ല)
യുട്യൂബര്‍: (മൊബൈലില്‍ നോക്കി) ഹായ് ഗൈസ്…ചേട്ടനിവിടെ ഇരിപ്പുണ്ട്. ചേടത്തിയെ കാണുന്നില്ല. അടുക്കളയിലായിരിക്കും….നമ്മുടെ ചേട്ടന്‍ ആഴത്തിലുള്ള പത്രം വായനയിലാണ്…ഒന്നും അറിഞ്ഞിട്ടില്ല…നമ്മക്ക് ഒരു സര്‍പ്രൈസ് കൊടുത്താലോ…
(ചേട്ടന്റെ അടുത്തേക്ക് ചെന്നിട്ട് ഉറക്കെ) ഹായ്…ചേട്ടാ..
ചേട്ടന്‍ ഞെട്ടി ചാടിയെണീക്കുന്നു. പത്രം താഴേ. അഴിഞ്ഞു പോകാന്‍ തുടങ്ങിയ മുണ്ട് വാരിയുടുത്ത്.
ചേട്ടന്‍: ആരെടാ…എന്നാടാ…
യുട്യൂബര്‍: (ഞെട്ടി പുറകോട്ട് മാറി) ചേട്ടാ…ഞാന്‍…ട്യൂബ്…അല്ല യുട്യൂബ്…
ചേട്ടന്‍: (കലികയറി നില്‍ക്കുകയാണ്.) ആരുടെ ഊട്യൂബ്…ആളെ പേടിപ്പിക്കാന്‍ വന്നതാണോ….
യുട്യൂബര്‍: ഞാന്‍ പേടിപ്പിച്ചില്ല…ചേട്ടാ എന്നു വിളിച്ചതല്ലേയുള്ളൂ…
ചേട്ടന്‍: ഇങ്ങനെയാണോടാ വീട്ടിലോട്ട് കയറി വന്ന് വിളിക്കുന്നത്…നീയിപ്പം ആ കുന്തം എന്റെ പള്ളയ്ക്ക് കുത്തിക്കേറ്റിയേനെയല്ലോടാ…നിന്നെ ആരു പറഞ്ഞിവിട്ടതാടാ…
പുറത്തേ ബഹളം കേട്ട് ഓടിവരുന്ന ചേടത്തി.
ചേടത്തി: എന്നാ പറ്റി…ഇവിടെയെന്നതാ ഒരു ബഹളം കേട്ടത്…
യുട്യൂബര്‍: (ചേടത്തിയെ കണ്ട് അമിത സന്തോഷം പ്രകടിപ്പിച്ച്) യ്യോ…ഇതു നമ്മുടെ ചേടത്തിയല്ലേ…യുട്യൂബില്‍ കാണുന്നതുപോലെ തന്നെയിരിക്കുന്നു…
ചേട്ടന്‍: (ഇഷ്ടപ്പെടാത്ത മട്ടില്‍) നമ്മുടെ ചേടത്തിയല്ല…എന്റെ ഭാര്യയാ..
ചേടത്തി: ഇതാരാ മനസിലായില്ലല്ലോ…
ചേട്ടന്‍: അതല്ലേ ഞാനും ഇവനോട് ചോദിക്കുന്നത് ആരാന്ന്…
യുട്യൂബര്‍:(അതിശയമട്ടില്‍…സുഖിപ്പിക്കാനായി) ഹോ…രണ്ടുപേരും യുട്യൂബില്‍ കാണുന്നതുപോലെതന്നെ…ന്റെ ഭാഗ്യം…നിങ്ങളെ പുറംലോകത്തിന് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍…
ചേട്ടന്‍: ഞങ്ങളെ നീ പുറംലോകം കാണിക്കുവൊന്നും വേണ്ട…ഞങ്ങള് പുറംലോകം കാണാന്‍ തുടങ്ങിയിട്ട് പത്തെഴുപതു കൊല്ലമായി…
യുട്യൂബര്‍: ചേട്ടാ…ഒന്നും വിചാരിക്കരുത്…ഞങ്ങള് യുട്യൂബര്‍മാരുടെ ഭാഷയും ശൈലിയുമൊക്കെയിങ്ങനെയാണ്…
ചേടത്തി: യ്യോ…യുട്യൂബീന്നാണോ…(ചേട്ടനോട്) നിങ്ങള്‍ക്ക് മനസിലായില്ലേ….യൂട്യൂബീന്ന് നമ്മടെ പരിപാടി കണ്ടിട്ട് ആളെ വിട്ടിരിക്കുന്നതാ…
ചേട്ടന്‍: (അറിശമെല്ലാം മാറ്റിവെച്ച്) ഹാ…എന്നാലതു പറയേണ്ടേ…എനിക്കു മനസിലായില്ല….വന്ന കാലേല്‍ നില്‍ക്കാതെ ഇങ്ങു കേറിയിരിക്ക്…
