കപ്പ പറിക്കാനുള്ള മെഷീനുമായി ചേട്ടന്‍

0
27

ചേട്ടനും ചേട്ടത്തിയും
എപ്പിസോഡ്-19

കപ്പത്തോട്ടത്തിലൂടെമൂളിപ്പാട്ടും പാടി നടക്കുന്ന ചേട്ടന്‍. ഓരോ കപ്പയിലും പിടിച്ച് അടിമുടി പരിശോധിച്ചാണ് നടത്തം.

ചേട്ടന്‍: എന്‍ കപ്പത്തോട്ടത്തില്‍ തുരപ്പന്‍ കയറിയാല്‍….ഉന്നാലെ ഞാന്‍ കൊന്നുമുടിച്ചിടേന്‍…(എന്‍ വീട്ടുത്തോട്ടത്തില്‍ എന്ന പാട്ടിന്റെ ട്യൂണ്‍)

ചേടത്തി: (കപ്പയ്ക്കകത്തോട്ട് കയറിക്കൊണ്ട്) ങാഹാ…ഇന്നെന്നാ കപ്പയ്ക്കകത്ത്…കസേരേലിരുന്നു മടുത്തോ…

ചേട്ടന്‍: ഞാന്‍ കപ്പയൊക്കെ എങ്ങനെയുണ്ടെന്നു നോക്കുവായിരുന്നു…

ചേടത്തി: ഇനി അതിനകത്തൂടെ നടന്ന് അതിന്റെ മൂടെല്ലാം ചവുട്ടിനശിപ്പിക്കല്ല്…ചെറുക്കന്‍ വലിയകാര്യമായിട്ട് നിര്‍ത്തിയിരിക്കുന്നതാ…

ചേട്ടന്‍: പോടീ അവിടുന്ന്…ആകാലത്ത് ഏക്കറ്കണക്കിന് കപ്പയിട്ടിട്ടുള്ളവനാ ഞാന്‍….അന്നേരമാണോ ഈ നാലുമുന്നുമേഴു കപ്പ….

ചേടത്തി: എന്നാ നിങ്ങള് വലിയ കപ്പക്കാരമാണേല്‍ എങ്ങനെയുണ്ട്…..വിളവു കാണുമോ….

ചേട്ടന്‍: വിളവ്…കാണണം….എന്നാലും നോട്ടം പോര….

ചേടത്തി: ങാ…നിങ്ങള് നോക്കേണ്ട്…ഉള്ളമൂട് ഇളന്താളിച്ചു പോകും…

ചേട്ടന്‍: എടീ….കൃഷിയിലെപ്പഴും പുതുമ കൊണ്ടുവരണം…ഇതിപ്പം മൂടെടുത്തു…കപ്പക്കോലു കുത്തി….

ചേടത്തി: പിന്നെ കുഴികുത്തി മൂടിയിടണോ…

ചേട്ടന്‍: നിന്നെപ്പോലെയുള്ളവരാ ഇവിടുത്തെ കൃഷിയുടെ നാശത്തിനു കാരണം…

ചേടത്തി: പിന്നെ ഞാന് #രാവിലെയിറങ്ങി നാട്ടിലെ കൃഷിനശിപ്പീരല്ലെ…

ചേട്ടന്‍: അതല്ല….പുതിയ ഒരു ആശയം പറയുന്നവനെ പരിഹസിക്കുക…അങ്ങനെ നിരുത്സാഹപ്പെടുത്തുക….ഞാന്‍ പുതിയ രീതികളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പം നീ പരിഹസിച്ച് എന്നെ നിരുത്സാഹപ്പെടുത്തി…

ചേടത്തി: കപ്പ നടുന്നതിനെന്നാ പുതിയ ആശയം…

ചേട്ടന്‍: എന്തെല്ലാം ചെയ്യാം….കപ്പ ഏരിവെട്ടി ഒറ്റവരിയായി നടാം….ഒരു മൂട്ടില്‍ രണ്ടു കമ്പനടാം….കപ്പക്കോലു നീളത്തില്‍ ഏരിയേല്‍ ഇടാം…ചെരിച്ചു നടാം….അങ്ങനെയെത്രയെത്ര രീതികള്‍…

ചേടത്തി: എ്ന്നാപ്പിന്നെ നട്ടപ്പം പറയാന്‍മേലായിരുന്നോ…പരീക്ഷിക്കാമായിരുന്നല്ലേ….ഇതിപ്പ്ം കപ്പപറിക്കാറായപ്പോഴാണോ നടുന്നതിനെക്കുറിച്ചു പറയുന്നത്…

ചേട്ടന്‍: അതവന്‍ എന്റെയടുത്ത് വന്നുചോദിക്കണം….അല്ലാതെ അങ്ങോട്ടുചെന്നു ഞാന്‍ പറയില്ലേ…

ചേടത്തി: അവന്‍ നടാന്‍ നേരംവിളിക്കുന്നതു ഞാന്‍ കേട്ടതാണല്ലോ…

ചേട്ടന്‍: അവന്‍ വിളിച്ചതെങ്ങനാ….ഇതിലേ കപ്പത്തണ്ടും തോളേല്‍ വെച്ചോണ്ടുപോയി…എന്റെയടുത്തുവന്നപ്പോള്‍ കപ്പയിടാന്‍ വരുന്നോ എന്നു ചോദിച്ചു….(അഭിനയിച്ചു കാണിക്കുന്നു) ഞാനേ നല്ല പോക്കുപോകും…(കൈകൊണ്ട് ആംഗ്യം കാണിച്ചു പരിഹസിക്കുന്നു)

ചേടത്തി: ആ…നിങ്ങള് ഈഗോയും വെച്ചോണ്ടിരുന്നോ…

ചേട്ടന്‍: ഒരുഈഗോയുമില്ല….എന്നോടു ചോദിച്ചാല്‍ ഞാനെല്ലാം പറഞ്ഞുകൊടുക്കും…

ചേടത്തി: എന്നാ നിങ്ങള് ഒറ്റയടിക്ക് കപ്പ പറിച്ച് വില്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞേ…

ചേട്ടന്‍: ഒറ്റയടിക്ക് വില്‍ക്കണേല്‍ ഒറ്റയടിക്ക് പറിക്കണം….

