വീടളക്കാനെത്തിയ ഉദ്യോഗസ്ഥനെ കണ്ട് ചേട്ടന്‍ ഞെട്ടി

0
41

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-14

മുറ്റത്തുനിന്നു കസര്‍ത്തു നടത്തുന്ന ചേട്ടന്‍. ചൂലുമായി വരുന്ന ചേടത്തി. ഇതുകണ്ടതും കസര്‍ത്തു നിര്‍ത്തി ഓടാനൊരുങ്ങുന്ന ചേട്ടന്‍.

ചേടത്തി: (ചിരിച്ചുകൊണ്ട്) ഞാന്‍ നിങ്ങളെ ഒന്നും ചെയ്യാന്‍ വന്നതല്ല…ഓടേണ്ട….

ചേട്ടന്‍: (ചമ്മല് മറച്ച്) അതിന് ആര് ഓടി…ഞാന്‍ ജോഗിംഗ് നടത്തുകയല്ലേ…

ചേടത്തി: ചുമ്മാ കസര്‍ത്ത് നടത്തി സമയം കളയാതെ ആ പറമ്പിലോട്ട് ഇറങ്ങി ജോലി ചെയ്യ്…ജോലി ചെയ്യാന്‍ കഴിയാഞ്ഞിട്ടുള്ള വേഷംകെട്ടലല്ലേ…കപ്പയ്ക്കകത്ത് മുഴുന്‍ പള്ളയാ..

ചേട്ടന്‍: കപ്പയ്ക്കകത്തെ കാടുപറിക്കാനൊക്കെ ഞാനാളെ ഏര്‍്പപാടാക്കിയിട്ടുണ്ട്…

ചേടത്തി: വല്ല ബംഗാളിയേയുമായിരിക്കും…എനിക്ക് ഇനി വയസനാംകാലത്ത് ഹിന്ദി പഠിക്കാന്‍ പറ്റുകേല…പള്ളയാന്ന് പറഞ്ഞ് ചിലപ്പം കപ്പേംകൂടി അവന്മാര് പറിക്കും…

ചേട്ടന്‍: ഇതതൊന്നുമല്ല…നീ നോക്കിക്കോ…ഞാന്‍ വലിയൊരു ഏജന്‍സിയേയാ ഏല്‍പ്പിച്ചിരിക്കുന്നത്…

വഴിയിലൊരാള്‍ വന്ന് സംശയിച്ചുനില്‍ക്കുന്നു. ആരെയോ ഫോണ്‍ ചെയ്ത് എന്തോ ചോദിക്കുന്നു.

ചേട്ടന്‍: അതാരാ അവിടെവന്ന് നില്‍്കകുന്നത്….പരിചയമില്ലാത്തയാളാണല്ലോ…

ചേടത്തി: ഇങ്ങോട്ടു നോക്കി എന്തൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ട്….നിങ്ങള് ആരോടെങ്കിലും കാശു കടംമേടിച്ചിട്ട് കൊടുക്കാത്തതുണ്ടോ…

ചേട്ടന്‍: പൊക്കോണം അവിടെ നിന്ന്…എനിക്കു തോന്നുന്നത് ബാങ്കില്‍ നിന്നാണോയെന്നാണ്. ..ചിലപ്പം വല്ല ഫിക്‌സഡ് ഡിപ്പോസിറ്റ് ചോദിച്ചുവരുന്നതാണോ…

ചേടത്തി: പിന്നെ …ഫിക്‌സഡ് ഡിപ്പോസിറ്റ്….ജപ്തി ചെയ്യാന്‍ വരുന്നതാണോയെന്നാ എന്റെ പേടി…

അപരിചിതന്‍ വീടിനു നേരം നടന്നുവരുന്നു.