യുട്യൂബര്‍:(സ്റ്റാന്‍ഡ് പിടിച്ചപ്പോ ഇത്തിരി ഗമയില്‍)ഏയ് അതു കുഴപ്പമില്ല….ഇരിക്കാനൊന്നും സമയമില്ല….നിങ്ങളെ പെട്ടെന്ന് എടുത്തിട്ട് …വേറെയും ഒന്നു രണ്ടു കേസുണ്ട്…
ചേട്ടന്‍: (മനസിലാകാതെ) എടുക്കാം…എടുക്കാം…ആട്ടെ യുട്യൂബിലെല്ലാവരും എന്നാ പറയുന്നു…
ചേടത്തി: എന്തെങ്കിലും കഴിച്ചിട്ട് വിശേഷങ്ങള് പറയാം….എന്നതാ എടുക്കേണ്ടത്…
യുട്യൂബര്‍: കഴിക്കാനൊക്കെ സമയമുണ്ടല്ലോ….ആദ്യം നിങ്ങളെ ഞാനൊന്നു പരിചയപ്പെടുത്താം…
ചേടത്തി: എന്നാ ഞാന്‍ നല്ല സാരിയുടുത്തോണ്ടുവരാം….
യുട്യൂബര്‍: ഇതൊക്കെ എമ്പിടി മതി ചേടത്തി….എന്റെ ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്കാണ് നിങ്ങളെ ഞാന്‍് എത്തിക്കുന്നത്…
ചേട്ടന്‍: ഞങ്ങടെ പരിപാടി ഒത്തിരിപേര് കാണുന്നുണ്ടെന്നാ എടുക്കാന്‍ വരുന്നവന്‍ പറയുന്നത്….
യുട്യൂബര്‍: ഇതാരാ വീഡിയോ എടുക്കുന്നത്….അത്രപോരാ….കുറച്ചുകൂടി മെച്ചപ്പെടുത്തണം…
ചേട്ടന്‍: അതെന്റെ മോനെ…ഞങ്ങടെയൊരു ബന്ധുക്കാരന്‍ ചെറുക്കനാ…അവന്‍ ഇങ്ങനെ പറ…അങ്ങനെ പറ എന്നു പറയുമ്പം ഞങ്ങളതുപോലെ ചെയ്യും….അത്രേയുള്ളു…
യുട്യൂബര്‍: (സഗൗരവം) കാശുവല്ലതും തരുന്നുണ്ടോ…
ചോട്ടന്‍: കാശൊന്നും കിട്ടാന്‍ തുടങ്ങിയില്ലെന്നാ അവന്‍ പറഞ്ഞത്…അതിനെതാണ്ട് കാണുന്നവരുടെ എണ്ണവും ലൈക്കടിക്കുന്നവരുമൊക്കെ കുറേവേണമെന്നാ അവന്‍ പറഞ്ഞത്…
ചേടത്തി: കാണുന്നവരുടെ എണ്ണം കൂട്ടാന്‍ ഞങ്ങളെപ്പഴും ഇതാ വെക്കുന്നത്…
ചേട്ടന്‍: അതുകൊണ്ട് ചെലവു കൂടി…പത്തുകിലോ അരിയും പത്തുജിബിയും മേടിച്ചാല്‍ ഒരാഴ്ചത്തേക്ക് തികയില്ല….
യുട്യൂബര്‍: അതിന്റെ വിദ്യകളൊക്കെ ഞാന്‍ പറഞ്ഞുതരാം….നിങ്ങള് പാവങ്ങളാ നിങ്ങളെ ആരു. കളിപ്പിക്കരുത്….
ചേടത്തി: ഞങ്ങള്‍ക്കിതിനെ കുറിച്ചൊന്നും അറിയത്തില്ല….മക്കള് എല്ലാം ഒന്നു പറഞ്ഞുതരണം….
യുട്യൂബര്‍: ഇതു കഴിയട്ടെ എല്ലാം പറഞ്ഞുതരാം…തുടങ്ങാം.. (സെല്‍ഫി സ്റ്റിക്ക് നീട്ടി…മൊബൈലിലേക്ക് നോക്കി…ചേട്ടനെയും ചേടത്തിയെയും ചേര്‍ത്തു നിര്‍ത്തി) ഹായ്…ഗൈസ്…നമ്മളിപ്പം ചേട്ടനോടും ചേടത്തിയോടുമൊപ്പമാണ്…അവരുടെ വഴക്കും ബഹളവുമെല്ലാം നിങ്ങളെല്ലാം കാണുന്നതാണ്…ഇതാ ഇപ്പം ഇരുവരും നമ്മളോടൊപ്പമുണ്ട്….
