ചേട്ടനും ചേടത്തിയും
എപ്പിസോഡ്-22
ചേട്ടന്‍ പത്രം വായിച്ചിരിക്കുന്നു. ചേടത്തി ആരെയോ ഫോണ്‍ വിളിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
ചേടത്തി: നമ്മള്‍ അണുവിട വിട്ടുവീഴ്ച ചെയ്യരുത്…ഇത്തവണ നമുക്ക് കാര്യം നടത്തണം…തമിഴ്‌നാട്ടിലാകാമെങ്കില്‍ കേരളത്തിലാകാന്‍മേലെ…
ചേട്ടന്‍ പത്രവായന നിര്‍്ത്തി ശ്രദ്ധിക്കുന്നു.
ചേടത്തി: എല്ലാവരെയും വിളിച്ചോണം…കട്ടയക്കു കൂടെനിര്‍ത്തിക്കോണം…എന്നതേലുമുണ്ടേല്‍ വിളിച്ചോണം…ലാല്‍സലാം…..
ചേട്ടന്‍: ഇതെന്നാടി നീ വിപ്ലവം നടത്താന്‍ പോകുവാണോ…
ചേടത്തി:ഇന്നലെ നോട്ടീസു തന്നില്ലായിരുന്നോ….വായിച്ചില്ലേ…
ചേട്ടന്‍: അതു കടേന്ന് സാധനങ്ങള് മേടിക്കാനുള്ള ലിസ്റ്റാണെന്നാ ഞാന്‍ കരുതിയത്….പോക്കറ്റിലോട്ട് ഇട്ടു….മറന്നു പോയി…
ചേടത്തി: അത്രയ്ക്കു ഗൗരവമേ നിങ്ങളതിനു കൊടുത്തുള്ളു…ഞങ്ങടെ സംഘത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ വീട്ടമ്മമാര്‍ പണിമുടക്കുന്നു….
ചേട്ടന്‍: ഹാ ഫസ്റ്റ്…വീട്ടമ്മമാരും സമരത്തിനോ…വീട്ടില്‍കേറി കൊടികുത്തുമെന്ന് കഴിഞ്ഞ ദിവസം ഒരുത്തന്‍ പറഞ്ഞപ്പോ ഇത്രെപെട്ടെന്ന് നടക്കുമെന്നോര്‍ത്തില്ല.
ചേടത്തി: വീടുകളില്‍ നിന്നു തുടങ്ങണം സ്ത്രീസ്വാതന്ത്ര്യം….
ചേട്ടന്‍: സ്വാതന്ത്ര്യത്തിനുവേണ്ടിയാണോ സമരം….
ചേടത്തി: മെയിന്‍ ആവശ്യം….മാസശമ്പളം ഉറപ്പുവരുത്തുകയെന്നതാ..തമിഴ്‌നാട്ടില്‍ കൊടുത്തതുകണ്ടില്ലേ…അതുപോലെ കേരളത്തിലും വേണം…
ചേട്ടന്‍: എടീ അവിടെ സംസ്ഥാനസര്‍ക്കാരാ കൊടുക്കുന്നത്…അല്ലാതെ പാവംപിടിച്ച ഗൃഹനാഥന്മാരല്ല…
ചേടത്തി: ഇവിടേം സര്‍ക്കാര് കൊടുക്കണം…ഞങ്ങടെ സംഘം സര്‍്ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്…
ചേട്ടന്‍: സര്‍ക്കാരിനെതിരെ സമരം ചെയ്യ്….ഞങ്ങള് ആണുങ്ങളും കൂടാം…
ചേടത്തി: ഇതിപ്പം ഞങ്ങടെ സംഘത്തിന്റെ ഒരു തീരുമാനമാ…സംഘാംഗങ്ങള്‍ക്ക് വീടുകളില്‍ ശമ്പളം ഉറപ്പുവരുത്തുക….ഇവിടെ നടപ്പാക്കിയാല്‍ അതേമാതൃകയില്‍ കേരളം മുഴുവന്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെടും…
ചേട്ടന്‍: ഇന്ന് ഇനി അടുക്കളേലൊന്നുമില്ലേ…
ചേടത്തി: ഇന്നത്തേത് സൂചന പണിമുടക്കാ…അതുകൊണ്ട് കഞ്ഞിയും അച്ചാറും കാണും…അടുക്കളേല്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്…ചെ്ല്ലുക..എടുത്തുകഴിക്കുക…
ചേട്ടന്‍: സൂചന കണ്ട് പഠിച്ചില്ലെങ്കില്‍….