ചേട്ടന്‍: ദേ അയാളിങ്ങോട്ടാ വരുന്നത്…വല്ല ഇഡിയുമാണോ…ഓടിക്കോ…ഞാനിവിടെയില്ലെന്ന് നീ പറഞ്ഞേര്…

ചേടത്തി: പോ മനുഷ്യാ..ചുമ്മാ പേടിക്കാതെ…വീപ്പക്കുറ്റി പോലെ മുന്നില്‍കയറി നിന്നിട്ട് ഇവിടെയില്ലെന്ന് പറയാന്‍ പറഞ്ഞാലെങ്ങനാ…

ചേട്ടന്‍: മിക്കവാറുും വീടുപരിശോധിക്കാന്‍ വരുന്നതായിരിക്കും…നമ്മള് വല്ലോംകൂട്ടിപിടിച്ചിട്ടുണ്ടോയെന്നറിയാന്‍…

ചേടത്തി: അതുശരിയായിരിക്കും വീട്ടില്‍ക്കയറി പരിശോധിക്കുമെന്ന് പത്രത്തിലുണ്ടായിരുന്നു…തലപോയാലും വീട്ടിനകത്തേക്ക് കേറ്റിയേക്കരുത്…

അപരിചിതന്‍ അടുത്തേക്കുവന്നു.

അപരിചിതന്‍: (കൈകള്‍കൂപ്പി) നമസ്‌കാരം…

ചേട്ടനും ചേടത്തിയും: എപ്പോഴും എപ്പോഴും നമസ്‌കാരം…

അപരിചിതന്‍: ഞാന്‍ വരുമെന്ന് അറിയാമായിരുന്നോ…എന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്നതുപോലെ…

ചേട്ടന്‍: (പരിചയം നടിച്ച്) പിന്നെ…ഞങ്ങള്‍ക്കറിയാമേലെ സാറിന്നു വരുമെന്ന്…

അപരിചിതന്‍: ഇത്തിരി താമസിച്ചുപോയി…പോരാനിറങ്ങിയപ്പം രണ്ടു കേസ് അറ്റന്‍ഡ് ചെയ്യേണ്ടിവന്നു..

ചേടത്തി: (ചേട്ടനോട്) ഇത് അതു തന്നെ വീടുകയറി പരിശോധിക്കാന്‍ വന്നതാ…

ചേട്ടന്‍: ഇതെന്നാ നടന്നുവന്നത്..വണ്ടി എടുത്തില്ലേ…

അപരിചിതന്‍: വണ്ടിയുണ്ട്…അതൊരോരുത്തരെയും ഓരോയിടത്ത് ഡ്രോപ്പു ചെയ്ത് അങ്ങുപോകും…

ചേടത്തി: അപ്പം ഇന്ന് ഈ ഏരിയാ മുഴുവന്‍ തീര്‍ക്കും…

അപരിചിതന്‍: അതൊന്നും നമുക്ക് അറിയത്തില്ല…നമുക്ക് ഓര്‍ഡര്‍ വരുന്നു…നമ്മള് ചെയ്യുന്നു.

ചേട്ടന്‍: എന്നാ നമുക്ക് അകത്തോട്ടിരിക്കാം സാറേ…ഇരുന്നു സംസാരിക്കാം…

ചേടത്തി: (ചേട്ടനെ തോണ്ടിക്കൊണ്ട്) അകത്ത് മകന്റെ പിള്ളേര് പനിച്ചുകിടക്കുകയാ..

ചേട്ടന്‍: ഓ..അതുഞാന് മറന്നു..ഇപ്പഴത്തെ പനിയല്ലേ…എന്നതാന്നു പറയാന്‍ പറ്റുകേല…സാറിങ്ങോട്ടിരി…(ഭിത്തി തൂത്തുകൊടുക്കുന്നു)..കുടിക്കാനെന്താ എടുക്കേണ്ടത്…

അപരിചിതന്‍: (ഇരുന്നുകൊണ്ട്) വര്‍ക്ക് കഴിഞ്ഞിട്ടേ ഞാന്‍ എന്തെങ്കിലും കഴിക്കൂ…ജോലിക്കാണ് പ്രാധാന്യം…

ചേട്ടന്‍: സാറ് ഭയങ്കര കണിശക്കാരനാന്നു തോന്നുന്നു…ഇങ്ങനെയുള്ളവരെയാണ് നമുക്കുവേണ്ടത്…

അപരിചിതന്‍: ജോലിയുടെ കാര്യത്തില്‍ ഞാന്‍ കണിശക്കാരനാ…ഒരു വിട്ടുവീഴ്ചയുമില്ല…

ചേട്ടന്‍: (ചേടത്തിയോട്) നീ ഇങ്ങുവന്നേ

ചേടത്തിയെ വിളിച്ചു മാറ്റിനിര്‍ത്തി രഹസ്യസംഭാഷണം.