(ചേട്ടനെയും ചേടത്തിയെയും നോക്കി) എല്ലാവര്‍ക്കും ഒരു ഹായ് പറഞ്ഞേ…
(സ്‌കൂള്‍കുട്ടികളെപ്പോലെ സ്‌റ്റെഡിയായി നില്‍ക്കുകയാണ് ഇരുവരും.)
ചേട്ടന്‍: (മൊബൈലിലേക്ക് കുനിഞ്ഞുനോക്കി) ഇവിടെയാരും ഇല്ലല്ലോ…പിന്നെയാര്‍ക്കാ ഹായ് പറയുന്നത്…നീ ആരോടാ ഈ വര്‍ത്തമാനം പറയുന്നത്.
ചേടത്തി: നിങ്ങള് കാണാത്തതായിരിക്കും…കണ്ണാടി എടുത്തോണ്ടുവരാം…
യുട്യൂബര്‍: യ്യോ…ഇവിടെ കാണത്തില്ല…ഇതിപ്പം ഷൂട്ട് ചെയ്യുകയാണ്…യുട്യൂബിലിടുമ്പഴേ ആളുകള് കാണുകയുള്ളു…ഇപ്പം സങ്കല്‍പിച്ചാല്‍ മതി…
ചേട്ടന്‍: (ചമ്മല് മറച്ച്) സങ്കല്‍പിച്ചാല്‍ മതിയോ…ഹാ…അതുപറയേണ്ടെ…അക്കാര്യം ഞാനേറ്റു…
യുട്യൂബര്‍: എന്നാ തുടങ്ങാം…ഹായ്..ഗൈസ്…ചേട്ടനും ചേടത്തിയും നമ്മോടൊപ്പമുണ്ട്.
ചേട്ടനും ചേടത്തിയും: (മൊബൈലിലോട്ട് നോക്കി) ഹായ്…ഗൈസ്…
യുട്യൂബര്‍: നമുക്കിനി ഇവരോട് ചോദിക്കാം.(തിരിഞ്ഞ് ചേടത്തിയോട്) തുറന്നു ചോദിക്കട്ടെ ഈ ചേട്ടനെ എങ്ങനെ സഹിക്കുന്നു.
ചേട്ടന്‍: (ഇഷ്ടപ്പെട്ടില്ല) എടാ ചെറുക്കാ…നീ കുടുംബത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ വന്നതാണോ…
ചേടത്തി: (തടഞ്ഞുകൊണ്ട്) നിങ്ങളെന്തിനാ ചൂടാകുന്നത്…(യുട്യൂബറോട്) ഞാന്‍ എല്ലാം സഹിക്കുവാ മോനേ…അതല്ലേ പെണ്ണുങ്ങടെ വിധി…
ചേട്ടന്‍: (അരിശപ്പെട്ട്) യ്യോ…അവടെ ഒരു സഹനം…നിനക്ക് അവടെ തനിനിറം കാണണേല്‍ ആ ക്യാമറ ഒന്ന് ഓഫാക്കിയാ മതി..
യുട്യൂബര്‍: അമൈദി..അമൈദി…ഇനി ചേട്ടനോട് ചോദിക്കാം…ചേട്ടന്‍ എങ്ങനെ സഹിക്കുന്നു ഈ ചേടത്തിയെ..
ചേട്ടന്‍: ന്റെ പൊന്നുമോനെ…കല്യാണം കഴിച്ചതിന്റെ പിറ്റേന്നുമുതല്‍ ആളുകള് ചോദിക്കുന്ന ചോദ്യമാ ഇത്…
ചേടത്തി: (ഇടയ്ക്കുകയറി) ങാ..അന്നുമുതല് ആള്‍ക്കാര് എന്നോടും ചോദിക്കുന്നതാ…
ചേട്ടന്‍: ങാ…നിന്നോടും ചോദിക്കുന്നുണ്ട്…ആ മനുഷ്യന്‍ നിന്നോട് എന്ത് മഹാപാപം ചെയ്തിട്ടാ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന്.
