മൃഗസ്‌നേഹിയുടെ പറമ്പില്‍ അരിക്കൊമ്പന്‍ കയറിയാല്‍

0
49

ചേട്ടനും ചേടത്തിയും
എപ്പിസോഡ്-17

ചേട്ടന്‍ വഴിയില്‍ നിന്നും ഓടി വരുന്നു.

ചേട്ടന്‍: (ഓടിക്കൊണ്ട്) എടിയേ…എടിയേ….

ചേടത്തി അകത്തുനിന്നും ഓടിവരുന്നു.

ചേടത്തി: യ്യോ…എന്നാ പറ്റി….

ചേട്ടന്‍: (കിതച്ചുകൊണ്ട്) എടീ…ടിവീ വെച്ചേ…അരിക്കൊമ്പനെ പിടിച്ചെന്ന്…

ചേടത്തി: ഹോ…നിങ്ങള് പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ…ഞാന്‍ കരുതി നിങ്ങള്‍ക്കേതാണ്ടു പറ്റിയെന്ന്…

ചേട്ടന്‍: എടീ…നിന്നോടു വേഗം ടീവി വെക്കാന്‌ലലേ പറഞ്ഞത്…

ചേടത്തി: അതിന്..ടീവി രാവിലെ കേടായിട്ട് ചെറുക്കന്‍ നന്നാക്കാനായിട്ടെ എടുത്തോണ്ടുപോയി…

ചേട്ടന്‍: (കിതച്ചിരുന്നുകൊണ്ട്) ശ്ശെ…ആ സമയത്ത് അതു കേടായോ…നിന്നെപ്പോലെ തന്നെയാണല്ലോ…ഈ വീട്ടിലെ എല്ലാ ഉപകരണങ്ങളും ആവശ്യസമയത്ത് ഉപകരിക്കില്ല.

ചേടത്തി: ഇപ്പം കാറിക്കൂവി വന്നപ്പം ഞാന്‍ മാത്രമല്ലേ ഓടിവന്നുള്ളു…എന്നിട്ടാണോ ആവശ്യസമയത്ത് ഉപകരിക്കില്ലെന്നു പറയുന്നത്…

ചേട്ടന്‍: അത് എന്നെ ആരാണ്ട് തല്ലാനോടിച്ചതായിരിക്കുമെന്ന് കരുതി കണ്ട് സന്തോഷിക്കാന്‍ പാഞ്ഞുവന്നതല്ലേ…

ചേടത്തി: (നിരാശയോടെ) ഹോ..നിങ്ങളോട് പറഞ്ഞിട്ടൊരു കാര്യവുമില്ല…

ചേട്ടന്‍: എനിക്ക് അരിക്കൊമ്പന്റെ കാര്യമോര്‍ത്തിട്ടാ സങ്കടം…അവനെ ഇനി എല്ലാവരും കൂടി എന്നാ ചെയ്യുമോ…

ചേടത്തി: പറച്ചിലുകേട്ടാ തോന്നും നിങ്ങളാ അവന് എന്നും അരിമേടിച്ചുകൊടുത്തോണ്ടിരുന്നതെന്ന്…

ചേട്ടന്‍: എടീ ..എവന്‍ കാട്ടീന്നു വിശന്നിട്ടിറങ്ങിവരുന്നതല്ലേ…ഇച്ചിര അരി…അതും റേഷനരിയല്ലേ എടുക്കുന്നുള്ളു…ഞാന്‍ പറയുന്നത്…സര്‍ക്കാര് അവനും ഒരുറേഷന്‍ കാര്‍ഡ് കൊടുക്കട്ടെ…എല്ലാദിവസവും അവനുള്ള വിഹിതം അരി കാട്ടിലോട്ടെത്തിച്ചേക്കണം…പ്രശ്‌നം തീര്‍ന്നില്ലേ…

ചേടത്തി: അരിമേടിക്കുമ്പം മെഷീനെ വിരലുവെക്കണോ…

ചേട്ടന്‍: എടീ കളിയാക്കാതെടീ…അതൊക്കെ സാധുമൃഗങ്ങളല്ലേ…

ചേടത്തി: പിന്നെ..ഒരു മൃഗസ്‌നേഹി…നിങ്ങടെ അരിക്കലത്തിലെങ്ങാനും അവന്‍ വന്ന് തലയിടണം…എന്നാ കാണാം കളി…

ചേട്ടന്‍: ഞാനായിരുന്നെങ്കില്‍ അവനെ അവിടെ കാണുമ്പഴേ അരി അങ്ങോട്ടുകൊണ്ടുപോയി കൊടുക്കും….

ചേടത്തി: നിങ്ങള് ചുമ്മാ കസേരേല്‍ കാലും നീട്ടിവെച്ചിരുന്നു പറയുന്നതുപോലെയല്ല…ഇതൊക്കെ നേരില്‍ അനുഭവിക്കുന്നവര്‍ക്കേ ബുദ്ധിമുട്ടറിയൂ….