ചേട്ടന്‍: നിന്റെ മോനോട് ഞാന്‍ അന്നേ പറഞ്ഞതാ…മുറികൂട്ടിപ്പിടിക്കേണ്ടെന്ന്…ഇപ്പം ഇതേണ്ട് എല്ലാം കൂടി അളന്നെടുത്തോണ്ടുപോകും….

ചേടത്തി: പിന്നെ ഇപ്പം എന്റെ മോനായോ…അന്ന് മുറികൂട്ടിപ്പിടിച്ചപ്പം നിങ്ങടെ മോനാണെന്നു പറഞ്ഞ് ഞെളിഞ്ഞല്ലോ..

ചേട്ടന്‍: (വീടിനെനോക്കി) ഇനിയിപ്പം മരട് ഫ്‌ളാറ്റ് പോലെ ഇടിച്ചുനിരത്താനെങ്ങാനും പറയുമോയെന്നാ എന്റെ പേടി…

ചേടത്തി: പിന്നെ ഇടിച്ചു നിരത്തും…എങ്കിലവനെ ഞാന്‍ ഇടിച്ചുനിരത്തും….

അപരിചിതന്‍: (വിളിച്ചുചോദിക്കുന്നു) നിങ്ങളവിടെ എന്നാ എടുക്കുവാ…നമുക്കെവിടുന്നാ തുടങ്ങേണ്ടെ…

ചേട്ടന്‍: ദേ വരുന്നു സാറേ…(സ്വരം താഴ്ത്തി) അയാള്‍ക്ക് അളക്കാന്‍ മുട്ടിനില്‍ക്കുവാ…എന്നാ ചെയ്യും…

ചേടത്തി: നിങ്ങള് ചുമ്മാ പേടിക്കാതെ മനുഷ്യാ…വരുന്നേടത്ത് വെച്ച് കാണാം….

ചേട്ടനും ചേടത്തിയും മുന്‍വശത്തേക്ക്..

ചേട്ടന്‍: സാറേ….

നോക്കുമ്പം കൈലിയും ബനിയനും തലേക്കെട്ടുമായി ഒരാള്‍. ചേട്ടന്‍ ഞെട്ടി പുറകോട്ടുമാറുന്നു.

ചേട്ടന്‍: ങേ…ഇവിടെ നിന്ന സാറെന്തിയേ…

ചേടത്തി: താനാരാ..

അപരിചിതന്‍: അതുശരി..ഇത്രേനരം വര്‍ത്തമാനം പറഞ്ഞേച്ച് അങ്ങോട്ടുപോയിട്ട് വന്നപ്പം ഞാനാരാണെന്ന് ചോദിക്കുവാണോ….

ചേട്ടന്‍: ങേ…ഇത് സാറ്….ഇതെന്നാ കായംകുളം കൊച്ചുണ്ണിയോ ആള്‍മാറാട്ടം നടത്താന്‍…

അപ്പോഴാണ് അപരിചിതന്റെ കൈയിലിരിക്കുന്ന അരിവാള് ചേടത്തി ശ്രദ്ധിക്കുന്നത്…

ചേടത്തി: (ഞെട്ടലോടെ) യ്യോ…വടിവാള്…

ചേടത്തിയെ പുറകോട്ട് മാറ്റി ചേട്ടന് മുന്നിലേക്ക് കയറി.

