ചേട്ടന്റെ ഡാന്‍സ് വൈറലാകുമോ?

0
38

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-16

ചേട്ടന്‍ മൊബൈലേല്‍ തോണ്ടിയിരിക്കുന്നു. തലകുലുക്കുന്നുണ്ട്. കലുക്കലിന്റെ ഇമ്പത്തില്‍ തന്നെ എണീറ്റ് ഡാന്‍സിന്റെ സ്റ്റെപ്പ് വെക്കാനുള്ള ശ്രമം. ഈ സമയത്താണ് ചേടത്തിയുടെ വരവ്.

ചേടത്തി: നിങ്ങള്‍ക്കിതെന്നാ പറ്റി മനുഷ്യാ….വല്ല നീറും കടിച്ചോ…കിടന്ന് പെടയ്ക്കുന്നത്.

ചേട്ടന്‍: നീറല്ല…ഒരു കട്ടുറുമ്പാ…കുറേനാളായി ശല്യം തുടങ്ങിയിട്ട്….

ചേടത്തി: അതു നിങ്ങളെനിക്കിട്ടൊന്നുവെച്ചതാന്നു മനസിലായി…അതുവിട്…ഇവിടെയെന്നതാ പ്രശ്‌നം…

ചേട്ടന്‍: എടീ…ഞാന് #ചുമ്മാ മൊബൈലൊന്നു തോണ്ടുവായിരുന്നു…എന്തുമാത്രം വീഡിയോകളാ…ചുമ്മാ ഡാന്‍സ്…ചാട്ട്ം …മറിച്ചില്…

ചേടത്തി: നിങ്ങളിപ്പഴാണോ ഇതൊക്കെ കാണുന്നത്…

ചേട്ടന്‍: ങാഹാ…നിനക്കിതൊക്കെ അറിയാമോ….

ചേടത്തി: ഞാന്‍ വൈറല്‍ വീഡിയോകളെല്ലാം കാണും…

ചേട്ടന്‍: ങാ…അതുതന്നെ..വൈറല്‍…നമുക്കുമൊന്നു വൈറലാകണ്ടെ…ഞാന്‍ നോക്കിയപ്പം…നമ്മളെപ്പോലെയുള്ളവരാ ചുമ്മാ വീഡിയോ ഇട്ട്…ഇപ്പറഞ്ഞ വൈറലാകുന്നത്…

ചേടത്തി: നമ്മളെപ്പോലെയുള്ളവരല്ല…അതൊക്കെ ന്യൂജെന്‍ പിള്ളേര്‍ക്കു പറഞ്ഞിട്ടുള്ളതാ…

ചേട്ടന്‍: അതെന്നാടീ…എന്നെപ്പോലുള്ള ഓള്‍ഡ് ജെന്‍കാര് കളിച്ചാല്‍ വൈറലാകില്ലേ…എടീ…ഞാന്‍് എന്റെ ന്യൂജെന്‍ കാലത്ത് കളിച്ച കളികളുടെ ഏഴയലത്ത് വരില്ല ഇപ്പോഴത്തെ ന്യൂജെന്‍കാരുടെ…

ചേടത്തി: പിന്നെ…ആയകാലത്ത് നിങ്ങള് തകര്‍ത്തുവാരിയതാന്നെനിക്കറിയാം…അതിന്റെ ഓര്‍മയില് ഇപ്പം കളത്തിലിറങ്ങിയാല്‍ ശരിയാകുമോ…

ചേട്ടന്‍: അതെന്നാടി ശരിയാകാത്തത്…ചുമ്മാ ഒരു പാട്ടു പാടി തുള്ളാനെന്നാ ഇത്രപാട്…ഇന്നാ പിടിച്ചോ…കയ്യോടെ ഒരെണ്ണം…(ചുവടുവെച്ച്) മാടപ്രാവേ വാ…ഒരു കൂടുകൂട്ടാന്‍ വാ…

ചേടത്തി: ങാ…ഇപ്പം വരും അവിടെയിരുന്നോ…ഈ പഴഞ്ചന്‍ പാട്ടൊന്നും ഇപ്പം ഏല്‍ക്കത്തില്ല…മനുഷ്യാ…

ചേട്ടന്‍: നീ ഒന്നു ചുമ്മാതിരി..ഇന്നാ ന്യൂജെന്‍ പിടിച്ചോ… നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ……നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ…

ചേടത്തി: ചുമ്മാ വേഷം കെട്ടുമായി…ഇറങ്ങിയിരിക്കുവാ…ആളുകളെക്കൊണ്ടു പറയിക്കുവാന്‍…

ചേട്ടന്‍: ആളുകളെക്കൊണ്ടു പറയിക്കണം…എന്നാലല്ലേ വൈറലാകൂ…ഞാന്‍ ഒന്നു രണ്ടു സ്റ്റെപ്പു കാണിക്കാം…എങ്ങനെയുണ്ടെന്നു നീ പറഞ്ഞേ…

പാട്ടുപാടി ചുവടുവെക്കുന്നു.