ചേടത്തി: നിങ്ങള് ചെയ്ത മഹാപാപമൊക്കെ ഞാന്‍ വിളമ്പണോ…
ചേട്ടന്‍: നീയിങ്ങോട്ട് വിളമ്പെടീ…ഞാന്‍ ഇലയിട്ടിരിക്കാം…അല്ലേലും വിളമ്പാന്‍ നീ മിടുക്കിയാണല്ലോ…
(ഈ സമയത്തെല്ലാം യുട്യൂബര്‍ ഇവരുടെ വീഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുവാണ്.)
യുട്യൂബര്‍: ഹായ്…ഗൈസ്…ചേട്ടന്റെയും ചേടത്തിയുടെയും അടിമുറുകുകയാണ്…രൂക്ഷമായ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്…നമ്മടെ സ്‌പെഷ്യല്‍ വീഡിയോയാണിത്…
(ചേട്ടനും ചേടത്തിയും വഴക്കുനിര്‍ത്തി യുട്യൂബറുടെ സംഭാഷണം ശ്രദ്ധിക്കുന്നു.)
നിങ്ങള്‍ക്ക് ഇതുപോലുള്ള വീഡിയോകള്‍ തുടര്‍ന്നും ലഭിക്കാന്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക…ലൈക്ക് ചെയ്യുക…ബെല്‍ ബട്ടണില്‍കൂടി ഒന്ന് അമര്‍ത്തിയേക്കണേ…
ചേട്ടന്‍: (തോളില്‍ തോണ്ടിക്കൊണ്ട്) എടാ കൊച്ചനെ …നീ ഞങ്ങളെ വിറ്റ് അരിക്കാശുമേടിക്കാനുള്ള പരിപാടിയാ അല്ലെ…
യുട്യൂബര്‍: (പിണക്കം മാറ്റാന്‍ ചേട്ടന്റെ തോളില്‍ പിടിച്ച്) ദാ…ഇരുവരും വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്…നമുക്കുവേണ്ടി ഉഗ്രന്‍ പ്രകടനമാണ് ഇരുവരും നടത്തിയിരിക്കുന്നത്…(ചേട്ടനും ചേടത്തിയും സന്തുഷ്ടരായി) അപ്പോള്‍ നമസ്‌കാരം…നമ്മള്‍ ഇവിടെ നിന്ന് പോകുകയാണ്…എല്ലാവരും ഇവരുടെ പരിപാടികള്‍ കണ്ട് പ്രോത്സഹാപ്പിക്കണം…നല്ല ചേട്ടനും ചേടത്തിയുമാണ്….ഇവരെ കാണാനും പരിചയപ്പെടാനും നിങ്ങളെ പരിചയപ്പെടുത്താനും സാധിച്ചത് എന്റെ ഭാഗ്യമായിട്ടു ഞാന്‍ കാണുന്നു…അപ്പോ എല്ലാവര്‍ക്കും….(മൂന്നുപേരും കാമറയിലേക്ക് നോക്കി) ബൈ…ബൈ….(വീണ്ടും ഒറ്റയ്ക്ക്) എല്ലാവരും മറക്കരുത്…ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ്….ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യണം…ലൈക്ക് ചെയ്യണം…വീണ്ടും കാണാം…ബൈ…
ചേട്ടന്‍: കഴിഞ്ഞോ…അപ്പം എല്ലാം പോയി….
യുട്യൂബര്‍: എല്ലാം തീര്‍ന്നു…സംഭവം ഗംഭീരമായിട്ടുണ്ട്…
(സാധനങ്ങളെല്ലാം ബാഗില്‍ പെറുക്കിവെയ്ക്കുന്നു.)
ചേട്ടന്‍: എങ്ങനെ ഗംഭീരമാകാതിരിക്കും…ഞാനല്ലെ പറയുന്നത്….(ചേടത്തിയോട്) ഹൊ…ഹൊ…മടുത്തു…ഭയങ്കരചൂട്…നീ കുടിക്കാനിത്തിരി മോരുംവെള്ളം( യുട്യൂബറെ നോക്കിയിട്ട്) അല്ലേലിപ്പംവേണ്ട്.