ചേട്ടന്‍: സത്യം പറയെടാ….നീ ആരാ..വീട് കൊള്ളയടിക്കാന്‍ വന്നതാണോ…

അപരിചിതന്‍: പോക്രിത്തരം പറയരുത്…വര്‍ക്കിനുവന്ന എന്നെ അപമാനിച്ചാലുണ്ടല്ലോ…നടപടിയുണ്ടാകും…

ചേട്ടന്‍: എന്നാ വര്‍ക്ക്…കൈയ്യേപാന്റ് കാലേല്‍ പാന്റുമായിട്ടു വന്നപ്പം ഞാന്‍ കരുതി…വലിയ ഉദ്യോഗസ്ഥനായിരിക്കുമെന്ന്…

അപരിചിതന്‍: അതുശരി..ഉദ്യോഗസ്ഥര്‍ക്കേ പാന്‍രിടത്തുള്ളോ….ഞങ്ങള് അധ്വാനവര്‍ഗത്തിന് പാന്റിടത്തില്ലേ…

ചേട്ടന്‍: ങേ…നീ നക്‌സലാണോ…എടീ രക്ഷപ്പെട്ടോ…ഇവന്‍ നമ്മടെ തലകൊയ്യും…

അപരിചിതന്‍: നിങ്ങളെന്നതാ ഈ പറയുന്നത്…വന്നപ്പം മുതല് പരസ്പരബന്ധമില്ലാതെയാണല്ലോ സംസാരിക്കുന്നത്…നിങ്ങളല്ലേ…കപ്പയ്ക്കകത്തെ പള്ള വെട്ടണമെന്ന് പറഞ്ഞ് ഏജന്‍സിയില്‍ ബുക്ക് ചെയ്തത്….

ചേടത്തി: അയ്യേ ..കപ്പയ്ക്കകത്തെ പള്ള പറിക്കാന്‍ വന്നതാണോ…

ചേട്ടന്‍: ഇവനെയാണോ….ഇത്രേനേരം ഞാന്‍ സാറേന്നു വിളിച്ചത്…

അപരിചിതന്‍: ങാഹാ…പള്ള പറിക്കുന്നത് മോശം പണിയാണേല്‍ ഞാനങ്ങുപോയേക്കാം….കാശു തിരി്ചചുമേടിക്കാനായിട്ട് ഏദന്‍സിയിലോട്ടു വ്‌നനേക്കരുത്…വീടിന്റെ വാതില്‍ക്കല്‍ വന്നപ്പോതന്നെ ഏജന്‍സി എനിക്ക് കൂലി മുന്‍കൂര്‍ ഗൂഗിള്‍പെ ചെയ്തു….

ചേട്ടന്‍: പണ്ടൊക്കെ കൂലി പിന്നെയായിരുന്നു..ഇപ്പം വരമ്പത്തുതന്നെയാന്ന് പറയുന്നതിതിനെയാ അല്ലേ…

അപരിചിതന്‍: പിന്നെ ഒന്നുരണ്ടു കാര്യങ്ങള്‍ പണി തുടങ്ങുന്നതിനുമുന്നേ പറഞ്ഞേക്കാം…ഒരു മണിക്കൂര്‍ ഇടവിട്ട് എനിക്ക് സംഭാരം ലഭ്യമാക്കണം…ഉച്ചയ്ക്ക് ഒണ്‍ലി വെജിറ്റേറിയന്‍….കൂടെ എപ്പഴും ഒരാള്‍ വേണം…ഒറ്റയ്ക്കുനിന്നാല്‍ എനിക്കു ബോറടിക്കും….

ചേട്ടന്‍: കാശുകൊടുത്തുപോയില്ലേ…ഇനിയിപ്പം എന്തും ഞാന് സമ്മതിക്കും…

ചേടത്തി: നിങ്ങള്‍ക്ക് ഒരു മണിക്കൂറിടവിട്ട് സംഭാരം വേണോ….

ചേട്ടന്‍: (ദയനീയമായി) ശവത്തില്‍കുത്തല്ലേടി….

അപരിചിതന്‍: (അരിവാളുമായി മുന്നോട്ടുനീങ്ങുന്നു) ഫോളോ മി…

ചേട്ടന്‍ അയാളുടെ പിന്നാലെ അനുസരണയുള്ള കുഞ്ഞാടിനെപോലെ നീങ്ങുന്നു. ചേടത്തി താടിക്കു കൈകൊടുത്ത് നോക്കിനില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here