ചേടത്തി: ങാഹാ…അതിപ്പം ആര്‍ക്കാ അറിയാത്തത്….

ചേട്ടന്‍: പറഞ്ഞു തീര്‍ക്കട്ടെ…അതിനൊരു മെഷീന്‍ ഘടിപ്പിച്ച വണ്ടിയുണ്ട്….നമ്മടെ പിക്കപ്പ് പോലെ…കപ്പ ചുവട് വെട്ടിയിട്ട്…അതിന്റെ ലൈനേല്‍ക്കൂടി വണ്ടിയോടിച്ച് പോകും…അന്നേരം മെഷീന്‍ കപ്പചുവടുപറിച്ച് ടോളിയേല്‍്ക്കൂടി വണ്ടിയക്കകത്തോട്ടിടും… മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കപ്പ പറിക്കാം…

ചേടത്തി: ങാഹാ…അതുകൊള്ളാമല്ലോ…അതുവാടകയ്ക്കുകിട്ടുമോ…

ചേട്ടന്‍: പിന്നെ വാടകയ്ക്കു കിട്ടും…അതൊക്കെ ആളാംവണ്ണം മേടിക്കാന്‍ പറ്റുമോ….

ചേടത്തി: എന്നാ നമുക്കൊന്നെടുത്താലോ…എവിടെകിട്ടും…

ചേട്ടന്‍: ങാ…അതിവിടെ കിട്ടുകേല…കെനിയേലാ…അവിടെയേയുള്ളു അത്…

ചേടത്തി: (അരിശപ്പെട്ട്) ഇതാണ് നിങ്ങടെ അറിവ്….നടക്കുന്ന കാര്യം വല്ലതും പറ….വെറുതെ ഓരോന്നു പറഞ്ഞു സമയംകളഞ്ഞു….

ചേട്ടന്‍: കണ്ടോ…ഇതാണ് കുഴപ്പം…ഒരു പുതിയ അറിവ് ഞാന്‍ പങ്കുവെച്ചപ്പം നിനക്ക് പരിഹാസം…..പിന്നെ ഇവിടെയെങ്ഹനെ ഇന്നവേറ്റീവായിട്ടുള്ള ഐഡിയാസ് വരും….

ചേടത്തി: വല്ല നാട്ടിലുമുള്ള മെഷീനെക്കുറിച്ച് ഇവിടെയിരുന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ…

ചേട്ടന്‍: എടീ…അത് മാതൃകയാക്കി നമ്മളിവിടെയുണ്ടാക്കണം…അല്ലാതെ അതവിടെയാ നമ്മളെന്നാ ചെയ്യുമെന്നു ചോദിച്ചിരിക്കുകയല്ല വേണ്ടത്…

ചേടത്തി: എന്ന നിങ്ങളുണ്ടാക്കെന്നേ…

ചേട്ടന്‍ വേണ്ടി വന്നാല്‍ ഞാന്‍ ഉണ്ടാക്കുമെടീ…

ചേടത്തി: ഊംംം….ഉണ്ടാക്കും…പണ്ട് വള്ളിനിക്കറിട്ടോണ്ടു നടന്നപ്പം ചെരുപ്പ് വട്ടം വെട്ടി കോലേല്‍കെട്ടി വണ്ടിയുണ്ടാക്കിയതുപോലെയല്ല….

ചേട്ടന്‍: കണ്ടോ വീണ്ടും പരിഹാസം…നീ കളിയാക്കി ചിരിച്ചോ….ഈ ലോകം എന്നെ തിരിച്ചറിയുന്ന കാലം വരും…

ചേടത്തി: നിങ്ങടെ സ്വഭാവം ഞാനേ തിരിച്ചറിഞ്ഞിട്ടുള്ളു…അതിനി മാലോകരും കൂടി തിരിച്ചറിയാതിരിക്കട്ടെ…ഇവിടെ നിന്നാല്‍ ഞാന്‍ വല്ലോമൊക്കെ വിളിച്ചുപറയും…(പോകുന്നു)

ചേട്ടന്‍: നീ പോടീ…നിന്റെ കളിയാക്കലുകള്‍ക്കൊന്നും എന്റെ ക്രിയേറ്റിവിറ്റിയെ തളര്‍ത്താന്‍ കഴിയില്ല….ഞാന്‍ പുതിയൊരു ഐഡിയാ നോക്കട്ടെ….എപ്പഴാ ക്ലിക്കാകുന്നതെന്ന് പറയാനാകില്ലല്ലോ…(കാമരയിലോട്ടു നോക്കി കണ്ണിറുക്കി) ജസ്റ്റ് വെയിറ്റ് ആന്‍ഡി സീ….

LEAVE A REPLY

Please enter your comment!
Please enter your name here