ചേടത്തി: നിങ്ങളിതെന്റെ മുന്നില് കിടന്ന് തുള്ളിയാല്‍ മതിയോ…മൊബൈലേല്‍ പിടിക്കണം….അത് ആരെടുക്കും…

ചേട്ടന്‍: അതുശരിയാണല്ലോ… നിനക്കെടുക്കാമോ…അല്ലേല്‍ വേണ്ട…നമുക്കു രണ്ടുപേര്‍ക്കുംകൂടി ഇങ്ങനെ ചാടിതുള്ളാം…..(പാട്ടുപാടുന്നു) കോഴികൊക്കരക്കോ…കോഴികൊക്കരക്കോ…

ചേടത്തി: നിങ്ങളുപോ മനുഷ്യാ…ചുമ്മാ ആളെ വടിയാക്കാതെ…

ചേട്ടന്‍: ഒരു കാര്യം ചെയ്യാം..കുഞ്ഞുമോനേ വിളിക്കാം…എടാ കൊച്ചേ…കുഞ്ഞുമാനേ…ഇങ്ങുവന്നേടാ…

അകത്തുനിന്നും പയ്യന്‍ ഇറങ്ങിവരുന്നു.

പയ്യന്‍: എന്നാ അപ്പച്ചാ…

ചേടത്തി: എടാ മാനേ…അപ്പച്ചനൊന്നു വൈറലാകണമെന്ന്…വീഡിയോ എടുത്ത് വാട്‌സാപ്പില്‍ ഇടണം…

പയ്യന്‍: ചുമ്മാ വീഡിയോ എടുത്തിട്ടാല് #വൈറലാകില്ല….വല്ല ഡാന്‍സോ പാട്ടോ ഒക്കെ ചെയ്യണം…

ചേട്ടന്‍: അതിനല്ലേടാ മാനേ നിന്നെ വിളിച്ചത്…ഞാന്‍ ഡാന്‍സ് കളിക്കാം…നീ അതുപിടിക്കണം…

പയ്യന്‍: (കളിയാക്കി ചിരിച്ചുകൊണ്ട്) ഈ വയസനാംകാലത്ത് വേണ്ടാത്ത പണിക്കുപോണോ…

ചേടത്തി: അതുതന്നെയാടാ ഞാനും ചോദിച്ചത്.

ചേട്ടന്‍: ആര്‍ക്കാടാ വയസായത്….ഞാന്‍ യംഗാടാ…യംഗ്…

പയ്യന്‍: എന്നാല്‍ യു ഡാന്‍സ്…യംഗ്മാന്‍…(മൊബൈലെടുത്ത് റെഡിയാകുന്നു)

ചേട്ടന്‍: എന്നാ പിടിച്ചോടാ…(ചുവടുവെച്ച്) ആലുവാപ്പുഴയുടെ തീരത്ത്…ആരോരുമില്ലാ നേരത്ത്….തന്നനം തെന്നിതെന്നിതേടിവന്നൊരു…

പയ്യന്‍: ഇങ്ങനെയാണേല് തീരത്തിരിക്കത്തേയുള്ളു….

ചേട്ടന്‍: എന്നാടാ കുഴപ്പം…(ചേടത്തിയോട്) നല്ലതല്ലായിരുന്നോടീ…

ചേടത്തി കൈമലര്‍ത്തുന്നു.

പയ്യന്‍: എന്റെ അപ്പച്ചാ…ഇങ്ങനത്തെ പാട്ടല്ല…ഇതൊന്നും വൈറലാകില്ല…നല്ല എനര്‍ജിവേണം…തിളയ്ക്കണം…

ചേടത്തി: എന്നാ അടുപ്പുകൂട്ടി…ചെമ്പിനകത്ത് വെക്കേണ്ടിവരും…

ചേട്ടന്‍: ഇതൊന്നുകഴിഞ്ഞോട്ടെ…ചെമ്പിനകത്തിറക്കുന്നതാരെയാന്നു ഞാന്‍ പറയാം….(പയ്യനോട്) നീ പറയെടാ മോനേ…

പയ്യന്‍: അപ്പച്ചാ…നല്ല ഉഷാറായിട്ട്….ചുവടുവെച്ച് പാടണം…കാലിങ്ങനെ തൊഴിച്ചെറിയണം…(ചുവടുവെച്ച്) ഇതാ ഇങ്ങനെ…

ചേടത്തി: അതവസാനം നിന്നെ ഇങ്ങേര് തൊഴിച്ചെറിയും…

ചേട്ടന്‍: നീ അതുപറയേണ്ടേ…ഞാനിത്തിരി ലോയില്‍ പിടിച്ചതാ…ഇനി ഹൈപിച്ചില്‍ പിടിച്ചേക്കാം…

(അലറിക്കൊണ്ട്) മുക്കാലാ…മുക്കാബലാ…ലൈല…ഓാാ ലൈല..(ശക്തിയില്‍ കൈവിശിയപ്പോള്‍ നെഞ്ചുവിലങ്ങി കസേരയിലിരുന്നു പോകുന്നു)

പയ്യനും ചേടത്തിയും കൂടി ചാടി പിടിക്കുന്നു.

ചേടത്തി: അയ്യോ…വിലങ്ങിയോ…തിരുമ്മണോ….

ചേട്ടന്‍: (തെല്ലാശ്വാസത്തോടെ) സാരമില്ല…ഒന്നു കോച്ചിപ്പിടിച്ചതാ…

പയ്യന്‍: ഞാനാദ്യമേ പറഞ്ഞതല്ലേ….ഇപ്പണി വേണ്ടെന്ന്…

ചേടത്തി: നിങ്ങള്‍ക്കീ വൈറലാകുന്ന പണിയൊന്നും പറ്റില്ല…വല്ല വയറ്റിലോട്ടുമിടുന്ന കാര്യമേ നടക്കൂ…

ചേട്ടന്‍: (ചേടത്തിയെ ദയനീയമായി നോക്കി) ശവത്തില്‍ കുത്താതെടീ…

LEAVE A REPLY

Please enter your comment!
Please enter your name here