(ചേടത്തി അകത്തേക്ക് പോകുന്നു)
യുട്യൂബര്‍: എന്നാ ഞാനിറങ്ങുവാ….(ബാഗെടുത്ത് തോളിലോടുന്നു)
ചേട്ടന്‍: ശരി ആയിക്കോട്ടെ…കാണാം…(പത്രം എടുത്തു നിവര്‍ത്തുന്നു)
യുട്യൂബര്‍: (മുന്നോട്ട് ഇത്തിരി നടന്നിട്ട്) ഞാന്‍ പോകുവാ…
ചേട്ടന്‍: (പത്രം മാറ്റിയിട്ട്) ഹാ…നി പോയില്ലേ….പോകുവാ പോകുവാന്ന് പറയാന്‍ തുടങ്ങിയിട്ട് കുറേനേരമായല്ലോ…
യുട്യൂബര്‍: (മുന്നോട്ടു വന്നിട്ട്) അതേയ്…ഒരു കാര്യമുണ്ട്…ഇങ്ങനെ പ്രോഗ്രാം ചെയ്യുന്നതിന് ഞങ്ങള്‍ ചെറിയ ഫീസ് ഈടാക്കാറുണ്ട്….നിസാരം…രണ്ടായിരം രൂപ (നിന്നു കുഴഞ്ഞുകൊണ്ട്) കാമറ ചെലവും ഷൂട്ടിംഗ് ചെലുമൊക്കെയുള്ളതല്ലേ…
ചേട്ടന്‍: നിന്റെ ചാഞ്ചാട്ടം കണ്ടപ്പഴേ തോന്നി….ഒരു രക്ഷയുമില്ല… ന്റെ പൊന്നുമോനേ…പൈസ തന്നിട്ടുള്ള ഒരു പരിപാടിയുമില്ല….
യുട്യൂബര്‍: ചേടത്തിയുമായിട്ട് ഒന്നാലോചിച്ചേ…
ചേട്ടന്‍: അവളുമായിട്ട് ആലോചിക്കാന്‍ പോയാല്‍ അവടെ വായിലിരിക്കുന്നതുകൂടി കേള്‍ക്കാമെന്നേയുള്ളു….വിട്ടോ..വിട്ടോ…
യുട്യൂബര്‍: അങ്ങനെ പറഞ്ഞാലെങ്ങനാ…പരിപാടിയെടുത്തുകഴിഞ്ഞിട്ട് പൈസയില്ലെന്നു പറഞ്ഞാ…
ചേട്ടന്‍: അതിനു പൈസ വേണമെന്ന് ആദ്യം പറഞ്ഞില്ലല്ലോ…
യുട്യൂബര്‍: ലക്ഷക്കണക്കിന് ആള്‍്ക്കാരിലേക്കാ പരിപാടി പോകുന്നത്…അങ്ങനെ ചുളുവിലൊന്നും നടക്കില്ല…
ചേട്ടന്‍: (കസേരയില്‍ നിന്നും എണീറ്റുകൊണ്ട്) നടക്കില്ല….നീ ഓടും …നാലുകാലും പറിച്ച് ഓടും…. കാണണോ…
യുട്യൂബര്‍: (പുറകോട്ട് നടന്ന്) ങാഹാ..കാണിച്ചുതരാം…ആരോടാ കളിക്കുന്നതെന്നറിയാമോ…വളര്‍ത്താനറിയാമെങ്കില്‍ കൊല്ലാനും അറിയാം…(ബാഗ് തുറന്ന് മൊബൈലും സെല്‍ഫി സ്റ്റിക്കും എടുക്കുന്നു)
ചേട്ടന്‍: കിടന്ന് കൂവാതെ സ്ഥലം കാലിയാക്കെടെ…
യുട്യൂബര്‍: ഹായ്…ഗൈസ്…ഇതുപോലെ വൃത്തികെട്ട രണ്ടെണ്ണത്തിനെം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല…ഞെട്ടിക്കുന്ന കാഴ്ചകളാണ് ഞാനിവിടെ കണ്ടത്…വരുന്ന എപ്പിസോഡുകളില്‍ അതെല്ലാം പുറത്തുകൊണ്ടുവരും…
ചേട്ടന്‍: (മുറ്റത്തേക്ക് ചാടി) ഞെട്ടിക്കുന്ന കാഴ്ചകള്‍ ഞാനിപ്പം കാണിക്കാമെടാ…
യുട്യൂബര്‍: (ഓടിക്കൊണ്ട്) ഹായ്…ഗൈസ്…എന്റെ ജീവന്‍ അപകടത്തിലാണ്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വരുംദിവസങ്ങളിലുണ്ടാവുക…എല്ലാവരും ചാനല്‍ ലൈക്ക് ചെയ്യുക…
ചേട്ടന്‍: (പിന്നാലെ ഓടിക്കൊണ്ട്)ഞാനിപ്പം ലൈക്ക് ചെയ്യാമെടാ….എന്റെ ലൈക്ക് മേടിച്ചോണ്ട് നീ പോയാല്‍ മതി…
യുട്യൂബര്‍ മുന്നില്‍..പിന്നാലെ ചേട്ടന്‍.