ചേടത്തി: സമരം ശക്തമാക്കും….മാസം രണ്ടായിരം വെച്ച് ഞങ്ങള്‍ക്ക് ശമ്പളം വേണം….
ചേട്ടന്‍: സമയത്ത് ഭക്ഷണം കഴിച്ചില്ലേല്‍ പ്രഷറ് താന്ന് ഞാന്‍ തട്ടിപ്പോകും….
ചേടത്തി: എങ്കി ഞങ്ങടെ സമരത്തിനൊരു രക്തസാക്ഷിയായി…
ചേട്ടന്‍: എന്റെ പോക്കറ്റില്‍ കിടക്കുന്ന രണ്ടായിരം രൂപയെടുത്തു നിന്റെ പേഴ്‌സിലേക്ക് വെക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്…
ചേടത്തി: എന്താ സംഭവിക്കുന്നത്….എനിക്കു രണ്ടായിരം കിട്ടി…. അതുമതി …അതാണ് ഞങ്ങടെ ആവശ്യം…
ചേട്ടന്‍: ഈ പൊട്ടുപിടിച്ചത് സമ്മതിക്കുകേലല്ലോ….അതുകൊണ്ട് ആര്‍ക്കാനേട്ടം….എന്റെ പോക്കറ്റില്‍ കിടക്കുന്ന പൈസ നിന്റെയും കൂടിയല്ലേ….ആവശ്യത്തിനനുസരിച്ച് അതെടുത്തുപയോഗിക്കാന്‍മേലേ….എപ്പോള്‍ വേണേലും….
ചേടത്തി: അതൊന്നും പറഞ്ഞിട്ടു കാര്യമില്ല….ഞങ്ങള്‍ക്കു ശമ്പളം വേണം….
ചേട്ടന്‍: അതിനു പഠിക്കാന്‍ വിട്ടപ്പം പഠിക്കണമായിരുന്നു…അങ്ങനെ ജോലി മേടിക്കണം…അല്ലാതെ വെറുതെ വീട്ടില്‍ കുത്തിയിരുന്നിട്ട് ശമ്പളം വേണമെന്നു പറഞ്ഞാലെങ്ങനാ….
ചേടത്തി: നിങ്ങള് പിന്നെ പഠിച്ച് പേഷ്‌കാരുദ്യോഗം മേടിച്ചായിരുന്നല്ലോ…
ചേട്ടന്‍: പഠിക്കാന്‍ പറ്റാതെ വന്നപ്പോ ഞാന്‍ മണ്ണിലിറങ്ങി അധ്വാനിച്ചു….അങ്ങനെ കാശുണ്ടാക്കി….
ചേടത്തി: നിങ്ങള് മണ്ണിലിറങ്ങിയപ്പം ഞാന്‍ അടുക്കളേല്‍ പുകയ്ക്കകത്തായിരുന്നു….നനഞ്ഞ വിറക് ഊതിക്കത്തിച്ച് കഞ്ഞിയും കറിയും ഉണ്ടാക്കി…നിങ്ങള് പറമ്പീന്നു കയറിവരുമ്പഴേക്ക് വായിവെക്കാന്‍കൊള്ളാവുന്ന സാധനങ്ങള് തീന്‍മേശേല്‍ നിറച്ചു…
ചേട്ടന്‍: ഞാനതൊന്നും നിഷേധിക്കുന്നില്ലല്ലോ…നീ ഒന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞില്ല…
ചേടത്തി: എന്നാ പിന്നെ എനിക്കു ശമ്പളം താ…എന്നാത്തിനാ മടിക്കുന്നത്…
ചേട്ടന്‍: അവിടെയാണ് നിന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നം…എന്തിനാണ് ശമ്പളം അല്ലെങ്കില്‍ പ്രതിഫലം ലഭിക്കുന്നത്….നമ്മള് മറ്റൊരാള്‍ക്ക് ചെയ്തുകൊടുക്കുന്ന സേവനത്തിനാണ് പ്രതിഫലം….