ചേട്ടന്‍: കേട്ടാല്‍ തോന്നുമല്ലോ നീ അവിടെയായിരുന്നുവെന്ന്…നീയെന്നാ ഇങ്ങനെയായിപ്പോയത്….ഒരു സ്‌നഹവും കരുണയുമൊന്നുമില്ലാതെ…ശ്ശെ…

ചേടത്തി: എന്റെ പൊന്നേ…ഇവിടെ സ്‌നേഹവും കരുണയുമൊന്നുമല്ല പ്രധാനം…ജീവിച്ചിരിക്കുകയെന്നുള്ളതാ…ആനേടെ കൊമ്പേല്‍ തീരാതെ നോക്കേണ്ടത് അവിടുത്തുകാരുടെ ആവശ്യമാ…

ചേട്ടന്‍: എടീ…നീ ചുമ്മാ പറയുന്നതുപോലെയല്ല….കാട്ടീല്‍ തീറ്റ കുറഞ്ഞു…അ്‌പ്പോള്‍ ആന പുറത്തേക്കിറങ്ങും…പഴയ ആനത്താരകളിലൂടെയായിരിക്കും അതിന്റെ യാത്ര…

ചേടത്തി: എനിക്കതിന്റെ വലിയ വകുപ്പൊന്നും അറിയത്തില്ല…ഒരു കാര്യം പറയാം… മനുഷ്യനാണ് ഇവിടെ മുന്‍ഗണന…

ചേട്ടന്‍: നീയിതൊന്നു കേട്ടേ…അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മുറിവാലന്‍…എത്ര നല്ല പേരുകളാ…കേള്‍ക്കുമ്പോള്‍ തന്നെ നമുക്കൊരു വാത്സല്യം തോന്നുകേലേ…

ചേടത്തി: ഈ പറഞ്ഞ വാത്സല്യവുമായിട്ട് അരിക്കൊമ്പന്റെ മുന്നില്‍ ചെന്നു നോക്കിയേ…അപ്പം കാണാം കളി….

ചേട്ടന്‍: നീയെന്നാഒക്കെ പറഞ്ഞാലും..എനിക്ക് മൃഗങ്ങളെ കാര്യമാ…നമുക്ക് വല്ല ഉപദ്രവം ചെയ്താലും ഞാനതങ്ങു ക്ഷമിക്കും…എന്റെ അരിക്കൊമ്പനും ചക്കക്കൊമ്പനും…ഇവിടെ അടുത്തെങ്ങാനുമായിരുന്നെങ്കില്‍ ഞാനെന്നും അരിയും ചക്കയും കൊണ്ടുപോയി കൊടുത്തേനെ….(അങ്ങനെ ആസ്വദിച്ചു കസേരയില്‍ കിടക്കുന്നു.)

ചേടത്തി: (പെട്ടെന്ന് ചാടിയെണീറ്റ്) യ്യോ…പശു പണിപറ്റിച്ചു…കപ്പയെല്ലാം അതു നശിപ്പിച്ചു….

ചേട്ടന്‍: (ചാടിയെണീക്കുന്നു) ങെ…പശു കപ്പക്കകത്തു കയറിയോ…അതിനെ ആരാ അഴിച്ചുവിട്ടത്…

ചേടത്തി: കയറുപൊട്ടിച്ചതാന്നു തോന്നുന്നു….

ചേട്ടന്‍: (കലികയറി) നിന്നോടു ഞാന്‍ പറഞ്ഞിട്ടുള്ളതാ….ഇതിനെയൊന്നും വളര്‍ത്തേണ്ടെന്ന്….കപ്പ മുഴുവന്‍ അത് ചവുട്ടിയൊടിച്ചുകാണും…

ചേടത്തി: കപ്പയില തിന്നാല്‍ പശുവിന് വല്ലതും പറ്റുമോ ആവോ…ഇനി ആരാ ഒന്നു പിടിച്ചുകെട്ടുന്നത്…ചെറുക്കനുമില്ല…

ചേട്ടന്‍: (കലികയറി) എന്തിനാ പിടിച്ചുകെട്ടുന്നത്…ഇന്നു ഞാനതിനെ തല്ലിക്കൊല്ലും…ഞാന്‍ പൊന്നുപോലെ നോക്കുന്ന കപ്പയാ….(ഓടുന്നു)

ചേടത്തി: അതേ ഓടണ്ട….ഇങ്ങുപോര്….നമുക്കേ ചക്കക്കൊമ്പനേം അരിക്കൊമ്പനേ കാണാന്‍ പോകാം….

ചേട്ടന്‍: (ഓട്ടംനിര്‍ത്തി തിരിഞ്ഞ്) പശു കപ്പയ്ക്കകത്ത് കയറിയില്ലേ…ന്റെ കണ്ണും പിടിക്കുകേല…

ചേടത്തി: ഞാന്‍ ചുമ്മാ പറഞ്ഞതാ…നിങ്ങള്‍ക്ക് അങ്ങ് മൃഗസ്‌നേഹം ഒഴുകുവല്ലായിരുന്നോ…എന്നിട്ടാണോ…രണ്ടു കപ്പയില കടിച്ചതിന് പശുവിനെ തല്ലിക്കൊല്ലാന്‍ പോയത്…

ചേട്ടന്‍: (ചമ്മലോടെ) അതുപിന്നെ…പശു കപ്പയ്ക്കകത്തു കയറിയെന്നു കേട്ടപ്പോള്‍ എന്റെ നിയന്ത്രണം പോയി…

ചേടത്തി: ങാ…നിയന്ത്രണം പോകും …അതുതന്നെയാ ഞാനും പറഞ്ഞത്…അവനവന്റെ ദേഹം പൊള്ളുമ്പഴേ നീറ്റലറിയത്തുള്ളു…

LEAVE A REPLY

Please enter your comment!
Please enter your name here