ചേടത്തി: അതുതന്നെ…ഞാനീ കുടുംബത്തിനുചെയ്യുന്ന സേവനത്തിന് പ്രതിഫലം വേണ്ടേ….
ചേട്ടന്‍: ഈ കുടുംബമെന്നു പറയുന്നതാരൊക്കെ അടങ്ങിയതാ…ഞാനും നീയും മക്കളും അടങ്ങിയതല്ലേ….നമ്മളിവിടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കുടുംബത്തിനുവേണ്ടിയാ…അതായത് നമ്മള്‍ക്കുവേണ്ടി തന്നെ…
ചേടത്തി: എന്റെ ആവശ്യങ്ങള്‍ക്കു പൈസവേണ്ടെ…അതിനാ ശമ്പളം…
ചേട്ടന്‍: അതിനെന്തിനാ ശമ്പളം എന്നു പറയുന്നത്…നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പൈസ കണ്ടെത്തുന്നതിനുവേണ്ടിയല്ലെ നമ്മള്‍ അധ്വാനിക്കുന്നത്…
ചേടത്തി: എനിക്കു കിട്ടുന്നില്ലല്ലോ….
ചേട്ടന്‍: കിട്ടാതെ എങ്ങനെ…ഇവിടെ ആരും സ്വകാര്യമായി സമ്പാദിക്കുന്നില്ല….എല്ലാം നമുക്കുവേണ്ടിയാ…പിന്നെ വരവും ചെലവും ഒരുപോലെ നില്‍ക്കാന്‍ വേണ്ടി ചില നിയന്ത്രണങ്ങള്‍ സ്വയം പാലിക്കുന്നു അത്രമാത്രം….
ചേടത്തി: തമിഴ്‌നാട്ടിലെ പോലെ ഞങ്ങള്‍ക്കും ശമ്പളം വേണം…
ചേട്ടന്‍: അതുസമ്മതിച്ചു…സര്‍ക്കാരിന്റെ കൈയീന്ന് പൈസ മേടിച്ചാല്‍ അത് ഓരോ കുടുംബത്തിലേക്കുമുള്ള വരുമാനമാകും….അല്ലാതെ നിങ്ങള് സംഘംകാര് വീട്ടില്‍ പണിമുടക്കുണ്ടാക്കി വീട്ടുകാരുടെ പൈസ മേടിച്ചാല്‍ ഉള്ള കഞ്ഞീല്‍ കൂടി കല്ലിടുന്ന പണിയായിപ്പോകും….
ചേടത്തി: സര്‍ക്കാര്‍ ശമ്പളം കിട്ടാന്‍ ഞങ്ങളെ പിന്തുണയ്ക്കുമോ..
ചേട്ടന്‍: അതിനാരാ പിന്തുണയ്ക്കുകേലാത്തത്…എല്ലാവരുടെയും പിന്തുണ ഉറപ്പാ….സമരം പിന്‍വലിക്കാന്‍ പറ എല്ലാവരോടും…അല്ലേല്‍ ചിലര്‍ക്കൊക്കെ മര്‍ദനമേറ്റെന്നിരിക്കും…
ചേടത്തി: ഒത്തുതീര്‍പ്പു ചര്‍ച്ചകള് വിജയം കണ്ടതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചിരിക്കുന്നു….
ചേട്ടന്‍: ലാല്‍ സലാം…
ചേടത്തി: കുറച്ച് കഞ്ഞി എടുക്കട്ടെ…